Flash News

ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന് അവകാശപ്പെട്ട് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ലിസ്റ്റ് വ്യാജമാണെന്ന്

January 18, 2019

sabarimala-4

ന്യൂഡല്‍ഹി: ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന് അവകാശപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ ദുരൂഹത. പട്ടികയിലെ ആദ്യ പേരുകാരിക്ക് 55 വയസാണെന്നാണ് തിരിച്ചറിയല്‍ രേഖകളില്‍ വ്യക്തമാകുന്നത്. പദ്മാവതി ദസരിക്ക് 48 വയസാണെന്നാണ് സര്‍ക്കാരിന്റെ രേഖയില്‍ പറയുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് പ്രകാരം പദ്മാവതിക്ക് 55 വയസുണ്ട്. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാന്‍ നല്‍കിയത് ഇതേ തിരിച്ചറിയല്‍ രേഖയാണ്.

അതേസമയം ആന്ധ്രയില്‍ നിന്ന് വന്ന പല സ്ത്രീകളും പ്രായം കൂടുതലുണ്ടെന്ന് അറിയിച്ചു. പട്ടികയിലുള്ളവരെ ഡല്‍ഹിയില്‍ നിന്ന് അഭിഭാഷകര്‍ വിളിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. തിരിച്ചറിയല്‍ രേഖകളിലും പലരുടെയും പ്രായം 50ന് മുകളിലാണെന്നാണ് സൂചന.

ശബരിമല ദര്‍ശനം നടത്തിയ തനിക്ക് 53 വയസുണ്ടെന്ന് ഷീല പറഞ്ഞു. സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ പട്ടികയിലുള്ള ആളാണ് ഷീല. 49 വയസാണ് സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ ഷീലയുടെ പ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

51 യുവതികള്‍ ദര്‍ശനം നടത്തിയോ എന്നറിയില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍

kadakampally-surendranഓണ്‍ലൈന്‍ വഴി റെജിസ്റ്റര്‍ ചെയ്ത 51 യുവതികള്‍ സന്നിധാനത്തെത്തി ദര്‍ശനം നടത്തിയോ എന്ന കാര്യം വ്യക്തമല്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സന്നിധാനത്ത് 51 യുവതികള്‍ എത്തിയോ എന്ന ചോദ്യത്തിന്, സന്നിധാനത്ത് എത്തി എന്ന് എങ്ങനെ ഉറപ്പിക്കാന്‍ കഴിയുമെന്ന് മന്ത്രി ചോദിച്ചു.

51 യുവതികള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ കടന്നുപോയി. ഓണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്യാത്തവര്‍ ഇതില്‍പെടില്ല. 51 പേരുടെ കണക്ക് എങ്ങനെ ലഭിച്ചു എന്ന ചോദ്യത്തിന്, അതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടാകാമെന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്നാല്‍ സന്നിധാനത്തു യുവതികള്‍ എത്തിയതായി അറിയില്ല. യുവതികള്‍ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തി. അത്രയല്ലേ പറയാന്‍ കഴിയൂ. സെപ്റ്റംബര്‍ 28ന് ശേഷം പ്രായം പരിശോധിച്ചിട്ടില്ല. അതിനാല്‍ ആരൊക്കെ കടന്നുപോയി എന്നറിയില്ല. പരിശോധന നടന്നാലല്ലേ അറിയാന്‍ കഴിയൂ. പരിശോധനാ സംവിധാനം എടുത്തുകളഞ്ഞല്ലോ മന്ത്രി പറഞ്ഞു.

സന്നിധാനത്ത് എത്തിയോ എന്ന ചോദ്യത്തിന്, പിന്നെ എവിടെയാ പോയത്, എവിടേയ്ക്കാ പോകേണ്ടത്, അവര്‍ എന്തിനാണു വന്നത്, ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ചത്. ഇതായിരുന്നു മന്ത്രിയുടെ മറുപടി. യുവതികള്‍ നടപ്പന്തലില്‍ എത്തിയിട്ടു തിരിച്ചുപോയോ എന്ന ചോദ്യത്തിന്, അതില്‍ വ്യക്തതയില്ല, സത്യവാങ്മൂലം പരിശോധിച്ചാല്‍ മതിയെന്നു മന്ത്രി മറുപടി നല്‍കി. 16 ലക്ഷത്തിലധികം പേര്‍ ഈ സീസണില്‍ ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ നടത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

