Flash News

ഇടത് സ്വതന്ത്രന്‍ കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി

January 17, 2019

newsrupt_2019-01_f207cbcd-0731-4798-90e7-d3313b58cf90_karat_razak_mlaകൊച്ചി : കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് എബ്രഹാം മാത്യുവാണ് ഇത് സംബന്ധിച്ച വിധി പുറപ്പെടുവിച്ചത്. കൊടുവള്ളിയില്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച കാരാട്ട് റസാഖ് എതിര്‍സ്ഥാനാര്‍ത്ഥി റസാഖ് മാസ്റ്ററെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന ഡോക്യുമെന്ററി നിര്‍മിച്ച് പ്രചാരണം നടത്തിയെന്ന പരാതിയിന്മേലാണ് കോടതി തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയത്. എതിർസ്ഥാനാര്‍ഥി സാമ്പത്തിക തട്ടിപ്പു നടത്തിയെന്നും പ്രചരിപ്പിച്ചു. 573 വോട്ടുകൾക്കാണ് കാരാട്ട് റസാഖ് കൊടുവള്ളിയില്‍ ജയിച്ചത്. മുസ്‌ലിം ലീഗ് നേതാവ് എം.എ. റസാഖ് ആയിരുന്നു കൊടുവള്ളിയിലെ എതിർ സ്ഥാനാർഥി. തന്നെ വിജയി ആയി പ്രഖ്യാപിക്കണമെന്ന എം.എ. റസാഖിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. യുഡിഎഫ് സ്വാധീനമുള്ള മണ്ഡലമെന്ന് അറിയപ്പെട്ടിരുന്നിരുന്നിടത്തെ കാരാട്ട് റസാഖിന്റെ വിജയം വൻ ചർച്ചയായിരുന്നു.

അതേ സമയം സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ കാരാട്ട് റസാഖിന് 30 ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. കാരാട്ട് റസാഖിന് നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കാമെന്നും കോടതി അറിയിച്ചു.എന്നാല്‍ ശമ്പളവും ആനുകൂല്യങ്ങളും അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

വ്യക്തിപരമായി തേജോവധം ചെയ്യുന്ന വീഡിയോ പ്രചരിപ്പിച്ചതിനൂടെ കാരാട്ട് റസാഖ് അഴിമതി നടത്തിയെന്ന് ഹൈക്കോടതി വിധിയില്‍ പറയുന്നു. രണ്ട് വോട്ടര്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. കൊടുവള്ളി സ്വദേശികളായ കെ.പി. മുഹമ്മദ്, മുഹമ്മദ് കുഞ്ഞി എന്നിവരാണ് കാരാട്ട് റസാഖിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

റസാഖ് മാസ്റ്റര്‍ വാര്‍ഡ് കൗണ്‍സിലായിരുന്ന കാലത്ത് ഒരാളുടെ കയ്യില്‍ നിന്നും 20000 രൂപ തട്ടിയെടുത്തു എന്ന തരത്തില്‍ ഒരു കേസുണ്ടായിരുന്നു. കേസില്‍ പിന്നീട് റസാഖ് മാസ്റ്റര്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തുകയും കേസ് ഒത്തുതീര്‍പ്പാക്കുകയും ചെയ്തിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് പരാതിക്കാരനെ കൊണ്ട് റസാഖ് മാസ്റ്റര്‍ തട്ടിപ്പുകാരനാണെന്ന തരത്തില്‍ വീഡിയോ ചിത്രീകരിച്ച് കാരാട്ട് റസാഖ് പ്രചരിപ്പിതായാണ് ഹൈക്കോടതി കണ്ടെത്തിയത്.

മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ നേടിയ ഇടത് സ്വതന്ത്രന്റെ വിജയം ഹൈക്കോടതി റദ്ദാക്കിയതിനെ മുസ്ലീം ലീഗ് സ്വാഗതം ചെയ്തു. നിയമസഭയിലെ സ്പീക്കറുടെ തീരുമാനം കാത്തിരിക്കുന്നുവെന്ന് മുസ്ലീം ലീഗ് നേതാവ് എംകെ മുനീര്‍ പറഞ്ഞു.

നേരത്തെ അഴീക്കോട്ടിലെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി കെഎം ഷാജിയുടെ തെരഞ്ഞെടുപ്പ് വിജയവും ഹൈക്കോടതി റദ്ദ് ചെയ്തിരുന്നു. സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥി എംവി നികേഷ് കുമാറിന്റെ ഹര്‍ജിയിലായിരുന്നു ഷാജിയെ അയോഗ്യനാക്കിയത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top