Flash News

മുഖ്യമന്ത്രിയും അയ്യപ്പഭക്ത സംഗമവും (ലേഖനം): അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

January 22, 2019

mukhyamanthriyum-1ശബരിമല ശ്രീ അയ്യപ്പനേയും ഹിന്ദുമത വിശ്വാസത്തേയും മുന്‍നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാറിനുമെതിരായ ദ്വിമുഖ രാഷ്ട്രീയ കടന്നാക്രമണമാണ് ബി.ജെ.പി ഇനി നടത്താന്‍ പോകുന്നത്.

ആസന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ കേരളത്തിലെ പുതുക്കിയ രാഷ്ട്രീയ അജണ്ടയ്ക്കാണ് യഥാര്‍ത്ഥത്തില്‍ അയ്യപ്പഭക്ത സംഗമത്തോടെ ഞായറാഴ്ച തിരുവനന്തപുരത്ത് ശംഖൊലി മുഴക്കിയത്. സെക്രട്ടേറിയറ്റിനുമുമ്പില്‍ ശബരിമല പ്രശ്‌നത്തില്‍ ബി.ജെ.പി നടത്തിവന്നിരുന്ന 49 ദിവസമായ നിരാഹാരസമരം അന്നുതന്നെ അവസാനിപ്പിച്ച്.

ആദ്യം സെക്രട്ടേറിയറ്റിനു മുമ്പില്‍ നടത്താനിരുന്ന സംഗമം പുത്തരിക്കണ്ടം മൈതാനിയിലേക്കു മാറ്റിയതുതന്നെ ബി.ജെ.പിയെ ശബരിമല സമരത്തിന്റെ മുന്നണിയില്‍നിന്ന് പിന്നിലേക്കു മാറ്റുന്നതിന്റെ ഭാഗമായിരുന്നു. അയ്യപ്പഭക്ത സമരത്തെ വേറിട്ട് നയിക്കണമെന്ന ആര്‍.എസ്.എസ് – സംഘ് പരിവാറിന്റെ തന്ത്രപരമായ തീരുമാനത്തെ തുടര്‍ന്നായിരുന്നു. സംഗമവേദി ബി.ജെ.പി നേതാക്കള്‍ പങ്കിടാതിരുന്നതും സദസിന്റെ മുന്‍നിരയില്‍ ഒതുങ്ങിയതും അതുകൊണ്ടുതന്നെ.

Photo1ഈ ഹൈന്ദവ മുന്നേറ്റത്തിന്റെ ഭാഗമായി രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന മാതാ അമൃതാനന്ദമയിയെ വേദിയിലെത്തിച്ച് സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമാക്കിയത് ബി.ജെ.പിയുടെ രാഷ്ട്രീയ നേട്ടമായി. ശ്രീനാരായണഗുരു സ്ഥാപിച്ച ശിവഗിരി മഠത്തില്‍നിന്ന് നൂറുവയസ് കടന്ന സ്വമി പ്രകാശാനന്ദയുടെ സാന്നിധ്യം ഉറപ്പാക്കിയതും.

ആര്‍.എസ്.എസും സംഘ് പരിവാറും ഈ തിരുത്തലുകള്‍ക്കു നിര്‍ബന്ധിതമായത് രണ്ടു കാരണങ്ങളാലാണ്. ശബരിമല സമരം സംഘ് പരിവാര്‍ ശക്തികള്‍ക്കുവേണ്ടിയുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയാണെന്ന് തുറന്നുകാട്ടപ്പെട്ടതും സമരത്തിന്റെ ജനപിന്തുണ ചോര്‍ന്നുപോയതും. ബി.ജെ.പിയുടെ രാഷ്ട്രീയ സമരത്തെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാമതിലിന്റെ വിജയത്തെ മറികടന്ന് ഇടത് സര്‍ക്കാറിനെ തുടര്‍ന്നും പ്രതിക്കൂട്ടില്‍ നിര്‍ത്തി ആക്രമിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍.

