Flash News

KCRMNA പതിമൂന്നാമത് ടെലികോണ്‍ഫറന്‍സ് റിപ്പോര്‍ട്ട്

January 17, 2019 , ചാക്കോ കളരിക്കല്‍

conf banner

KCRM North America-യുടെപതിമൂന്നാമത് ടെലികോണ്‍ഫെറന്‍സ് ജനുവരി 09, 2018 ബുധനാഴ്ച വൈകിട്ട് ഒമ്പതു മണിക്ക് (EST) നടത്തുകയുണ്ടായി. രണ്ടര മണിക്കൂര്‍ നീണ്ടുനിന്നതും ഹ്യുസ്റ്റനില്‍ നിന്ന് എ സി ജോര്‍ജ് മോഡറേറ്റ് ചെയ്തതുമായ ആ ടെലികോണ്‍ഫറന്‍സില്‍ അമേരിക്കയിലെയും കാനഡയിലെയും വിവിധ ഭാഗങ്ങളില്‍ നിന്നുമായി അറുപതോളം ആള്‍ക്കാര്‍ പങ്കെടുക്കുകയുണ്ടായി. അതില്‍ ഇരുപതോളം പേര്‍ സജീവമായി സംവാദത്തില്‍ പങ്കെടുക്കുകയും ശേഷിച്ചവര്‍ കേഴ്‌വിക്കാരുമായിരുന്നു. റവ. ഡോ. ജയിംസ് ഗുരുദാസ്, സി. എം. ഐ.ആയിരുന്നു ഇപ്രാവശ്യം വിഷയം അവതരിപ്പിച്ചത്. കെസി ആര്‍ എം നോര്‍ത്ത് അമേരിക്കയുടെ ജനറല്‍ കോഓര്‍ഡിനേറ്റര്‍ ചാക്കോ കളരിക്കല്‍ ഗുരുദാസച്ചനെ ടെലികോണ്‍ഫറന്‍സില്‍ സംബന്ധിച്ച എല്ലാവര്‍ക്കും പരിചയപ്പെടുത്തി. ജര്‍മനിയിലെ ബോഹും (Bochum) യൂണിവേഴ്സിറ്റിയില്‍ ക്രിസ്തു ശാസ്ത്രത്തില്‍ (Christology) ഉപരിപഠനം നടത്തി ഡോക്ടറേറ്റ് നേടിയിട്ടുള്ള അദ്ദേഹം അവതരിപ്പിച്ച വിഷയം അദ്ദേഹത്തിന്റെ തന്നെ സ്പെഷ്യാലിറ്റിയായ “യേശു എന്ന മനുഷ്യന്‍” ആയിരുന്നു. ഗുരുദാസച്ചന്‍ അവതരിപ്പിച്ച പ്രധാന ആശയങ്ങള്‍ വായനക്കാര്‍ക്കായി ഞാനിവിടെ പങ്കുവെയ്ക്കുന്നു.

