Flash News

നവകേരള നിര്‍മാണത്തിന് 25 പദ്ധതികള്‍: വന്‍ പ്രഖ്യാപനങ്ങളുമായി ഐസകിന്റെ ബജറ്റ് അവതരണം

January 31, 2019

budതിരുവനന്തപുരം: പ്രളയത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കുന്നു. കുമാരനാശാന്റെ സീതയിലെ വരികള്‍ ഉദ്ധരിച്ച് രാഷ്ട്രീയ വിമര്‍ശനങ്ങളോടെയാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണം തുടങ്ങിയത്. 1.45 ലക്ഷം കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിക്കുന്നത്.

നവകേരള നിര്‍മാണത്തിന് 25ഓളം പദ്ധതികളാണ് ബഡ്ജറ്റില്‍ വിലയിരുത്തിയിട്ടുളളത്. റീബില്‍ഡ് കേരള, കിഫ്ബി തുടങ്ങിയവയുമായി ബന്ധപ്പെട്ടാണു പദ്ധതികള്‍ സംഘടിപ്പിക്കുന്നത്. പ്രളയാനന്തര കേരളം നിര്‍മിക്കാന്‍ കേരളം സാമ്പത്തിക സഹായം തേടിയപ്പോള്‍ അതിനോട് മുഖം തിരിച്ച കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് ക്രൂരത കാട്ടി. രണ്ട് മാസത്തെ ചര്‍ച്ചകള്‍ക്ക് ശേഷം കേരളത്തിനുള്ള സാമ്പത്തിക സഹായത്തില്‍ 1800 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചു. ഇത് കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കി. വായ്പാ പരിധി ഉയര്‍ത്തണമെന്നാവശ്യപ്പട്ടിട്ടും അത് അംഗീകരിച്ചില്ല. സൗഹൃദ രാജ്യങ്ങള്‍ നല്‍കിയ സഹായം പോലും വാങ്ങാന്‍ അനുവദിച്ചില്ലെന്നും ധനമന്ത്രി പറഞ്ഞു.

3229 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരത്തു നവോത്ഥാന പഠന മ്യൂസിയം നിര്‍മിക്കും. വനിതാ മതിലിന്റെ പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും കലാകാരികള്‍ ചരിത്ര സ്മൃതികളെ ശാശ്വതമാക്കുന്ന സ്മാരക മതിലുകള്‍ സൃഷ്ടിക്കും. ഇതിന് ലളിത കലാ അക്കാദമി മുന്‍കൈ എടുക്കും. പ്രളയത്തിന് ശേഷം കേരളം കണ്ട രണ്ടാമത്തെ ദുരന്തമാണ് ശബരിമല പ്രക്ഷോഭമെന്നും തോമസ് ഐസക് പറഞ്ഞു.

thomas-issac-2

ബജറ്റിലെ പ്രഖ്യാപനങ്ങള്‍

* നവോത്ഥാനത്തെക്കുറിച്ച് സമഗ്ര പഠന മ്യൂസിയം തിരുവനന്തപുരത്ത് സ്ഥാപിക്കും

* വനിതാമതിൽ ഉയർന്ന പാതയിൽ എല്ലാ ജില്ലകളിലും നവോത്ഥാന ആശയങ്ങളെക്കുറിച്ച് പറയുന്ന മതിൽച്ചിത്രങ്ങൾ വരയ്ക്കും.  ലളിതകലാഅക്കാദമി മുൻകൈയെടുക്കും.

*  സ്ത്രീ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സ്ത്രീകളിലൊരാൾക്ക് വർഷത്തിലൊരിക്കൽ ദാക്ഷായണി വേലായുധന്റെ പേരിലുള്ള ഒരു പുരസ്കാരം നൽകും. ഇതിനായി രണ്ട് കോടി രൂപ നീക്കി വച്ചു

* കൊച്ചിയില്‍ ജിസിഡിഎ അമരാവതി മാതൃകയില്‍ ടൗണ്‍ഷിപ്പുകള്‍

* കൊച്ചിന്‍ റിഫൈനറിക്ക് എഫ്എസിടിയുടെ 600 ഏക്കര്‍ ഏറ്റെടുക്കും

* തൊഴിലുറപ്പ് പദ്ധതിയില്‍ വിഹിതം 250 കോടി

* പ്രളയബാധിത പഞ്ചായത്തുകള്‍ക്ക് 250 കോടി

* ജീവനോപാധി വികസനത്തിന് 4500 കോടി

* അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 75 കോടി

* വ്യവസായ പാര്‍ക്കുകളും കോര്‍പ്പറേറ്റ് നിക്ഷേപങ്ങളും വരും

* കിഫ്ബിയില്‍ നിന്നുള്ള 15600 കോടി ഉപയോഗിച്ച് 6700 ഏക്കര്‍ ഭൂമി ഏറ്റെടുക്കും

* കണ്ണൂര്‍ വിമാനത്താവള പരിസരത്ത് വ്യവസായ സമുച്ചയങ്ങള്‍

* പാരിപ്പള്ളി, വെങ്ങോട് തുടങ്ങിയ സ്ഥലങ്ങളില്‍ വ്യവസായ, വൈജ്ഞാനിക വളര്‍ച്ചാ ഇടനാഴികള്‍