വേറിട്ടൊരു സമരമുഖം തുറന്ന് മതാചാര്യന്മാരേയും സന്യാസിവര്യന്മാരേയും അണിനിരത്തി അയ്യപ്പ കര്‍മ്മ സമിതിയുടെ നേതൃത്വത്തോടെ ഹൈന്ദവമുന്നേറ്റത്തിനു നേതൃത്വം നല്‍കുക. സമാന്തരമായി ബി.ജെ.പി ലോകസഭാ തെരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ പോര്‍മുഖം തുറക്കുക. നിരാഹാരം പിന്‍വലിച്ച് രണ്ടാഴ്ചത്തെ ജനസമ്പര്‍ക്ക പരിപാടിക്ക് ബി.ജെ.പി തുടക്കമിട്ടത് തുടക്കത്തില്‍ പറഞ്ഞ ദ്വിമുഖ രാഷ്ട്രീയ കടന്നാക്രമണത്തിന്റെ ഏകോപനത്തിന്റെ ഭാഗമായാണ്.

മാതാ അമൃതാനന്ദമയിയും ആചാര്യന്മാരും കൊളുത്തിയ ദീപത്തെ സാക്ഷിനിര്‍ത്തി സംഗമവേദിയില്‍നിന്ന് ചൊല്ലിക്കൊടുത്ത ധര്‍മ്മപ്രതിജ്ഞ പുത്തരിക്കണ്ടം മൈതാനി തിങ്ങിനിറഞ്ഞ വിശ്വാസികളെക്കൊണ്ട് ഏറ്റുചൊല്ലിച്ചു. ‘സാധ്യമായതെല്ലാം ചെയ്ത് മഹദ് ധര്‍മ്മത്തെയും സംസ്‌ക്കാരത്തെയും അയ്യപ്പന്റെ ദിവ്യനാമത്തെയും സംരക്ഷിക്കു’മെന്നതാണ് ധര്‍മ്മപ്രതിജ്ഞ.

ശബരിമലയിലെ സമര അജണ്ടകളെ പൊലീസ് ഉപദേശികളുടെ സഹായത്താല്‍ നേരിട്ടുപോന്ന മുഖ്യമന്ത്രിക്കെതിരെ മുന്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി സെന്‍കുമാറിനെ സംഗമത്തിന്റെ സ്വാഗതവക്താവായി അവതരിപ്പിച്ചതും ആസൂത്രിതവും തന്ത്രപരവുമായ ബി.ജെ.പിയുടെ സൂക്ഷ്മ നീക്കമാണ്.

സംസ്ഥാന സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാറിനെയും മാത്രം ലക്ഷ്യമാക്കുന്ന വിമര്‍ശനശരങ്ങളാണ് സംഗമവേദിയില്‍നിന്ന് ആദ്യന്തം തൊടുത്തുവിട്ടത്. ഹൈന്ദവ വിശ്വാസികളുടെ ജാഗരണത്തിന് നിമിത്തമായതുതന്നെ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് സംഗമത്തില്‍ അധ്യക്ഷത വഹിച്ച കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിതാനന്ദപുരി നന്ദി പ്രകാശിപ്പിച്ച് ചൂണ്ടിക്കാട്ടി. ശബരിമല ക്ഷേത്ര ആചാരങ്ങളില്‍ സര്‍ക്കാര്‍ കടന്നുകയറ്റം നടത്തി. ദേവസ്വംബോര്‍ഡിനെ നോക്കുകുത്തിയാക്കി. യുവതികളെ പ്രവേശിപ്പിച്ചേ അടങ്ങൂ എന്ന് നിര്‍ബന്ധം പിടിച്ചു. അതിനെതിരെ കേരളത്തിലെ അമ്മമാര്‍ തെരുവിലിറങ്ങി. രാജ്യത്താകെയും വിദേശങ്ങളിലും വിശ്വാസികള്‍ പ്രതിഷേധിച്ചു. മുഖ്യമന്ത്രി അത് അവഗണിച്ചു. തന്ത്രിയെ അപമാനിച്ചു. ഹിന്ദു സമൂഹത്തെ ചവിട്ടിമെതിച്ചു. ഏറ്റവുമൊടുവില്‍ സുപ്രിംകോടതിയില്‍ യുവതിപ്രവേശം സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ 51 പേരുടെ പട്ടികപോലും സത്യവിരുദ്ധവും പരിഹാസ്യവുമായി.

