Flash News

വിശ്വാസ്യത തകര്‍ന്ന് മോദി

January 17, 2019 , അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

Viswasyatha thakarnnu banner1സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നു വ്യാഴാഴ്ച രാത്രി രണ്ടാമതും പുറത്താക്കപ്പെട്ട അലോക് വര്‍മ 24 മണിക്കൂര്‍ തികയുംമുമ്പ് രാജിവെച്ചത് പ്രധാനമന്ത്രി മോദിയുടെ വിശ്വാസ്യതയെയും പ്രതിച്ഛായയെയും കൂടുതല്‍ വികൃതമാക്കി. തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മോദിയും ബി.ജെ.പിയും നേരിടുന്ന അഴിമതിയാരോപണത്തിന്റെ കുന്തമുനയായിരിക്കും അലോക് വര്‍മയുടെ രാജി. സി.ബി.ഐ വിവാദം തെരഞ്ഞെടുപ്പു വിധിവരെ മോദിയെ വേട്ടയാടും. മോദിക്കെതിരായ പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് അലോക് വര്‍മയുടെ രാജി വലിയ ഊര്‍ജ്ജവുമാകും.

സ്വാഭാവിക നീതി നിഷേധിച്ചും തന്റെ ഒരു എതിരാളി മാത്രം ഉന്നയിച്ച വ്യാജ പരാതിയില്‍ സി.വി.സിയും പ്രധാനമന്ത്രിയും ഉള്‍പ്പെട്ട ഉന്നതാധികാര സമിതിയും എടുത്ത തീരുമാനം അലോക് വര്‍മ ചോദ്യംചെയ്തു. ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് മാറ്റിക്കൊണ്ടുള്ള അവഹേളന ഉത്തരവ് നിരാകരിച്ചു. ഇന്ത്യന്‍ ബ്രൂറോക്രസിയെയാകെ ഇത് ഞെട്ടിച്ചിരിക്കും.

ലോകസഭാ തെരഞ്ഞെടുപ്പിന്റെ അജണ്ടക്ക് അവസാനരൂപം കൊടുക്കാന്‍ വിളിച്ചുചേര്‍ത്ത ബി.ജെ.പി നാഷണല്‍ കൗണ്‍സില്‍ നിര്‍വ്വാഹകസമിതി യോഗത്തിന്റെ തലേന്നു രാത്രിയാണ് വര്‍മയെ പുറത്താക്കിയതും ഒഡീഷ ഐ.പി.എസ് കേഡറുകാരനായ സി.ബി.ഐ അഡീഷണല്‍ ഡയറക്ടര്‍ നാഗേശ്വരറാവുവിനെ പാതിരാത്രിയില്‍ പകരം ചുമതല നല്‍കിയതും. ദേശീയ നിര്‍വ്വാഹകസമിതി യോഗം തുടങ്ങിയതിനു തൊട്ടുപിറകെയാണ് അലോക് വര്‍മയുടെ രാജിതീരുമാനവും വിശദീകരണവും തിരിച്ചടിയായി എത്തിയത്. മുമ്പ് ബൊഫോഴ്‌സ് കേസില്‍ രാജീവ്ഗാന്ധി നേരിട്ടതുപോലുള്ള ഒരു സ്ഥിതിവിശേഷമാണ് തിരിച്ചുവരവിന് ബി.ജെ.പിയും ആര്‍.എസ്.എസും കഠിനമായി ശ്രമിക്കുന്ന തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെതന്നെ വേട്ടയാടുമെന്ന സന്ദേശമായി യോഗത്തിനു മുമ്പിലെത്തിയത്.

PHOTOസുപ്രിംകോടതി വിധിയെതുടര്‍ന്ന് സി.ബി.ഐ ആസ്ഥാനത്തെത്തിയ അലോക് വര്‍മ എടുത്ത തീരുമാനങ്ങളെല്ലാം നാഗേശ്വരറാവു റദ്ദാക്കിക്കൊണ്ടിരിക്കെയാണ് സി.ബി.ഐയ്ക്കു നേരെയുള്ള ബാഹ്യ ഇടപെടല്‍ തടയാനാണ് താന്‍ ശ്രമിച്ചതെന്ന് രാജിക്കത്തില്‍ വര്‍മ കുറ്റപ്പെടുത്തിയത്. 21 ദിവസം മാത്രം പൂര്‍ത്തിയാക്കാനുണ്ടായിരുന്ന ഔദ്യോഗിക ജീവിതം പെട്ടെന്ന് അവസാനിപ്പിച്ച് ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ചത്.