8.2 ലക്ഷം പേര്‍ റജിസ്‌ട്രേഷന്‍ ഉപയോഗപ്പെടുത്തി ക്യൂവിലൂടെ കടന്നുപോയി. ഓണ്‍ലൈന്‍ റജിസ്റ്റര്‍ ചെയ്തവരില്‍ 7,564 പേര്‍ 10നും 50നും മധ്യേ പ്രായമുള്ള യുവതികളാണ്. റജിസ്‌ട്രേഷന്‍ സമയത്ത് ആധാര്‍ രേഖകളില്‍നിന്നാണ് ഇതു വ്യക്തമായത്. അതിലുള്‍പ്പെട്ട 51 യുവതികളാണ് ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ചു കടന്നു പോയത്. അതാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. ഏതുവഴിയാണ് യുവതികള്‍ ശബരിമല കയറിയതെന്ന ചോദ്യത്തിന്, അവര്‍ ഏതുവഴിയാണു പോയതെന്ന് സര്‍ക്കാരിന് അറിയില്ലെന്നും, ഏതുവഴി പോയെന്ന് ആരോട് ചോദിക്കണമെന്നും മന്ത്രി പറഞ്ഞു.

അവര്‍ക്ക് സൗകര്യമുള്ള വഴിയേ ആയിരിക്കും പോയത്. യുവതികള്‍ കടന്നുപോയതായി രേഖകളുണ്ട്. വരുന്ന സ്ത്രീകളുടെ പ്രായം അന്വേഷിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനാ വിഷയമല്ല. 51 യുവതികള്‍ക്കും പൊലീസ് സംരക്ഷണം നല്‍കിയോ എന്ന ചോദ്യത്തിന്, പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടാല്‍ അതു നല്‍കാനുള്ള ഉത്തരവാദിത്തം ഉള്ളതുകൊണ്ട് കൊടുത്തിട്ടുണ്ടാകുമെന്നും 51പേര്‍ക്ക് സുരക്ഷ കൊടുത്തിട്ടുണ്ടോ എന്നറിയില്ലെന്നും മന്ത്രി പറഞ്ഞു.

വ്യാജ റിപ്പോര്‍ട്ട് വിശ്വാസി സമൂഹത്തോട് തോറ്റത്തിലുള്ള ജാള്യത മറക്കാന്‍: ബിജെപി

SREEDHARAN-PILLAതിരുവനന്തപുരം: 51 സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് വ്യാജമെന്ന് ബിജെപി. കേരളത്തിലെ വിശ്വാസി സമൂഹത്തോട് തോറ്റത്തിലുള്ള ജാള്യത മറക്കാനാണ് പിണറായി വിജയന്‍ സുപ്രീം കോടതിയില്‍ നല്‍കിയ വ്യാജ സത്യവാങ് മൂലമെന്ന് ബിജെപി സംസ്ഥാന പ്രസിജഡന്റ് പി.എസ് ശ്രീധരന്‍ പിള്ള പത്രകുറിപ്പില്‍ ആരോപിച്ചു.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് 51 സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇന്നാണ് സുപ്രീംകോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയത്.

വെര്‍ച്ചല്‍ ക്യൂവിന് വേണ്ടി സിപിഐഎം അണികള്‍ രജിസ്റ്റര്‍ ചെയ്യിപ്പിച്ച യുവതികളുടെ വിവരങ്ങളാണ് പിന്നറായി സര്‍ക്കാര്‍ സുപ്രീംകോടതി ചോദിക്കാതെ തന്നെ വലിഞ്ഞ് കയറി സത്യവാങ് മൂലം എന്ന പേരില്‍ നല്‍കിയത്. ശബരിമല ക്ഷേത്രത്തിലെ കാര്യങ്ങള്‍ നോക്കാന്‍ ഹൈക്കോടതി നിയോഗിച്ച ജില്ലാ ജഡ്ജി സ്‌പെഷല്‍ ഓഫീസറായി സ്ഥിരമായുണ്ട്. നിലവിലെ കാര്യങ്ങള്‍ പരിശോധിക്കാനും നിരീക്ഷിക്കാനും മൂന്നംഗ നിരീക്ഷണ സമിതിയുമുണ്ട്.

