Flash News

കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി; പ്രശസ്തിക്കുവേണ്ടിയാണോ ചെറിയ കാര്യങ്ങള്‍ ചെയ്യുന്നതെന്ന്

January 17, 2019

ca8b5e55609d8d24f05fc4593dceeff636a7a7cfവീഗാലാന്‍ഡ് ഉടമ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിക്ക് ഹൈക്കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനം. വീഗാലാന്‍ഡിലെ റൈഡില്‍ നിന്നും വീണ് പരിക്കേറ്റയാള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാത്തതിനാണ് വിമര്‍ശനം. റോക്കറ്റില്‍ ലോകം ചുറ്റുന്ന ചിറ്റിലപ്പിള്ളി കിടക്കയില്‍ കിടക്കുന്ന വിജേഷിനെ പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. 2002 ഡിസംബര്‍ 22ന് വീഗാലാന്‍ഡില്‍ വീണ് പരിക്കേറ്റ തൃശൂര്‍ സ്വദേശി വിജേഷ് വിജയന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.

സംഭവം തനിക്ക് നാണക്കേടുണ്ടാക്കിയെന്നും രണ്ടര ലക്ഷം രൂപ ഇങ്ങോട്ട് നഷ്ടപരിഹാരം നല്‍കാമെന്നുമാണ് ചിറ്റിലപ്പിള്ളി പറയുന്നത്. എന്നാല്‍ എത്ര വര്‍ഷമായി വിജേഷ് കിടപ്പിലാണെന്നും, അതെന്താണ് ചിറ്റിലപ്പള്ളി ഓര്‍ക്കാത്തതെന്നും കോടതി ചോദിച്ചു. ഇവരൊക്കെ ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ ഞെട്ടലുളവാക്കുകയാണ്. ഇത്തരക്കാരെ തുറന്നു കാട്ടുന്ന സംഭവമാണ് ഹര്‍ജിയായി വന്നിരിക്കുന്നതെന്നും കോടതി പറഞ്ഞു.

ചെറിയ സഹായങ്ങള്‍ നല്‍കി പ്രസിദ്ധീകരിക്കുന്നത് പ്രശസ്തിക്കു വേണ്ടിയാണോയെന്നും കോടതി ചോദിച്ചു. മാനവികത, മനുഷ്യത്വം എന്നിവ ഹൃദയത്തിലാണ് വേണ്ടത്. മതിയായ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ ചിറ്റിലപ്പിള്ളി നേരിട്ട് ഹാജരാവേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

വീഗാലാന്‍ഡിലെ ബക്കറ്റ് ഷവര്‍ എന്ന റൈഡില്‍ വച്ചാണ് വിജേഷിന് അപകടം സംഭവിക്കുന്നത്. 12-15 അടി വരെ ഉയരത്തില്‍ നിന്നുമാണ് വീണത്. ഇതിന്ശേഷം വിജേഷിന്റെ ശരീരം കഴുത്ത് മുതല്‍ താഴേക്ക് തളര്‍ന്നുപോയി. അപകടം സംഭവിച്ചപ്പോള്‍ വിജേഷിനെ സുഹൃത്തുക്കള്‍ വീഗാലാന്‍ഡിലെ ഫസ്റ്റ് എയിഡ് പോസ്റ്റില്‍ എത്തിച്ചിരുന്നു.എന്നാല്‍ അവിടെ ആ സമയത്ത് ഒരു ഡോക്ടറോ നഴ്സ് പോലുമോ ഉണ്ടായിരുന്നില്ല. ഒരു സാധാരണ യൂണിഫോം ഇട്ടയാള്‍ പേടിക്കാനൊന്നുമില്ല, വെള്ളത്തില്‍ വീണതുകൊണ്ട് സംഭവിച്ചതാകും ഉടനെ ശരിയായിക്കോളുമെന്നും പറഞ്ഞതായി വിജേഷ് നേരത്തെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

