Flash News

ചെകുത്താന്മാരും മുഖ്യമന്ത്രിയും വായിച്ചറിയാന്‍

January 14, 2019 , അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

vanitha banner1വനിതാ മതില്‍ പണിയുന്നതോടെ കേരളം ചെകുത്താന്റെ നാടാകുമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രവചിച്ചത് നേരായി. മതില്‍ ഉയര്‍ന്നതിനു പിറകെ ചെകുത്താന്മാര്‍ നാടാകെ ഇറങ്ങുകയും നിയമം കയ്യിലെടുക്കുകയും ചെയ്തു.

കേരളം കലാപഭൂമിയാകുന്നതു തടയാന്‍ പൊലീസിനു കഴിഞ്ഞില്ല. അതോടെ സി.പി.എം പ്രവര്‍ത്തകരും തെരുവിലിറങ്ങി അക്രമകാരികളെ നേരിടാന്‍ നിയമം കൈയ്യിലെടുത്തു. കല്ലും വടിയുമായിരുന്നു ആദ്യം. പിന്നെ ആളുകള്‍ക്കും വീടുകള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും നേരെ തുരുതുരാ ബോംബുകള്‍ എറിഞ്ഞു. തീയും പുകയും ഉയര്‍ന്ന തെരുവില്‍ പൊലീസും മാധ്യമപ്രവര്‍ത്തകരും അടക്കം ഏറും അടിയുമേറ്റ് വീണു. കേരളം തീര്‍ത്തും യുദ്ധഭൂമിയായി.

Photo1ഇതിനകം സംസ്ഥാന വ്യാപകമായി 1772 അക്രമസംഭവങ്ങള്‍. 5397 പേര്‍ അറസ്റ്റില്‍. 40,000ത്തോളംപേര്‍ പ്രതി പട്ടികയില്‍. ആയിരത്തോളം പേര്‍ റിമാന്റില്‍. സംസ്ഥാനമാകെ വ്യാപിച്ച കലാപത്തിന്റെ യഥാര്‍ത്ഥ ഭീകരചിത്രം ഈ ഔദ്യോഗിക പത്രക്കുറിപ്പ് സൂചിപ്പിക്കുന്നേയുള്ളൂ.

കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണറോടും ചീഫ് സെക്രട്ടറിയോടും വിശദീകരണം തേടി. കേരളത്തിനു പുറത്തായിരുന്ന ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന് ഫോണിലൂടെ അടിയന്തര റിപ്പോര്‍ട്ടു നല്‍കി.

ദൈവത്തിന്റെ നാട് സുരക്ഷിതമല്ലെന്നും യാത്ര പോകരുതെന്നും ബ്രിട്ടന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പു സന്ദേശം നല്‍കി. മറ്റു വിദേശ രാജ്യങ്ങളും അതാവര്‍ത്തിച്ചു. കേരളത്തിലുള്ള വിദേശ ടൂറിസ്റ്റുകള്‍ ആള്‍ക്കൂട്ടത്തില്‍നിന്ന് അകന്നു നില്‍ക്കണമെന്നും വിദേശ രാഷ്ട്രങ്ങള്‍ മുന്നറിയിപ്പു നല്‍കി. കേരളം ലോകത്തിനുമുമ്പില്‍ അപമാനിക്കപ്പെട്ടു എന്ന് ടൂറിസം മന്ത്രികൂടിയായ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പ്രതികരിക്കേണ്ടിവന്നു. കേരളത്തില്‍ ആരും നിയമം കൈയ്യിലെടുക്കരുതെന്ന് ഐക്യരാഷ്ട്ര സഭയുടെ വക്താവുപോലും പ്രതികരിച്ചു.

ചൊവ്വാഴ്ച ഉച്ചയ്ക്കു തുടങ്ങി മൂന്നു ദിവസങ്ങളായി കേരളത്തെ സ്തംഭിപ്പിച്ച കലാപത്തിന്റെ ഭയാനക നഖചിത്രമാണ് മുകളില്‍ സൂചിപ്പിച്ചത്. മുന്നറിയിപ്പു നല്‍കുകയാണെന്നും അക്രമം നിര്‍ത്തിയില്ലെങ്കില്‍ ഭരണഘടനാ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും പിരിച്ചുവിടല്‍ ഭീഷണിയാണ് ബി.ജെ.പിയുടെ ദേശീയ വക്താവ് പ്രയോഗിച്ചത്.