കാലികമായിട്ടും സ്ഥാലികമായിട്ടുമുള്ള ഒരു അകല്‍ച്ച ഗുരുദാസച്ചനും ടെലികോണ്‍ഫറന്‍സില്‍ സംബന്ധിക്കുന്നവരും തമ്മില്‍ ഉണ്ടെങ്കിലും എല്ലാവരും തമ്മില്‍ അഭേദ്യമായ ഒരു ബന്ധമുണ്ടെന്നുള്ള അഭിപ്രായ പ്രകടനത്തോടെയും സര്‍വകാരുണികനായ ദൈവത്തിനും കോണ്‍ഫെറന്‍സില്‍ സംബന്ധിക്കുന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടുമാണ് അദ്ദേഹം തന്റെ വിഷയത്തിലേക്ക് കടന്നത്. യേശുവിനോടുള്ള ഭക്തി യുക്തിയോടുള്ള സ്നേഹമായിരിക്കണമെന്നും യുക്തിയില്ലാത്ത ഭക്തി ബുദ്ധിയുള്ള മനുഷ്യര്‍ക്ക്‌ ചേര്‍ന്നതല്ലെന്നും യേശുവിന്റെ ഭക്തരായ ചിന്തിക്കുന്ന മനുഷ്യര്‍ യുക്തിയോടെ ശാസ്ത്രീയമായിട്ട് യേശുവിനെ വിശകലനം ചെയ്യേണ്ടതാണെന്നും അദ്ദേഹം കോണ്‍ഫെറന്‍സിന്റെ ആരംഭത്തിലെ പറഞ്ഞുവെച്ചു. യേശുവിനോടുള്ള ഇന്നത്തെ ഭക്തി ആടുകളുടെ ഭക്തിപോലെയാണ്. ഇടയനും ആടും പോലെയുള്ള ബന്ധമാണ് ഇന്ന് പുരോഹിതരും ആടുകളും തമ്മിലുള്ള ബന്ധം. ഇടയനേ ചിന്താശക്തിയുള്ളൂ; ആടുകള്‍ക്ക് ചിന്താശക്തിയില്ല. ഇടയന്‍ തീരുമാനമെടുക്കുന്നു; ആടുകള്‍ അതനുസരിക്കുന്നു. ഇടയന്‍ നയിക്കുന്നു; ആടുകള്‍ നയിക്കപ്പെടുന്നു. ചിന്തിക്കുന്ന മനുഷ്യന് ഈ അവസ്ഥ ചേര്‍ന്നതല്ല. ഭക്തിയുടെ യുക്തി ആലോചിക്കുന്ന ശാസ്ത്രമായിരിക്കണം ദൈവശാസത്രം. അതുകൊണ്ട് യേശുവിനോടുള്ള ഭക്തിയെ സംബന്ധിച്ച് പഠിച്ചതിന്റെ അടിസ്ഥാനത്തില്‍ യുക്തികൊണ്ട് വിശകലനം ചെയ്യുകയാണ് അദ്ദേഹം ചെയ്തത്.

പ്രഭാഷണ രീതി വേണ്ടെന്നുവെച്ച് പ്രബോധനരീതി സ്വീകരിച്ചുകൊണ്ട് യേശു നമുക്കാരാണ് എന്ന ചോദ്യത്തിനുള്ള ഉത്തരത്തിലേക്ക് ഗുരുദാസച്ചന്‍ കടന്നു. യേശു നമുക്ക് ഗുരുവാണ്. പിന്നീട്, യേശുവിന്റെ പേര്, യേശു എവിടെയാണ് ജനിച്ചത്, ആരില്‍ നിന്നാണ് ജനിച്ചത് തുടങ്ങിയ വിഷയങ്ങളുടെ ചരിത്ര പശ്ചാത്തലം വിശകലനം ചെയ്തു. യൗസേപ്പും മേരിയും യേശുവിന്റെ യഥാര്‍ത്ഥ മാതാപിതാക്കളാണ് (biological parents). എന്നാല്‍ കന്യകാ ജനന സിദ്ധാന്തം അര്‍ത്ഥവും പ്രസക്തിയുമുള്ള ഒന്നാണ്. ഒരിക്കലും മാറ്റിമറിക്കാന്‍ സാധിക്കാത്ത ഒരു വിശ്വാസ സത്യമാണത്. അതിന്റെ അടിസ്ഥാനം, യേശു മഹാനായ ഒരു വ്യക്തിയാണെന്നും അത്തരം വ്യക്തികള്‍ ദൈവത്തിനിന്നും ജനിച്ചവനും ദൈവപുത്രനുമാണെന്ന് സ്ഥാപിക്കലാണ്. ആ കാരണത്താലാണ് യേശുവിന്റെ കന്യാജനനത്തെ സഭ അതിന്റെ പ്രധാന സിദ്ധാന്തങ്ങളില്‍ ഒന്നാക്കിയിരിക്കുന്നത്. ആ സിദ്ധാന്തത്തിന്റെ തെളിവിലേക്കായി അലക്‌സാണ്ടര്‍ ചക്രവര്‍ത്തി, ദാര്‍ശനികരായ അരിസ്റ്റോട്ടല്‍, പ്ലേറ്റോ, റോമന്‍ ചക്രവര്‍ത്തി ജൂലിയസ് സീസര്‍ തുടങ്ങിയ മഹാന്മാരുടെ ജനന കഥകളോട് താരതമ്യം ചെയ്യുകയുണ്ടായി. ചുരുക്കി പറഞ്ഞാല്‍, യേശുജനനത്തെ സംബന്ധിച്ചുള്ള സുവിശേഷ വിശദീകരണം ദൈവശാസ്ത്രപരമായ ഒന്നാണ്. അത് ജീവശാസ്ത്രപരമായ ഒന്നല്ല.

