Flash News

അഭിമന്യുവിന്റെ കുടുംബത്തിന് വീടിന്റെ താക്കോല്‍ മുഖ്യമന്ത്രി കൈമാറി

January 14, 2019

abhimanyuമഹാരാജാസ് കോളേജില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ കുത്തേറ്റു മരിച്ച അഭിമന്യുവിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമായി. കുടുംബം ഇനി അഭിമന്യു ഇല്ലാത്ത പുതുവീട്ടില്‍ താമസിക്കും. അഭിമന്യുവിന്റെ കുടുംബത്തിനായി സിപിഐഎം നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. വട്ടവടയില്‍ രാവിലെ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി താക്കോല്‍ അഭിമന്യുവിന്റെ മാതാപിതാക്കള്‍ക്ക് കൈമാറിയത്.

പുതിയ വീട്ടിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് മകന്റെ ചിത്രം കണ്ട മാതാവ് പൊട്ടിക്കരഞ്ഞു. ‘ഏൻ തങ്ക മകനേ…’ എന്നു വിളിച്ചു കൊണ്ടായിരുന്നു മാതാവ് അലമുറയിട്ടു കരഞ്ഞ്. ഇതോടെ കണ്ടു നിന്നവരുടെയും കണ്ണില്‍ ഈറനണിഞ്ഞു. അഭിമന്യൂവിന്റെ സുഹൃത്തുക്കളും സഹപാഠികളും അടക്കം നിരവധിപേര്‍ നേരത്തെ തന്നെ വീട്ടിലെത്തിയിരുന്നു. വീടിനടുത്തുതന്നെയാണ് ചടങ്ങുകള്‍ക്കായി വേദി ഒരുക്കിയിരുന്നത്. ഇവിടെ മുഖ്യമന്ത്രി എത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ചു.

സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയാണ് വീട് കുടുംബത്തിന് കൈമാറിയത്. സഹോദരിയുടെ വിവാഹവും ഇതിനകം കഴിഞ്ഞിരുന്നു. ആകെ 72,12,548 രൂപയാണ് സമാഹരിച്ചത്. ബാങ്ക് പലിശയിനത്തില്‍ 53,609 രൂപയും ലഭിച്ചു. വീടിനും സ്ഥലത്തിനുമായി 38,90,750 രൂപ ചെലവായി. സഹോദരിയുടെ വിവാഹത്തിന് 10,00,100 രൂപയും മാതാപിതാക്കളുടെ ജീവിതത്തിനായി സ്ഥിര നിക്ഷേപമായി 23,75,307 രൂപയും ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ളതായും സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ പറഞ്ഞു.

വട്ടവട പഞ്ചായത്ത് സ്ഥാപിച്ച ‘അഭിമന്യു മഹാരാജാസ്’ ലൈബ്രറിയും പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വട്ടവട കൊട്ടക്കമ്പൂരിലെ അഭിമന്യുവിന്റെ നിലവിലെ വീടിന് അര കിലോമീറ്റര്‍ അകലെയാണ് പുതിയ വീട്. പത്തര സെന്റ് ഭൂമിയില്‍ 1,226 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ആധുനിക സൗകര്യങ്ങളോടെയാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. വീടിനും സ്ഥലത്തിനുമായി സിപിഐഎം 40 ലക്ഷം രൂപയാണ് ചെലവിട്ടത്. വട്ടവട പഞ്ചായത്ത് കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് അഭിമന്യു സ്മരണാര്‍ത്ഥമുള്ള വായനശാല സജ്ജീകരിച്ചിരിക്കുന്നത്. അഭിമന്യുവിനെ സ്‌നേഹിക്കുന്നവരും സുഹൃത്തുക്കളും സമ്മാനിച്ച നാല്‍പതിനായിരത്തോളം പുസ്തകങ്ങളാണ് ലൈബ്രറിലുള്ളത്.

വിദ്യാഭ്യാസപരമായി പിന്നില്‍ നില്‍ക്കുന്ന വട്ടവടയെ മുന്നോട്ട് നയിക്കാന്‍ സ്വന്തമായൊരു വായനശാല. അഭിമന്യു അവസാനമായി പങ്കെടുത്ത ഗ്രാമസഭയിലും ഈ ആവശ്യം ഉന്നയിച്ചിരുന്നു. അഭിമന്യുവിനെ സ്‌നേഹിക്കുന്നവരും സുഹൃത്തുക്കളും ഈ ആഗ്രഹം ഏറ്റെടുത്തപ്പോള്‍ നവീനമായൊരു വായനശാല വട്ടവടയ്ക്ക് സ്വന്തമായി. കേരളത്തിന് പുറമേ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നുമായിട്ടാണ് ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ എത്തിയത്.

2018 ജൂലൈ രണ്ടിന് പുലര്‍ച്ചെയാണ് മഹാരാജാസ് കോളേജ് രണ്ടാം വര്‍ഷ രസതന്ത്ര ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിനെ എസ്ഡിപിഐ തീവ്രവാദികള്‍ കൊലപ്പെടുത്തിയത്. രക്തസാക്ഷി കുടുംബത്തെ നിലനിര്‍ത്താനും അഭിമന്യുവിന്റെ ആഗ്രഹമായിരുന്ന വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാനും സഹോദരിയുടെ വിവാഹം നടത്താനും സിപിഐ എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫണ്ട് സമാഹരണം നടത്തി. അഭിമന്യുവിന്റെ കുടുംബത്തിന് വീട് വെക്കാനും പത്തര സെന്റ്സ്ഥലം വാങ്ങി. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ശിലാസ്ഥാപനം നടത്തിയത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top