Flash News

മറക്കാനാവാത്ത “51”

January 20, 2019

paranjyothi-21സര്‍ക്കാറിനോ, പൊലീസിനോ,എന്തിന് കേരളീയര്‍ക്കോ 51 എന്ന അക്കത്തെ മറക്കാനാവില്ല; സഖാക്കള്‍ക്ക് പ്രത്യേകിച്ചും. ആറ് വര്‍ഷം മുമ്പാണ് ടിപി. ചന്ദ്രശേഖരന്‍ എന്ന ഒരു ഉശിരന്‍ സഖാവിനെ മറ്റൊരു സംഘം സഖാക്കള്‍ വെട്ടിനുറുക്കി കൊന്നത്. ചന്ദ്രശേഖരന്റെ ദേഹത്തില്‍ 51 വെട്ടുകളുണ്ടായിരുന്നു. ഈ 51 വെട്ട് കൊലപാതകങ്ങളുടെ ചരിത്രത്തില്‍ അവിസ്മരണീയമായി നില്‍ക്കുമ്പോളാണ് മറ്റൊരു 51 കടന്നുവരുന്നത് .

ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതിനെതിരെ പ്രളയം പോലെ പ്രതിഷേധം ആഞ്ഞടിക്കുന്നതിന്നിടയില്‍ 51 യുവതികള്‍ അയ്യപ്പനെ കണ്ട് തൊഴുതുവത്രെ. പിണറായി സര്‍ക്കാറിന് വേണ്ടി കേരളാ പൊലീസ് സുപ്രീംകോടതിയില്‍ ബോധിപ്പിച്ചതാണ് ഈ കണക്ക്.

ഈ കണക്കില്‍ പിശക് കണ്ടെത്തിയാണ് ഇപ്പോള്‍ വിമര്‍ശനം മലചവിട്ടുന്നത്. സര്‍ക്കാര്‍ നല്‍കിയ 51 പേരുടെ പട്ടികയില്‍ രണ്ടുപേർ പുരുഷന്മാരാണെന്നും മറ്റുള്ളവരില്‍ പലരും 50 വയസ് കഴിഞ്ഞവരുമാണെന്നാണ് കണ്ടെത്തല്‍. പുരുഷന്മാരെ ഒഴിവാക്കിയാല്‍ 49 സ്ത്രീകള്‍ കയറിയെന്ന് സമ്മതിക്കാം. അതില്‍ കുറച്ചു പേര്‍ പ്രായപരിധി കടന്നവരാണെന്ന് കരുതിയാല്‍ പോലും ഭൂരിപക്ഷം യുവതികള്‍ തന്നെയെന്ന് സമ്മതിക്കേണ്ടിവരും. എങ്കില്‍ പ്രായ പരിധി നോക്കാതെ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിച്ചുകൊള്ളണമെന്ന അത്യുന്നത നീതി പീഠത്തിന്റെ ഉത്തരവ് സര്‍ക്കാര്‍ അനുസരിച്ചുവെന്ന് സമ്മതിക്കണം. അയ്യപ്പസന്നിധിയില്‍ ആത്മാഹൂതി ചെയ്യുമെന്ന് വരേ ഭീഷണി മുഴക്കിയവര്‍ ഉള്‍പ്പെട്ട പ്രതിഷേധ കൂട്ടായ്മയുടെ വെല്ലുവിളി വകവെക്കാതെ നാലു യുവതികള്‍ അയ്യപ്പ സന്നിധിയില്‍ എത്തിയിരുന്നുവെന്നത് യാഥാര്‍ഥ്യമാണ്. അവരില്‍ രണ്ട് പേര്‍ ഇപ്പോഴും ജീവന് ഭീഷണിയുണ്ടെന്ന പരാതിയുടെ വെളിച്ചത്തില്‍ പൊലീസ് കാവലിലുമാണല്ലൊ. അതായത് സന്നിധാനത്ത് എത്തിയ യുവതികളുടെ എണ്ണത്തിലല്ല, അവരുടെ അവകാശങ്ങള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറായതിന്റെ വണ്ണത്തില്‍ വേണം കാര്യങ്ങള്‍ കാണാന്‍.

തമിഴ്‌നാട്ടുകാരന്‍ പരംജ്യോതി എന്ന 47 കാരനും മല്ലികയെന്ന 27 കാരനായ അവിവാഹിതനുമാണ് വനിതാ ലിസ്റ്റില്‍ കടന്നുകൂടിയ പുരുഷന്മാർ. നേരത്തെ ഓണ്‍ ലൈനില്‍ അപേക്ഷിച്ചവരില്‍ ചിലരാണ് മലചവിട്ടിയതെന്നും ലീസ്റ്റ് അതേ പടി പകര്‍ത്തിയപ്പോള്‍ പറ്റിയ അബദ്ധമാവും പ്രായത്തില്‍ കാണുന്നതെന്നുമൊക്കെ വിശദീകരണമുണ്ട്. കമ്പൂട്ടര്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് ഈ വിശദീകരണം മനസിലാവും. പക്ഷെ പുരുഷന്‍ സ്ത്രീയായതെങ്ങിനെ? ഒരു പക്ഷെ ജ്യോതിഎന്നും മല്ലികയെന്നും കണ്ടപ്പോള്‍ സ്ത്രീയാണെന്ന് ധരിച്ചു പോയതാവും!

പൊലീസ് നല്‍കിയ ലിസ്റ്റില്‍ മലയാളികള്‍ ആരുമില്ല, തമിഴ്‌നാട്ടുകാരും ആന്ധ്രക്കാരുമാണ് ഏറെയും. അതേ അവസരത്തില്‍ സര്‍ക്കാറിന്റെ മൗനാനുവാദത്തോടെ, പൊലീസിന്റെ ഒത്താശയോടെ മലചവിട്ടിയ ബിന്ദുവിന്റെയോ കനക ദുര്‍ഗയുടേയോ ജോതിയുടെയോ പേരുകള്‍ ഈ ലിസ്റ്റില്‍ കാണാനുമില്ല. മറന്നു പോയതാണോ? പൊലീസിന്റെ ഈ മറവി മലയാളികളായ അയ്യപ്പഭക്തരായ യുവതികളോടുള്ള അവഗണനയായി കാണണം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top