കേന്ദ്ര സര്‍ക്കാറിന്റെ പിന്‍ബലമുണ്ടെന്ന ധൈര്യത്തില്‍ സഞ്ചരിക്കാനും തൊഴില്‍ ചെയ്യാനുമടക്കമുള്ള ജനങ്ങളുടെ മൗലിക അവകാശങ്ങള്‍ ആര്‍.എസ്.എസ് – ബി.ജെ.പി നേതൃത്വത്തില്‍ ബലപ്രയോഗിച്ച് തടഞ്ഞു. സംസ്ഥാന ഗവണ്മെന്റിന്റെ പിന്‍ബലത്തില്‍ സി.പി.എം പ്രവര്‍ത്തകരും രംഗത്തിറങ്ങി സംഘര്‍ഷം വ്യാപിപ്പിച്ചു.

കേന്ദ്രം ഇടപെട്ടതും വിശദീകരണം തേടിയതും മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാറിനും മറുപടി നല്‍കേണ്ടിവന്നതും നിയമവാഴ്ച തകര്‍ന്ന ഇടവേള സംസ്ഥാനത്ത് ഉണ്ടായതിന്റെ പ്രത്യാഘാതമാണ്. എന്നിട്ടും അതൊരു പതിവു ചടങ്ങായാണ് സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ വക്താവ് പ്രതികരിച്ചത്.

സംസ്ഥാനത്തിന്റെ ദൈനംദിന ചലനം നിലനിര്‍ത്തുന്ന കെ.എസ്.ആര്‍.ടി.സിയുടെ നൂറിലേറെ ബസുകളാണ് എറിഞ്ഞു തകര്‍ത്തത്. കോടികണക്കില്‍ രൂപയുടെ നഷ്ടം പൊതുമേഖലയിലും സ്വകാര്യ മേഖലയിലും വരുത്തിതീര്‍ത്തതിന്റെ കണക്കുകള്‍ പൂര്‍ണ്ണമായി സമാഹരിക്കാന്‍ ഇനിയും സമയമെടുക്കും. കഴിഞ്ഞ പ്രളയം സൃഷ്ടിച്ചതുപോലുള്ള ഞെട്ടിപ്പിക്കുന്ന കണക്കായിരിക്കും വിശ്വാസികളുടെ പേരില്‍ നടത്തിയ സംഹാരതാണ്ഡവം സൃഷ്ടിച്ചിട്ടുള്ളത്.

യുവതീ പ്രവേശത്തില്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത ഒരാളെ എറിഞ്ഞു പരിക്കേല്‍പ്പിച്ച് മരണത്തിലേക്കെത്തിച്ചത് പാര്‍ട്ടി ആഫീസിനു മുകളില്‍നിന്ന് കല്ലെറിഞ്ഞ സി.പി.എം പ്രവര്‍ത്തകരാണ്. തുടര്‍ന്ന് സി.പി.എം ആഫീസുകള്‍ക്കും നേതാക്കളുടെ വീടുകള്‍ക്കും നേരെ ആര്‍.എസ്.എസുകാര്‍ നേരിട്ട് ബോംബെറിയാന്‍ തുടങ്ങി. അപ്പോഴാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടാകരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിതന്നെ പത്രസമ്മേളനം വിളിച്ച് പറയാന്‍ നിര്‍ബന്ധിതനായത്.

നവോത്ഥാന പൈതൃകവും ലോകത്തിനു മുമ്പില്‍ കേരളം അവതരിപ്പിച്ച വികസന മാതൃകയും കല്ലെറിഞ്ഞും ബോംബെറിഞ്ഞും തകര്‍ക്കുന്ന ഭീകരതയുടെ ഒരു സാത്താന്‍ മാതൃകയാണ് ഇപ്പോള്‍ കേരളത്തിന്റേത്. ഇതിനു നേര്‍സാക്ഷിയായ ഏതൊരാള്‍ക്കും രാഷ്ട്രീയ കക്ഷി വിധേയത്വമില്ലെങ്കില്‍ സത്യസന്ധമായി താഴെ പറയുന്ന നിഗമനങ്ങളില്‍ എത്തിച്ചേരേണ്ടിവരും:

• കേരളീയ സമൂഹത്തില്‍ ആശയപരമായും സംഘടനാപരമായും സ്വാധീനവും മേല്‍ക്കൈയും ഉണ്ടാക്കാന്‍ കഴിയാതിരുന്ന ആര്‍.എസ്.എസ് – സംഘ് പരിവാറിന്റെ പുതിയ രാഷ്ട്രീയ അജണ്ടയാണ് ഈ അവസ്ഥ സൃഷ്ടിച്ചത്. ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‍ തന്നെ ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച സുപ്രിം കോടതി വിധി സുവര്‍ണ്ണാവസരമാണെന്നും അതു മുതലെടുക്കാന്‍ മുന്നോട്ടു വെച്ച ബി.ജെ.പി അജണ്ടയില്‍ മറ്റുള്ളവര്‍ വീണുപോയെന്നും നേരത്തെ വെളിപ്പെടുത്തിയതാണ്. ആ അജണ്ടയുടെ വിശ്വരൂപമാണ് ഇപ്പോള്‍ കേരളം കണ്ടത്. ലോകസഭാ തെരഞ്ഞെടുപ്പ് കഴിയുംവരെ ബി.ജെ.പി ഈ അജണ്ട കൈവിടുന്ന പ്രശ്‌നമില്ല.

• പൊലീസ് സേനയെ ഉപയോഗിച്ചുള്ള ക്രമസമാധാന നടപടികളിലൂടെ മാത്രമായി ആര്‍.എസ്.എസ് – ബി.ജെ.പി നീക്കം തടയാനാകില്ല. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സെക്രട്ടറി അടക്കമുള്ള പാര്‍ട്ടി വക്താക്കളും ‘പൊലീസിനെകൊണ്ട് എന്തുചെയ്യാനാകും’ എന്ന് ഇപ്പോള്‍ പ്രതികരിച്ചതിലൂടെ അത് സമ്മതിച്ചുകഴിഞ്ഞു. ഈ ദിവസങ്ങളില്‍ കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നിരുന്നു എന്ന് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും പരോക്ഷമായി സമ്മതിക്കുകയുമാണ്.

• ക്രമസമാധാന ഏജന്‍സിയായ പൊലീസിനെതന്നെ സ്വാധീനിക്കാനും നിയന്ത്രിക്കാനും സംവിധാനങ്ങളും സ്വാധീനവുമുള്ള സംഘ് പരിവാറിന്റെ നിയന്ത്രണത്തിലുള്ള ഗവണ്മെന്റാണ് കേന്ദ്രം ഭരിക്കുന്നത്. ബി.ജെ.പിയുടെ കേരളത്തിലെ രാഷ്ട്രീയ അജണ്ട വിജയിക്കണമെന്ന കക്ഷിതാല്പര്യമാണ് ഭരണഘടനാ താല്പര്യങ്ങള്‍ക്കു മേലെ പ്രധാനമന്ത്രി മോദിയെയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെയും ഭരിക്കുന്നത്. ആ സ്ഥിതിയില്‍ സംസ്ഥാനത്തേയോ കേന്ദ്രത്തിലേയോ ബി.ജെ.പി നേതൃത്വത്തില്‍നിന്ന് കേരളത്തിന്റെ ക്രമസമാധാനപ്രശ്‌നം കൂടുതല്‍ വഷളാക്കുന്ന ഇടപെടലുകളേ പ്രതീക്ഷിക്കേണ്ടതുള്ളൂ.
സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ച്ചയിലല്ലെന്നും ഇവിടുത്തെ ജനങ്ങള്‍ക്കും പുറത്തുനിന്ന് ഇവിടെ എത്തുന്നവര്‍ക്കും സുരക്ഷയും സഞ്ചാര- പ്രവര്‍ത്തന സ്വാതന്ത്ര്യവും നല്‍കി കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടായി നിലനിര്‍ത്തുമെന്നും തെളിയിക്കേണ്ട ബാധ്യത സംസ്ഥാന ഗവണ്മെന്റിനും മുഖ്യമന്ത്രി പിണറായി വിജയനുമാണ്. അത് ഉറപ്പുവരുത്തേണ്ട അടിയന്തര ബാധ്യത സി.പി.എമ്മിന്റേതും.

