Flash News

ശബരിമലയുടെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ച സംഘ്പരിവാറിന്റെ മുഖം നഷ്ടപ്പെട്ടെന്ന്; സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതോടെ വിജയിച്ചത് പിണറായി വിജയന്‍

January 18, 2019

newsrupt_2019-01_e52c91ea-abd0-4001-8e6c-1caf657c0683_pinarayiശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളുടെ ലിസ്റ്റും അനുബന്ധ റിപ്പോര്‍ട്ടുകളും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചതോടെ വിജയിച്ചത് ഇച്ഛാ ശക്തിയോടെ പ്രതിലോമ ശക്തികളെ നേരിട്ട മുഖ്യമന്ത്രി പിണറായി വിജയനാണെന്ന്. രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമെന്ന നിലയില്‍ സമരം തുടങ്ങി, എങ്ങുമെത്താതെ പോയ ബിജെപിയും അവരെ സഹായിച്ച എന്‍ എസ് എസ് പോലുള്ള സംഘങ്ങളും മുഖം നഷ്ടപ്പെട്ട അവസ്ഥയുമായി. 51 യുവതികള്‍ കയറിയെന്ന് സര്‍ക്കാര്‍ നിലപാട് തെറ്റാണെന്ന് വെറുതെ ആവര്‍ത്തിക്കുക മാത്രമാണ് ഇനി നാമജപസമരക്കൂട്ടത്തിന് മുന്നിലുള്ള ഏക വഴി.

ശബരിമലയില്‍ 10നും 50 നും മധ്യേ സ്ത്രീകള്‍ക്ക് കയറാമെന്ന സുപ്രീം കോടതി വിധി വന്ന ആദ്യം അതിന് അനുകൂല നിലപാട് സ്വീകരിച്ച സംഘ്പരിവാറും കോണ്‍ഗ്രസും അതിനെ രാഷ്ട്രീയമായി മുതലെടുക്കാന്‍ കഴിയുമെന്ന തോന്നലിലാണ് വിധിയെ എതിര്‍ത്തത്. എന്‍എസ്എസ്സിന്റെ ഉള്‍പ്പെടെയുള്ള പിന്തുണയോടെ വിധിക്കെതിരെ സമരം നടത്തുന്നത് സംഘ്പരിവാറിന് സുവര്‍ണാവസരമായിരിക്കും എന്ന് ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പരസ്യമായി പറയുകയും ചെയ്തു. വലിയ സാമുഹ്യ രാഷ്ട്രീയ വിഭജനം വിധിയുമായി ബന്ധപ്പെട്ട് ഉണ്ടാകുമെന്ന തോന്നല്‍ പൊതുവില്‍ സൃഷ്ടിക്കപ്പെടുകയും ചെയ്തു. എന്നാല്‍ നവോത്ഥാനവുമായി ബന്ധപ്പെടുത്തി വിധിയെ കണ്ട പിണറായി വിജയന്‍ വലിയ രാഷ്ട്രീയ മുന്നേറ്റമാണ് ഇതുമായി ബന്ധപ്പെട്ട നടത്തിയത്.

നാട്ടിലെമ്പാടും ഹര്‍ത്താല്‍ നടത്തിയും നിയമ വാഴ്ചയ്‌ക്കെതിരെ വെല്ലുവിളി നടത്തിയും സംഘ്പരിവാര്‍ മുന്നേറിയപ്പോള്‍ വിധി നടപ്പിലാക്കുമെന്ന തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിയില്ല. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാട്‌ മുഖ്യമന്ത്രി ഓരോ അവസരങ്ങളിലും ആവര്‍ത്തിച്ചു. കേരളത്തിലെ മുഖ്യധാര മാധ്യമങ്ങള്‍ പൊതുവില്‍ വിധിക്കെതിരെ രംഗത്തുവന്നെങ്കിലും നിലപാട് മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. പന്തളം കൊട്ടാരവും തന്ത്രിയും എന്ത് പിഴച്ചുവെന്ന് പോലും ചര്‍ച്ച നടത്താന്‍ നവോത്ഥാന പാരമ്പര്യം പേറുന്ന മാധ്യമ സ്ഥാപനം തയ്യാറായി. വ്യാജ കഥകള്‍ പടച്ചുപിട്ട് ഹിന്ദുത്വ ചാനല്‍ റേറ്റിംങില്‍ മുന്നേറി. അതൊന്നും പക്ഷെ സര്‍ക്കാരിനെ ഉലച്ചില്ല. പിണറായി വിജയന്‍ ഓരോ ഘട്ടത്തിലും നിലപാട് കടുപ്പിച്ചു. നിയമ വാഴ്ച ഉറപ്പുവരുത്തുമെന്ന് ആവര്‍ത്തിച്ചു.

