Flash News

മുനമ്പം മനുഷ്യക്കടത്ത്: സംഘം പോയത് ഓസ്‌ട്രേലിയയിലേക്ക്

January 15, 2019

munaമുനമ്പം വഴിയുളള രാജ്യാന്തര മനുഷ്യക്കടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നു. ഓസ്‌ട്രേലിയയുടെ നിയന്ത്രണത്തിലുളള ക്രിസ്തുമസ് ദ്വീപിലേക്കാണ് ഇവര്‍ പുറപ്പെട്ടതെന്നാണ് വിവരം. കൊച്ചി വഴി മുമ്പും മനുഷ്യക്കടത്ത് നടത്തിയവര്‍ തന്നെയാണ് ഇപ്പോഴത്തെ രാജ്യാന്തര കുടിയേറ്റ ശ്രമത്തിന് പിന്നിലും.

ഡല്‍ഹി കേന്ദ്രീകരിച്ച രാജ്യാന്തര മനുഷ്യക്കടത്ത് സംഘമാണ് പിന്നിലെന്നും കൂടുതല്‍ അന്വേഷിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു. അനധികൃത കുടിയേറ്റത്തിന്റെ ഭാഗമായി മലേഷ്യ, ഇന്തൊനീഷ്യ എന്നിവിടങ്ങളിലേക്കു കടത്താനുള്ള സാധ്യതയാണ് അന്വേഷിക്കുന്നത്. അതേസമയം ഓസ്‌ട്രേലിയയിലേക്ക് നേരിട്ടു പോകാന്‍ സാധ്യത കുറവാണെന്നും പറയപ്പെടുന്നു. ഓസ്‌ട്രേലിയ, കൊറിയ എന്നിവിടങ്ങളിലേക്കു തോട്ടപ്പണി, മല്‍സ്യബന്ധനം, കാലിമേയ്ക്കല്‍ തുടങ്ങിയ ജോലികള്‍ക്കു കപ്പലുകളില്‍ അനധികൃതമായി തൊഴിലാളികളെ കടത്തുന്ന റാക്കറ്റുകള്‍ ഇന്തോനേഷ്യയിലും മറ്റുമുണ്ട്. ഇവരാണോ സംഘത്തിന് പിന്നിലെന്നാണ് അറിയേണ്ടത്. ഇന്ത്യയില്‍ നിന്നു വ്യാജ തിരിച്ചറിയല്‍ രേഖകള്‍ സംഘടിപ്പിക്കുന്ന ബംഗ്ലാദേശ് സ്വദേശികളെയാണ് ഇത്തരത്തില്‍ കടത്തിക്കൊണ്ടു പോകുന്നത്.

മുനമ്പം വഴി കടന്നു പോയവര്‍ ഉപേക്ഷിച്ചതായി സംശയിക്കുന്ന 77 ബാഗുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയോടെ മാല്യങ്കരയില്‍ 13 ബാഗുകളും മുനമ്പത്ത് 6 ബാഗുകളും കണ്ടെത്തി. ഇന്നലെ കൊടുങ്ങല്ലൂർ ക്ഷേത്ര പരിസരത്ത് 52 ബാഗുകള്‍ കൂടി കണ്ടെത്തിയതോടെയാണു മുനമ്പം വഴി കടന്നുപോയതായി സംശയിക്കുന്ന ആളുകളെ എണ്ണത്തെക്കുറിച്ച് ഏകദേശ ധാരണ പൊലീസിനു ലഭിച്ചത്. ഒഴിഞ്ഞ പറമ്പില്‍ ബാഗുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതു ഗൗരവമുള്ള കേസാണെന്ന് എറണാകുളം റൂറല്‍ എസ്‌പി രാഹുല്‍ ആര്‍. നായര്‍ പറഞ്ഞു.

