Flash News

മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ 2019 ജനുവരി 18ലെ ഇടയലേഖനം: ഒരു അവലോകനം

January 30, 2019 , ചാക്കോ കളരിക്കല്‍

Chacko Kalarikalസീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ ജനുവരി 07 മുതല്‍ 18 വരെ നടന്ന മെത്രാന്‍ സിനഡിനോട് അനുബന്ധിച്ച് സഭാ തലവന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ജനുവരി 18, 2019ല്‍ പ്രസിദ്ധീകരിച്ച സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം വായിക്കുവാനിടയായി. സിനഡില്‍ സംബന്ധിച്ച മെത്രാന്മാര്‍ എല്ലാവരുടെയും നിര്‍ദേശപ്രകാരമാണ് ആ സര്‍ക്കുലര്‍ ഇറക്കുന്നതെന്ന് അദ്ദേഹം അതില്‍ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. അപ്പോള്‍ സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എല്ലാ മെത്രാന്മാരുടെയും പൊതുവായ തീരുമാനമാണെന്നതില്‍ സംശയിക്കേണ്ട കാര്യമില്ല.

അടുത്ത കാലത്ത് സീറോമലബാര്‍ സഭയില്‍ നടന്ന പല അനഭിലഷണിയവും അരാജത്വം സൃഷ്ടിച്ചതുമായ സംഭവങ്ങളെ പരാമര്‍ശിക്കാതെ മനഃപൂര്‍വം മറച്ചുവെച്ചുകൊണ്ട് വളരെ ഉപരിപ്ലവപരവും അത്യധികം അധികാര ദാര്‍ഷ്ട്യത്തോടെയും നീതിക്കുവേണ്ടി പോരാടുന്ന എല്ലാവരെയും കാനോന്‍ നിയമമെന്ന ഉമ്മാക്കി കാണിച്ച് അടിച്ചമര്‍ത്താമെന്നുള്ള തെറ്റായ ചിന്തയോടെയും എഴുതിവിട്ട ആ സര്‍ക്കുലര്‍ സാമാന്യബുദ്ധിയുള്ള ഒരു വിശ്വാസിക്കും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ഒന്നല്ല. മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ ഭൂമി കള്ളക്കച്ചവടം, ഫ്രാങ്കോയുടെ കന്ന്യാസ്ത്രിയോടുള്ള ലൈംഗിക അതിക്രമം, പീലിയാനിക്കലിനെപ്പോലുള്ളവരുടെ സാമ്പത്തിക വെട്ടിപ്പ് തുടങ്ങിയ അനവധി കുറ്റകൃത്യങ്ങളെ സംബന്ധിച്ച് ഒരക്ഷരം മിണ്ടാതെ സത്യത്തിനും നീതിക്കും വേണ്ടി പോരാടിയവരെ നല്ലപാഠം പഠിപ്പിക്കുമെന്ന് താക്കീതു നല്‍കുന്ന ഈ സര്‍ക്കുലര്‍ ഇന്‍ക്വിസിഷന്‍ (Inquisition) കാലത്തെ മട്ടിലും ശൈലിയിലുമാണ് എഴുതി ഇറക്കിയിരിക്കുന്നത്!

