Flash News

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അടിമപ്പണി ചെയ്യാന്‍ കര്‍ഷകരെ ഇനിയും കിട്ടില്ല: വി.സി. സെബാസ്റ്റ്യന്‍

January 15, 2019 , രാഷ്ട്രീയ കിസാന്‍ മഹാസംഘ്‌

Ltrhdകൊച്ചി: പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോഴുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ കര്‍ഷകസ്‌നേഹത്തിന്റെ കാപഠ്യവും മുതലക്കണ്ണീരും കര്‍ഷകര്‍ തിരിച്ചറിയണമെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ അടിമകളാകാന്‍ കര്‍ഷകരെ വിട്ടുകൊടുക്കില്ലെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. കൊച്ചി വി.വി.ടവര്‍ ഓഡിറ്റോറിയത്തില്‍ സ്വതന്ത്രകര്‍ഷക പ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ സംസ്ഥാനസമിതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സെബാസ്റ്റ്യന്‍.

തെരഞ്ഞെടുപ്പ് പ്രകടനപത്രികകള്‍ പ്രഹസനപത്രികകളായി മാറിയിരിക്കുന്നു. വിവിധ സംസ്ഥാനങ്ങളിലെ കടം എഴുതിത്തള്ളല്‍ നടപടികളില്ലാതെ പ്രഖ്യാപനങ്ങളിലൊതുങ്ങുന്നു. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ഒക്ടോബര്‍ 12ന് പ്രഖ്യാപിച്ച് ഉത്തരവിറക്കിയ കാര്‍ഷിക വായ്പകള്‍ക്കുള്ള മോറട്ടോറിയം അട്ടിമറിച്ച് ബാങ്കുകള്‍ ജപ്തിനടപടികള്‍ തുടരുന്നു. ഇതിന്റെ പേരില്‍ ഇതിനോടകം 17 കര്‍ഷക ആത്മഹത്യകള്‍ നടന്നിട്ടും ഭരണനേതൃത്വങ്ങള്‍ മുഖം തിരിഞ്ഞുനില്‍ക്കുകയാണ്. പ്രളയ ദുരിതാശ്വാസ നഷ്ടപരിഹാര പദ്ധതികളും അട്ടിമറിക്കപ്പെട്ടു. ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ചുവിട്ട് വര്‍ഗ്ഗീയത വളര്‍ത്തുവാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുന്നത് സാക്ഷരസമൂഹത്തിന് അപമാനകരമാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോള്‍ കര്‍ഷകരെ ഒന്നടങ്കം വിലയ്‌ക്കെടുക്കാമെന്ന് ആരും സ്വപ്നം കാണേണ്ട, അക്കാലം പോയി. വോട്ടുചെയ്യാനുള്ള ഉപകരണങ്ങള്‍ മാത്രമായി കര്‍ഷകരെ ഇനിയും കിട്ടില്ല. നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ കര്‍ഷകര്‍ ഒരുമിക്കണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിവിധ സംസ്ഥാനങ്ങളിലെ ഭരണമാറ്റം കര്‍ഷകര്‍ സംഘടിച്ചതിന്റെ തെളിവാണ്. കേരളത്തിലും കര്‍ഷകര്‍ സംഘടിച്ചുനീങ്ങിയില്ലെങ്കില്‍ നിലനില്‍പ്പില്ലെന്ന് ഇനിയെങ്കിലും തിരിച്ചറിയണമെന്ന് വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

രാഷ്ട്രീയ കിസാന്‍ മഹാസംഘ് വൈസ്‌ചെയര്‍മാന്‍ ഡിജോ കാപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. ദേശീയ കണ്‍വീനര്‍ കെ.വി.ബിജു മുഖ്യപ്രഭാഷണവും സംസ്ഥാന കണ്‍വീനര്‍ അഡ്വ.ബിനോയ് തോമസ് ആമുഖപ്രഭാഷണവും നടത്തി. സംസ്ഥാന ജനറല്‍ കണ്‍വീനര്‍ പി.ടി.ജോണ്‍, ദേശീയ സംസ്ഥാന നേതാക്കളായ ഫാ.ജോസ് കാവനാടി, വി.വി.അഗസ്റ്റിന്‍, അഡ്വ.ജോണ്‍ ജോസഫ്, മുതലാംതോട് മണി, കെ.എം.ഹരിദാസ്, വി.ജെ.ലാലി ബേബി എം.ജെ., സെയ്ദ് അലവി, എ.ഫല്‍ഗുണന്‍, രാജു സേവ്യര്‍, ഹരിദാസന്‍ കയ്യടിക്കോട്, ബിനോയ് തോമസ്, സുരേജ് ഓടാപന്തിയില്‍ എന്നിവര്‍ സംസാരിച്ചു.

ജനുവരി 22ന് കൊച്ചി ആശീര്‍വാദ് ഭവനില്‍വെച്ച് ആര്‍സിഇപി കര്‍ഷകവിരുദ്ധ കരാറിനെതിരെ കര്‍ഷകസംഘടനകള്‍ ഒത്തുചേരും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകപ്രതിനിധികള്‍ പങ്കെടുക്കും. ജനുവരി 30ന് മഹാരാഷ്ട്രയില്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംഘടിപ്പിക്കുന്ന ഒരുലക്ഷം കര്‍ഷകരുടെ ഉപവാസത്തില്‍ പ്രമുഖ ഗാന്ധിയനും കര്‍ഷകനേതാവുമായ അണ്ണാഹസാരെ നേതൃത്വം നല്‍കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ദേശീയ ഉപവാസസമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കര്‍ഷകര്‍ ഉപവസിക്കും. ജനുവരി 30ന് പാലക്കാട് സംസ്ഥാനതല ഉപവാസസമരം ഉദ്ഘാടനം ചെയ്യപ്പെടും.

പി.റ്റി.ജോണ്‍
ജനറല്‍ കണ്‍വീനര്‍
രാഷ്ട്രീയ കിസാന്‍ മഹാസംഘ്‌

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top