Flash News

ആറ്റുകാല്‍ പൊങ്കാലയ്ക്ക് പ്ലാസ്റ്റിക്ക് വിമുക്ത പദ്ധതി നടപ്പിലാക്കാനുള്ള പദ്ധതിയുമായി തിരുവനന്തപുരം ജില്ലാ കളക്ടര്‍

January 21, 2019

newsrupt_2019-01_1c9a63e7-2e8d-4f7d-b091-3739f2c2946a_VASUKIആറ്റുകാല്‍ പൊങ്കാല അടുത്തതോടെ പ്ലാസ്റ്റിക്ക് വിമുക്ത പദ്ധതി നടപ്പിലാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ജില്ലാ ഭരണകൂടവും നഗരസഭയും. അതനുസരിച്ച് മഹോത്സവ ദിനങ്ങളില്‍ ക്ഷേത്ര പരിസരത്തു സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തുമെന്നു തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ. കെ വാസുകി വ്യക്തമാക്കി. ഇത്തവണ ആറ്റുകാല്‍ ഉത്സവം പ്ലാസ്റ്റിക് രഹിതമാക്കാനുള്ള പദ്ധതി നേരത്തെ പദ്ധതി തന്നെ പ്രഖ്യാപിച്ചിരുന്നു. ഭക്തലക്ഷങ്ങള്‍ വന്നുചേരുന്ന ഉത്സവത്തില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം പ്രായോഗികമാവുമോ എന്ന് സംശയമുണ്ടെങ്കിലും ജില്ലാഭരണകൂടം കര്‍ശന നടപടികളിലേക്ക് കടക്കുകയാണ്. പൊങ്കാല മഹോത്സവത്തിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗമാണു സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുള്ള 21 കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ പൂര്‍ണമായി ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചു.

പൊങ്കാലയ്ക്കു വരുന്ന ഭക്തജനങ്ങള്‍ പ്ലാസ്റ്റിക് കവറുകള്‍, കുപ്പികള്‍ എന്നിവ കൊണ്ടുവരുന്നത് ഒഴിവാക്കണം. മണ്‍കപ്പ്, സ്റ്റീല്‍ പാത്രങ്ങള്‍, പാം പ്ലേറ്റ്സ് എന്നിവ ഉപയോഗിക്കണം. ഉത്സവവുമായി ബന്ധപ്പെട്ടു തുറക്കുന്ന താത്കാലിക കടകളിലടക്കം പ്ലാസ്റ്റിക് പായ്ക്കറ്റുകളില്‍ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കാന്‍ അനുവദിക്കില്ല. പ്ലാസ്റ്റിക് കവറുകളില്‍ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ അടച്ചുപൂട്ടും. പ്ലാസ്റ്റിക്കിനു പകരം ബ്രൗണ്‍ കവറുകളില്‍ ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കാവുന്നതാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ഉത്സവത്തിനായി ലൈസന്‍സ് നല്‍കുന്ന താത്കാലിക വ്യാപാര സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് കുപ്പികളില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ അനുവദിക്കില്ല. അന്നദാനം നടത്തുന്നവര്‍ക്ക് കുടിവെള്ള വിതരണത്തിനായി ബബിള്‍ ടോപ്പ്, ആര്‍ഒ (റിവേഴ്‌സ് ഓസ്‌മോസിസ് വാട്ടര്‍ പ്യൂരിഫയര്‍) സംവിധാനം എന്നിവ ഉപയോഗിക്കാം. ചൂടുവെള്ളവും നല്‍കാവുന്നതാണ്. പ്ലാസ്റ്റിക് പാത്രങ്ങളോ കപ്പുകളോ അനുവദിക്കില്ല. അന്നദാനത്തിന് ആവശ്യമുള്ള സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളും നഗരസഭയില്‍നിന്നു ലഭ്യമാണെന്നു കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതിനും പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിക്കുന്നതിനും എല്ലാവരും സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു.

ശബ്ദമലിനീകരണം തടയുന്നതിനുള്ള നടപടികള്‍ കര്‍ശനമാക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. ഇതിനായി മലിനീകരണ നിയന്ത്രണ ബോര്‍ഡും പൊലീസും സ്പെഷ്യല്‍ ഡ്രൈവ് നടത്തണം. നിയമ ലംഘനം നടത്തുന്നവരുടെ ലൈസന്‍സ് റദ്ദാക്കും. പൊങ്കാലയ്ക്ക് സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. പെട്രോള്‍ പമ്പുകള്‍, കെഎസ്ഇബി. ട്രാന്‍സ്ഫോര്‍മറുകള്‍ എന്നിവയില്‍നിന്നു സുരക്ഷിത അകലം പാലിച്ചേ പൊങ്കാല അടുപ്പുകളിടാന്‍ അനുവദിക്കൂ.

ക്ഷേത്ര പരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ഹോട്ടലുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനെയും ആരോഗ്യ വകുപ്പിനെയും ജില്ലാഭരണകൂടം ചുമതലപ്പെടുത്തി. ആംബുലന്‍സ്, മരുന്ന് എന്നിവ സഹിതമുള്ള മെഡിക്കല്‍ സംഘം ക്ഷേത്ര പരിസരങ്ങളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമുണ്ടാകും. ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ടു സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്ഇബിയും റെയില്‍വേയും യോഗത്തില്‍ അറിയിച്ചു. ഫെബ്രുവരി 20നാണ് ആറ്റുകാല്‍ പൊങ്കാല. ഫെബ്രുവരി 12 മുതല്‍ 21 വരെയാണ് പൊങ്കാല മഹോത്സവം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top