• ഇതിനുള്ള ഏറ്റവും വലിയ തടസം മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണ നയത്തിലെയും പൊലീസ് നയത്തിലെയും ഗുരുതരമായ വീഴ്ചകളാണ്. ജനങ്ങളുടെയാകെ മുഖ്യമന്ത്രിയാണെന്ന നിലയ്ക്കല്ല മുഖ്യമന്ത്രി ചെയ്യുന്നതെന്തും മറ്റുള്ളവരെല്ലാം അംഗീകരിച്ചുകൊള്ളണമെന്ന വികാരമാണ് പിണറായി വിജയനെ നയിക്കുന്നത്. ജനാധിപത്യ – മതനിരപേക്ഷ പാര്‍ട്ടികളടങ്ങുന്ന പ്രതിപക്ഷത്തെ ആര്‍.എസ്.എസ് – ബി.ജെ.പിയുടെ കുടിലമായ ഭൂരിപക്ഷ വര്‍ഗീയ അജണ്ടയ്ക്ക് സഹായം ചെയ്യുന്ന തരത്തില്‍ അകറ്റുക. സമദൂര സിദ്ധാന്തം സ്വീകരിച്ചിരുന്ന എന്‍.എസ്.എസിനെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പ്രകോപിപ്പിച്ച് ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കങ്ങളുടെ ഉപകരണമാക്കുക. തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിനുപകരം സ്വന്തം ജാതി രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുക – ഈ നയങ്ങള്‍ അടിയന്തരമായി തിരുത്താത്തപക്ഷം സംസ്ഥാന ഗവണ്മെന്റും ഇടതുപക്ഷ – ജനാധിപത്യമുന്നണിയും ശബരിമല പ്രതിസന്ധിയില്‍നിന്ന് പുറത്തുകടക്കില്ല.

• കേരളത്തെ കലാപഭൂമിയാക്കുന്നതില്‍ മുഖ്യമന്ത്രിയുടെ പൊലീസ് നയമാണ് യഥാര്‍ത്ഥത്തില്‍ പശ്ചാത്തലമൊരുക്കിയത്. പൊലീസ് വകുപ്പ് മുഖ്യമന്ത്രിയില്‍നിന്ന് മാറ്റിക്കൊണ്ടല്ലാതെ ഇടതുപക്ഷ – ജനാധിപത്യമുന്നണിക്കും സര്‍ക്കാറിനും രാഷ്ട്രീയമായി രക്ഷനേടാനാകില്ല. സംസ്ഥാന ഗവണ്മെന്റിനെ പ്രതിസന്ധിയുടെ വാരിക്കുഴിയില്‍നിന്ന് കരകയറ്റാന്‍ ഈ സാഹചര്യത്തില്‍ സി.പി.എം ജനറല്‍ സെക്രട്ടറിയും പി.ബിയുടെ മുതിര്‍ന്ന അംഗങ്ങളും സംസ്ഥാന സമിതി വിളിച്ചുചേര്‍ത്ത് ഇടപെട്ട് മാറ്റത്തിന് വഴിയൊരുക്കണം. ആദ്യ ഇ.എം.എസ് മന്ത്രിസഭയില്‍ മുഖ്യമന്ത്രിയുടെ കൈയില്‍നിന്ന് ആഭ്യന്തരവകുപ്പ് മാറ്റിയ ചരിത്രപരമായ കീഴ് വഴക്കം ആവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും മുന്‍കൈ എടുക്കണം.

• പ്രതിപക്ഷ നേതാവിനും കോണ്‍ഗ്രസിനും അവര്‍ നേതൃത്വം നല്‍കുന്ന യു.ഡി.എഫിനും ജനവിധിയുടെ അടിസ്ഥാനത്തിലുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രിയെപോലെതന്നെ ഈ അപകടസന്ധിയില്‍ നിര്‍വ്വഹിക്കാനുണ്ട്. ശബരിമല സംബന്ധിച്ച ബി.ജെ.പി അജണ്ട സ്വന്തം അജണ്ടയായി വരിച്ച് യു.ഡി.എഫ് വിശേഷിച്ച് കോണ്‍ഗ്രസ് കേരളത്തില്‍ തുടര്‍ന്നുവരുന്നത് കേവലം ‘പിണറായി വിജയന്‍ വിരുദ്ധ’ സമരമാണ്. അത് ബി.ജെ.പിയുടെ ഒളിച്ചുപിടിച്ച രഹസ്യ രാഷ്ട്രീയ അജണ്ടയ്ക്ക് വിശ്വാസ്യതയും ജനകീയതയും പകരുന്നു. മുഖ്യമന്ത്രിയുടെ നയങ്ങളുടെ പാളിച്ചപോലെ ഇതും ആര്‍.എസ്.എസിനും ബി.ജെ.പിക്കും സുവര്‍ണ്ണാവസരമൊരുക്കി. കോണ്‍ഗ്രസിന്റെ ദേശീയ വക്താവ് ചൂണ്ടികാണിച്ചതുപോലെ ബുദ്ധികാണിക്കുകയാണ് കോണ്‍ഗ്രസ് – യു.ഡി.എഫ് നേതൃത്വം ചെയ്യേണ്ടത്.