സഭാതനയരുടെ കഠിന അദ്ധ്വാനഫലമായ എര്‍ണാകുളംഅങ്കമാലി അതിരൂപതയുടെ ഭൂമി ആ രൂപതയുടെ മെത്രാപ്പോലീത്തയായ മാര്‍ ആലഞ്ചേരി കള്ളക്കച്ചവടം നടത്തിയെങ്കില്‍ ആ തിരിമാറിയെപ്പറ്റി പഠിക്കേണ്ടതും പരിഹാരം കണ്ടെത്തേണ്ടതും റോമിലെ ഫ്രാന്‍സിസ് പാപ്പ നിയോഗിക്കുന്ന വ്യക്തിയാണോ? അത് ഇന്ത്യാ ഗവണ്മെന്റിന്റെ നിയമപ്രകാരമല്ലേ കൈകാര്യം ചെയ്യപ്പെടേണ്ടത്? അതുകൊണ്ട് മാനന്തോടത്ത് മെത്രാന്‍ സ്വീകരിച്ച നിലപാടുകള്‍ക്കും നടപടികള്‍ക്കും സിനഡ് എന്തിന് പിന്തുണ നല്‍കുന്നുയെന്ന് മനസ്സിലാകുന്നില്ല. കൂടാതെ, അദ്ദേഹം സ്വീകരിച്ച നിലപാടെന്ത്? നടപടിയെന്ത്? യാതൊരു വിശദികരണവുമില്ല. മെത്രാന്മാര്‍ നാലുപേരുംകൂടി ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്താല്‍ ഒരു ക്രിമിനല്‍ കുറ്റം ഇല്ലാതാകുമോ? അതുസംബന്ധമായി എല്ലാവരും വാപൊത്തി ഇരുന്നുകൊള്ളണം എന്നാണ് സിനഡിന്റെ നിര്‍ദേശം പോലും! സഭാതനയരുടെ ഒരു ഗതികേടേ! കോടികള്‍ കൊണ്ടുപോയി തുലച്ചവരുതന്നെ മറ്റുള്ളവര്‍ വായടച്ച് ഇരുന്നുകൊള്ളണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. എന്താ, അച്ചന്മാരും അല്‌മേനികളും ആടിമകാളാണെന്നാണോ മെത്രാന്മാര്‍ കരുതുന്നത്?

സഭയില്‍ അച്ചടക്ക രാഹിത്യം ആര്, എന്തിന് ഉണ്ടാക്കിയെന്ന് മെത്രാന്‍സംഘം വിലയിരുത്തണമായിരുന്നു. ഒന്നാമതായി, എറണാകുളംഅങ്കമാലി അതിരൂപതയിലെ വസ്തു കള്ളക്കച്ചവടം നടത്തിയ സഭാതലവനായ മാര്‍ ആലഞ്ചേരിയാണ് ആദ്യം അച്ചടക്കലംഘനം നടത്തിയത്. കാനോന്‍ നിയമത്തെത്തനെ ആധാരമാക്കി അതിനെ ചോദ്യം ചെയ്തവര്‍ എങ്ങനെ അച്ചടക്കലംഘകരാകും? വെട്ടിപ്പും തട്ടിപ്പും കാണിച്ചിട്ട് അത് ന്യായീകരിക്കാന്‍ പൗലോസ് അപ്പോസ്തലനെ കൂട്ടുപിടിച്ച് ‘അരാജകത്വത്തിന്റെ അരൂപിയെപ്പറ്റി’ പ്രസംഗിക്കാന്‍ ഈ മെത്രാന്മാര്‍ക്ക് നാണമില്ലേ? പരിശുദ്ധാത്മാവിന്റെ അഭിഷേകവും നിത്യാരാധന നടത്തിയ കാര്യവുമെല്ലാം സര്‍ക്കുലറില്‍ പരാമര്‍ശിക്കുന്നത് സഭാധികാരികളുടെ വൃത്തികേടുകളെ പുതപ്പിട്ടുമൂടാന്‍ ഉപയോഗിച്ചിരുന്ന പഴഞ്ചന്‍ ഭക്തിപ്രകടനമാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം. ഇന്നത്തെ മനുഷ്യര്‍ വിദ്യാസമ്പന്നരാണ്. ഭൂമി കച്ചവടത്തില്‍ മാര്‍ ആലഞ്ചേരിക്ക് തെറ്റുപറ്റിയെങ്കില്‍ അന്തസായി അത് ഏറ്റുപറഞ്ഞ് സഭയോട് ക്ഷമ പറയണം. തെറ്റ് ആര്‍ക്കും സംഭവിക്കാം. തെറ്റിനെ ക്ഷമിക്കാനുള്ള വലിയ മനസ്സ് സീറോമലബാര്‍ വിശ്വാസികള്‍ക്കുണ്ടെന്നാണ് എന്റെ വിശ്വാസം. മറിച്ച്, സത്യം വിളിച്ചുപറഞ്ഞവരെ ക്രൂശിക്കാനുള്ള പ്രവണത അഹങ്കാരത്തിന്റെ തള്ളല്‍കൊണ്ടാണ് ഉണ്ടാകുന്നത്.

എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് സീറോ മലബാര്‍ സഭയിലുള്ള ശ്രേഷ്ഠ പദവി എല്ലാവര്‍ക്കും അറിവുള്ളതാണ്. മെത്രാന്‍ സിനഡിന്റെ പ്രത്യേക അനുസ്മരണം അതിന് ആവശ്യമില്ല. ആ അതിരൂപതയെ കടത്തിലാക്കിയതിന്റെ കാരണവും അതിന് കാരണക്കാരനായ വ്യക്തിയുടെ മേല്‍ സിനഡ് എന്തു നടപടിയുമാണ് സ്വീകരിച്ചിരിക്കുന്നത് എന്നാണ് വിശ്വാസികള്‍ക്ക് അറിയേണ്ടത്. വിശ്വാസികളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമം നിര്‍ത്തി കാര്യത്തിലേക്ക് കടന്ന് മെത്രാന്മാരെ നിങ്ങള്‍ സത്യം പറയുവിന്‍. സഭയില്‍ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയ ആലഞ്ചേരിക്കും ഫ്രാങ്കോയ്ക്കും റോബിനും പീലിയാനിക്കലിനും മറ്റും നിങ്ങള്‍ എന്ത് ശിക്ഷണ നടപടിയാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് എന്നെപ്പോലുള്ള സാധാരണ വിശ്വാസികള്‍ക്ക് അറിയാന്‍ ആഗ്രഹമുണ്ട്. സഭയില്‍ നടമാടുന്ന കൊള്ളരുതായ്മകളെയും പകല്‍ കൊള്ളകളെയും വെളിച്ചത്ത് കൊണ്ടുവരുന്ന മാധ്യമങ്ങളെയും സംഘടനകളെയും സഭാവിരുദ്ധ ഗ്രൂപ്പുകളാക്കി മുദ്രകുത്തി അറബിക്കടലില്‍ തള്ളാമെന്ന് മെത്രാന്മാര്‍ ചിന്തിക്കുന്നത് വെറും ബാലിശമല്ലേ? നോക്കണേ, ഇവരുടെ അവമതി! സോഷ്യല്‍ മീഡിയായെവരെ ഇവര്‍ നിലയ്ക്ക് നിര്‍ത്തുമെന്നാണ് വീമ്പിളക്കുന്നത്. അതുകൊണ്ടാണല്ലോ സത്യം തുറന്നു പറയുന്ന ഓണ്‍ലൈന്‍ പത്രങ്ങളെയും ‘നാമമാത്ര’ സംഘടനകളെയും നിലയ്ക്ക് നിര്‍ത്താന്‍ നിയമനടപടിയിലേയ്ക്ക് നീങ്ങാന്‍ മെത്രാന്മാര്‍ തീരുമാനിച്ചത്. പണച്ചാക്കിന്റെ പുറത്തു കയറിയിരിക്കുന്ന ഇവര്‍ക്ക് ഓണ്‍ലൈന്‍ മാധ്യമങ്ങളെവരെ നിലയ്ക്കുനിര്‍ത്താന്‍ മോഹം കാണും. അത് ഫാസിസ്റ്റ് ചിന്താഗതിതന്നെ. ഓണ്‍ലൈന്‍ പത്രങ്ങള്‍ നടത്തുന്നവര്‍ക്കും അല്മായ സംഘടനകള്‍ക്കും മെത്രാന്മാരുടെ അനുവാദത്തിന്റെ ആവശ്യമില്ല. ഗവണ്‍മെന്റിന്റെ അംഗീകാരമാണ് വേണ്ടത്. മെത്രാന്മാര്‍ മീഡിയ കമ്മീഷനെ നിയമിച്ച് എല്ലാം ശരിയാക്കാമെന്ന് വിചാരിക്കുന്നത് ഭോഷത്തമാണെന്ന് പറയാതിരിക്കാന്‍ വയ്യ. മെത്രാന്മാര്‍ക്ക് ഓശാന പാടാത്ത സംഘടനകള്‍ സഭാവിരുദ്ധ സംഘടനകള്‍. അത്തരം സംഘടനകളെ മെത്രാന്‍സിനഡ് വെറുതെയങ്ങ് തള്ളിക്കളഞ്ഞിരിക്കുന്നു. ഫ്രാങ്കോ വിഷയത്തില്‍ കേരളത്തിലെ നീതിബോധമുള്ള എല്ലാവരും ഒറ്റക്കെട്ടായിനിന്ന് സമരം നടത്തി. പക്ഷെ മെത്രാന്മാരുടെ അഭിപ്രായത്തില്‍ ചുരുക്കം ചില വ്യക്തികളാണ് സമരത്തിന് പിന്നില്‍. സമരം മാധ്യമസൃഷ്ടിയാണെന്നുള്ള മെത്രാന്മാരുടെ കണ്ടുപിടുത്തത്തെ അംഗീകരിക്കുന്ന വിഡ്ഢികളാണോ വിശ്വാസികള്‍? യഥാര്‍ത്ഥത്തില്‍ സഭയിലെ അരാജകത്വത്തിന് ചുരുക്കം ചില വ്യക്തികളാണ് കാരണക്കാര്‍. അത് മറ്റാരുമല്ല. വിശ്വാസികള്‍ സമാഹരിച്ച വസ്തുവകകള്‍ കള്ളക്കച്ചവടം നടത്തുന്ന മെത്രാന്മാരും വൈദികരും; ലൈംഗിക അതിക്രമങ്ങള്‍ ചെയ്യുന്ന മെത്രാന്മാരും വൈദികരും. ആ സത്യം മെത്രാന്‍സിനഡ് തിരിച്ചറിഞ്ഞ് വേണ്ട തിരുത്തല്‍ നടപടികള്‍ സ്വീകരിച്ചാല്‍ സഭയിലെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമുണ്ടാകുമായിരുന്നു. കന്ന്യാസ്ത്രികളെയും വല്ലവരുടെ ഭാര്യമാരെയും പെണ്‍മക്കളെയും കുട്ടികളെയും ലൈംഗികമായി പീഡിപ്പിച്ചെന്ന് അറിഞ്ഞാല്‍ ആ കുറ്റവാളികളെ ന്യായീകരിച്ച് പിന്തുണയ്ക്കുന്ന സഭാ മേലധികാരികളുടെ പ്രവണത നിങ്ങള്‍ അവസാനിപ്പിക്കുക. മെത്രാന്മാര്‍ക്കും അച്ചന്മാര്‍ക്കും ഉള്ള അമിത അധികാരം, അവര്‍ അര്‍ഹിക്കാത്ത ബഹുമാനം, അധിക സമ്പത്ത് എല്ലാം എടുത്തുകളയുക.  രൂപതാധ്യക്ഷന്മാര്‍ക്കും മേജര്‍ സുപ്പീരിയര്‍മാര്‍ക്കുമേ വിവരമൊള്ളൂയെന്ന് ആ സര്‍ക്കുലര്‍ വായിച്ചപ്പോള്‍ തോന്നിപ്പോയി. വൈദികരെയും കന്ന്യാസ്ത്രികളെയും കുട്ടികളെപ്പോലെ നോക്കിക്കാണുന്നത് ബാലിശമല്ലേ?

വഞ്ചി സ്‌ക്വയറിലെ സമരത്തില്‍ എന്തുകൊണ്ട് വൈദികരും സന്ന്യസ്തരും പൊതുജനങ്ങളും പങ്കെടുത്തുയെന്ന് മെത്രാന്മാര്‍ സിനഡില്‍ ആലോചിക്കേണ്ടതായിരുന്നു. വൈദികരും കന്ന്യാസ്ത്രികളും എത്രയോ പ്രാവശ്യം എന്തെല്ലാം കാര്യങ്ങളില്‍ കേരളത്തിലെ പൊതുസമരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. അന്നൊന്നും തോന്നാത്ത അച്ചടക്കലംഘനവും ശിക്ഷണനടപടികളും മെത്രാന്മാര്‍ക്കെതിരായി നടന്ന സമരമായപ്പോള്‍ പൊന്തിവന്നിരിക്കുന്നു. മേജറും ഫ്രാങ്കോയും റോബിനും പീലിയാനിക്കലുമൊക്കെ പുണ്യവാന്മാര്‍. നീതിക്കുവേണ്ടി സമരം ചെയ്തവര്‍ സഭയിലെ അച്ചടക്ക ലംഘകര്‍! സഭാതനയര്‍ കാലാകാലങ്ങളായി അദ്ധ്വാനിച്ചുണ്ടാക്കിയ സഭാവസ്തുക്കള്‍ വിറ്റു തുലച്ച മെത്രാന്മാര്‍ വിശുദ്ധര്‍. അത് ചോദ്യംചെയ്ത വൈദികരും വിശ്വാസികളും അച്ചടക്ക ലംഘകര്‍!! വെറും മെത്രാനും, കര്‍ദിനാള്‍ മെത്രാനും ജനങ്ങളുടെ കോടതിയില്‍ വിചാരണ ചെയ്യപ്പെടുന്നത് സഭയെ സംബന്ധിച്ചിടത്തോളം ദയനീയമല്ലേ?

