- Malayalam Daily News - http://www.malayalamdailynews.com -

ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിന്റെ ചിത്രം മാറുന്നു; കോണ്‍ഗ്രസ് തിരിച്ചുവരാനൊരുങ്ങുന്നത് ബിജെപിയുടെ നിലനി‌ല്‍‌പിനെ ബാധിക്കുമെന്ന്

newsrupt_2019-01_c9d51dc8-67fe-485c-bacc-adbc5958f8c5_priyanka_gandhi_apഉത്തര്‍പ്രദേശില്‍ ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിട്ട് പ്രിയങ്കാ ഗാന്ധിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസി ഉള്‍പ്പെടുന്ന കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല നല്‍കുക വഴി സംസ്ഥാന രാഷ്ട്രീയത്തിന്റെ ചിത്രം മാറുമെന്ന ശക്തമായ സന്ദേശമാണ് കോണ്‍ഗ്രസ് ബിജെപിക്ക് നല്‍കുന്നത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് പ്രിയങ്കയുടെ വരവെന്നാണ് വിലയിരുത്തല്‍.

കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ രാഷ്ട്രീയ പ്രസക്തി എന്താണ്? പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വാരാണസിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഖോരക്പൂരും സ്ഥിതി ചെയ്യുന്നതാണ് കിഴക്കന്‍ ഉത്തര്‍പ്രദേശ്. ബിജെപിയും ആര്‍എസ്എസും ഉത്തര്‍പ്രദേശില്‍ തീവ്രസ്വാധീനം ഉറപ്പിക്കാന്‍ തിരഞ്ഞെടുത്ത മേഖല. കഴിഞ്ഞ കുറേ തെരഞ്ഞെടുപ്പുകളിലായി കോണ്‍ഗ്രസിനെ പൂര്‍ണമായും കയ്യൊഴിഞ്ഞ സ്ഥലം. ഇവിടെ പാര്‍ട്ടി സംഘടനാ സംവിധാനത്തെ ശക്തിപ്പെടുത്തി അണികളിലും ജനങ്ങളിലുമുള്ള ആത്മവിശ്വാസം ശക്തിപ്പെടുത്തി ജയസാധ്യത ഉറപ്പിക്കുകയെന്നതാണ് പ്രിയങ്കയയുടെ ദൗത്യം. അത് വെല്ലുവളി നിറഞ്ഞതുമാണ്. ദേശീയരാഷ്ട്രീയത്തില്‍ ഇതുവരെ നേരിട്ട് ഇടപെടാത്ത പ്രിയങ്കയ്ക്ക് ഈ ദൗത്യത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായി എന്തു ചെയ്യാന്‍ കഴിയുമെന്നത് അടുത്ത പൊതുതെരഞ്ഞെടുപ്പിലെ നിര്‍ണായക ഘടകമാകും.

മോഡി-യോഗി സ്വാധീനമേഖലയില്‍ പ്രതിപക്ഷത്തിന് ജയിച്ചുകയറുകയെന്നത് കടുത്ത വെല്ലുവിളിയാണ്. ബുദ്ധിപൂര്‍വകമായ രാഷ്ട്രീയ ദൗത്യം പ്രയോഗിച്ചാല്‍ അതൊട്ട് അസാധ്യമല്ലതാനും. യോഗി ആദിത്യാനാഥ് ഉത്തര്‍പ്രേദശ് മുഖ്യമന്ത്രിയായപ്പോള്‍ ഒഴിഞ്ഞ ഖോരക് പൂര്‍ ലോക്‌സഭാ സീറ്റില്‍ എസ്പിയും ബിഎസ്പിയും ഒരുമിച്ച മത്സരിച്ചപ്പോള്‍ ബിജെപി അതി ദയനീയമായി പരാജയപ്പെട്ടു. പ്രതിപക്ഷ വോട്ടുകളിലെ യോജിപ്പ് ബിജെപി വോട്ടുകളെ നിഷ്പ്രഭമാക്കാന്‍ പോന്നതാണെന്നതിന്റെ തെളിവായിരുന്നു ആ തെരഞ്ഞെടുപ്പ് ഫലം.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അഖിലേഷും മായാവതിയും സഖ്യത്തിലേര്‍പ്പെട്ടുകഴിഞ്ഞു. രണ്ട് പാര്‍ട്ടികളും സീറ്റുകള്‍ വീതംവെച്ചെടുത്ത് മുന്നണി രൂപീകരണത്തിന്റെ സാങ്കേതിക കടമ്പകളും മറികടന്ന് വളരെയേറെ മുന്നോട്ടുപോയിരിക്കുന്നു. ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന ഉത്തര്‍പ്രേദശില്‍ കോണ്‍ഗ്രസിന്റെ സ്ഥാനം മൂന്നാമാതാകുമെന്ന വിലയിരുത്തലുകല്‍ വരുമ്പോഴാണ് പ്രിയങ്കയെ നിയോഗിച്ചുള്ള കോണ്‍ഗ്രസിന്റെ പുതിയ നീക്കം. പിന്നാക്കം ചവിട്ടി കളിക്കാനില്ലെന്ന വ്യക്തമായ സന്ദേശമാണ് കോണ്‍ഗ്രസ് നല്‍കുന്നത്. തനിച്ചുള്ള പോരിലും കൂടുതല്‍ സീറ്റ് ഉറപ്പിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് ഉത്തര്‍പ്രദേശില്‍ ലഭിച്ചത്. അമേഠിയും റായ്ബറേലിയും. ഇത്തവണ ത്രികോണ മത്സരത്തിലൂടെ കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത് 26 സീറ്റുകളാണ്. അമേത്തിയും റായ്ബറേിക്കും പുറമെ പ്രതാപ്ഘട്ട്, കാന്‍പൂര്‍, ഉന്നാവോ, സുല്‍ത്താന്‍പൂര്‍, ബരാബങ്കി, മൊറാദാബാദ് എന്നിവയെല്ലാം കോണ്‍ഗ്രസ് ജയസാധ്യത തേടുന്ന മണ്ഡലങ്ങളാണ്.

മത്സര സാന്നിധ്യം പോലുമാകാതെ എതിരാളികള്‍ക്ക് ഈസി വാക്കോവര്‍ നല്‍കുന്ന രീതി ഒഴിവാക്കുകയെന്നതാണ് കോണ്‍ഗ്രസി ഇത്തവണ സ്വീകരിക്കുന്ന നയം. മത്സരരംഗത്ത് ശക്തമായ സാന്നിധ്യമായി പാര്‍ട്ടിയുണ്ടാകുമെന്ന സന്ദേശം അതിനായി നല്‍കുന്നു. ഇതിന്റെ ഭാഗം കൂടിയാണ് പ്രിയങ്കയെ ഇറക്കിയുള്ള നീക്കം. മോഡിയുടെയും യോഗിയുടെയും ശക്തികേന്ദ്രത്തില്‍തന്നെ പ്രിയങ്ക ചുമതലയേറ്റെടുക്കുമ്പോള്‍ അത് ഇരുവരെയും നേരിട്ട് വെല്ലുവിളിക്കുന്നതിന് തുല്യവുമാണ്.

എന്നാല്‍ പ്രിയങ്കയുടെ നിയമനത്തിലൂടെ രാഹുല്‍ ഗാന്ധി പരാജയമാണെന്ന് കോണ്‍ഗ്രസ് സമ്മതിക്കുകയാണെന്ന പ്രതികരണവുമായി ബിജെപി രംഗത്തെത്തി. കുടുംബവാഴ്ചയുടെ തുടര്‍ച്ചയാണ് ഈ നിയമനമെന്നും ബിജെപി പ്രതികരിച്ചു. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് പ്രിയങ്കാ ഗാന്ധി രംഗപ്രവേശനം ചെയ്യുന്നത് ബിജെപിയെ പരിഭ്രാന്തരാക്കിയിട്ടുണ്ടെന്നാണ് രാഹുല്‍ ഗാന്ധി അമേത്തിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്.

1999ല്‍ സോണിയാ ഗാന്ധിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി രാഷ്ട്രീയത്തില്‍ ഹരിശ്രീ കുറിച്ച പ്രിയങ്ക ഗാന്ധി സജീവ പ്രവര്‍ത്തകയാകുന്നുവെന്ന വാര്‍ത്ത ആവേശത്തോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. വീണ്ടും അധികാരത്തില്‍ തിരിച്ചെത്താനുള്ള കോണ്‍ഗ്രസിന്റെ കണക്കുകൂട്ടലുകളില്‍ ഉത്തര്‍പ്രദേശ് എത്രത്തോളം നിര്‍ണ്ണായകമാണെന്ന് പ്രിയങ്കയുടെ നിയമനം ചൂണ്ടിക്കാട്ടുന്നു.

80ലോക്‌സഭാ മണ്ഡലങ്ങളുള്ള യുപിയില്‍ കഴിഞ്ഞ തവണ 2 സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. യുപിയിലെ കിഴക്കന്‍ മേഖലകളുടെ ചുമതല നല്‍കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും സ്വാധീന മേഖലകളിലേക്ക് കടന്നുകയറി വെല്ലുവിളി ഉയര്‍ത്തുകയാണ് കോണ്‍ഗ്രസ്. യുപിയിലെ സംഘടനാ പ്രവര്‍ത്തനത്തില്‍ പ്രിയങ്ക നേരത്തെ തന്നെ ഇടപെടുന്നുണ്ടായിരുന്നു. എന്നാല്‍, പാര്‍ട്ടി ഭാരവാഹിയായി പ്രിയങ്കയുടെ വരവ് യുപിയില്‍ കോണ്‍ഗ്രസിന് ഊര്‍ജ്ജം പകരുമെന്ന് മുന്‍ കേന്ദ്ര മന്ത്രി രാജീവ് ശുക്ല പറഞ്ഞു.

എസ്പി, ബിഎസ്പി സഖ്യത്തില്‍ ഉള്‍പ്പെടുത്താത്തത് അണികളില്‍ ഉടലെടുത്ത നിരാശ മറികടക്കാനും ഈ നിയമനം സഹായിക്കും.

 

 

[1] [2] [3] [4] [5]