വനിതാ മതിലിലേക്ക് വെള്ളാപ്പള്ളി നടേശനെയും എസ്.എന്‍.ഡി.പിയെയും കയറ്റിയിരുത്തി നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി മതില്‍ തീര്‍ന്നതോടെ സര്‍ക്കാറിനും ഇടതു-ജനാധിപത്യ മുന്നണിക്കും എതിരായി ഒരു വിശാല രാഷ്ട്രീയമുന്നണി രൂപപ്പെടുന്നത് തിരിച്ചറിയേണ്ടതാണ്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ മുന്നണിയേയും യു.ഡി.എഫിനെയും ഏകോപിപ്പിക്കുന്ന രാഷ്ട്രീയ ശക്തിയായി എന്‍.എസ്.എസ് രംഗത്തുവരികയാണ്. വിശ്വാസം സംരക്ഷിക്കാനുള്ള ഭരണഘടനാ ബാധ്യത നിറവേറ്റുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. ആ ചുമതല വിശ്വാസികള്‍ ഏറ്റെടുക്കുന്നതിനെ കുറ്റംപറയാന്‍ കഴിയില്ലെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി പറയുന്നു. ‘വിശ്വാസം തകര്‍ക്കാനുള്ള’ സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ എല്ലാ മതവിഭാഗങ്ങളോടും പ്രതിഷേധിക്കാന്‍ എന്‍.എസ്.എസ് ആഹ്വാനംചെയ്യുന്നു.

തങ്ങളുടെ ആവശ്യങ്ങള്‍ ബി.ജെ.പി അംഗീകരിച്ചാല്‍ സസന്തോഷം മതില്‍പൊളിച്ച് അവര്‍ക്കൊപ്പം പോകാന്‍ തയാറാണെന്ന് വെള്ളാപ്പള്ളിയും പറഞ്ഞുകഴിഞ്ഞു.

പ്രധാനമന്ത്രി മോദിയുടെ വരവോടെ ജാതിരാഷ്ട്രീയത്തിന്റെ പത്മവ്യൂഹം കൂടുതല്‍ വിപുലപ്പെടുത്താന്‍ പുതിയ അവസരം സവര്‍ണ്ണരും പിന്നോക്കക്കാരുമായ ജാതി സംഘടനാ നേതാക്കള്‍ ഉപയോഗിക്കുകയാണ്. ഇതിന് അവസരം ഒരുക്കിക്കൊടുത്ത മുഖ്യമന്ത്രിക്കും ഇടതു നേതൃത്വങ്ങള്‍ക്കും അതിന്റെ ഭവിഷ്യത്ത് തിരിച്ചറിയാനാകുന്നില്ലെങ്കില്‍ കേരളത്തെ മാത്രമല്ല 2019ലെ പൊതു തെരഞ്ഞെടുപ്പിനെയും അതു നിര്‍ണ്ണായകമായി ബാധിക്കും.

കേരളം നേരിടുന്ന ഈ രാഷ്ട്രീയ പ്രതിസന്ധിക്ക് ഒരേയൊരു ഈടേയുള്ളൂ. വര്‍ഗീയതയോട് വിട്ടുവീഴ്ചചെയ്യാത്ത കേരളത്തിന്റെ ജനമനസിന്റെ കരുത്തും പാരമ്പര്യവും. സ്ത്രീകളും യുവാക്കളും കൃഷിക്കാരും തൊഴിലാളികളും ആവര്‍ത്തിച്ചു തെളിയിച്ച സംഘശക്തിയാണത്. അധികാരത്തിന്റെയും ജാതിമത ശക്തികളുടെയും പ്രലോഭനങ്ങള്‍ക്ക് അവരെ തോല്പിക്കാന്‍ കഴിയില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top