Flash News

വയനാട് പിടിച്ചടക്കാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ നെട്ടോട്ടം

January 18, 2019

3253378071

ലോകസഭാതെരഞ്ഞെടുപ്പില്‍ വയനാട് ചുരം കയറാന്‍ യുഡിഎഫില്‍ നേതാക്കളുടെ തള്ള്. സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും അറിയപ്പെടുന്ന പലര്‍ക്കും വയനാട് സീറ്റില്‍ മത്സരിക്കാനുള്ള മോഹവും അതിമോഹവും മനസിലേറ്റി നില്‍പ്പുണ്ട്. ആര്‍ക്ക് നറുക്ക് വീഴുമെന്ന് അറിയാന്‍ ഫെബ്രൂവരി അവസാനം വരേ കാത്തിരിക്കേണ്ടി വരും. ഹൈക്കമാന്‍ഡിന്റെ പ്രത്യേകിച്ചും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ മനസിലിരുപ്പ് അറിയുകയും വേണം.

ചുരുങ്ങിയത് ഒരു ഡസനിലേറെ പേര്‍ ടിക്കറ്റിന് മോഹിക്കുന്നവരുടെ പട്ടികയിലുണ്ട്. ചിലരൊക്കെ ഡല്‍ഹിയില്‍ ചെന്ന് ഹൈക്കമാന്‍ഡില്‍ പലരേയുംകണ്ട് തലചൊറിഞ്ഞതായി ശ്രൂതിയുണ്ട്. പ്രാദേശികമായി രംഗത്തുള്ളവര്‍മതി, ഇറക്കുമതി വേണ്ട എന്ന് ചില കേന്ദ്രങ്ങള്‍ കുശുകുശുക്കുന്നുണ്ട്. പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും പ്രതിനിദ്ധ്യം വേണമെന്നും വാദിക്കുന്നവര്‍ ഉണ്ട്. അത്‌കൊണ്ട് എല്ലാ തലങ്ങളിലും പരിഗണിക്കപ്പെടാവുന്നവരാണ് ചുരം കയറാന്‍ സന്നദ്ധരായവരില്‍ പലരും.

കെപിസിസി മുന്‍ അദ്ധ്യക്ഷന്മാരായ എം.എം. ഹസ്സന്‍, കെ. മുരളീധരന്‍,  മുന്‍ എഐസിസി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍, കോഴിക്കോട് ഡിസിസി പ്രസിഡന്‍ന്റ് ടി. സിദ്ദിക്ക്, മുന്‍ പ്രസിഡന്റുമാരായ  കെ. സി അബു, പി. ശങ്കരന്‍, വയനാട് ഡിസിസി മുന്‍ പ്രസിഡന്റ് കെ.എല്‍ പൗലോസ്, മില്‍മ പ്രസിഡന്റ് പി.ടി. ഗോപാലക്കുറുപ്പ്, വനിതാകമ്മീഷന്‍ മുന്‍ചെയര്‍പേര്‍സണ്‍ കെ.സി. റോസക്കുട്ടി. കെപിസിസി സെക്രട്ടറി അബ്ദുള്‍ മജീദ്,  ആര്യാടന്‍ ഷൗക്കത്ത്,  വിവി പ്രകാശ്, കാരശ്ശേരി സഹകരണബാങ്ക് ചെയര്‍മാന്‍ എന്‍കെ. അബ്ദുറഹിമാന്‍ എന്നീ പേരുകളാണ് ഇപ്പോള്‍ പുറത്ത് പറഞ്ഞു കേള്‍ക്കുന്നത്.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ ദിവസങ്ങള്‍ അടുത്തുവരുമ്പോള്‍ ഇനിയും പേരുകള്‍ വന്നു കൂടെന്നില്ല. നിലവിലുള്ള കെ. പി. സിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്  വയനാട്ടില്‍ മത്സരിച്ചുകൂടേ എന്ന് ചോദിക്കുന്നവരുണ്ട്. കേന്ദ്ര ഭരണത്തില്‍ മുന്‍ പരിചയമുള്ള മുല്ലപ്പള്ളിക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗസിന് ഭരണം കിട്ടിയാല്‍ കേന്ദ്രമന്ത്രി സഭയില്‍ കാബിനറ്റ് റാങ്കില്‍ ഒരു മന്ത്രി സ്ഥാനം ലഭിക്കില്ലേ  എന്ന ചിന്തയാണ് മുല്ലപ്പള്ളി വയനാട്ടില്‍ നിന്നും മത്സരിക്കണമെന്ന്  പറയുന്നവരുടെ മനസില്‍. മത്സരത്തിനില്ല എന്ന് മുല്ലപ്പള്ളി സൂചിപ്പിച്ചിട്ടുണ്ടെന്ന കാര്യം അവര്‍ കാര്യമാക്കുന്നില്ല.

സ്ഥാനാര്‍ത്ഥി  നിര്‍ണ്ണയത്തില്‍ മുന്‍കാലങ്ങളിലെ പോലെ ഗ്രൂപ്പ് പരിഗണനയുണ്ടാവില്ല എന്ന്  എകെ. ആന്റണി അടക്കമുള്ള നേതാക്കള്‍ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും അവസാനം ഗ്രൂപ്പിന്റെ സ്വാധീനം വന്നുചേരുമെന്ന കാര്യത്തില്‍  അണികളില്‍സംശയമില്ല അങ്ങിനെ വരുമ്പോള്‍ വയനാട്  ഐഗ്രൂപ്പിന്റതാണെന്ന വാദം ഉയര്‍ത്താന്‍ ചിലര്‍ അണിയറയില്‍ ചരട് വലിക്കുന്നുമുണ്ടെന്നാണ് പറയപ്പെടുന്നത്.

ഇടതുമുന്നണയില്‍ നിന്നും ബിജെപിയില്‍ നിന്നും ആര് വരുമെന്ന കാര്യത്തില്‍ സൂചനകളൊന്നും പുറത്തുവന്നിട്ടില്ല.വയനാട് പാര്‍ലിമെന്റ് മണ്ഡലം രൂപം കൊണ്ടതിന് ശേഷം ആദ്യമായി നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ  എം.ഐ. ഷാനവാസ് രണ്ടലക്ഷത്തില്‍ പരം വോട്ടിന്റെ ഭുരിപക്ഷത്തിനാണ് ജയിച്ചത്. രണ്ടാം തവണ ജയിക്കുമ്പോള്‍ ഷാനവാസിന്റെ ഭൂരിപക്ഷം ഇരുപതിനായിരമായി കുറഞ്ഞു. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ പാര്‍ലിമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ നാലിടത്തും  ഇടതുപക്ഷത്തിനായിരുന്നു നേട്ടം. അത്‌കൊണ്ട് യുഡിഎഫ് കരുതുന്നത് പോലെ വയനാട് ഇടതുപക്ഷത്തിന് ബാലികേറാമലയൊന്നുമല്ലെന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കണക്ക് കൂട്ടുന്നുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top