ശ്രീകുരുംബ ക്ഷേത്രമൈതാനത്ത് ഉപേക്ഷിക്കപ്പെട്ട ബാഗുകളുടെ ഉടമകളില്‍ രണ്ടു പേരെ തിരിച്ചറിഞ്ഞു. കൊളംബോ പുത്തലം സ്വദേശി മഞ്ജുള (30), കരുനാഗലം സ്വദേശി രമേശ്കുമാര്‍ (26) എന്നിവരുടെ സിംഹള ഭാഷയിലുള്ള തിരിച്ചറിയല്‍ രേഖകളാണു പൊലീസിനു ലഭിച്ചത്. ശ്രീലങ്കന്‍ സ്വദേശിയുടെ സഹായത്തോടെയാണ് ഇവരുടെ വിലാസം രേഖകളില്‍ നിന്നു വായിച്ചെടുത്തത്. 52 ബാഗുകളാണു ക്ഷേത്രവളപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശ്രീലങ്കന്‍ സ്വദേശികളുടെ മേല്‍വിലാസം രേഖപ്പെടുത്തിയ സിംഹള ഭാഷയിലുള്ള ജനന സര്‍ട്ടിഫിക്കറ്റുകൾക്കു പുറമെ ന്യൂഡല്‍ഹി വിലാസത്തിലുള്ള ഒരാളുടെ ആശുപത്രി രേഖകളും കണ്ടെത്തിയിട്ടുണ്ട്.

ചെറായി, ചോറ്റാനിക്കര എന്നിവടങ്ങളില്‍ ഇവര്‍ താമസിച്ചതായി കരുതുന്ന ലോഡ്ജുകളില്‍ നിരീക്ഷണ ക്യാമറകളില്ലാത്തത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇവര്‍ വിമാനത്തില്‍ മലേഷ്യയിലേക്കു കടന്നിരിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടു വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി. ഡിസംബര്‍ 26 മുതല്‍ ജനുവരി 4 വരെ ചോറ്റാനിക്കരയിലെ ലോഡ്ജുകളില്‍ സംഘം 10 ദിവസം തങ്ങി. ഇവരോടൊപ്പമുണ്ടായിരുന്ന ന്യൂഡല്‍ഹി സ്വദേശി പൂജ ബാബുകുമാര്‍ (25) ഡിസംബര്‍ 31നു സമീപത്തെ ആശുപത്രിയില്‍ എത്തി പുതുവല്‍സര ദിനത്തില്‍ പെൺകുഞ്ഞിനു ജന്മം നല്‍കി. ജനുവരി 3ന് ആശുപത്രി വിട്ടു. ഇവിടെ നിന്നു ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ന്യൂഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര മനുഷ്യക്കടത്തു റാക്കറ്റിലേക്കാണ് ഇപ്പോള്‍ അന്വേഷണം കേന്ദ്രീകരിക്കുന്നത്. ആന്ധ്ര, കോവളം സ്വദേശികളുടെ ഉടമസ്ഥതയിലുളള ‘ദയാമാത’ ബോട്ടില്‍ ഒരു മാസത്തേക്കുള്ള സാധനസാമഗ്രികളുമായാണ് സംഘം പോയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രണ്ടുദിവസം മുമ്പാണ് 42 പേരടങ്ങുന്ന സംഘം കൊച്ചി തീരത്തുനിന്ന് മല്‍സ്യബന്ധനബോട്ടില്‍ പുറപ്പെട്ടത്. മുനമ്പത്തുനിന്നും കൊടുങ്ങല്ലൂരില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗുകളാണ് മനുഷ്യക്കടത്തിനെപ്പറ്റി സൂചന നല്‍കിയത്.  13 കുടുംബങ്ങളില്‍ നിന്നായി 43 അംഗ സംഘത്തില്‍ നാല് ഗര്‍ഭിണികളും നവജാത ശിശു ഉള്‍പ്പെടെ രണ്ട് കുട്ടികളും ഉള്ളതായാണ് സൂചന. രണ്ട് സംഘങ്ങളായി ഡല്‍ഹിയില്‍ നിന്ന് ചെന്നെ വഴി ട്രെയിനിലും വിമാനമാര്‍ഗവും ഡിസംബറില്‍ കൊച്ചിയിലെത്തിയ ഇവര്‍ ചെറായിലെ റിസോര്‍ട്ടുകളിലും ലോഡ്ജുകളിലുമായാണ് താമസിച്ചത്. 12ന് പുലര്‍ച്ചെയാണ് സംഘം വിദേശത്തേക്ക് കടന്നതെന്നാണ് വിവരം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top