ഓരോ പ്രഭാതവും എന്നെ നോക്കി
പുഞ്ചിരിച്ചകലുകയാണ്.
ഓരോ പ്രദോഷവും എന്നെ നോക്കി
തേങ്ങിപ്പിരിയുകയാണ്.
ഓരോരോ പുലരിയിലും എന്നില്‍
പിറക്കുന്ന സ്വപ്നങ്ങള്‍
അസ്തമയത്തിന്നു മുന്നേയെന്നില്
ശ്വാസം മുട്ടി മരിക്കുന്നു!
അത് കണ്ടാണ്; ദൂരെ പശ്ചിമം
ചോപ്പിച്ച സന്ധ്യ തേങ്ങുന്നത് !
നമുക്കിടയിലെ ഈ സ്നേഹധാരയ്ക്കിടയില്
ചില മഹാമൗനങ്ങളുടെ ഇരുണ്ട ചുഴികളുണ്ട്.
എന്നെ എന്തിനിത്ര നോവിച്ചെന്നു ഞാന്‍
ചോദിക്കിലും നീയൊളിക്കുന്ന മൗനമാളങ്ങള്!
നാളെയെന്റെ ശ്വാസം നിലച്ചതില്‍ പിന്നെ
നീയേറെ കൊതിച്ചേക്കാം ഒന്നുരിയാടാന്‍.
ആ വൈകിയ നേരത്തിലും നിന്റെ മുന്നില്‍
നിശ്വാസങ്ങളായെന്റെ സ്വപ്നങ്ങളോടിയെത്തും!
ഇന്നീ വരണ്ട മനസ്സിലുണങ്ങി വിറച്ചുനില്ക്കുന്ന
പാഴ്ക്കിനാവിനത് കേട്ടിട്ടുള്ളം തണുക്കുവാന്!
എന്റെ തെറ്റുകള്‍ ഞാനെണ്ണിപ്പറയാം…
ഒരുപക്ഷെ, നിനക്കതിന്നോളമറിയില്ലായിരിക്കും!
കളങ്കമില്ലാത്ത വിശ്വാസമാണെന്റെ ആദ്യപാപം!
നിന്നെ വിശ്വസിച്ചപ്പോള്‍ ഞാനതില്‍ ഉപ്പിട്ടില്ല.
ഒരു കണ്ണടച്ചപ്പോള്‍ മറുകണ്ണടക്കാതിരിക്കാന്
മറന്നു പോയ മൂഢന് ചതിക്കപ്പെടാനര്ഹനാണ്!
പ്രണയത്തില്‍ സ്വാര്‍ത്ഥത കലര്‍ത്താന്‍
മറന്നു പോയ തെറ്റിന് വലിയ ശിക്ഷ വേണം!
മനസ്സിനെ ഉരുക്കിയുരുക്കി ധൂളികളാക്കണം!
ഒഴുകിയൊഴുകിക്കണ്ണീരു പോലുമെന്നെ വെറുക്കണം!
നമുക്കിടയിലിപ്പോള്‍ പ്രണയമൊരു
ചടച്ച മഴ പോലെയാണ്.
ഹൃദയത്തെയൊട്ടും നനയ്ക്കാതെയാ
മഴ പൈത് കൊണ്ടേയിരിക്കുന്നു!
ഓര്‍മകളുടെ മരച്ചില്ലകള്‍ക്ക് പോലും
പെയ്യാനൊന്നുമത് ബാക്കി വെക്കുന്നില്ല!
വരണ്ട മനസ്സിന്റെയുറവകള് ഇന്നും
ദാഹിച്ചു നിലവിളിക്കുന്നു!
പ്രിയേ; നീയത് കേള്‍ക്കാത്തതെന്താണ്?
അത്രമേല്‍ ദൂരെയാണോ ഞാനാ മനസ്സില്‍?
ഒരു തലോടല്‍ മാത്രമാണ് ഞാന്‍ കൊതിച്ചത്.
ആര്‍ദ്രമായ ചില വാക്കുകളാണ് തേടിയത്.
മരണം വരെ നിണമുതിരുന്ന മുറിവുമായ്
ജീവിക്കുവാനെനിക്കൊരല്പം ദയ കൂടി വേണം!
ഇന്നുമെന്‍ കിനാപാടങ്ങളിലേക്കുള്ള നീരുറവകള്‍;
അത് നിന്റെ ഹൃദയത്തിലല്ലോ കിനിയുന്നത്?
അവിടെയാണ് ഞാനെന്റെ പാഥേയമൊളിപ്പിച്ചത്.
നിനക്കറിയാതെ പോയതാവാം ചിലപ്പോളത്.
അറിയുമ്പോളെന്നെ തേടി നീ വരണം, നിന്റെ
കാലൊച്ചയ്ക്കായ് കാതോര്‍ത്തിരിക്കും ഞാന്‍!
എല്ലാ പരിഭവങ്ങളും ശ്മാശാനത്തിലുപേക്ഷിക്കും
എങ്കിലും പ്രണയം, നുരുമ്പുന്ന അസ്ഥിക്കുള്ളില്‍
ഒളിച്ചിരുന്നാറടി മണ്ണിലേക്കെന് കൂടെ പോരും!
അവിടേക്കാണ് നീ വരേണ്ടത്. ശ്മാശാനത്തിലേക്ക്!
അവിടെയെന്റെ ശിരോശിലയുടെയരികിലേക്ക്!
നിനക്കെന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയാന്‍!
എന്റെ തൊലി പൊളിച്ചെടുത്ത് ഞാന്‍ നിന്നെ
പുതപ്പിച്ചത് നീയവിടെ വച്ചോര്ക്കണം! ഓര്‍ക്കുമോ?
നെഞ്ച് പൊളിച്ചെന്റെ ഹൃദയം തന്നതുമോര്ക്കണം!
നീ മറന്നിരിക്കല്ല ചിലപ്പോളതൊന്നും; എന്നാലും!
അന്നോളമിവിടെയീ മരത്തണലില്‍ ഞാനിരിക്കാം
അടയ്ക്കാത്തയുദ്യാന വാതിലില്‍ മിഴികള്‍ തറച്ച്!
വഴിവിട്ടോടിയ മനസ്സിന് കൂട്ടിരിക്കുന്ന ചങ്ങലയുടെ
കിലുക്കത്തിനുമുണ്ട് ഒരു സുഗത താളമോര്ക്കാന്!
പൂവുകള്‍ തല്ലിപ്പൊഴിച്ചെത്തുന്ന പിശറന്‍ കാറ്റിന്
എന്റെ കരളിന്റെ കിനാക്കളെ തൊടാനാവില്ല.
മരഞ്ചാടിയെത്തുന്ന മര്ക്കടന്മാര്ക്കെറിയാന്
ഞാനെന്റെ സ്മാരകം ഇവിടെ ഉപേക്ഷിക്കുകയാണ്!
ഇനി വരുന്ന മഴക്ക് മുന്‍പേ മരിച്ചു മണ്ണടിയണം;
അപ്പോള്‍ മാത്രമേ നീയെന്നെ കാണാന്‍ വരികയുള്ളൂ!
ശുഭം
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply