Flash News

സുച്ചിട്ടാല്‍ ലൈറ്റ് കത്തും ലൈറ്റിട്ടാല്‍ സുച്ച് കത്തൂല മക്കളേ; അമൃതാനന്ദമയിയെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദ ഗിരി

January 21, 2019

amrithaശബരിമല വിഷയത്തില്‍ വിചിത്രമായ വാദം നടത്തിയ മാതാ അമൃതാനന്ദമയിയെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദഗിരി. ശബരിമല കര്‍മ്മസമിതി പുത്തരിക്കണ്ടം മൈതാനത്ത് നടത്തിയ അയ്യപ്പഭക്തസംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ടായിരുന്നു അമൃതാനന്ദമയി ശബരിമല വിഷയത്തില്‍ പ്രതികരിച്ചത്.

‘ക്ഷേത്രത്തിലെ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണം. ആചാരങ്ങളില്ലെങ്കില്‍ ക്ഷേത്രങ്ങള്‍ നൂല്‍ പൊട്ടിയ പട്ടങ്ങള്‍ പോലെയാകും. ആചാരങ്ങളെയും ക്ഷേത്രസങ്കല്‍പങ്ങളെയും കുറിച്ച് അറിവില്ലാത്തവരാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്. ദൈവങ്ങള്‍ക്ക് സ്ത്രീ പുരുഷവ്യത്യാസമില്ല. എന്നാല്‍ ദൈവങ്ങള്‍ക്കും ക്ഷേത്രപ്രതിഷ്ഠ‌യ്‌ക്കും വ്യത്യാസമുണ്ട്. കടലിലെ മത്സ്യവും അക്വേറിയത്തിലെ മത്സ്യവും തമ്മിലുള്ള വ്യത്യാസമാണത്. സമുദ്രത്തിലെ മത്സ്യത്തിന് ഒരു പരിചരണവും വേണ്ട. എന്നാല്‍ അക്വേറിയത്തിലെ മത്സ്യങ്ങള്‍ക്ക് ഇടയ്ക്ക് വെള്ളം മാറ്റിക്കൊടുക്കണം. ഓക്സിജന്‍ കിട്ടാന്‍ സംവിധാനമൊരുക്കണം. ഭക്ഷണം കൊടുക്കണം.

നദിയില്‍ ആര്‍ക്കും എങ്ങിനെയും കുളിക്കാം. എന്നാല്‍ സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിന് നിയമങ്ങളേറെയുണ്ട്. അതിലിറങ്ങുന്നതിന് മുമ്പ് കുളിക്കണം. പ്രത്യേക വസ്ത്രങ്ങള്‍ ധരിക്കണം. സോപ്പും എണ്ണയും ഉപയോഗിക്കരുത്. എന്നാല്‍ രണ്ടിടത്തേയും വെള്ളം ഒന്നുതന്നെയാണ്. അതുപോലെയാണ് ദൈവവും ക്ഷേത്രപ്രതിഷ്ഠയും അതിലെ ആചാരങ്ങളും. പ്രതിഷ്ഠയ്‌ക്ക് നിവേദ്യങ്ങള്‍ വേണം, പ്രത്യേക പൂജകള്‍ വേണം, ആചാരാനുഷ്ഠാനങ്ങള്‍ വേണം. വ്യവസ്ഥയനുസരിച്ച് ക്ഷേത്ര പ്രതിഷ്ഠ മൈനറാണ്. അതിന് സംരക്ഷകരുണ്ട്. അത് തന്ത്രിയും മേല്‍ശാന്തിയും വിശ്വാസികളുമാണ്. വിശ്വാസമില്ലാത്തവര്‍ ക്ഷേത്രത്തില്‍ മലമൂത്രവിസര്‍ജ്ജനം വരെ നടത്തിയെന്നിരിക്കും. അവര്‍ ക്ഷേത്രത്തെ നശിപ്പിക്കും. ആചാരപരിഷ്കരണത്തിന് ഇറങ്ങുന്നവര്‍ കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കുന്നവരെ പോലെയാണ്,’ ഇതായിരുന്നു കഴിഞ്ഞ ദിവസം അമൃതാനന്ദമയി പറഞ്ഞത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പരിഹാസം ഉയര്‍ന്നിരുന്നു.