വിജേഷ് ഫെയ്‌സ്ബുക്കില്‍ അപകടത്തെ സംബന്ധിച്ച് നേരത്തെ എഴുതിയ കുറിപ്പ്

തൃശ്ശൂര്‍ക്കുള്ള യാത്രാമദ്ധ്യേ കടുത്ത പനികൊണ്ട് ശരീരം വിറച്ച എന്നെ സുഹൃത്തുക്കള്‍ തൃശ്ശൂര്‍ ജൂബിലിമിഷന്‍ ആശുപത്രിയിലെത്തിച്ചു. ആദ്യ പരിശോധനയില്‍ തന്നെ ഡോക്ടര്‍മാര്‍ക്ക് നട്ടെല്ലിനേറ്റ ക്ഷതമാണിതെന്ന് മനസിലാകുകയും ഉടന്‍ തൃശ്ശൂര്‍ മെട്രോപൊളിറ്റന്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

ഏതാനും ആഴ്ച്ചകള്‍ക്ക് ശേഷം വീഗാലാന്‍ഡിനെ പരിക്കിനെക്കുറിച്ച് അറിയിക്കുകയും അവര്‍ 50,000 രൂപയുടെ ചെക്ക് തന്ന് എന്റെ എല്ലാ കാര്യങ്ങളും നോക്കിക്കോളാമെന്നും ചില ബ്ലാങ്ക് പേപ്പറില്‍ ഒപ്പിട്ട് നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

മറ്റൊരു വഴിയുമില്ലാതെ പിതാവ് പേപ്പറില്‍ ഒപ്പിട്ട് നല്‍കുകയും അതിനൊപ്പം എന്റെ വിരലടയാളം പേപ്പറില്‍ രേഖപ്പെടുത്തുകയും ചെയ്തു. അബോധാവസ്ഥയിലായിരുന്നതിനാല്‍ ഇതെല്ലാം ഞാന്‍ പിന്നീടാണറിഞ്ഞത്.

പരുക്കിന്റെ ഗുരുതരാവസ്ഥയെപ്പറ്റി അപ്പോഴും എനിക്കോ കുടുംബത്തിനോ വ്യക്തമായ ബോധ്യമുണ്ടായിരുന്നില്ല. തുടര്‍ചികിത്സക്കായി വീഗാലാന്‍ഡിനെ സമീപിച്ചപ്പോള്‍ ഇനി സഹായിക്കാന്‍ കഴിയില്ലെന്ന്് അവര്‍ അറിയിച്ചു.

കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയെ ബന്ധപ്പെടാന്‍ പലതവണ ശ്രമിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. തുടര്‍ന്ന് കോടതിയെ സമീപിച്ചപ്പോള്‍ തന്റെ വിരലടയാളത്തോട് കൂടിയുള്ള മുദ്രപേപ്പറില്‍ അവര്‍ക്ക് വേണ്ടത്ര എഴുതിച്ചേര്‍ക്കാമെന്ന് പറഞ്ഞു.

കോടതി നടപടികള്‍ തുടങ്ങിയതോടെ കേസില്‍ നിന്ന് പിന്‍മാറാന്‍ വീഗാലാന്‍ഡ് ഒരു ഫോട്ടോസ്റ്റാറ്റ് മെഷീന്‍ എനിക്ക് വാങ്ങിത്തരാമെന്ന് പറഞ്ഞു. ഈ കാലത്തെല്ലാം ഇന്ത്യയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു.

കുടുംബസ്വത്തെല്ലാം വിറ്റു. മെക്കാനിക്കല്‍ എഞ്ചിനീയറിങ് പഠനം മുടങ്ങി. തുടര്‍ന്ന് ബികോം അടക്കം പഠിച്ചു. ഈ ദിവസം വരെയും തന്റെ ചികിത്സക്കും പഠനത്തിനും സഹായിക്കുന്നത് സുഹൃത്തുക്കളാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top