* കുടിയൊഴിപ്പിക്കല്‍ ഒഴിവാക്കും.അടഞ്ഞ വ്യവസായ സ്ഥാപനങ്ങളുടെ ഭൂമി ഉപയോഗിക്കും

* നാളികേര കൃഷി പ്രത്സാഹനത്തിന് പദ്ധതി

* ബജറ്റിന്റെ പദ്ധതി അടങ്കല്‍ 39,807 കോടി രൂപ

* സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ക്ക് 700 കോടി

*  വയനാട്ടിലെ കുരുമുളക് കൃഷി പുനരുദ്ധരിക്കാന്‍ 10 കോടി

* വയനാട്ടിലെ കാപ്പി കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. മലബാര്‍ എന്ന പേരില്‍ വയനാട്ടിലെ കാപ്പി വിപണിയിലെത്തിക്കും

* വ്യവസായ പാര്‍ക്കുകള്‍ക്ക് 141 കോടി രൂപ

* കേര ഗ്രാമം പദ്ധതിക്ക് 43 കോടി

* 1000 കോടി രൂപയുടെ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചു

* 1000 കോടി രൂപ വാര്‍ഷിക പദ്ധതിയില്‍ കേരള പുനര്‍നിര്‍മ്മാണത്തിനായി വകയിരുത്തി

* ഐടി പാര്‍ക്കുകളില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം ഒരു ലക്ഷത്തില്‍ നിന്ന് രണട്് ലക്ഷമാക്കി ഉയര്‍ത്തും

* റബറിന് താങ്ങുവിലയായി 500 കോടി വകയിരുത്തി

* പുളിങ്കുന്നില്‍ ഹെലികോപ്റ്റര്‍ ഇറങ്ങാവുന്ന ആശുപത്രിക്ക് 150 കോടി. 2019-20ല്‍ 500 കോടി രൂപയെങ്കിലും ചെലവഴിക്കും

* 1000 കോടി രൂപയുടെ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചു. കുടിവെള്ള പദ്ധതിക്ക് 250 കോടി. പുറംബണ്ട് അറ്റകുറ്റപ്പണിക്ക് 43 കോടി. കൃഷിനാശം നേരിടാന്‍ 20 കോടി

*  കടലാക്രമണമുള്ള തീരത്ത് നിന്ന് മാറിത്താമസിക്കുന്നവര്‍ക്ക് വീടിന് 10 ലക്ഷം വീതം ലഭ്യമാക്കും. ഇവരുടെ പുനരധിവാസത്തിന് 100 കോടി രൂപ നീക്കിവെക്കുന്നു.

*  സ്വകാര്യ നിക്ഷേപത്തെ അകമഴിഞ്ഞ് സ്വീകരിക്കുന്നു. പൊതുമേഖലാ വികസനത്തിന് 299 കോടി രൂപ

* സിയാല്‍ മാതൃകയില്‍ ടയര്‍ കമ്പനി

* കുട്ടനാട്ടില്‍ 16 കോടിയുടെ താറാവ് ഫാം

* 20 കോടി രൂപ ചെലവില്‍ മൂന്ന് റൈസ് പാര്‍ക്കുകള്‍. പാര്‍ക്കുകള്‍ വരുമ്പോള്‍ നെല്ലിന്റെ താങ്ങുവില കൂട്ടും