‘സഭാതനയര്‍ കാലാകാലങ്ങളില്‍ അദ്ധ്വാനിച്ചുണ്ടാക്കിയ സഭയുടെ വസ്തുവകകളും സ്ഥാപനങ്ങളും സര്‍ക്കാരിനെ ഏല്പിക്കണമെന്നു വാദിക്കുന്ന സംഘടനകളെയും സഭയുടെ സുതാര്യതയ്ക്കുവേണ്ടി എന്ന വ്യാജേന സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളെയും സിനഡ് പൂര്‍ണമായും തള്ളിക്കളയുന്നു.’ അമ്പമ്പോ! ഈ പച്ചക്കള്ളം സര്‍ക്കുലറില്‍ എഴുതിവിടാന്‍ മെത്രാന്‍ സിനഡിന് നാണമില്ലാത്തത് അത്ഭുതം തന്നെ. പ്രധാനമായി രണ്ട് നുണകളാണ് ആ പ്രസ്താവനയില്‍ ഉള്ളത്. ഒന്ന്: ‘സഭയുടെ വസ്തുവകകളും സ്ഥാപനങ്ങളും സര്‍ക്കാരിനെ ഏല്പിക്കുന്നു’. സുപ്രീം കോടതി ജഡ്ജിയും നിയമ പരിഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍മാനുമായിരുന്ന അന്തരിച്ച ശ്രീ വി. ആര്‍. കൃഷ്ണ അയ്യര്‍ നിയമമാക്കാന്‍ വേണ്ടി കെരളാ ഗവണ്മെന്റിന് സമര്‍പ്പിച്ചിരിക്കുന്ന “The Kerala Christian Church Properties And Institutions Trust Bill, 2009” എന്ന ബില്ലിന്റെ പേരുപോലും പറയാന്‍ മെത്രാന്മാര്‍ക്ക് അറപ്പു തോന്നുന്നു എന്ന് വ്യക്തം. സഭയുടെ സ്വത്തുക്കള്‍ ഇടവകകളാലും രൂപതാകളാലും തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ വഴി സുതാര്യമായി ഭരിക്കപ്പെടണം എന്നതാണ് ആ ബില്ലുകൊണ്ട് ഉദ്ദേശിക്കുന്നത്. ക്രിസ്തീയ സഭകളുടെ സ്വത്തുക്കള്‍ ഭരിക്കാന്‍ ഇന്ന് നിലവില്‍ നിയമമില്ല. ആ കുറവിനെ ഗവണ്‍മെന്റ് നിയമത്തിലൂടെ തിരുത്തണമെന്നാണ് നിയമ പരിഷ്‌കരണ കമ്മീഷന്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മാര്‍തോമാ നസ്രാണി ക്രിസ്ത്യാനികളുടെ പൂര്‍വ പാരമ്പര്യവും പൈതൃകവുമായ പള്ളിപൊതുയോഗത്തിലൂടെ പള്ളികളുടെ സ്വത്തുക്കള്‍ ഭരിക്കുന്നതിനെ പുനഃസ്ഥാപിക്കല്‍ മാത്രമാണ് എന്ന് ആ ബില്ലിനെ പഠിക്കുന്ന ഏതൊരു വ്യക്തിക്കും ബോധ്യമാകും. മറിച്ച്, സഭയുടെ വസ്തുക്കളും സ്ഥാപനങ്ങളും സര്‍ക്കാരിനെ ഏല്പ്പിക്കുകയല്ലാ ആ ബില്ലുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. പള്ളിസ്വത്തുക്കള്‍ മെത്രാന്മാരുടെ പിടിയില്‍നിന്നും വിശ്വാസികളിലേയ്ക്ക് മാറുന്നത് അവര്‍ക്ക് താത്പര്യമുള്ള