Flash News

ശബരിമല യുവതീ പ്രവേശനം; ദര്‍ശനം നടത്തിയ 51 യുവതികളുടെ പേരുവിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു

January 18, 2019

newsrupt_2018-10_e1b22664-e1e3-4639-989e-1ec9e638c08f_sc_and_sabarimala_1ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ വിധി വന്നതിനുശേഷം ഈ സീസണില്‍ ദര്‍ശനം നടത്തിയ യുവതികളുടെ പേരുവിവരങ്ങളും മറ്റും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. ദര്‍ശനം നടത്തിയവരുടെ പേര് വിവരങ്ങളും വന്ന സമയങ്ങളും എല്ലാം അറിയിച്ചുള്ള വിശദമായ പട്ടികയാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചത്. 51 പേര്‍ക്കും സര്‍ക്കാര്‍ സംരക്ഷണം നല്‍കിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ദര്‍ശനം നടത്തിയ 10നും 50നും ഇടയില്‍ പ്രായമുള്ള ഭൂരിഭാഗം പേരും ആന്ധ്ര, തമിഴ്‌നാട് സ്വദേശികളാണ്. രണ്ട് പേര്‍ മാത്രമാണ് പട്ടികയില്‍ ഉള്‍പ്പെട്ട കേരളത്തില്‍ നിന്നുള്ളവര്‍. രണ്ട് പേജുള്ള പട്ടികയാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ശബരിമല ദര്‍ശനം നടത്തിയ ശേഷമുണ്ടായ ഭീഷണിയില്‍നിന്ന് സംരക്ഷണം ആവശ്യപ്പെട്ട ബിന്ദു അമ്മിണിയും കനക ദുര്‍ഗയും നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് 51 പേര്‍ കയറിയ വിവരങ്ങള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിന് ബുക്ക് ചെയ്തവരുടെ വിവരങ്ങളാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ഇവരുടെ രേഖകള്‍ തെളിയിക്കാനാവശ്യമായ ആധാര്‍ വിവരങ്ങളും കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.

ശബരിമലയില്‍ ദര്‍ശനം നടത്തിയതിന്റെ പേരില്‍ ഭീഷണി നേരിടുന്ന ബിന്ദുവിനും കനകദുര്‍ഗയ്ക്കും ആവശ്യമായ സംരക്ഷണം നല്‍കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ഹൈക്കോടതി നിയോഗിച്ച നിരിക്ഷക സമിതിയ്ക്കെതിരെയും സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തു. സുരക്ഷ നല്‍കുന്നതെന്തിനാണ് എന്ന ചോദ്യമാണ് നിരിക്ഷക സമിതി ചോദിച്ചതെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

യുവതി പ്രവേശനത്തെ ഏതുവിധേനയും തടയുമെന്ന പ്രഖ്യാപനവുമായി സംഘപരിവാര്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആചാര സംരക്ഷണത്തിനായി പ്രക്ഷോഭം നടന്നപ്പോള്‍ തന്നെയാണ് ഇത്രയും യുവതികള്‍ സന്നിധാനത്ത് എത്തിയത്. ഇക്കാര്യം നേരത്തെ സര്‍ക്കാര്‍ പരസ്യപ്പെടുത്തിയിരുന്നില്ല. ബിന്ദു അമ്മിണി, കനക ദുര്‍ഗ എന്നിവര്‍ ശബരിമല ദര്‍ശനം നടത്തിയ വിവരമായിരുന്നു ആദ്യം പുറത്തുവന്നിരുന്നത്. ദര്‍ശന വിവരം ഇവര്‍ തന്നെ പരസ്യപ്പെടുത്തുകയും അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുകയുമായിരുന്നു.

കൂടുതല്‍ യുവതികള്‍ ക്ഷേത്രദര്‍ശനം നടത്തിയെന്ന വിവരം തൊട്ടടുത്ത ദിവസങ്ങളില്‍ വന്നിരുന്നു. ഈ വിവരം സര്‍ക്കാര്‍ നിഷേധിച്ചിരുന്നില്ല. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ സ്ത്രീകള്‍ ക്ഷേത്രം ദര്‍ശനം നടത്തുന്നുണ്ടാകാം എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രതികരിച്ചിരുന്നത്.