വിശ്വാസ്യതയുടെ പേരിലാണ് മൂന്നുമാസംമുമ്പ് ഒരു അര്‍ദ്ധരാത്രിയില്‍ സി.ബി.ഐ ആസ്ഥാനത്ത് എല്ലാം നാടകീയമായി തുടങ്ങിയത്. അഴിമതിയും ക്രിമിനല്‍ കുറ്റവും സംബ്ധിച്ച് അന്വേഷിക്കേണ്ട രാജ്യത്തെ ഏറ്റവും പ്രധാന ഔദ്യോഗിക ഏജന്‍സിയായ സി.ബി.ഐയുടെ വിശ്വാസ്യത നഷ്ടപ്പെടുമെന്നു പറഞ്ഞാണ് സി.ബി.ഐ ഡയറക്ടറെ അന്ന് പുറത്താക്കിയത്. ഇതിനെതിരെ അദ്ദേഹം സുപ്രിംകോടതിയെ സമീപിച്ചത്.

സുപ്രിംകോടതി വിധിയുടെ ബലത്തില്‍ സി.ബി.ഐ ആസ്ഥാനത്ത് വീണ്ടും രണ്ടുദിവസം പ്രവര്‍ത്തിച്ച ഡയറക്ടറെ നീക്കുകയും വ്യാഴാഴ്ച അര്‍ദ്ധരാത്രിയില്‍ നാഗേശ്വരറാവുവിനെ ഒരിക്കല്‍ക്കൂടി ഡയറക്ടറുടെ ഓഫീസില്‍ ഇരുത്തുകയും ചെയ്തു. പ്രധാനമന്ത്രിയുടെ പിന്‍ബലത്തിലായിരുന്നു ഇതൊക്കെ.

നാടകീയമായ നീക്കങ്ങള്‍ തുടരുന്നതിനിടയില്‍ നാഗേശ്വരറാവുവിനെ ചുമതല നല്‍കിയതിനെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വെള്ളിയാഴ്ച വീണ്ടും സുപ്രിംകോടതിയിലെത്തി. അതോടെ പന്ത് വീണ്ടും സുപ്രിംകോടതിയുടെ കളിക്കളത്തിലെത്തി.

ഇതിനിടെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തിരുത്താന്‍ പ്രധാനമന്ത്രി മോദി കൊണ്ടുവന്ന രാകേഷ് അസ്ഥാനയ്‌ക്കെതിരായ ഡല്‍ഹി ഹൈക്കോടതിയുടെ വിധിയും പ്രധാനമന്ത്രിക്കു പ്രഹരമായി. അഴിമതി സംബ്ധിച്ച പരാതിയില്‍ തനിക്കെതിരെ ഡയറക്ടര്‍ അലോക് വര്‍മ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കാനാണ് ഹൈക്കോടതിയെ സി.ബി.ഐ തലപ്പത്തെ രണ്ടാമന്‍ സമീപിച്ചിരുന്നത്. അസ്ഥാനയ്ക്കിനി സുപ്രിംകോടതിയെ ശരണംപ്രാപിക്കേണ്ടിവരും.

2018 ജനുവരി 31വരെ കാലാവധിയുള്ള അലോക് വര്‍മയെ നിയമന കമ്മറ്റിയുടെ തീരുമാനമില്ലാതെ കേന്ദ്ര സര്‍ക്കാര്‍ എടുത്തെറിഞ്ഞത് നിയമവിരുദ്ധമായിരുന്നെന്ന് സുപ്രിംകോടതി 2019 ജനുവരി 7നാണ് വിധിച്ചത്. രണ്ടുതരത്തില്‍ ഇത് പ്രധാനമന്ത്രിയുടെ വിശ്വാസ്യതയ്ക്ക് പരോക്ഷമായേറ്റ കനത്ത പ്രഹരമായിരുന്നു. എന്നിട്ടും 48 മണിക്കൂറിനകം അലോക് വര്‍മ്മയെ സി.ബി.ഐയ്ക്കകത്തുനിന്ന് പുറത്താക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ണ്ണായക വോട്ടോടെ (2:1) നിയമന കമ്മറ്റി തീരുമാനിച്ചു.