newsrupt_2019-01_a8ca4e0e-14af-423e-b29c-7499fa061109_sabarimalaഅതേസമയം ശബരിമല കയറാന്‍ വന്ന ചില സ്ത്രീകളെ പൊലീസ് പിന്തിരിപ്പിച്ചത് വലിയ വിമര്‍ശനത്തിനും ഇടയാക്കി. സ്ത്രീകളെ സര്‍ക്കാര്‍ മല കയറാന്‍ പ്രേരിപ്പിക്കില്ലെന്നും എന്നാല്‍ സംരക്ഷണം ആവശ്യപ്പെടുന്നവര്‍ക്ക് അത് നല്‍കുകയും ചെയ്യുമെന്ന നിലപാടാണ് സര്‍ക്കാര്‍ പൊതുവില്‍ സ്വീകരിച്ചത്. നവോത്ഥാന പ്രസ്ഥാനങ്ങളെ ചേര്‍ത്ത് നിര്‍ത്തി സമരക്കാരെ പ്രതിരോധിക്കാന്‍ സിപിഐഎമ്മും സര്‍ക്കാരും നടത്തിയ നീക്കം സാമൂഹ്യ പ്രത്യഘാതം ഉണ്ടാക്കുന്നതായിരുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സിപിഐഎമ്മുമായി ഇടഞ്ഞു നിന്നിരുന്ന കേരള പുലയ മഹാസഭ പോലുള്ള പ്രസ്ഥാനങ്ങളെ ചേര്‍ത്ത് നിര്‍ത്തി നടത്തിയ പ്രതിരോധം ഇടതുപക്ഷത്തിന് വലിയ ഉണര്‍വാണ് ഉണ്ടാക്കിയത്. വനിതാ മതിലിന്റെ വിജയം സര്‍ക്കാരിന് വലിയ ആത്മവിശ്വാസവും നല്‍കി. ഇതിന് പിറ്റേ ദിവസമാണ് കനകദുര്‍ഗയും ബിന്ദു അമ്മിണിയും മല കയറിയത്. അവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുകയും ചെയ്തു.

ഈ നീക്കം വിധി അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്ക് കനത്ത പ്രഹരമായിരുന്നു. നട അടച്ചിട്ട് ‘ശുദ്ധി ക്രിയ’ നടത്തിയായിരുന്നു പന്തളത്തെ കുടുംബവും തന്ത്രിമാരും ഇതിനെ നേരിട്ടത്. ഇതിനെതിരായ കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. അയിത്തം നടത്തി എന്നതാണ് ഇവര്‍ക്ക് എതിരായ ആരോപണം. ഈ ഘട്ടത്തില്‍ തന്നെ കൂടുതല്‍ സ്ത്രീകള്‍ ശബരിമല കയറി എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇത് മുഖ്യമന്ത്രി തള്ളി കളഞ്ഞിട്ടുമുണ്ടായിരുന്നില്ല. ഓണ്‍ ലൈന്‍ വഴി ബുക്ക് ചെയ്തവരാണ് ഇങ്ങനെ ശബരി മലയില്‍ കയറിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഇതോടെ ശബരിമല സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്ന ബിജെപി യുടെ ശ്രമം പരാജയപെടുകയാണ് ചെയ്തത്.

ശബരിമലയില്‍ സമരം ചെയ്യുകയും പിന്നീട് സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരം നടത്തിയും രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. എന്നാല്‍ കേരളത്തിന്റെ പൊതുസമൂഹത്തില്‍ യാതൊരു ചലനവും ഈ സമരങ്ങള്‍ക്ക് സൃഷ്ടിക്കാന്‍ കഴിഞ്ഞുമില്ല. പ്രധാനമന്ത്രി പോലും സുപ്രീം കോടതി വിധി നടപ്പിലാക്കിയതിനെ സര്‍ക്കാരിനെ വിമര്‍ശിക്കുകയാണ് ചെയ്തതെന്നതും ശ്രദ്ധേയമാണ്. ഇനി പുന പരിശോധന ഹര്‍ജി പരിഗണിക്കുമ്പോള്‍ വിധി പ്രതികൂല സാഹചര്യത്തിനിടയിലും നടപ്പിലാക്കി എന്ന് സര്‍ക്കാരിന് പറയുകയും ചെയ്യാം. എല്ലാ അര്‍ത്ഥത്തിലും ഇത്രയേറെ സ്ത്രീകള്‍ മലകയറിയതിലൂടെ വിജയിച്ചത് പിണറായി വിജയനാണ്. അമ്പേ നാണം കെട്ടത് സംഘ്പരിവാരും.

51 യുവതികള്‍ ദര്‍ശനം നടത്തിയത് സ്ഥിരീകരിച്ച് ദേവസ്വംമന്ത്രി

newsrupt_2018-10_f5ac67b6-e3e4-464a-b151-eea8c74eb2a6_kerala_minister_l_fbശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിച്ച് ദേവസ്വംബോര്‍ഡ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ പട്ടിക ഓണ്‍ലൈനിലൂടെ രജിസ്റ്റര്‍ ചെയ്ത് ശബരിമല ദര്‍ശനം നടത്തിയ യുവതികളുടേതാണെന്ന് ദേവസ്വംമന്ത്രി പറഞ്ഞു. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പോയ സ്ത്രീകളുടെ പട്ടികയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. 10നും 50നും വയസിന് ഇടയിലുള്ളവരാണ് ദര്‍ശനം നടത്തിയത്.

പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പോയവരുടെ പട്ടികയാണ് നല്‍കിയിട്ടുള്ളത്. 7654 പേരാണ് ഓണ്‍ലൈന്‍ വഴി ദര്‍ശനത്തിന് രജിസ്റ്റര്‍ ചെയ്തത്. ആന്ധ്രയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള യുവതികളാണ് ദര്‍ശനം നടത്തിയതായി രേഖകളിലുള്ളത്.

ശബരിമല ദര്‍ശനം നടത്തിയ ശേഷമുണ്ടായ ഭീഷണിയില്‍നിന്ന് സംരക്ഷണം ആവശ്യപ്പെട്ട ബിന്ദു അമ്മിണിയും കനക ദുര്‍ഗയും നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് 51 പേര്‍ കയറിയ വിവരങ്ങള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.

വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിന് ബുക്ക് ചെയ്തവരുടെ വിവരങ്ങളാണ് സര്‍ക്കാര്‍ കോടതിയില്‍സമര്‍പ്പിച്ചത്. ഇവരുടെ രേഖകള്‍ തെളിയിക്കാനാവശ്യമായ ആധാര്‍ വിവരങ്ങളും കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top