Flash News

മകരവിളക്കും മകരനക്ഷത്രവും തെളിഞ്ഞു; ദർശനപുണ്യവുമായി അയ്യപ്പഭക്തർ

January 14, 2019 , .

g7b8jhuo_makaravilakku_625x300_14_January_19ശബരിമല: അയ്യപ്പഭക്തർക്ക് സായൂജ്യമേകി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. ജ്യോതി തെളിഞ്ഞതോടെ ഭക്തർ ശരണമന്ത്രങ്ങളോടെ കൈകൂപ്പി വണങ്ങി. തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തിയതിനു ശേഷം , 6.30 ന് തിരുവാഭരണം അയ്യപ്പവിഗ്രഹത്തിൽ ചാര്‍ത്തിയുള്ള ദീപാരാധനയ്ക്കു ശേഷം നട തുറന്നതോടെയാണ് മകരജ്യോതി തെളിഞ്ഞത്. ഒപ്പം മകരനക്ഷത്രവും ഉദിച്ചു. തിരുവാഭരണ വിഭൂഷിതനായ ശ്രീ ധർമ്മശാസ്താവിനെ ഭക്തർ നിർവൃതിയോടെ കണ്ടു തൊഴുതു. സന്നിധാനത്ത് എട്ട് കേന്ദ്രങ്ങളില്‍ മകരജ്യോതി ദര്‍ശനത്തിന് സൗകര്യം ഒരുക്കിയിരുന്നു.

മകരസംക്രമ സമയത്ത് സംക്രമപൂജയും അഭിഷേകവും നടക്കും. കവടിയാര്‍ കൊട്ടാരത്തില്‍നിന്ന് ഞായറാഴ്ച വൈകീട്ട് സന്നിധാനത്ത് എത്തിച്ച നെയ്യ് ഉപയോഗിച്ചാണ് സംക്രമാഭിഷേകം.

പന്തളം കൊട്ടാരത്തില്‍ നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്രയെ പതിനെട്ടാംപടിക്ക് മുകളില്‍ ദേവസ്വം മന്ത്രിയുടേയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റേയും നേതൃത്വത്തിലാണ് സ്വീകരിച്ചത്. തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി വാസുദേവന്‍നമ്പൂതിരിയും ചേര്‍ന്ന് തിരുവാഭരണപേടകം ഏറ്റുവാങ്ങി. മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായി ഞായറാഴ്ച ക്ഷേത്രത്തിനുള്ളില്‍ ബിംബശുദ്ധിക്രിയകള്‍ നടത്തിയിരുന്നു.

sabarimala-3ദര്‍ശനപുണ്യം നേടി ഭക്ത സഹസ്രങ്ങള്‍ രാത്രിയോടെ മലയിറങ്ങിത്തുടങ്ങി. ഭക്തജനത്തിരക്കുമൂലം നിലയ്ക്കല്‍ ബേസ് ക്യാമ്പ് വൈകീട്ടുതന്നെ നിറഞ്ഞുകവിഞ്ഞിരുന്നു. എണ്ണായിരത്തോളം വാഹനങ്ങളിലാണ് ഭക്തര്‍ മകരജ്യോതി ദര്‍ശനത്തിന് എത്തിയത്. അഞ്ച് മണിക്ക് ശബരിമല ശ്രീകോവില്‍ തുറന്നു. ആറരയോടുകൂടി ദീപാരാധന നടക്കും. അതിന് ശേഷം മാത്രമേ ഭക്തരെ ദര്‍ശനത്തിനായി കടത്തിവിടുകയുള്ളൂ. ഈ സമയം തന്നെയാണ് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞതും. തീര്‍ത്ഥാടകരെ നേരത്തേ നടപ്പന്തലടക്കമുള്ള സ്ഥലങ്ങളില്‍നിന്നും വടക്കേ നടയില്‍നിന്നുമെല്ലാം ഒഴിപ്പിച്ചിരുന്നു.

ഞായറാഴ്ച മുതല്‍ സന്നിധാനത്തെത്തിയ ഭക്തരില്‍ നിരവധി പേരാണ് മലയിറങ്ങാതെ മകരജ്യോതി ദര്‍ശനത്തിനായി കാത്തുനിന്നത്. പൊന്നമ്പലമേട്ടിലേക്കുള്ള കാഴ്ചയ്ക്കു തടസ്സമില്ലാത്ത എല്ലായിടത്തും കഴിഞ്ഞ ദിവസംതന്നെ ഭക്തര്‍ നിറഞ്ഞുകഴിഞ്ഞിരുന്നു. കാടിനുള്ളില്‍ പര്‍ണശാലകള്‍ കെട്ടി, കൊട്ടും പാട്ടും നൃത്തച്ചുവടുകളുമായി പതിനായിരങ്ങളാണ് കാത്തിരുന്നത്.

പതിനായിരക്കണക്കിന് തീർത്ഥാടകര്‍ എത്തിയ സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ പൊലീസും അതീവ ജാഗ്രത പാലിച്ചിരുന്നു. അയ്യായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരുന്നത്. ഒരു ഐജിയുടേയും രണ്ട് എസ്.പിയുടെയും നേതൃത്വത്തിലായിരുന്നു സുരക്ഷ വിവിധ കേന്ദ്ര സേനകളും സന്നിധാനത്ത് എത്തി. ഈമാസം 20 വരെ കര്‍ശന സുരക്ഷ ഉറപ്പാക്കാനാണ് പൊലീസിന്റെ തീരുമാനം. ഭക്തര്‍ക്ക് സുരക്ഷിതമായ മടങ്ങുന്നതിനുള്ള ക്രമീകരണങ്ങള്‍ കെ.എസ്.ആര്‍.ടി.സിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏതാനും ദിവസങ്ങളില്‍ ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം കുറവായിരുന്നുവെങ്കിലും ഞായറാഴ്ചയോടെ തിരക്ക് വര്‍ധിച്ചിരുന്നു.

യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സംഘർഷഭരിതമായിരുന്ന ശബരിമലയിൽ അതെല്ലാം മാറി , തികച്ചും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാണ് മകരവിളക്കുത്സവം നടന്നത്. എന്നാൽ മുൻവർഷങ്ങളെ അപേക്ഷിച്ച് മകരവിളക്ക് ദർശിക്കാൻ ഭക്തജനങ്ങൾ കുറവായിരുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഏകദേശം ഒന്നരലക്ഷം പേരാണ് മകരവിളക്ക് ദർശനത്തിനെത്തിയത്. ഇതാകട്ടെ മുൻവർഷങ്ങളിലെ മൂന്നു-മൂന്നരലക്ഷം ഭക്തർ എന്ന കണക്കിന്റെ പകുതിയേ ആയുള്ളൂ .

തിരുവാഭരണ വിഭൂഷിതനായ സ്വാമി അയ്യപ്പനെയും മകരജ്യോതിയും ദര്‍ശിച്ച് ഭക്തര്‍ മലയിറങ്ങാൻ തുടങ്ങിയതോടെ ഒരു മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് കൂടി സമാപനമാവുകയാണ്. ഒപ്പം കോടതിവിധിയും സംഘർഷവും യുവതീപ്രവേശവും പൊലീസ് നടപടികളുമൊക്കെയായി ശബ്ദമുഖരിതമായ ഒരു മണ്ഡല-മകരവിളക്ക് കാലം എന്ന് ചരിത്രത്താളുകളിൽ ഇടം പിടിക്കുകയും ചെയ്യുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top