ഇവര്‍ക്ക് ഒന്നും റിപ്പോര്‍ട്ട് നല്‍കാത്ത പിണറായി ഇത്തരത്തില്‍ സത്യവാങ് മൂലം നല്‍കിയത് പുനപരിശോധന വിധിയെ സ്വാധീനിക്കാനാണെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച് ഭക്തരുടെ മനസ്സിനെയും ക്ഷേത്രത്തെയും ഇല്ലാതാക്കാന്‍ പിണറായി വിദേശത്ത് നിന്ന് വല്ല അച്ചാരവും വാങ്ങിയോ എന്ന് വ്യക്തമാക്കണം. വിശ്വാസികളുടെ വികാരത്തെ പോലീസ് ശക്തി ഉപയോഗിച്ച് വീണ്ടും വീണ്ടും അപമാനിക്കുന്നത് സൂക്ഷിച്ചു വേണം.

തീ കൊളളി കൊണ്ട് തല ചൊറിയരുതെന്നും ശ്രീധരന്‍പിള്ള സംസ്ഥാന സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു. തന്റെ പിടിവാശി തീര്‍ക്കാന്‍ ഏത് അറ്റം വരെ പിണറായി വിജയന്‍ പോകുമെന്നതിന്റെ തെളിവാണ് വ്യാജ സത്യവാങ് മൂലമെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.

ഈ പട്ടിക കൊടുത്തവന്‍ ആന മണ്ടന്‍: സര്‍ക്കാരിനെതിരെ രാഹുല്‍ ഈശ്വര്‍

rahulതിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ ഇതുവരെ 51 യുവതികള്‍ മല കയറിയെന്ന സംസ്ഥാന സര്‍ക്കാര്‍ വാദം കള്ളത്തരമാണെന്ന് അയ്യപ്പ ധര്‍മ സേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. എന്തൊരു കള്ളമാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറയുന്നതെന്ന് രാഹുല്‍ ഈശ്വര്‍ ചോദിച്ചു. ഇത്തരത്തില്‍ സര്‍ക്കാര്‍ കള്ളം പറയുന്നതിനല്ലേ ഫാസിസത്തിന്റെ കുളമ്പടി ശബ്ദമെന്ന് പറയേണ്ടതെന്ന് രാഹുല്‍ പറഞ്ഞു.

യുവതിപ്രവേശന വിഷയത്തില്‍ പല അഭിപ്രായമുണ്ടാവാം എന്നാല്‍ അതിന്റെ പേരില്‍ ഔദ്യോഗികമായ കാര്യങ്ങളില്‍ എങ്ങനെയാണ് ഇത്തരത്തില്‍ കള്ളം പറയാന്‍ സര്‍ക്കാരിന് സാധിക്കുക. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ബോധപൂര്‍വ്വം കള്ളത്തരം പറയുകയാണ്. ശ്രീലങ്കന്‍ യുവതിയുടെ കാര്യത്തില്‍ പിണറായി വിജയന് തെറ്റു പറ്റിയതാവാമെന്നാണ് പലരും പറഞ്ഞത് എന്നാല്‍ സുപ്രീം കോടതിയില്‍ ഇന്ന് നടന്നത് അങ്ങനെയല്ല.

പട്ടിക തയ്യാറാക്കിയത് പിണറായി വിജയന്‍ അല്ലായിരിക്കാം. പക്ഷേ മുഖ്യമന്ത്രിക്ക് ആ പട്ടികയെക്കുറിച്ച് അറിവില്ലാതിരിക്കില്ലെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നല്‍കുന്ന രേഖ എന്നു പറയുന്നത് സത്യവാങ്മൂലത്തിന് തുല്യമാണ്. അപ്പോള്‍ എങ്ങനെയാണ് അതില്‍ ഇങ്ങനെ കള്ളത്തരം പറയാന്‍ സാധിക്കുകയെന്ന് രാഹുല്‍ ചോദിക്കുന്നു. ഈ പട്ടിക കൊടുത്തവന്‍ ആന മണ്ടനാണ്. മൊബൈല്‍ നമ്പര്‍ അടക്കമാണ് പട്ടിക കൊടുത്തിരിക്കുന്നത്. പട്ടികയില്‍ ഉള്ളവരുമായി ബന്ധപ്പെട്ടപ്പോള്‍ പലരും അമ്പത് വയസ് കഴിഞ്ഞവരും ചിലര്‍ ശബരിമലയ്ക്ക് പോയിട്ടില്ലാത്തവര്‍ കൂടിയാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