ഇനി യേശുവിന്റെ സാമൂഹ്യജീവിത പശ്ചാത്തലം എന്തായിരുന്നു എന്നു നോക്കാം. അന്നത്തെ പലസ്തീനാക്കാരെ രണ്ടായി തിരിച്ചാല്‍ ഒരു കൂട്ടര്‍ വന്ദിതരും മറ്റൊരു കൂട്ടര്‍ നിന്ദിതരും ആയിരുന്നു. സദൂക്യര്‍, പുരോഹിതര്‍, പ്രീശന്മാര്‍, വേദപണ്ഡിതര്‍, നിയമജ്ഞര്‍, എസ്സിന്‍കാര്‍ തുടങ്ങിയവര്‍ വന്ദിത ഗണത്തില്‍ പെട്ടിരുന്നു. പാപികള്‍ (ഭൃഷ്ടര്‍), ചുങ്കക്കാര്‍, സ്ത്രീകള്‍, കുഷ്ഠരോഗികള്‍ (ത്വക്‌രോഗികള്‍), ജാതി ദുഷിച്ച ശമറായര്‍ തുടങ്ങിയവര്‍ നിന്ദിതഗണത്തില്‍ പെട്ടിരുന്നു. വന്ദിത കൂട്ടരുടെ ഫരിസേയമതത്തെ തള്ളി സ്നേഹമെന്ന ഒരേയൊരു നിയമത്തില്‍ ബന്ധിതമായ സമൂഹത്തെ കെട്ടിപ്പടുക്കുക എന്നതായിരുന്നു യേശുവിന്റെ ജീവിത ലക്ഷ്യം. യേശു പൗരോഹിത്യത്തെ എതിര്‍ത്തു. സ്ത്രീകളെ ഉദ്ധരിച്ച് സ്ത്രീ വിമോചകനായി. പാപികളെ അന്വഷിച്ചു വന്നവനായി. രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ടാവശ്യമെന്നും പാപമില്ലാത്തവര്‍ അവളെ കല്ലെറിയട്ടെയെന്നും നിങ്ങളെ സ്നേഹിക്കുന്നവരെ നിങ്ങള്‍ സ്നേഹിച്ചാല്‍ അതിലെന്ത് സവിശേഷത എന്നു തുടങ്ങിയ വന്ദിത ഗണത്തിന് സ്വീകരിക്കാന്‍ സാധിക്കാത്ത അനേക വിപ്ലവ ആശയങ്ങള്‍ യേശു പ്രസംഗിക്കുകയും ജീവിതത്തില്‍ കാണിച്ചു കൊടുക്കുകയും ചെയ്തു.

മാധ്യമമില്ലാത്ത (നിയമം, അനുഷ്ഠാനം, പുരോഹിതര്‍ ഇല്ലാത്ത) മതാത്മകതയും (non-mediated relationship to God) മതിലുകളില്ലാത്ത മനുഷ്യത്വവുമായിരുന്നു യേശുവിന്റെ ജീവിത സന്ദേശം. യേശു ദൈവത്തെ പിതാവായിക്കണ്ട് ആബായെന്ന് വിളിക്കാന്‍ ശിഷ്യരെ പഠിപ്പിച്ചു. യേശുവിന്റെ ദൈവാനുഭവമായിരുന്നത്. ആ ദൈവം പിതാവും മാതാവുമാണ്. അപ്പോള്‍ എല്ലാവരും സഹോദരരാണ്. സ്വയം പൂജ (egoism) പാടില്ല. ശത്രുക്കളെപ്പോലും സ്നേഹിക്കുക. അത് യുക്തിക്ക് ചേര്‍ന്നതു തന്നെയാണ്. യേശു സംഘടിത സഭ സ്ഥാപിച്ചിട്ടില്ല. ആദിമസഭ ഒരു കൂട്ടായ്‌മ ആയിരുന്നു, അവര്‍ വചനം ശ്രവിച്ച് കൂട്ടായ്‌മയില്‍ ജീവിച്ച് ഒരുമിച്ച് പ്രാര്‍ത്ഥിച്ച് ഒരുമിച്ച് ഭക്ഷണം കഴിച്ച് ജീവിച്ചു. തന്നെ മുഴുവനായി സമര്‍പ്പിച്ച യേശുവിന്റെ ജീവിതാനുസ്‌മരണമായിരുന്നു ഒരുമിച്ചുള്ള അപ്പം മുറിക്കല്‍. ആദിസഭയിലെ കുടുംബ കൂട്ടായ്‌മകളില്‍ നടന്നിരുന്ന സ്നേഹ വിരുന്നിനെ, സഭ പിന്‍കാലത്ത് ഒരു പ്രസ്ഥാനമായി മാറിയപ്പോള്‍, യേശുവിന്റെ ഓര്‍മ്മയാചരണ അനുഷ്ഠാനമാക്കി (Eucharist) മാറ്റി. സാധാരണ വിശ്വാസികളെ ഭയപ്പെടുത്തി നന്മ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന സഭയുടെ അധമമായ ചിന്തയില്‍ ഉദിച്ചതാണ് സ്വര്‍ഗം, നരകം, ശുദ്ധീകരണ സ്ഥലം എന്ന മൂന്ന് തട്ടുകള്‍. യേശു പഠനത്തില്‍ സ്വര്‍ഗ്ഗമല്ല; മറിച്ച്, മോക്ഷമാണുള്ളത് – എല്ലാ സൃഷ്ടികളും സൃഷ്ടാവില്‍ ലയിക്കുന്ന അവസ്ഥ; ഉണ്മയുടെ ആകെത്തുകയായ ദൈവത്തില്‍ ലയിക്കുന്ന അവസ്ഥ. അപ്പോള്‍, മാധ്യമമില്ലാത്ത മതാത്മകതയും മതിലുകളില്ലാത്ത മനുഷ്യത്വവുമായി ജീവിക്കാന്‍ പഠിപ്പിച്ച ലോക ഗുരുവിന്റെ ശിഷ്യര്‍ ഒരു വിശ്വാസം, ഒരു നിയമം (പരസ്‌പരം സ്നേഹിക്കുക), ദൈവമക്കള്‍ അര്‍ഹിക്കുന്ന സ്വാതന്ത്ര്യം (one Faith, one Law, and one Right) ഇതു മൂന്നും മനസ്സില്‍ വച്ച് ജീവിക്കുക.

ടെലികോണ്‍ഫെറന്‍സില്‍ സംബന്ധിച്ചവരുടെ ചോദ്യങ്ങള്‍ക്ക് ഗുരുദാസച്ചന്‍ വ്യക്തമായ മറുപടി നല്‍കിയെങ്കിലും പഴയ ബോധ്യങ്ങളെ പൊളിച്ചെഴുതാന്‍ ചിലര്‍ക്ക് പ്രയാസമുണ്ടായി എന്ന് തോന്നുന്നു. ചെറുപ്പം മുതല്‍ ഉള്‍ക്കൊണ്ടിരിക്കുന്ന സഭാപ്രബോധനങ്ങളെ വേറൊരു വീക്ഷണത്തിലൂടെ നോക്കിക്കാണുക ദുഷ്ക്കരം തന്നെ. യുക്തിഭദ്രമായ ഭക്തിയുടെ പ്രസക്തിയിലേക്കാണ് അത് വിരല്‍ ചൂണ്ടുന്നത്.

ലൂസി കളപ്പുരക്കല്‍ സിസ്റ്ററിനും അഗസ്റ്റിന്‍ വട്ടോളിയച്ചനും ഇപ്പോള്‍ നേരിടുന്ന സഭാപരമായ അച്ചടക്ക നടപടിയ്‌ക്കെതിരെ സഭാധികാരികള്‍ക്ക് മെമ്മോറാണ്ടം അയക്കാനും 2019 ഓഗസ്റ്റ് 10 ശനിയാഴ്ച ഷിക്കാഗോയില്‍ വെച്ച് കെ സി ആര്‍ എം നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ ഒരു ഏകദിന സെമിനാര്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.

മോഡറേറ്റര്‍ എ സിജോര്‍ജ് കോണ്‍ഫെറന്‍സില്‍ സംബന്ധിച്ച എല്ലാവര്‍ക്കും പ്രത്യേകിച്ച് വിഷയാവതാരകനായ ബഹു. ഗുരുദാസച്ചനും നന്ദി പറഞ്ഞ് യോഗം അവസാനിപ്പിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top