Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിച്ചു, അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു, ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം   ****    ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല, ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു   ****    അഞ്ചല്‍ ഉത്രയുടെ കൊലപാതകം; സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിലാകാന്‍ സാധ്യത   ****    ജോര്‍ജ്ജ് ഫ്ലോയിഡിന്റെ മരണം: അമേരിക്കയില്‍ പരക്കെ അക്രമം, 40 നഗരങ്ങളില്‍ കര്‍ഫ്യൂ, ആയിരങ്ങള്‍ അറസ്റ്റില്‍   ****    ജോ​ർ​ജ് ഫ്ളോ​യ്ഡി​ന്‍റെ മരണം; കലാപകാരികളെ അടിച്ചമര്‍ത്തേണ്ടത് ഗവര്‍ണ്ണര്‍മാരുടെ ഉത്തരവാദിത്വം: ട്രം‌പ്   ****   

പ്രിയങ്കയുടെ വരവ് പ്രതീക്ഷ ഉയര്‍ത്തുന്നു : അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

January 27, 2019 , അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

Priyankayude varavu banner-1കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്കുള്ള പ്രിയങ്ക ഗാന്ധി വദ്രയുടെ വരവ് 2019ലെ നിര്‍ണ്ണായക ഇന്ത്യന്‍ തെരഞ്ഞെടുപ്പില്‍ ചരിത്രപരമായ അടയാളമായി മാറാന്‍ പോകുന്നു. കുടുംബവാഴ്ചയായി വിമര്‍ശിച്ചതുകൊണ്ട് അതിന്റെ പ്രാധാന്യം എഴുതിത്തള്ളാന്‍ കഴിയില്ല.

ഏറ്റവും വലിയ തെളിവ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം തന്നെ. റഫാല്‍ അഴിമതിയാരോപണത്തോട് ഇനിയും പ്രതികരിക്കാത്ത പ്രധാനമന്ത്രി പ്രിയങ്കയുടെ നിയമനത്തോട് ചാടിക്കയറി പ്രതികരിച്ചു. ബി.ജെ.പി എഴുതിതള്ളിയ കോണ്‍ഗ്രസിന്റെ സംഘടനാ തീരുമാനത്തോട് പ്രധാനമന്ത്രി വേവലാതിപ്പെട്ട് എന്തിന് പ്രതികരിക്കണം. കോണ്‍ഗ്രസിന്റെ പതിമൂന്ന് ജനറല്‍ സെക്രട്ടറിമാരില്‍ അവസാനത്തെ നിയമനമായിരുന്നു പ്രിയങ്കയുടേത്. ഒപ്പം കിഴക്കന്‍ യു.പിയുടെ സംഘടനാ ചുമതലയും. അതില്‍ പ്രധാനമന്ത്രിക്കെന്തുകാര്യം?

ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് നടത്തിയ സുപ്രധാനവും തന്ത്രപരവുമായ നീക്കമാണ് അതെന്ന് പ്രധാനമന്ത്രിക്കടക്കം അറിയാമെന്നതാണ് യഥാര്‍ത്ഥ കാര്യം.

ഒന്നുകില്‍ കീഴടക്കുക അല്ലെങ്കില്‍ സ്വയം നശിക്കുക എന്ന ദൃഢനിശ്ചയത്തോടെയുള്ള വരവാണ് ദേശീയരാഷ്ട്രീയത്തില്‍ പ്രിയങ്കയുടേത്. അമ്പരപ്പോടെ പ്രഖ്യാപനം കേട്ട മാധ്യമങ്ങള്‍ ആ നിലയ്ക്കുള്ള വന്‍ പ്രാധാന്യവും പ്രതീക്ഷയുമാണ് വായനക്കാരോട് പങ്കിട്ടത്.

പ്രധാനമന്ത്രിയും ബി.ജെ.പിയുടെ വക്താക്കളും സഖ്യകക്ഷിയില്‍പെട്ട ചിലരും പ്രിയങ്കയുടെ സാന്നിധ്യത്തെ അവഗണിക്കാന്‍ ശ്രമിച്ചു. കോണ്‍ഗ്രസിലെ സര്‍വ്വസാധാരണ രീതിയെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചു. കിഴക്കന്‍ യു.പിയുടെ പരിമിതമായ പാര്‍ട്ടി ചുമതല പ്രിയങ്കയ്ക്ക് കൊടുത്തത് മോശമായെന്നു പോലും കേന്ദ്രമന്ത്രി സഹതപിച്ചു.

എന്നാല്‍ ആ ചുമതലതന്നെയാണ് മോദിയേയും ബി.ജെ.പി നേതൃത്വത്തെയും ഞെട്ടിച്ചകാര്യം. മോദിയുടെ ലോകസഭാ മണ്ഡലമായ വരാണസിയും 201 കിലോമീറ്റര്‍ അകലെ കിടക്കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിയമസഭാ മണ്ഡലമായ ഗോരഖ്പൂരും കിഴക്കന്‍ ഉത്തരപ്രദേശിലാണ്. അതാണ് ഉള്‍ക്കിടിലത്തിന്റെ കാരണം. രാജസ്ഥാനില്‍ ബി.ജെ.പി ഭരണം കടപുഴക്കി കോണ്‍ഗ്രസിനെ അധികാരത്തിലേറ്റാന്‍ നിര്‍ണ്ണായക നേതൃത്വം നല്‍കിയ ജ്യോതിരാദിത്യ സിന്ധ്യയെന്ന ചെറുപ്പക്കാരന് പശ്ചിമ യു.പിയുടെ ചുമതലകൂടി നല്‍കി. കോണ്‍ഗ്രസിന്റെ അപ്രതീക്ഷിതമായ രാഷ്ട്രീയ ഇടപെടലാണിത്. ബി.എസ്.പിയും എസ്.പിയും കോണ്‍ഗ്രസിനെ ഒഴിവാക്കി സഖ്യമുണ്ടാക്കിയപ്പോള്‍ രാജീവ് പറഞ്ഞിരുന്നു: യു.പിയില്‍ കോണ്‍ഗ്രസിനെ എഴുതിതള്ളേണ്ടെന്ന്. എല്ലാ രാഷ്ട്രീയ കണക്കുകളും കൂട്ടിക്കിഴിച്ച് തീരുമാനങ്ങളെടുത്ത എല്ലാവരും വീണ്ടും കൂട്ടാനും കിഴിക്കാനും നിര്‍ബന്ധിതരായി. മാധ്യമങ്ങള്‍പോലും.

പ്രിയങ്ക രാഷ്ട്രീയത്തിലിറങ്ങുമെന്നും യു.പിയില്‍ മത്സരിക്കുമെന്നും വര്‍ഷങ്ങളായി പറഞ്ഞുപോന്ന മാധ്യമങ്ങള്‍പോലും എ.ഐ.സി.സി സംഘടനാ ചുമതലയുള്ള അശോക് ഗലോട്ടിന്റെ ഇതു സംബന്ധിച്ച പത്രക്കുറിപ്പ് കിട്ടുംവരെ കാര്യം അറിഞ്ഞില്ല. 2004ല്‍ സോണിയാഗാന്ധിയെ യു.പി.എയെ ഗവണ്മെന്റ് രൂപീകരിക്കാന്‍ രാഷ്ട്രപതി ക്ഷണിച്ചത് നിരസിക്കാന്‍ എടുത്ത തീരുമാനം ഇതുപോലെ ഗോപ്യമായിരുന്നു. പിറ്റേന്ന് രാഷ്ട്രപതിയെ കാണാനിരിക്കെ രാത്രിയില്‍ പ്രിയങ്കയും രാഹുലും സോണിയാഗാന്ധിയും ചേര്‍ന്നാലോചിച്ച് പ്രധാനമന്ത്രിപദം സോണിയ സ്വീകരിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

അന്ന് സ്വര്‍ണ്ണപാത്രത്തില്‍ തേടിവന്ന പ്രധാനമന്ത്രിപദവും കുടുംബവാഴ്ചയും വേണ്ടെന്നുവെച്ചു. മന്‍മോഹന്‍സിംഗിനെ പ്രധാനമന്ത്രിയാക്കി. ആ കൂട്ടുകക്ഷി ഗവണ്മെന്റ് പത്തുവര്‍ഷം രാജ്യംഭരിച്ചു. അതിന്റെ വീഴ്ചകളും തെറ്റുകളും വേറെ. തൂക്കുപാര്‍ലമെന്റിന്റെ തുടര്‍ച്ചയില്‍ അതൊരു ചരിത്രമായി.

ഇപ്പോള്‍ പ്രിയങ്ക കുടുംബത്തിന്റെ ആശീര്‍വാദത്തോടെ ഭരണാധികാരത്തിന്റെ കുടക്കീഴിലേക്ക് കടന്നുവരികയല്ല. 1969ല്‍ തന്റെ മുത്തശ്ശി ഇന്ദിരാഗാന്ധി കോണ്‍ഗ്രസ് പിളര്‍ത്തി മറ്റൊരു പാര്‍ട്ടി രൂപീകരിച്ചതുപോലുള്ള സാഹസികമായ ഒരു ദൗത്യം ഏറ്റെടുക്കുകയാണ്. തകര്‍ന്ന് മരവിച്ചുകിടക്കുന്ന കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കുന്ന പരീക്ഷണത്തിന് നേതൃത്വം നല്‍കുകയാണ്.

അതാകട്ടെ പ്രിയങ്കയുടെയും കുടുംബത്തിന്റെയും കോണ്‍ഗ്രസിന്റെയും മാത്രം ആവശ്യമല്ല. രാജ്യത്തെ ജനങ്ങളുടെയാകെ ആവശ്യമായ അടിയന്തര സാഹചര്യമാണ് പ്രിയങ്കയുടെ വരവ് നിര്‍ബന്ധമാക്കിയത്.

കോണ്‍ഗ്രസിന്റെ ഒരു സംഘടനാ ചുമതല പ്രിയങ്ക ഏറ്റെടുത്തതില്‍ രാജ്യത്താകെയുണ്ടായ പ്രതികരണംതന്നെ അതിന്റെ രാഷ്ട്രീയ പ്രാധാന്യം വ്യക്തമാക്കുന്നു. 2019ലെ തെരഞ്ഞെടുപ്പു പോരാട്ടത്തിന്റെ നിര്‍ണ്ണായക ഘടകമാകുമോ പ്രിയങ്കയുടെ വരവെന്ന ചോദ്യമുയര്‍ത്തിയാണ് ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പ്രിയങ്കയെ സ്വാഗതംചെയ്തത്. ക്ഷുഭിതവും വഴുതി വീഴുന്നതുമായ രാഷ്ട്രീയത്തില്‍ വന്നതില്‍ ആശംസയറിയിച്ചത്. സമൃദ്ധമായ സ്വന്തം ആകര്‍ഷണത്തിനു പുറമെ ഗാന്ധി – നെഹ്‌റു പാരമ്പര്യത്തിന്റെ മഹിമകൂടിയാണ് പ്രിയങ്ക കൂടെ കൊണ്ടുവരുന്നതെന്നും പറഞ്ഞത്. ബി.ജെ.പിയുമായി അടുത്തിടവരെ ജമ്മു-കശ്മീരില്‍ ഭരണം പങ്കിട്ടിരുന്ന മെഹബൂബയുടെ പ്രതികരണം സംഘ് പരിവാറിന് ഉള്‍ക്കൊള്ളാനാകില്ല. ശരാശരി ഇന്ത്യന്‍ സമൂഹത്തിന്റെ സ്വീകാര്യതയാണ് അതില്‍ പ്രതിഫലിക്കുന്നത്.

‘ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി. എന്നാല്‍ ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം’ – എന്നാണ് പ്രധാനമന്ത്രി മോദി പ്രതികരിച്ചത്.

ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ ഇവിടെ അടിയന്തരാവസ്ഥയുടെ കരാളഘട്ടം അരങ്ങേറിയിരുന്നു എന്നത് വസ്തുതയാണ്. അതിന് അവര്‍ക്കും അവരുടെ കൂട്ടാളികള്‍ക്കും ജനങ്ങള്‍ കടുത്ത ശിക്ഷ നല്‍കി. അവരെ അധികാരത്തിനു പുറത്തുനിര്‍ത്തിക്കൊണ്ട്. അതിനുശേഷം ഇന്ദിരാഗാന്ധിയുടെ തന്നെ നേതൃത്വത്തില്‍ ജനങ്ങള്‍ ജനാധിപത്യത്തെ തിരിച്ചേല്‍പ്പിച്ച സാഹചര്യവുമുണ്ടായി. മറ്റൊരു ഏകാധിപത്യവാഴ്ചയ്ക്കിടയിലല്ല രാജ്യത്തെ വിഘടനശക്തികള്‍ക്കെതിരെ ജീവന്‍ അപകടത്തിലാണെന്നറിഞ്ഞിട്ടും ധീരമായ നിലപാടെടുത്തപ്പോഴാണ് ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടത്.

അതിന്റെ തുടര്‍ച്ചയില്‍ കുടുംബവാഴ്ചയെപ്പറ്റി മുന്നറിയിപ്പു നല്‍കുന്ന പ്രധാനമന്ത്രി അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്കാണ് രാജ്യത്തെ ഇപ്പോള്‍ എത്തിച്ചിട്ടുള്ളത്. അതില്‍നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഗാന്ധി – നെഹ്‌റു കുടുംബത്തിന്റെ പാരമ്പര്യവും വ്യക്തിവിശുദ്ധിയുമുള്ള പ്രിയങ്കയെപ്പോലെ ഒരാള്‍ കോണ്‍ഗ്രസിനെ നയിക്കാനെത്തുന്നു. അതില്‍ ജനാധിപത്യ – മതനിരപേക്ഷ മൂല്യങ്ങള്‍ അപകടത്തിലാണെന്ന് കരുതുന്നവര്‍ തീര്‍ച്ചയായും ആശ്വാസിക്കും. പ്രതീക്ഷിക്കും.

കുടുംബവാഴ്ച എന്നതിന്റെ ചരിത്രം ചികയുമ്പോള്‍ മോദിക്കും ബി.ജെ.പി നേതാക്കള്‍ക്കും ജനസംഘത്തിന്റെയും ആര്‍.എസ്.എസിന്റെതന്നെയും പിറവിക്കു പിന്നിലേക്ക് പോകേണ്ടിവരും. 1921 ഡിസംബര്‍ 8നാണ് മോത്തിലാല്‍ നെഹ്‌റുവിനെ അലഹബാദിലെ ആനന്ദഭവനില്‍നിന്ന് രാജ്യദ്രോഹ കുറ്റം ചുമത്തി ബ്രിട്ടീഷ് പൊലീസ് അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. ആറുമാസത്തെ തടവിന് ശിക്ഷിച്ച് അലഹബാദ് ജയിലിലടച്ചത്. തലേന്നു ജവഹര്‍ലാലിനെ ലഖ്‌നൗവില്‍ അറസ്റ്റുചെയ്ത് ജയിലിലടച്ചിരുന്നു. അച്ഛനെയും മകനെയും വേര്‍പെടുത്താന്‍വേണ്ടി. പിറ്റേന്ന് സ്ത്രീകള്‍ മാത്രമുള്ള ആനന്ദഭവനില്‍ ബ്രിട്ടീഷ് പൊലീസ് റെയ്ഡു നടത്തി. മോത്തിലാല്‍ പിഴയടക്കാഞ്ഞതിന് ആ വീട്ടിലെ വിലപ്പെട്ട സര്‍വ്വതും പൊലീസ് കണ്ടുകെട്ടി.

ഇതിനെല്ലാം സാക്ഷിയായി മൂന്നുവയസുള്ള ഒരു കുട്ടി അമ്മയ്ക്കും മുത്തശ്ശിക്കുമൊപ്പം രംഗത്തുണ്ടായിരുന്നു. ആ കുട്ടിയാണ് പിന്നീട് ഇന്ദിരാഗാന്ധിയായത്. അവരുടെ രക്തസാക്ഷിത്വത്തെ തുടര്‍ന്ന് ഇന്ത്യന്‍ ജനതയുടെ വിളികേട്ട് രാഷ്ട്രീയത്തിലിറങ്ങിയ മകന്‍ രാജീവ് ഗാന്ധിയും രാജ്യത്തിനുവേണ്ടിയാണ് ജീവന്‍ വെടിഞ്ഞത്.

ആനന്ദഭവനിലെ ഈ കുടുംബത്തിലാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയും സി.ആര്‍ ദാസും നിത്യസന്ദര്‍ശകരായിരുന്നത്. അലഹബാദിലെ പ്രയാഗിലെ കുംഭമേളപോലെതന്നെ ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ കുംഭമേളയുടെ പ്രയാഗ് ഘട്ടമായിരുന്നു ആനന്ദഭവന്‍. സുഭാഷ് ചന്ദ്രബോസ് മുതല്‍ കമ്മ്യൂണിസ്റ്റ് ഇന്റര്‍ നാഷണലിന്റെ നേതാവായിരുന്ന എം.എന്‍ റോയിവരെ ആനന്ദ് ഭവനില്‍വന്ന് ചര്‍ച്ച നടത്തിയിട്ടുണ്ട്. സാമ്രാജ്യത്വത്തില്‍നിന്നും അടിമത്തത്തില്‍നിന്നും ഇന്ത്യയെ മോചിപ്പിക്കുന്നതിന്റെ രാഷ്ട്രീയ യാഗശാലമായി മാറിയ ആ കുടുംബത്തിന്റെ രാഷ്ട്രീയ ചരിത്രചിത്രം നരേന്ദ്രമോദിയെപോലെ ആര്‍.എസ്.എസ് പ്രചാരക് ആയി പില്‍ക്കാലത്ത് വന്ന് 31 ശതമാനം വോട്ടിന്റെ പിന്‍ബലത്തില്‍ പ്രധാനമന്ത്രിയായ ഒരാള്‍ക്ക് അറിയണമെന്നില്ല.

രവീന്ദ്രനാഥ് ടാഗോര്‍ ശാന്തി നികേതനിലും ഗാന്ധിജി ഗുജറാത്തിലെ തന്റെ ആശ്രമത്തോടനുബന്ധിച്ച വിദ്യാലയത്തിലും പഠിപ്പിച്ച് വളര്‍ത്തിയ ഇന്ദിരാഗാന്ധിയുടെ കുടുംബചരിത്രം. അലഹബാദ് ബാറിലെ പണം വാരുന്ന അഭിഭാഷകപദവി വേണ്ടെന്നുവെച്ച് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ജയിലില്‍കിടന്ന് മരണപ്പെട്ട മോത്തിലാല്‍ നെഹ്‌റുവിന്റെ ചരിത്രം. രോഗിയായിട്ടും ത്രിവര്‍ണ പതാകയേന്തി സമരത്തിന്റെ മുന്‍നിരയില്‍നിന്ന് ജയിലില്‍പോയി നിത്യരോഗിയായി അകാലത്ത് മരണപ്പെട്ട കമലാ നെഹ്‌റു. അച്ഛന്‍ ജയിലിലും ഭാര്യ വിദേശത്ത് സാനട്ടോറിയത്തിലും മകള്‍ പഠനം ഉപേക്ഷിച്ച് അമ്മയ്ക്കരികിലും കഴിഞ്ഞ പരീക്ഷണ ഘട്ടത്തില്‍ തളരാതെ ജയിലില്‍ കിടന്ന് ഇന്ത്യന്‍ യുവത്വത്തിന് ആവേശമായി സ്വാതന്ത്ര്യസമരം നയിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചരിത്രം. അതുകൊണ്ടാണ് നെഹ്‌റു മുക്ത ഭാരതമെന്നും കോണ്‍ഗ്രസ് മുക്ത ഭാരതമെന്നും നരേന്ദ്രമോദി ആവര്‍ത്തിക്കുന്നത്.

പ്രധാനമന്ത്രി മോദിയുടെ പാര്‍ട്ടിയെന്നത് യഥാര്‍ത്ഥത്തില്‍ ബി.ജെ.പി അല്ല. ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചിട്ടില്ലാത്ത രാഷ്ട്രീയ സ്വയം സേവക് സംഘാണ്. ബി.ജെ.പി ഗവണ്മെന്റിനെ നയിക്കുന്നത് ആ ഹിന്ദുത്വ വര്‍ഗീയ ഫാഷിസ്റ്റ് പ്രസ്ഥാനമാണ്. ഭരണത്തിലിരുന്ന് മോദി കൂറും ബാധ്യതയും പുലര്‍ത്തുന്ന മറ്റൊരു കുടുംബംകൂടിയുണ്ട്. ഇന്ത്യയിലെയും ആഗോളതലത്തിലെയും കോര്‍പ്പറേറ്റുകളുടെ കുടുംബമാണത്. അവര്‍ നിയന്ത്രിക്കുന്ന വിവിധ രാജ്യങ്ങളുടെ ഭരണാധികാരികള്‍കൂടി അദ്ദേഹത്തിന്റെ കുടുംബമാണ്.

ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാഷ്ട്രമെന്ന് അമേരിക്ക അവകാശപ്പെടുന്നു. ഏറ്റവും വലിയ ജനാധിപത്യമെന്ന് ഇന്ത്യയും. ഇരു രാജ്യങ്ങളിലെയും ഭരണാധികാരികള്‍ ഇന്ന് ഏറ്റവും അടുപ്പക്കാരും വിശ്വസ്തരുമാണ്. രണ്ടിടങ്ങളിലും ഇപ്പോള്‍ അപകടത്തിലായത് ജനാധിപത്യവുമാണ്. അമേരിക്കയിലെ സിനിമാലോകത്തെ സര്‍വ്വകലാവല്ലഭനും പരിസ്ഥിതി പ്രവര്‍ത്തകനുമായ റോബര്‍ട്ട് റെഡ്‌ഫോഡ് കഴിഞ്ഞദിവസം ലോകം ഗൗരവപൂര്‍വ്വം ശ്രദ്ധിച്ച ഒരു പ്രസ്താവനയിറക്കി. തങ്ങളുടെ മൂക്കിനുതാഴെ രാജ്യം നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധികണ്ട് സഹിക്കാനാകാതെ റെഡ് ഫോഡ് പറഞ്ഞു:

‘തൊട്ടതെല്ലാം വഷളാക്കുന്ന ഒരു പ്രസിഡന്റ് നമുക്കുണ്ടെന്നത് വേദനാജനകമാണ്. തന്റെ ചുമതല ജനാധിപത്യം സംരക്ഷിക്കലാണെന്ന് മനസിലാക്കാത്ത, അഥവാ ശ്രദ്ധിക്കാത്ത ഒരു വ്യക്തിയാണ് അദ്ദേഹം. 2020ല്‍ നമുക്കൊരു അവസരമുണ്ട്. വെറുപ്പിനെയും വിഘടനത്തെയും പരാജയപ്പെടുത്തി നാം ഒന്നിച്ചുനിന്ന് വിനയാദരവും പുരോഗതിയും തെരഞ്ഞെടുക്കാനുള്ള അവസരം. അതിലേക്ക് കേന്ദ്രീകരിച്ച് നമുക്കൊന്നിച്ചു നില്‍ക്കാം. നമ്മുടെ വോട്ടിന്റെ ശക്തികൊണ്ട് രാജ്യത്തെ തിരിച്ചുകൊണ്ടുവരാനും ജനാധിപത്യത്തെ സംരക്ഷിക്കാനും കൂട്ടായി ശ്രമിക്കാം. അതിനുള്ള ശ്രമം ഇപ്പോള്‍തന്നെ നമുക്ക് ആരംഭിക്കേണ്ടതുണ്ട്.’

ഇന്ത്യയില്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും കക്ഷി-വ്യക്തി താല്പര്യങ്ങള്‍ക്കപ്പുറം അതുതന്നെയാണ് ഇപ്പോള്‍ ചെയ്യാനുള്ളത്. ജനാധിപത്യത്തെ സംരക്ഷിക്കുക. രാജ്യത്തെ തിരിച്ച് സമാധാനത്തിന്റെയും പുരോഗതിയുടെയും പാതയിലേക്കുതന്നെ കൊണ്ടുവരിക. പ്രിയങ്കയുടെയും രാഹുലിന്റെയും കോണ്‍ഗ്രസിനും ബി.എസ്.പി-എസ്.പി, തൃണമൂല്‍ കോണ്‍ഗ്രസ്, ടി.ഡി.പി തുടങ്ങി ഇടതുപക്ഷങ്ങള്‍ക്കടക്കം ജനാധിപത്യത്തിന്റെ ഈ അജണ്ടയില്‍നിന്ന് അകന്നുനില്‍ക്കാനാകില്ല. അങ്ങനെ നില്‍ക്കുന്നവര്‍ ജനങ്ങളില്‍നിന്നും ചരിത്രത്തിന്റെ പുറമ്പോക്കിലേക്കും വിസ്മൃതിയിലേക്കും എത്തിപ്പെടുമെന്നുമാത്രം.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top