* 10 ലക്ഷം തെങ്ങിന്‍തൈകള്‍ വിതരണം ചെയ്യും

* കേരഗ്രാമം പദ്ധതിക്ക് 43 കോടി വകയിരുത്തി

* അടുത്ത രണ്ട് വര്‍ഷം കൊണ്ട് റോഡുകളുടെ മുഖച്ഛായ മാറ്റും

* പ്രാദേശിക പ്രത്യേകതകള്‍ കണക്കിലെടുത്ത് ഡിസൈനര്‍ റോഡുകള്‍

* പൊതുമരാമത്ത് വകുപ്പിന് ബജറ്റില്‍ 1367 കോടി, കൂടുതല്‍ ചെലവഴിക്കും

* 2022നകം 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍

* കെഎസ്ആര്‍ടിസി പൂര്‍ണമായി ഇലക്ട്രിക് ബസുകളിലേക്ക് മാറും

* ഇ-മൊബിലിറ്റി ഫണ്ടിന് 12 കോടി, 1000 ഇ-ഓട്ടോറിക്ഷകള്‍ക്ക് സബ്‌സിഡി

* എല്ലാ സ്വകാര്യ ഇലക്ട്രിക് വാഹനങ്ങള്‍ക്കും നികുതി ഇളവ്

* നഗരങ്ങളില്‍ സ്വകാര്യസഹായത്തോടെ ബാറ്ററി ചാര്‍ജിങ് കേന്ദ്രങ്ങള്‍

* തിരുവനന്തപുരം-കാസര്‍ഗോഡ് സമാന്തര റയില്‍പാത നിര്‍മ്മാണം ഈ വര്‍ഷം

* 515 കിലോമീറ്റര്‍ പാതയ്ക്ക് 55,000 കോടി രൂപ ചെലവ്

* കാസര്‍ഗോഡ്-തിരുവനന്തപുരം യാത്ര നാല് മണിക്കൂറില്‍ പൂര്‍ത്തിയാകും

* കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാന്‍ കെഎസ്ആര്‍ഡിസി

വയനാടിന് ഒട്ടേറെ പാക്കേജുകള്‍; വയനാട്ടിലെ കാപ്പി പൊടി മലബാര്‍ കാപ്പി, പൂകൃഷിക്ക്‌ പ്രത്യേക സോണ്‍

ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച 2019ലെ ബജറ്റില്‍ വയനാടിന് ഒട്ടേറെ പാക്കേജുകള്‍. പ്രളയം ഒട്ടേറെ നാശം വിതച്ച വയനാട് ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്ന പ്രതിസന്ധി മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് വയനാടിന് പ്രത്യേക പാക്കേജുകള്‍.

നവകേരളത്തിന് 25 പദ്ധതികളാണ് പ്രഖ്യാപിക്കുന്നതെന്ന് ബജറ്റ് അവതരിപ്പിക്കുന്നതിനിടെ തോമസ് ഐസക് വ്യക്തമാക്കി. ബജറ്റില്‍ ആകെ വകയിരുത്തിയ തുക 1.42 ലക്ഷം കോടിയാണ്. വയനാട്ടിലെ കാപ്പി പൊടി മലബാര്‍ കാപ്പി എന്ന പേരില്‍ ആഗോളതലത്തില്‍ ബ്രാന്‍ഡ് ചെയ്യും. ജില്ലയില്‍ മരംവെച്ചുപിടിപ്പിക്കാന്‍ ബാങ്ക് വായ്പ അനുവദിക്കും. വയനാടിനെ പൂകൃഷിക്കുളള പ്രത്യേക സോണാക്കി പ്രഖ്യാപിക്കുമെന്നും ബജറ്റില്‍ പറയുന്നു. വയനാട്ടിലെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.

പ്രവാസി ക്ഷേമ പദ്ധതികള്‍ക്കും ബജറ്റില്‍ പ്രാധാന്യം

പ്രവാസി ക്ഷേമ പദ്ധതികള്‍ക്കും പ്രാധാന്യം നല്‍കിയുള്ളതാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റ്. തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് സാന്ത്വനം പദ്ധതി പ്രഖ്യാപിച്ചു. ഇതിനായി 25 കോടിയാണ് നീക്കിവെക്കുന്നത്.

പ്രവാസിസംരംഭകര്‍ക്ക് പലിശസബ്‌സിഡിക്ക് 15 കോടി രൂപ പ്രഖ്യാപിച്ചു. പ്രവാസികളുടെ മൃതദേഹങ്ങള്‍ വീട്ടിലെത്തിക്കുന്നതിനുള്ള ചെലവ് നോര്‍ക്ക വഹിക്കും. പ്രവാസിക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കാന്‍ പ്രത്യേക നിക്ഷേപപദ്ധതി നടപ്പാക്കും. കേരള ബാങ്ക് ഈ വര്‍ഷം തുടങ്ങും. കേരള ബാങ്കില്‍ പ്രവാസികള്‍ക്ക് നിക്ഷേപം നടത്താന്‍ സൗകര്യമൊരുക്കും. നിക്ഷേപശേഷി 57000 കോടിയില്‍ നിന്ന് 64000 കോടിയായി ഉയരും.

സ്ത്രീകള്‍ക്കായി മാത്രം മാറ്റിവെക്കുന്നത് 1420 കോടി രൂപയാണ്. 25000 പാവപ്പെട്ട സ്ത്രീകള്‍ക്ക് 400-600 രൂപ പ്രതിദിനവരുമാനം ഉറപ്പാക്കും. ജീവനോപാധി വിപുലീകരണ പദ്ധതിക്ക് ഊന്നല്‍ നല്‍കും. അയല്‍ക്കൂട്ടങ്ങള്‍ക്ക് ബാങ്ക് വഴി 3500 കോടി രൂപ വായ്പ അനുവദിക്കും. കുടുംബശ്രീവഴി 12 ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡിങ്ങും വിപണനവും. ആദിവാസി ഉല്‍പ്പന്നങ്ങള്‍, കരകൗശലവസ്തുക്കള്‍ തുടങ്ങിയ ബ്രാന്‍ഡ് ചെയ്യും.

വിശപ്പുരഹിതകേരളത്തിന് 20 കോടി രൂപ നീക്കിവെക്കും. ആലപ്പുഴ, ചേര്‍ത്തല പരീക്ഷണം കേരളം മുഴുവന്‍ വ്യാപിപ്പിക്കും.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top