ജനുവരി രണ്ടിനാണ് ചരിത്രം തിരുത്തി ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ആദ്യദര്‍ശനം നടത്തിയ ഇരുവര്‍ക്കും പിന്നാലെ 49 പേര്‍കൂടി ദര്‍ശനം നടത്തിയെന്നാണ് പട്ടിക നിരത്തി സര്‍ക്കാര്‍ വ്യക്തമാക്കിയത്. ബിന്ദുവിനും കനകദുര്‍ഗയ്ക്കും ശേഷം ശ്രീലങ്കന്‍ സ്വദേശിനിയായ യുവതിയും ദര്‍ശനം നടത്തിയിരുന്നു. ബിന്ദുവും കനകദുര്‍ഗയും പ്രവേശിച്ചപ്പോള്‍ ‘ശുദ്ധിക്രിയ’ നടത്തിയ തന്ത്രി എന്നാല്‍ സ്ഥിരീകരണമില്ലാത്തതിനാല്‍ ഇക്കുറി ‘പരിഹാരക്രിയ’ വേണ്ടെന്നായിരുന്നു നിലപാടെടുത്തത്.

പിന്നാലെ മഞ്ജു അടക്കം പല സ്ത്രീകള്‍ കയറിയെന്ന വാര്‍ത്ത പുറത്തുവന്നപ്പോഴും സംസ്ഥാന സര്‍ക്കാര്‍ അവര്‍ വന്നിട്ടുണ്ടാകാം എന്ന നിലപാട് തന്നെയാണ് സ്വീകരിച്ചത്. പ്രതിഷേധക്കാര്‍ ഇല്ലാത്തപ്പോള്‍ യുവതികള്‍ സുഗമമായി സന്ദര്‍ശനം നടത്തി തിരിച്ചുപോയിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും യുവതീ പ്രവേശനത്തെ കുറിച്ച് സമാനമായ നിലപാട് ആവര്‍ത്തിച്ചിരുന്നു. അവിടെ പ്രതിഷേധക്കാര്‍ ഉള്ളപ്പോള്‍ മാത്രമാണ് പ്രശ്‌നങ്ങളുണ്ടാകുന്നതെന്നും അല്ലാത്തപ്പോള്‍ വരുന്നവരെല്ലാം ദര്‍ശനം നടത്തി പോകാറുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി നല്‍കിയ മറുപടി.

രാഷ്ട്രീയ മുതലെടുപ്പ് നടക്കുന്ന പ്രതിഷേധക്കാരില്ലെങ്കില്‍ സാധാരണ പോലെ ശബരിമലയില്‍ ദര്‍ശനം യുവതികള്‍ക്ക് സാധ്യമാകുന്നുണ്ട് എന്ന് തെളിയിക്കാനാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പട്ടിക സമര്‍പ്പിച്ചത്. ഭക്തരുടെ ഭാഗത്ത് നിന്നും ദര്‍ശനം നടത്തിയ യുവതികള്‍ക്ക് നേര്‍ക്ക് ആക്രമണമോ പ്രതിഷേധമോ ഉണ്ടായില്ലെന്നും ചില സംഘങ്ങളുടെ പ്രവര്‍ത്തനം മാത്രമാണ് യുവതീ പ്രവേശനത്തില്‍ പ്രശ്‌നമാകുന്നതെന്നും ഇതോടെ സുപ്രീം കോടതിയെ ബോധിപ്പിക്കാന്‍ സര്‍ക്കാരിനാകും.

ശബരിമല കേസ് വീണ്ടും സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് മുന്നിലെത്തുമ്പോള്‍ നിര്‍ണായകമാകും സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഈ രേഖകള്‍.

newsrupt_2019-01_b4e175b4-2e9e-44c9-a7a8-7e89a2236a77_list_1newsrupt_2019-01_98e79201-2fc7-4fb9-b684-f214c1e5e483_list_2

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top