പ്രധാനമന്ത്രിക്കു പുറമെ ഈ ഉത്തരവ് നടപ്പാക്കേണ്ട കമ്മറ്റിയിലെ മൂന്നുപേരില്‍ ഒരാള്‍ ഉത്തരവില്‍ ഒപ്പുവെച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആയിരുന്നു. തന്റെ ഉത്തരവ് നടപ്പാക്കാന്‍ചേരുന്ന യോഗത്തില്‍ തനിക്കുപകരം വിധി പ്രസ്താവിച്ച, ബഞ്ചിലില്ലാത്ത ജസ്റ്റിസ് എ.കെ സിക്രിയെ ചീഫ് ജസ്റ്റിസ് പ്രതിനിധിയായി നിയോഗിച്ചു.

പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയും ജസ്റ്റിസ് സിക്രിയും പുറത്താക്കല്‍ തീരുമാനത്തെ 1:1 വോട്ടിന് സമനിലയിലാക്കി. പ്രധാനമന്ത്രിയുടെ വോട്ടാണ് അലോക് വര്‍മയെ സി.ബി.ഐയ്ക്ക് പുറത്തേക്കു തള്ളിയത്. സുപ്രിംകോടതിയുടെ വിധി സാങ്കേതികമായി നടപ്പാക്കി ഫലത്തില്‍ തിരിച്ചടിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസിനുപകരം പങ്കെടുത്ത സിക്രിയുടെ വോട്ടാണ് നിമിത്തമായതെന്നതു വിചിത്രം.

മൂന്നുമാസംമുമ്പ് അഡ്വക്കറ്റ് പ്രശാന്ത് ഭൂഷനും വാജ്‌പേയി മന്ത്രിസഭയിലെ മന്ത്രിമാരായിരുന്ന യശ്വന്ത് സിന്നയും അരുണ്‍ ഷൂരിയും റഫാല്‍ പോര്‍വിമാന ഇടപാടിലെ അഴിമതി സംബന്ധിച്ച് പ്രധാനമന്ത്രി മോദിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡയറക്ടര്‍ അലോക് വര്‍മക്ക് പരാതി നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് ബന്ധപ്പെട്ട ഫയലുകള്‍ ഡയറക്ടര്‍ വിളിപ്പിക്കുകയും പരിശോധിച്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികളിലേക്ക് കടക്കുകയായിരുന്നു വര്‍മ. തന്റെ ഓഫീസ് പൂട്ടി മടങ്ങിയ അര്‍ദ്ധരാത്രിയാണ് മിന്നലാക്രമണമുണ്ടായത്. സി.ബി.ഐ ആസ്ഥാനംതന്നെ കേന്ദ്ര വിജിലന്‍സ് കമ്മീഷനെ ആയുധമാക്കി അടിമേല്‍ മറിച്ചതും. അലോക് വര്‍മയെ പ്രധാനമന്ത്രി മോദി വിളിച്ചുവരുത്തി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനു പിറകെയായിരുന്നു അതിക്രമം. ഒരാഴ്ചമുമ്പ് സി.ബി.ഐ ഡയറക്ടറുടെയും സി.വി.സിയുടെയും ക്യാബിനറ്റ് സെക്രട്ടറിയുടെയും തലപ്പത്ത് ചരിത്രത്തിലാദ്യമായി നിയമിച്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് ഈ തിരക്കഥ നടപ്പാക്കിയത്.

സുപ്രിംകോടതിയുടെ ധാര്‍മ്മികതയും വിശ്വാസ്യതയും പ്രധാനമന്ത്രിതന്നെ ഇല്ലാതാക്കി. തന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ കോടതിവിധിയെ അട്ടിമറിക്കാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യ നീക്കം മാത്രമേ നമ്മുടെ പാര്‍ലമെന്ററി ചരിത്രത്തില്‍ ഇതുപോലെ മുമ്പ് ഉണ്ടായിട്ടുള്ളൂ.

ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ ഐ.പി.എസ് ഓഫീസറില്‍നിന്ന് സി.ബി.ഐ ഡയറക്ടറായി ഉയര്‍ന്ന അലോക് വര്‍മയെ അഗ്നിശമന സേനയുടെ ഡയറക്ടറായി നിയമിച്ച് അവഹേളിക്കുകയാണ് ചെയ്തത്. വീണ്ടും അധികാരമേറ്റ അലോക് വര്‍മ ദൈനംദിന ഔദ്യോഗിക നടപടി എന്നനിലയില്‍ രണ്ടുദിവസംകൊണ്ട് എടുത്ത തീരുമാനങ്ങള്‍ പ്രധാനമന്ത്രിയെ അസ്വസ്ഥനാക്കി. തന്നെ പുറത്താക്കിയതോടൊപ്പം സ്ഥലം മാറ്റപ്പെട്ട ഉദ്യോഗസ്ഥരെ തിരിച്ചുകൊണ്ടുവന്നത് നാഗേശ്വരറാവുവിന് ഒപ്പംനിന്ന ചിലരെ സ്ഥലംമാറ്റിയത് അഴിമതി അന്വേഷണ ചുമതല വിശ്വസ്തരെ ഏല്പിച്ചത്, ഇതിനു പിന്നാലെ ഒരു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതുകൂടി ദൈനംദിന കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമാണെന്ന് പ്രധാനമന്ത്രിക്ക് നന്നായറിയാമായിരുന്നു.

ബാഹ്യശക്തികളുടെ ഇടപെടലിനു വഴങ്ങാതെ സി.ബി.ഐയുടെ വിശ്വാസ്യതയും സ്വതന്ത്ര സ്വഭാവവും നിലനിര്‍ത്താനുള്ള ശ്രമത്തിന്റെ ബലിയാടാണ് താനെന്ന വെളിപ്പെടുത്തലാണ് അലോക് വര്‍മ നടത്തിയത്. അതു പരോക്ഷമായി സുപ്രിംകോടതി ശരിവെച്ചതാണ്. ഇതു പ്രധാനമന്ത്രിയെ കൂടുതല്‍ തുറന്നുകാട്ടുന്നു. പുതിയ സി.ബി.ഐ സ്ഥിരം ഡയറക്ടറെ ധൃതിപ്പെട്ട് നിയമിക്കാന്‍ പോകുന്നു. തിരക്കിട്ടു പരിഗണിക്കുന്ന പട്ടികയില്‍ മറ്റൊരു ഒഡീഷാ കേഡറുകാരനായ കേരള ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ പേരും ഉള്‍പ്പെടുമത്രേ!

പ്രധാനമന്ത്രി മോദി ഉള്‍പ്പെട്ട 30,000 കോടി രൂപയുടെ റഫാല്‍ അഴിമതി ഇപ്പോള്‍തന്നെ ഗവണ്മെന്റിനും ഭരണകക്ഷിക്കുമെതിരെ കടുത്ത ആരോപണമായിക്കഴിഞ്ഞു. ആരോപണങ്ങളെ പാര്‍ലമെന്റില്‍ നേരിടാത്ത പ്രധാനമന്ത്രിക്ക് ലോകസഭാ തെരഞ്ഞെടുപ്പില്‍ അത് നേരിടാതെ പറ്റില്ല. അതൊരു സി.ബി.ഐ കേസ് ആകുകയും പ്രധാനമന്ത്രി മോദിയ്‌ക്കെതിരെ എഫ്.ഐ.ആര്‍ ഔദ്യോഗികമായി രൂപപ്പെടുകയും ചെയ്യുന്നത് തടയുകയാണ് പ്രധാനമന്ത്രിതന്നെ നേരിട്ട് ചെയ്തത്.

അമേരിക്കയില്‍ പ്രസിഡന്റ് ട്രംപ് സ്വീകരിക്കുന്ന അതേ ശൈലിയാണ് മോദിയും നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ദിവസങ്ങളായി അമേരിക്കയിലെ ഭരണം സ്തംഭിച്ചിട്ടും മെക്‌സിക്കോയ്‌ക്കെതിരെ മതില്‍കെട്ടുമെന്ന വെല്ലുവിളിയുമായി മുന്നേറുന്ന ട്രംപിന്റെ വലതുപക്ഷ- തീവ്രവാദവും ഏകാധിപത്യ പ്രവണതയുമാണ് മോദിയേയും ഭരിക്കുന്നത്.