ശബരിമലയിലേത് തുടക്കം മാത്രമാണെന്നും ശ്രീപത്മനാഭ സ്വാമിക്ഷേത്രംതൊട്ട് മറ്റിടങ്ങളിലേക്കും സര്‍ക്കാര്‍ കടന്നുകയറുമെന്നും വിശ്വാസികളുടെ വികാരമുണര്‍ത്തി സ്വാമി ചിദാനന്ദപുരി മുന്നറിയിപ്പു നല്‍കി.

ഇതിനെ പിന്തുണക്കുന്നതും ശരിവെക്കുന്നതുമായിരുന്നു തുടര്‍ന്നുള്ള പ്രസംഗങ്ങളും അവിടെ വായിച്ച സന്ദേശങ്ങളും. ക്ഷേത്രാചാരങ്ങളെകുറിച്ചുള്ള അറിവില്ലായ്മയാണ് ശബരിമലയിലെ പ്രശ്‌നങ്ങള്‍ക്കു കാരണമായതെന്ന് മാതാ അമൃതാനന്ദമയി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ പ്രായോഗികബുദ്ധിയോടെ പ്രവര്‍ത്തിക്കണമായിരുന്നു. ഭക്തരും തന്ത്രിയും പൂജാരിയും ജനങ്ങളും വിചാരിച്ച് തീരുമാനമെടുക്കണം. വിശ്വാസങ്ങളെ സംരക്ഷിച്ചില്ലെങ്കില്‍ സമൂഹം നൂലുപൊട്ടിയ പട്ടംപോലെയാകുമെന്നും അവര്‍ പറഞ്ഞു.

imageകോടിക്കണക്കിനു വിശ്വാസികളുടെ വിശ്വാസം മാനിക്കണമെന്ന ശ്രീ ശ്രീ രവിശങ്കറിന്റെ സന്ദേശത്തിലും സര്‍ക്കാര്‍ നയത്തിനെതിരായി വിരല്‍ചൂണ്ടലുണ്ടായി. ഹൈന്ദവഭക്തിയില്‍ പൊതിഞ്ഞ് വിശ്വാസവും ആചാരവും സംഗമവേദിയില്‍നിന്ന് ലക്ഷക്കണക്കില്‍ വിശ്വാസികള്‍ ഭക്തിനിര്‍ഭരം ഏറ്റുവാങ്ങി. അതിനകത്ത് ബി.ജെ.പിയുടെ കൃത്യമായ രാഷ്ട്രീയ അജണ്ടയാണ് അടക്കംചെയ്തിട്ടുള്ളതെന്ന് അറിയാതെ.

ശബരിമല കര്‍മ്മസമിതി ചെയര്‍പഴ്‌സണ്‍ കെ.പി ശശികല അക്കാര്യം കൃത്യമായി വെളിപ്പെടുത്തി: ഭക്തരെ ചവിട്ടിമെതിക്കുന്ന ഭരണകൂടത്തിനെതിരെ മുഴുവന്‍ ശക്തിയും സംഭരിച്ച് മുന്നോട്ടുവരാന്‍. വിശ്വാസികള്‍ കൈയിലുള്ള ദിവ്യായുധം 2019ലും 21ലും പ്രയോഗിക്കണമെന്ന് ടി.പി സെന്‍കുമാര്‍ മൂന്നുവട്ടം സംഗമത്തില്‍ ഏറ്റുചൊല്ലിച്ചു. അതോടെ ഹിന്ദു മുന്നേറ്റത്തിന്റെ രാഷ്ട്രീയ അജണ്ട കൃത്യമായും വെളിപ്പെട്ടു.

ബി.ജെ.പി നേതൃത്വത്തിലുള്ള ശബരിമല സമരത്തില്‍നിന്ന് വ്യത്യസ്തമായി ശബരിമല വിശ്വാസികളുടെ സംഗമത്തോടെ ബി.ജെ.പിയുടെ പ്രചാരണത്തിന്റെ ദിശയും മുനയും മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാറിലും മാത്രമാണ് കേന്ദ്രീകരിക്കുന്നത്. എല്‍.ഡി.എഫിനെയോ സി.പി.എമ്മിനെ തന്നെയോ മൊത്തത്തില്‍ ആക്രമിക്കാതെ മുഖ്യമന്ത്രി പിണറായിയെയും പൊലീസില്‍ ഏതാനും പേരെയുമാണ് പുതിയ മുന്നേറ്റം ലക്ഷ്യമിടുന്നത്. സി.പി.എമ്മിലും കോണ്‍ഗ്രസിലും അടക്കമുള്ള ഹിന്ദുമത വിശ്വാസികളെ ആകര്‍ഷിക്കുന്ന വൈകാരിക നീക്കമാണ് നടത്തുന്നത്.