സ്വാമി സന്ദീപാനന്ദഗിരിയും മാതാ അമൃതാനന്ദമയിക്കുമെതിരെ പരോക്ഷ പരിഹാസവുമായി രംഗത്തെത്തി. ‘മക്കളേ….. അഖിലാണ്ഡകോടി ബ്രഹ്മാണ്ഡ നായകനെ ഇപ്പോ അക്വേറിയത്തിലെ മീനാക്കിയല്ലോ…’ എന്നാണ് സന്ദീപാനന്ദഗിരി തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചത്. ‘സുച്ചിട്ടാല്‍ ലൈറ്റ് കത്തും ലൈറ്റിട്ടാല്‍ സുച്ച് കത്തൂല മക്കളേ,’ എന്നും സന്ദീപാനന്ദഗിരി കമന്റായി ചേര്‍ത്തിട്ടുണ്ട്. ശബരിമല ആചാരത്തെ മത്സ്യവുമായി ബന്ധപ്പെടുത്തിയ അമൃതാനന്ദമയിയുടെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ട്രോളിന് ഇടയാക്കിയിട്ടുണ്ട്. പ്രസംഗത്തിനിടെ ‘അയ്യപ്പന്‍ കീ ജയ്’ എന്ന് മുദ്രാവാക്യം വിളിച്ചതും ട്രോളിന് കാരണമായി.

അതേസമയം ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും പ്രവേശിപ്പിയ്ക്കണമെന്ന‌് 11 വര്‍ഷം മുമ്പ് വാര്‍ത്താ സമ്മേളനത്തില്‍ അമൃതാനന്ദമയി ആവശ്യപ്പെട്ടിരുന്നു. അന്ന് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയുമായി. 2007 ആഗസ്ത് 25ന്റെ മലയാള മനോരമ തിരുവനന്തപുരം എഡിഷന്‍ അവസാന പേജില്‍ കളര്‍ തലക്കെട്ടോടെ വന്ന വാര്‍ത്ത ഇങ്ങനെ:

manorama1

2007 ആഗസ്ത് 25ന്റെ മലയാള മനോരമ

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിയ്ക്കാം: അമ്മ

“ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതുകൊണ്ട് എന്താണു കുഴപ്പമെന്നു മാതാ അമൃതാനന്ദമയി. പുരുഷനെ പ്രസവിച്ചത് സ്ത്രീയല്ലേ? എങ്കില്‍ പുരുഷനു കയറാം, പ്രസവിച്ച സ്ത്രീക്കു കയറാനാവില്ല എന്നു പറയുന്നത് അധര്‍മ്മമല്ലേ? സ്ത്രീ, പുരുഷ വ്യത്യാസമുള്ളതല്ല ഈശ്വര സങ്കല്പം” – അമൃതാനന്ദമയി പറഞ്ഞു. ക്ഷേത്രങ്ങളില്‍ വിശ്വാസികളെയെല്ലാം കയറ്റണമെന്നാണ് തന്റെ അഭിപ്രായം എന്നും അവര്‍ തുടര്‍ന്ന‌് പറയുന്നു.

മാതൃഭൂമിയിലും വാര്‍ത്ത‍ വന്നു. അതില്‍ പറഞ്ഞതിങ്ങനെ:

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നത് സംബന്ധിച്ച ചോദ്യത്തിന് “പുരുഷനു കയറാമെങ്കില്‍ എന്തുകൊണ്ട് സ്ത്രീയ്ക്ക് കയറിക്കൂട എന്ന് അമ്മ ചോദിച്ചു.”എന്റെ ഈശ്വര സങ്കല്‍പ്പത്തില്‍ സ്ത്രീ-പുരുഷ ഭേദമില്ല” അവര്‍ പറഞ്ഞു.

എന്നാല്‍ ഞായറാഴ്ച കര്‍മസമിതിയുടെ പരിപാടിയില്‍ അമൃതാനന്ദമായി പ്രസംഗിച്ചത് ഇങ്ങനെ: “അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്. അവിടത്തെ ആചാരങ്ങള്‍ പാലിക്കപ്പെടേണ്ടതാണ്. ബ്രഹ്മചാരിയായതിനാല്‍ ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കാന്‍ പാടില്ല”

mbi1(1)

2007 ആഗസ്ത് 25 ന്റെ മാതൃഭൂമി

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എക്കാലവും അനുകൂലിച്ചിരുന്ന ബിജെപിയും ആര്‍എസ്എസും സുപ്രീം കോടതി വിധി മറയാക്കി സംസ്ഥാന സര്‍ക്കാരിനെതിരെ കലാപത്തിന‌് മാത്രമാണ് ഇപ്പോള്‍ നിലപാട് മാറ്റിയതെന്ന് വ്യക്തമാണ‌്. ബിജെപിയുടെ ഏക എംഎല്‍എ ഒ രാജഗോപാല്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് എഴുതിയ ലേഖനവും പുറത്തു വന്നിരുന്നു.

am am1 am3 am4

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top