മോദിയുടെ നയങ്ങള്‍ക്കെതിരെ എതിര്‍പ്പ് ശക്തവും വ്യാപകവുമാകുന്നു. തിരിച്ചുവരവ് അസാധ്യമാക്കും എന്ന ആശങ്ക മോദിയെ ഇപ്പോള്‍ വല്ലാതെ അലട്ടുന്നുണ്ട്. നികുതി ഇളവുകളും സംവരണ ആനുകൂല്യങ്ങളും കര്‍ഷകര്‍ക്കുവേണ്ടിയുള്ള പുതിയ പ്രഖ്യാപനങ്ങളുംകൊണ്ട് വിവിധ വിഭാഗം ജനങ്ങളുടെ രോഷത്തെ തണുപ്പിക്കാനുള്ള നീക്കങ്ങള്‍ ഗവണ്മെന്റ് രണ്ടാഴ്ചക്കുള്ളില്‍ ശക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിനുമുമ്പ് ബി.ജെ.പി മുന്നണിക്കെതിരായ മഹാസഖ്യം പൊളിക്കാനാണ് തമിഴ്‌നാട്ടിലടക്കം മോദി നീക്കം നടത്തിയത്.

ശനിയാഴ്ച യു.പിയില്‍ മായാവതിയും സമാജ് വാദിപാര്‍ട്ടിയുടെ അഖിലേഷ് യാദവും ചേര്‍ന്നുള്ള സംയുക്ത പത്രസമ്മേളനം എസ്.പി- ബി.എസ്.പി സംയുക്ത നീക്കത്തിന്റെ പ്രഖ്യാപനമാകും.

ബഹുജന്‍ സമാജ് വാദിപാര്‍ട്ടി സ്ഥാപകന്‍ കന്‍ഷി റാമും മുലായംസിംഗും തമ്മില്‍ വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടാക്കിയ സംയുക്ത രാഷ്ട്രീയ നീക്കത്തിന്റെ പുതിയൊരു രൂപമാണ് യു.പിയില്‍ പരീക്ഷിക്കാന്‍ പോകുന്നത്. ചെറു പാര്‍ട്ടികളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട്. പിന്നോക്ക – ദളിത് വിഭാഗങ്ങളില്‍പെട്ട അടിത്തട്ടിലെ ജനവിഭാഗങ്ങളെയാകെ ബി.ജെ.പിക്കെതിരെ അണിനിരത്തുന്ന ഈ നീക്കം യു.പിയില്‍ ബി.ജെ.പിക്ക് കനത്ത നഷ്ടം വിതക്കും.

ഇത്തരം രാഷ്ട്രീയ വെല്ലുവിളികള്‍ മോദിക്കും ബി.ജെ.പിക്കുമെതിരെ പല സംസ്ഥാനങ്ങളില്‍നിന്നും ഉയര്‍ന്നു വരുന്നതിനിടയിലാണ് അഴിമതികേസില്‍നിന്ന് തലയൂരാന്‍ 19-#ാമത്തെ അടവും മോദി പ്രയോഗിച്ചത്.

ഈ വിവാദങ്ങള്‍ക്കിടയില്‍ കേരളവുമായി ബന്ധപ്പെട്ട മറ്റൊരു കാര്യം ശ്രദ്ധയില്‍പെടാതെ പോകുന്നു. എസ്.എന്‍.സി ലാവ്‌ലിന്‍കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി വീണ്ടും മാറ്റിവെച്ചു. കേസിലെ മൂന്നാംപ്രതിയായ കെ.എസ്.ഇ.ബിയുടെ മുന്‍ ചെയര്‍മാന്‍ ആര്‍. ശിവദാസന്‍ ഒന്നര മാസക്കാലത്തേക്ക് കേസ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടത് കോടതി അംഗീകരിക്കുകയായിരുന്നു.

എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ ഇനിയും സമയം വേണമെന്ന ശിവദാസന്റെ ആവശ്യം സി.ബി.ഐ എതിര്‍ത്തില്ല. മുഖ്യമന്ത്രിയായി പിണറായി വിജയനെ കീഴ്‌ക്കോടതി വിട്ടയച്ചത് റദ്ദാക്കണമെന്ന സി.ബി.ഐ ആവശ്യംകൂടി കേസില്‍ ഉള്‍പ്പെടുന്നു. ഈ നിലയില്‍ ലോകസഭാ തെരഞ്ഞെടുപ്പിനുമുമ്പ് ലാവ്‌ലിന്‍ കേസില്‍ സുപ്രിംകോടതിവിധി ഉണ്ടാകുമെന്ന ആശങ്ക ഇനി ആര്‍ക്കും വേണ്ട!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top