Flash News

കേരള കോണ്‍ഗ്രസ് (എം) പിളര്‍പ്പിലേക്ക്

January 29, 2019

new245തിരുവനന്തപുരം: ഒരു പാര്‍ലമെന്റ് സീറ്റ് അധികം ചോദിച്ച് പിജെ ജോസഫ് സമ്മര്‍ദ്ദം ശക്തമാക്കിയതോടെ മറ്റൊരു പിളര്‍പ്പിന്റെ വക്കിലാണ് കേരളാ കോണ്‍ഗ്രസ് എം. ഇടുക്കിയോ ചാലക്കുടിയോ അധികമായി കിട്ടിയാല്‍ അത് ജോസഫ് ഗ്രൂപ്പിന് കിട്ടുമെന്നാണ് പി.ജെ.ജോസഫിന്റെ കണക്കുകൂട്ടല്‍. അതേസമയം ഏറെ നാളായുള്ള അതൃപ്തിയുടെ പ്രതിഫലനമാണ് പിജെ ജോസഫിന്റെ പ്രതികരണത്തിന് പിന്നിലെന്നും വിലയിരുത്തലുണ്ട്.

ഭിന്നത രൂക്ഷമായാല്‍ മാണിവിഭാഗത്തില്‍ നിന്ന് വിട്ട് പ്രത്യേക പാര്‍ട്ടിയായി യുഡിഎഫില്‍ തന്നെ തുടരാനാണ് പിജെ ജോസഫ് ആലോചിക്കുന്നത്. സ്വന്തം പക്ഷക്കാര്‍ മാത്രമല്ല കെഎം മാണിക്കൊപ്പം നില്‍ക്കുന്ന ചില എംഎല്‍എമാര്‍ അടക്കമുള്ളവരും കൂടെ വരുമെന്നും ജോസഫ് കണക്കുകൂട്ടുന്നു.

കേരളാ കോണ്‍ഗ്രസ് എമ്മില്‍ ജോസ് കെ മാണിയുടെ അപ്രമാദിത്തത്തിലാണ് ജോസഫിന്റെ അതൃപ്തിയെന്നാണ് വിവരം. മാത്രമല്ല പാര്‍ട്ടിയില്‍ രണ്ടാമനെന്ന നിലയില്‍ കിട്ടേണ്ട പരിഗണന പിജെ ജോസഫിന് കിട്ടുന്നില്ലെന്ന പരാതിയും ജോസഫ് വിഭാഗത്തിനുണ്ട്. പാര്‍ട്ടിയില്‍ കെഎം മാണിക്കപ്പുറം ജോസ് കെ മാണി പിടിമുറുക്കുന്നതിലും അസംതൃപിതയുണ്ട്. കേരള യാത്രപോലും കൂടിയാലോചന ഇല്ലാതെ ജോസ് കെ മാണി തീരുമാനിച്ചെന്നാണ് ജോസഫ് പക്ഷത്തിന്റെ പൊതു വികാരം.

കേരളാ കോണ്‍ഗ്രസിന്റെ രണ്ടാമതൊരു സീറ്റെന്ന ആവശ്യം കോണ്‍ഗ്രസ് തള്ളിയാല്‍ അത് മറ്റൊരു രാഷ്ട്രീയ സാഹചര്യത്തിനാണ് ഇടയാക്കുക. കേരളാ കോണ്‍ഗ്രസ് പിളരും. കെ.എം.മാണിയുടെയും പി.ജെ.ജോസഫിന്റെയും നേതൃത്വത്തില്‍ രണ്ട് കേരള കോണ്‍ഗ്രസ് രൂപപ്പെടും. അങ്ങനെ സംഭവിച്ചാല്‍ യുഡിഎഫില്‍ തന്നെ തുടരാനാകും ജോസഫിന് താല്‍പ്പര്യം. പക്ഷെ മാണി അതിനെ അംഗീകരിക്കില്ല. മാണിയെ തള്ളാന്‍ യുഡിഎഫ് നേതൃത്വത്തിനും സാധിക്കില്ല. അതേസമയം മാണിയുടെ സമ്മര്‍ദത്തില്‍ ജോസഫിനെയും കൂട്ടരെയും ഒഴിവാക്കാനും യുഡിഎഫ് തയ്യാറാവില്ല. ചരല്‍ക്കുന്നിലെ തീരുമാനത്തിന് ശേഷം മാണി ഇടതുപക്ഷത്തേക്ക് കണ്ണുംനട്ട് നിന്നപ്പോള്‍ ജോസഫും കൂട്ടരുമാണ് യുഡിഎഫിനെ പിന്തുണച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജോസ് കെ മാണി നടത്തുന്ന കേരള യാത്രക്കിടെയാണ് സമാധാന സന്ദേശവുമായി ഗാന്ധിജി സ്റ്റഡി സെന്ററിന്റെ ബാനറില്‍ തിരുവനന്തപുരത്ത് നാളെ പിജെ ജോസഫ് പ്രാര്‍ത്ഥനാ യജ്ഞത്തിനെത്തുന്നത്. പാര്‍ട്ടിയിലെ പിളര്‍പ്പടക്കം നിര്‍ണായക ഘട്ടങ്ങളിലൊക്കെ ഇതിന് മുമ്പും പിജെ ജോസഫ് ഗാന്ധിജി സ്റ്റഡി സെന്ററിനെ കൂട്ടുപിടിച്ചിട്ടുണ്ട്.

ബാര്‍ കോഴ ആരോപണത്തെ തുടര്‍ന്ന് മുന്നണി വിടാന്‍ മാണി തീരുമാനിച്ചത് മുതല്‍ രണ്ട് വര്‍ഷം യുഡിഎഫിന് പുറത്ത് നിന്നതും വീണ്ടും തിരിച്ചെത്തിയതും അടക്കം എല്ലാറ്റിലും കെഎം മാണിയുടെ ഏകപക്ഷീയ താല്‍പര്യം ഉണ്ടായെന്നാണ് ജോസഫിന്റെ ആക്ഷേപം.

രണ്ടാമതൊരു സീറ്റ് വേണമെന്ന് ജോസഫ് പറയുന്നത് കടുപ്പിച്ച് തന്നെയാണ്. ഒരു ലോക്‌സഭാ സീറ്റ് കൂടി കിട്ടണമെന്ന ഉറച്ച നിലപാടിലാണ് അദ്ദേഹം. അതേസമയം രണ്ട് സീറ്റ് മുന്നണിയില്‍ ആവശ്യപ്പെട്ട് പിജെ ജോസഫിനെ കൂടെ നിര്‍ത്താനുള്ള തന്ത്രപരമായ നീക്കമാണ് കെഎം മാണിയും ജോസ് കെ മാണിയും ഇപ്പോള്‍ നടത്തുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top