കാര്യമല്ല. അതുകൊണ്ടാണ് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍വേണ്ടി ഇങ്ങനെയൊക്കെ പച്ചക്കള്ളം എഴുതിവിടുന്നത്. ഇത്തരം കാര്യങ്ങളില്‍ വിശ്വാസികള്‍ ജാഗ്രത ഉള്ളവര്‍ ആയിരിക്കണം എന്നാണ് എന്റെ അഭിപ്രായം. രണ്ട്: ‘സഭയിലെ സുതാര്യതയ്ക്കുവേണ്ടി എന്ന വ്യാജേന സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളെ സിനഡ് തള്ളിക്കളയുന്നു’. എറണാകുളം അങ്കമാലി അതിരൂപതയിലെ വസ്തുക്കള്‍ കര്‍ദിനാള്‍ ആലഞ്ചേരി സുതാര്യതകൂടാതെ വിറ്റുതുലച്ചതിനെ ചേദ്യം ചെയ്തതും കന്ന്യാസ്ത്രിയെ ഫ്രാങ്കോ ലൈംഗീകമായി പീഡിപ്പിച്ച വിഷയത്തില്‍ നീതിക്കുവേണ്ടി സമരം സംഘടിപ്പിച്ചതും സംഘടനകളുടെ സഭാവിരുദ്ധ പ്രവര്‍ത്തനങ്ങളാണോ? ‘ദൈവത്തില്‍നിന്നും കിട്ടിയ അധികാരം’കൊണ്ട് മെത്രാന്മാര്‍ക്ക് ഏതു കള്ളത്തരങ്ങളും കൊള്ളത്തരങ്ങളും ചെയ്യാം, അല്മായരോ അല്മായ സംഘടനകളോ അതിനെ ചോദ്യം ചെയ്യാന്‍ പാടില്ല എന്ന വ്യാജേന തട്ടിവിടുന്ന കടിച്ചാല്‍ പൊട്ടുകയില്ലാത്ത നുണകള്‍ പ്രബുദ്ധരായ വിശ്വാസികള്‍ വിഴുങ്ങുമോ? തലശ്ശേരി അതിരൂപതയിലെ സഹായമെത്രാന്‍ മാര്‍ ജോസഫ് പാംബ്‌ളാനിയെപോലുള്ള, നുണ പറയുന്നതില്‍ ഡോക്ടറേറ്റ് എടുത്തിട്ടുണ്ടോയെന്ന് സംശയിക്കാവുന്ന, മെത്രാന്മാരും അച്ചന്മാരും ‘ചര്‍ച്ച് ആക്ട്’ നെപ്പറ്റി നുണപ്രചാരണത്തിന് പള്ളി പ്രസംഗങ്ങള്‍ ഉപയോഗിക്കുന്നത് ദൈവജനത്തോടുള്ള ഗുരുതരമായ വിശ്വാസ വഞ്ചനയല്ലേ? വീണ്ടും, വിശ്വാസികളെ നിങ്ങള്‍ ജാകരൂകരായിരിക്കുവിന്‍. ദൈവവിശ്വാസമോ നീതിബോധമോ ഇല്ലാത്ത മെത്രാന്മാര്‍ തങ്ങളുടെ നിലനില്പിനും അധികാരത്തിനും സുഖജീവിതത്തിനും വേണ്ടി ഏത് തറ നിലപാടിനും നുണപ്രചാരണത്തിനും തയ്യാറാകുമെന്ന് നാം മനസ്സിലാക്കണം. സത്യത്തിനും നീതിക്കുംവേണ്ടി നിലകൊള്ളുന്ന വ്യക്തികളും അവരുടെ സംഘടനകളും സഹനത്തിലൂടെ യേശുവിന്റെ ശിഷ്യരാകുമെന്നുള്ള പ്രത്യാശ നമ്മെ നയിക്കട്ടെ. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി സ്ഥാപിച്ച സഭയല്ല, യേശുവാണ് നമ്മുടെ ഗുരുവും മാര്‍ഗദര്‍ശിയും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top