ഇതോടെ കഴിഞ്ഞ മൂന്നുമാസങ്ങളില്‍ ഇടതുപക്ഷ – ജനാധിപത്യമുന്നണിക്കും സര്‍ക്കാറിനും പൊലീസിനും ഭരണഘടനയുടെ പേരില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞിരുന്ന ഇടം അതിവേഗം നഷ്ടപ്പെടാന്‍ പോകുകയാണ്. എല്ലാറ്റിനും ഉത്തരവാദി രാജാവെന്നു ഭാവിക്കുന്ന ഒരു മുഖ്യമന്ത്രി മാത്രമാണെന്ന കുറ്റപ്പെടുത്തലാണ് വേദിയില്‍നിന്ന് അയ്യപ്പഭക്തര്‍ ഏറ്റെടുത്തിട്ടുള്ളത്. വിമര്‍ശനത്തിന് മാതാ അമൃതാനന്ദമയിയുടെ പിന്തുണപോലും സംഘാടകര്‍ക്കു നേടാനായി.

ഇപ്പോള്‍ സന്യാസിവര്യന്മാരുടെയും മതാചാര്യന്മാരുടെയും അവര്‍ക്കൊപ്പം നിന്ന ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും നേതാക്കളും ഉയര്‍ത്തുന്ന ഈ കടന്നാക്രമണങ്ങളെ നേരിടുക എളുപ്പമാകില്ല. സര്‍ക്കാറിനും ഇടതുമുന്നണിക്കും അവര്‍ക്കൊപ്പം നിന്ന മതനിരപേക്ഷ ശക്തികള്‍ക്കും തുല്യതയുടെപേരില്‍ പ്രതിരോധ മതില്‍ പണിത സ്ത്രീശക്തിക്കും. എന്തുകൊണ്ട് എന്ന് മാര്‍ക്‌സിസത്തിന്റെ പ്രയോഗചരിത്രം കൃത്യമായി പഠിപ്പിക്കുന്നുണ്ട്.

ബോള്‍ഷെവിക് പാര്‍ട്ടിയുടെയും സോവിയറ്റ് വിപ്ലവത്തിന്റെയും ആകെ അനുഭവങ്ങള്‍ വിലയിരുത്തി 1920ല്‍ ലെനിന്‍ ലോക തൊഴിലാളിവര്‍ഗത്തിന് നല്‍കിയ ഒരനുഭവപാഠമുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രിയും സംസ്ഥാന ഗവണ്മെന്റിനെ നയിക്കുന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ നേതാക്കളും അത് മനസിലാക്കുന്നതും സ്വയം പരിശോധിക്കുന്നതും ഈ ഘട്ടത്തില്‍ അതിനിര്‍ണ്ണായകമാണ്:

ayyappa-devotee-gathering-750-2‘മുന്നണിപ്പടയെക്കൊണ്ട് (ഇവിടെ സര്‍ക്കാറിനെക്കൊണ്ട് – ലേഖകന്‍) മാത്രം വിജയം നേടുക സാധ്യമല്ല. വര്‍ഗമാകെ, പൊതുവില്‍ ജനസാമാന്യമാകെ അനുകൂലിക്കണം. അല്ലെങ്കില്‍ അനുഭവപൂര്‍ണ്ണമായ നിഷ്പക്ഷ നിലപാടെങ്കിലും അവര്‍ കൈക്കൊള്ളണം. അതിനുമുമ്പ് വിധിനിര്‍ണ്ണായകമായ ഒരു സമരത്തില്‍ ഏര്‍പ്പെടുന്നത് വെറും ഭോഷത്തം മാത്രമല്ല കുറ്റകരംകൂടിയാണ്.’

