തൃശൂര്‍: പള്ളിയുടെ അവകാശത്തെച്ചൊല്ലിയുള്ള തര്‍ക്കം കൈയ്യാങ്കളിയിലേത്തിയപ്പോള് ഭദ്രാസനാധിപനടക്കം പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. തൃശ്ശൂര്‍ മാന്നാമംഗലം സെന്റ് മേരീസ് പള്ളിയിലാണ് ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടന്നത്. ഓര്‍ത്തഡോക്സ് തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹനാന്‍ മാര്‍ മിലിത്തിയോസിന് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ഓര്‍ത്തഡോക്സ് തൃശൂര്‍ ഭദ്രാസനാധിപനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു.
ഇന്നലെ അര്‍ദ്ധരാത്രിയിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് 120ഓളം പേര്‍ക്കെതിരെയാണ് പൊലീസ് ഇതുവരെ കേസെടുത്തിരിക്കുന്നത്. വൈദികര്‍ അടക്കം മുപ്പതിലേറെ ഓര്‍ത്തഡോക്സ് വിഭാഗക്കാര്‍ അറസ്റ്റിലായി. പള്ളിയില്‍ നിന്ന് ഇറങ്ങുന്ന യാക്കോബായ വിഭാഗക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. ഇരു വിഭാഗങ്ങള്‍ തമ്മില്‍ കല്ലേറ് ആരംഭിച്ചതോടെ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പരിക്കേറ്റ പതിനഞ്ചോളം പേരെ ആശുപത്രിയിലേക്ക് മാറ്റി. പള്ളിത്തര്‍ക്കത്തില്‍ മുപ്പതോളം ഓര്‍ത്തഡോക്സ് വിഭാഗക്കാര്‍ അറസ്റ്റിലായി. പള്ളിയില്‍ നിന്ന് പുറത്തിറങ്ങുന്ന യാക്കോബായ വിഭാത്തിലുള്ളവരെയും അറസ്റ്റ് ചെയ്ത് നീക്കി.
120 പേര്‍ക്കെതിരെയാണ് ഇതുവരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വധശ്രമം, കലാപ ശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നിരവധി വൈദികരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
രാത്രി 12 മണിയോടെ ഓര്‍ത്തഡോക്സ് വിഭാഗം ഗേറ്റ് തകര്‍ത്ത് പള്ളിയിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. ഇരു വിഭാഗങ്ങളും തമ്മില്‍ കല്ലേറുണ്ടായി. പരിക്കേറ്റവരെ കുന്നംകുളത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സമരപ്പന്തല്‍ പൊലീസ് പൂര്‍ണ്ണമായും ഒഴിപ്പിച്ചു.
പാത്രിയാര്‍ക്കിസ് വിഭാഗത്തിന് കീഴിലുള്ള പള്ളിയില്‍ ആരാധന നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഓര്‍ത്തഡോക്സ് വിഭാഗം സമരം ചെയ്തത്. തങ്ങള്‍ക്കനുകൂലമായ കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു സമരം. എന്നാല്‍ ഓര്‍ത്തഡോക്സ് വിഭാഗത്തെ പള്ളിയില്‍ കയറാന്‍ അനുവദിക്കാതെ യാക്കോബായ വിഭാഗവും പള്ളിയ്ക്കകത്ത് നിലയുറപ്പിക്കുകയായിരുന്നു. സമരപ്പന്തല്‍ ഒഴിപ്പിച്ചെങ്കിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്.
യാക്കോബായ സഭാംഗങ്ങള്‍ പള്ളിക്ക് അകത്തും ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ പുറത്തും പ്രാര്‍ത്ഥന നടത്തുകയായിരുന്നു. മറുവിഭാഗം അപ്രതീക്ഷിതമായി കല്ലെറിയുകയായിരുന്നെന്ന് ഇരുവിഭാഗങ്ങളും ആരോപിച്ചു. സംഘര്‍ഷാവസ്ഥ നിലവിലുണ്ടായിട്ടും സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്തിരുന്നില്ല. സംഘര്‍ഷമുണ്ടായി 15 മിനിറ്റിനുശേഷമാണ് പൊലീസ് എത്തിയത്. പള്ളിക്ക് മുന്നിലുണ്ടായിരുന്ന ഓര്‍ത്തഡോക്സ് സഭാംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രാര്‍ത്ഥന നടത്തിയിരുന്ന പന്തല്‍ അഴിച്ചുമാറ്റി.
സുപ്രീം കോടതി വിധി അനുസരിച്ച് പള്ളിയില്‍ കയറി പ്രാര്‍ത്ഥന നടത്തണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച്ച രാവിലെയോടെയാണ് യൂഹാനോന്‍ മാര്‍ മിലിത്തിയോസിന്റെ നേതൃത്വത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗം പ്രാര്‍ത്ഥനായജ്ഞം ആരംഭിച്ചത്. യാക്കോബായ വിഭാഗം പള്ളിയുടെ പ്രധാനഗേറ്റ് അകത്ത് നിന്നും പൂട്ടി പ്രാര്‍ത്ഥന തുടരുകയായിരുന്നു. എസിപി വി കെ രാജുവിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

Leave a Reply