Flash News

കിവികളുടെ നാട്ടിൽ ഹാട്രിക് വിജയത്തോടെ ഇന്ത്യയ്ക്ക് ഏകദിനപരമ്പര

January 28, 2019

28india-guptill-wkt-bcciബേ ഓവല്‍: മൗണ്ട് മോന്‍ഗനുയിയിലെ ബേ ഓവലിൽ ന്യൂസീലാന്‍ഡിനെതിരായ മൂന്നാം ഏകദിനമത്സരത്തിലും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. ഏഴ് വിക്കറ്റിനാണ് ഇന്നത്തെ മത്സരം ഇന്ത്യ ജയിച്ചത്. ഹാട്രിക്ക് വിജയമാണിത്. അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ട് മത്സരവും ഇന്ത്യ വിജയിച്ചിരുന്നു. ഇനി രണ്ട് ഏകദിനങ്ങൾ അവശേഷിക്കുന്നുണ്ട്.

ന്യൂസീലാന്‍ഡ് ഉയര്‍ത്തിയ 244 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 43 ഓവറില്‍ത്തന്നെ മൂന്ന് വിക്കറ്റ്മാത്രം നഷ്ടപ്പെടുത്തി മറികടന്നു. രണ്ടാം വിക്കറ്റില്‍ രോഹിത് ശര്‍മ്മ-വിരാട് കോലി കൂട്ടുകെട്ടും നാലാം വിക്കറ്റില്‍ അമ്പാട്ടി റായുഡുവിന്റേയും ദിനേശ് കാര്‍ത്തിക്കിന്റേയും ബാറ്റിങ്ങും ഇന്ത്യയുടെ വിജയം എളുപ്പമാക്കി.

മറുപടി ബാറ്റിംഗില്‍ തുടക്കത്തിലേ ധവാനെ(28) ഇന്ത്യക്ക് നഷ്ടമായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ രോഹിത്- കോലി സഖ്യം 113 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കാര്‍ത്തിക് 38 റണ്‍സും റായുഡു 40 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. ഇതോടെ 42 പന്തുകള്‍ ബാക്കിനില്‍ക്കേ ഇന്ത്യ ജയത്തിലെത്തി. കിവികള്‍ക്കുവേണ്ടി ബോള്‍ട്ട് രണ്ടുവിക്കറ്റും സാന്‍റ്‌നര്‍ ഒരു വിക്കറ്റും വീഴ്‌ത്തി.

ആദ്യം ബാറ്റ് ചെയ്ത കിവീസ് 49 ഓവറില്‍ 243ല്‍ പുറത്തായപ്പോള്‍ 93 റണ്‍സ് നേടിയ റോസ് ടെയ്‌ലറായിരുന്നു ടോപ്സ്‌കോറർ. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ടോം ലഥാം 51 റണ്‍സെടുത്തു. നായകന്‍ വില്യംസണ്‍ 28നും ഗപ്റ്റില്‍ 13നും മണ്‍റോ ഏഴിനും പുറത്തായി. 59 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടമായ കിവീസിനെ നാലാം വിക്കറ്റില്‍ 119 റണ്‍സ് കൂട്ടിച്ചേര്‍ത്ത ടെയ്‌ലര്‍- ലഥാം സഖ്യമാണ് കരകയറ്റിയത്.

മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ഷമിയും രണ്ടുവീതം പേരെ പുറത്താക്കിയ പാണ്ഡ്യയും ചാഹലും ഭുവിയുമാണ് കിവികളെ തുരത്തിയത്. പുറത്തായിരുന്ന ഹര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റും ക്യാച്ചുമായി തിരിച്ചുവരവ് ഗംഭീരമാക്കി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top