സുപ്രിംകോടതിവിധി വന്നപ്പോള്‍ ദേവസ്വം ബോര്‍ഡിനെപോലും പിന്തള്ളി എടുത്തുചാടി നടപ്പാക്കാന്‍പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തത് ഒരു കമ്മ്യൂണിസ്റ്റു ഭരണാധികാരിയെന്ന നിലയില്‍ അത്തരമൊരു കുറ്റകൃത്യമാണ്. അതിന്റെ ബാക്കിപത്രമാണ് അയ്യപ്പ വിശ്വാസികളുടെ പേരിലുള്ള സംഗമത്തില്‍ അക്കമിട്ടു നിരത്തിയത്. വിശ്വാസികളെയാകെ ഒരു തീപ്പന്തംപോലെ ജ്വലിപ്പിച്ച് മുന്നേറാന്‍ കേന്ദ്രസര്‍ക്കാറിന്റെകൂടി പിന്‍ബലത്തില്‍ ബി.ജെ.പിക്കും സംഘ് പരിവാറിനും സാധിച്ചത്. ലെനിന്‍ പറഞ്ഞതിനു വിരുദ്ധമായി തങ്ങളുടെ രാഷ്ട്രീയ എതിരാളികള്‍ക്ക് അനുകൂലമായി ജാഗരൂകരാക്കുകയാണ് പകരം ചെയ്തത്.

ലെനിന്‍ വേറെയും ചൂണ്ടിക്കാട്ടുന്നുണ്ട്: ‘അധ്വാനിക്കുന്ന ബഹുജനങ്ങളില്‍ വന്‍ വിഭാഗങ്ങള്‍കൂടി നിര്‍ണ്ണായകമായ ഒരു സമരത്തില്‍ അവര്‍ അനുഭാവപൂര്‍വ്വമായ നില സ്വീകരിക്കണമെങ്കില്‍ പ്രചാരവേലയും പ്രയോഗവും മാത്രംപോര. ബഹുജനങ്ങള്‍ക്ക് സ്വന്തമായ രാഷ്ട്രീയ അനുഭവങ്ങള്‍കൂടി കൈവരണം.’

കമ്മ്യൂണിസത്തിന്റെ മൗലിക തത്വങ്ങളെ ദേശീയവും ഭരണകൂട സംബന്ധവുമായ വ്യത്യാസങ്ങള്‍ക്കനുസരിച്ചു യോജിച്ച മട്ടിലും പ്രയോഗിക്കുകകൂടി വേണം. അതിനാകട്ടെ പാര്‍ട്ടി നേതൃത്വമോ ഭരണാധികാരിയോ ദേശീയമായ പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് ആരായുകയും ഗവേഷണം നടത്തുകയും പഠിക്കുകയും ചെയ്യേണ്ടതുണ്ടെന്നും ലെനിന്‍ പറഞ്ഞുവെച്ചിട്ടുണ്ട്.

മാതാ അമൃതാനന്ദമയി, സ്വാമി പ്രകാശാനന്ദ തുടങ്ങിയവര്‍ മാത്രമല്ല ഇടതുപക്ഷ – വലതുപക്ഷ രാഷ്ട്രീയ നേതാക്കളുടെ വീട്ടകങ്ങളിലുള്ളവര്‍പോലും വിശ്വാസത്തിന്റെ പേരില്‍ മനസില്‍ നാമജപവുമായി ഈ സര്‍ക്കാറിന്റെ പരിഹാസ്യമായ കാട്ടിക്കൂട്ടലുകള്‍ക്കെതിരെ മനസിലെങ്കിലും പ്രതിഷേധിക്കും. അത് തിരിച്ചറിയാന്‍ കഴിയണമെങ്കില്‍ ഈ എടുത്തുചാട്ടത്തിന്റെ വീഴ്ച സ്വയം തിരിച്ചറിയാന്‍ കഴിയണം.

ഒരു തെറ്റും തിരുത്താന്‍ വൈകുന്നില്ല. അതിന് അവസരവും പുതിയ വഴിയും ഇല്ലാതാകുന്നില്ല. അത് ജനങ്ങളെ സംബന്ധിച്ചാകുമ്പോള്‍, സ്വന്തം നാടിനെ ബാധിക്കുന്നതാകുമ്പോള്‍. തന്നെ മറന്ന് അവരെപ്പറ്റി ഓര്‍ക്കണമെന്നു മാത്രം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top