സര്‍ക്കാര്‍ കള്ളം പറഞ്ഞതില്‍ ദേവസ്വം മന്ത്രി ഇപ്പോള്‍ തന്നെ മുന്‍കൂര്‍ ജാമ്യം എടുത്തിരിക്കുകയാണ്. പട്ടികയില്‍ ഉള്ളവര്‍ അവിടെ ചെന്നവരാണ് അവര്‍ ദര്‍ശനം നടത്തിയോയെന്ന് അറിയില്ലെന്നാണ് കടംകംപള്ളി പ്രതികരിക്കുന്നത്. ഇടതോ വലതോ ബിജെപിയോ സര്‍ക്കാര്‍ ഏതും ആയിക്കോട്ടെ പക്ഷേ ഇത്തരത്തില്‍ സുപ്രീം കോടതിയില്‍ കള്ളത്തരം പറയുന്നത് ശരിയല്ലെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു. എന്നെ വിശ്വസിക്കണ്ട ആ പട്ടികയില്‍ ഉള്ള ആളുകളെ വിളിച്ച് നോക്കണം. അപ്പോള്‍ വസ്തുതകള്‍ വെളിവാകുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

കനക ദുര്‍ഗയ്ക്കും ബിന്ദുവിനും സംരക്ഷണം നല്‍കുന്നതില്‍ ഒരു എതിര്‍പ്പുമില്ല അവര്‍ക്ക് ജീവന് ഭയമുണ്ടെങ്കില്‍ സംരക്ഷണം നല്‍കുന്നതില്‍ ഒരു തെറ്റുമില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. അവരോട് വ്യക്തിപരമായി ഒരു എതിര്‍പ്പുമില്ല തന്നെയുമല്ല അവര്‍ ഭാവി മാളികപ്പുറങ്ങളാണ്. അമ്പത് വയസ് പിന്നിട്ട് അവര്‍ അവിടെ എത്തുമ്പോള്‍ താനടക്കം അവര്‍ക്ക് പാദപൂജ ചെയ്യേണ്ടവരാണെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ തന്ത്രി ജാതീയപരമായി അധിക്ഷേപിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ തിരുകി കയറ്റാനായിരുന്നു ഇവരുടെ ശ്രമം അത് കോടതി തന്നെ തടഞ്ഞുവെന്നും രാഹുല്‍ പറഞ്ഞു. ദേശീയതലത്തിലെ സാഹചര്യം ഇപ്പോള്‍ തങ്ങള്‍ക്ക് അനുകൂലമാണെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു.

ദൈവദോഷം എന്നത് പോട്ടെ സുപ്രീം കോടതിയും ഭരണഘടനയേ എങ്കിലും മാനിക്കണ്ടേയെന്നും രാഹുല്‍ ഈശ്വര്‍ ചോദിക്കുന്നു. എങ്ങനെയെങ്കിലും കേസ് ജയിക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം കള്ളത്തരം പറയുകയാണ് സര്‍ക്കാര്‍ എന്നും രാഹുല്‍ ആരോപിച്ചു.

കള്ള റിപ്പോര്‍ട്ട് നല്‍കിയ പിണറായി വിജയന്‍ നീചനും നികൃഷ്ടനുമായ മുഖ്യമന്ത്രിയെന്ന് കെ സുരേന്ദ്രന്‍

k-surendran-1കോഴിക്കോട്: ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് കള്ളമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. റിവ്യൂ പെറ്റീഷന്‍ അട്ടിമറിക്കാനും ശബരിമലയെ തകര്‍ക്കാനുമുള്ള കള്ള റിപ്പോര്‍ട്ടാണിതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കള്ള റിപ്പോര്‍ട്ട് നല്‍കി സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ച ഡിജിപി യ്‌ക്കെതിരെ കണ്‍ട്ംപ്റ്റ് ഓഫ് കോര്‍ട്ടിന് കേസ്സെടുക്കണം. പിണറായി വിജയന്‍ നീചനും നികൃഷ്ടനുമായ മുഖ്യമന്ത്രിയാണെന്ന് ഈ നടപടിയിലൂടെ ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നു. ഒരു തരത്തിലും ശബരിമലയെ നിലനില്‍ക്കാന്‍ അനുവദിക്കില്ലെന്ന സര്‍ക്കാരിന്റെ നിലപാടാണ് ഇതു തെളിയിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 

 

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top