Flash News

അമേരിക്കന്‍ മലയാള സാഹിത്യം മരിക്കയില്ല: തോമസ് ഫിലിപ്പ് പാറയ്ക്കമണ്ണില്‍ റാന്നി

January 26, 2019

THOMAS PHILIP PROFILE PIC reduced‘അമേരിക്കന്‍ മലയാള സാഹിത്യം മരിക്കുകയാണ്, വേദയോടെ’ എന്ന പ്രൗഢസുന്ദരവും അര്‍ത്ഥസമ്പന്നവുമായ ലേഖനത്തില്‍ ഇന്നത്തെ അമേരിക്കന്‍ മലയാള സാഹിത്യത്തെപ്പറ്റി ശ്രീ.ജയന്‍ വര്‍ഗീസ് സത്യസന്ധമായ ഒരു വിലയിരുത്തല്‍ നടത്തിയിരിക്കുന്നു. ലേഖകന് എന്റെ അഭിനന്ദനങ്ങള്‍!

മലയാള ഭാഷാ സ്‌നേഹികളും അമേരിക്കന്‍ മലയാള സാഹിത്യകാരന്മാരുമായ എത്രയാളുകള്‍ ലേഖകന്റെ ഈ അഭിപ്രായത്തോട് യോജിപ്പുള്ളവരായിട്ടുണ്ട്? അമേരിക്കന്‍ മലയാള സാഹിത്യം എന്നു പറയുന്നത് അനൗചിത്യമാണെങ്കിലും ലക്ഷകണക്കിന് മലയാളികള്‍ വസിക്കുന്ന രാജ്യങ്ങളിലൊക്കെ മലയാള സാഹിത്യവുമുണ്ട്. ആ വിധത്തില്‍ അമേരിക്കയിലും മലയാള സാഹിത്യമുണ്ട്. ആ വിധത്തില്‍ അമേരിക്കയിലും മലയാള സാഹിത്യമുണ്ട്. അമേരിക്കന്‍ മലയാള സാഹിത്യം കേരളത്തിലെപ്പോലെ സജീവമല്ലെന്നേയുള്ളൂ. അതിന് പല കാരണങ്ങളുമുണ്ട്. കേരളത്തിലെ എഴുത്തുകാര്‍ക്കുള്ള അനുകൂല സാഹചര്യങ്ങളൊന്നും അമേരിക്കയിലെ മലയാളി എഴുത്തുകാര്‍ക്ക് ഇല്ലെന്നുള്ളതാണ് അതില്‍ പ്രധാനപ്പെട്ടത്.

മലയാള സാഹിത്യം മൊത്തമായിട്ട് ഇന്ന് വളര്‍ച്ചയില്ലാതെ മുരടിച്ചു നില്‍ക്കയാണ്. ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും ഇന്ന് ആര്‍ക്കും ഒന്നിലുമില്ല. ഭാഷയോടും സാഹിത്യത്തോടുമൊക്കെ അങ്ങനെ തന്നെ. എന്റെ അറിവില്‍ അധികം മലയാളികളും തമിഴരെപ്പോലെയോ തെലുങ്കരെപ്പോലെയോ കന്നടക്കാരെപ്പോലെയോ സ്വന്തം ഭാഷയോട് ആത്മാര്‍ത്ഥമായ സ്‌നേഹമുള്ളവരല്ല. സ്വന്തം ഭാഷയായ മലയാളത്തില്‍ സംസാരിക്കുന്നത് എന്തോ വലിയ പോരായ്മയായി കരുതുന്ന ഒരു വിഭാഗം മലയാളികളുണ്ട്. തമിഴരും തെലുങ്കരും, കന്നടക്കാരും, മറാത്തികളും ഗുജറാത്തികളും പഞ്ചാബികളും ഹിന്ദിക്കാരുമൊക്കെ അവരുടെ കുട്ടികളോടും കുടുംബാംഗങ്ങളോടും സ്വന്തം ഭാഷയില്‍ ആശയവിനിമയം ചെയ്യുമ്പോള്‍ അല്‍പ്പനും പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായ ഒത്തിരി മലയാളികള്‍ യൂറോപ്യന്‍ ഇംഗ്ലീഷിലും അമേരിക്കന്‍ ഇംഗ്ലീഷിലും മാത്രമേ മക്കളോടും ഭാര്യയോടും സംസാരിക്കുകയുള്ളൂ! പിന്നെങ്ങനെ മലയാളം വളരും? ഇനിയെങ്കിലും മലയാളികള്‍ സ്വന്തം ഭാഷയില്‍ മറ്റു മലയാളികളോട് സംസാരിക്കട്ടെ. അതാണ് ഉചിതം.

കേരളത്തിലെ ഇന്നത്തെ യുവതലമുറയ്ക്ക് മലയാള സാഹിത്യത്തെക്കുറിച്ചോ സാഹിത്യകാരന്മാരെപ്പറ്റിയോ മലയാളത്തിലെ മഹാകവികളെക്കുറിച്ചോ അവരുടെ കൃതികളെപ്പറ്റിയോ മലയാള പൈതൃകങ്ങളെക്കുറിച്ചോ വേണ്ടുന്ന അറിവില്ല. ലക്ഷക്കണക്കിനു വിദേശ മലയാളികളുടെ മക്കളുടെ കാര്യം പറയുകയും വേണ്ട! ഒരിക്കല്‍ ബാഗ്ലൂരില്‍ നിന്നും നാട്ടിലേക്കുള്ള എന്റെ ഒരു ട്രെയിന്‍ യാത്രയില്‍ അടുത്തിരുന്ന ബാംഗഌര്‍കാരി ഒരു മലയാളി കോളേജ് കുമാരിയോട് ഞാന്‍ മലയാളത്തില്‍ കുശലാന്വേഷണം നടത്തിയപ്പോള്‍ ചിരിച്ചുകൊണ്ടവള്‍ എന്നോട് പറഞ്ഞു ‘അങ്കിളേ എനക്ക് മലയാലം അരിയത്തില്ല’ എന്ന്. അച്ഛനും അമ്മയും മലയാളികളുമാണ്. ഇനിയും കൂടുതല്‍ ഒന്നും ഇതെപ്പറ്റി പറഞ്ഞിട്ട് കാര്യമില്ല. ഇപ്പോള്‍ കേരളംപോലും മലയാളികള്‍ക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്യുന്നു!

കിട്ടുന്ന ഒഴിവു സമയങ്ങളില്‍ മാതാപിതാക്കള്‍ക്ക് ഭവനത്തില്‍ തങ്ങളുടെ കുട്ടികളെ പഠിത്ത കാര്യങ്ങളെപ്പറ്റിയോ ആഹാരാരോഗ്യകാര്യങ്ങളെപ്പറ്റിയോ സനാതന സത്യധാര്‍മ്മികമൂല്യങ്ങളെക്കുറിച്ചോ ഒക്കെ പല നല്ല കാര്യങ്ങളും സ്വന്തം ഭാഷയില്‍ പറഞ്ഞ് പഠിപ്പിക്കാവുന്നതല്ലേ? സ്വന്തം ഭാഷ സംസാരിക്കാനെങ്കിലും അവരെ പഠിപ്പിക്കുന്നതുകൊണ്ട് നന്മയല്ലാതെ മറ്റുദോഷമൊന്നും കുട്ടികള്‍ക്ക് ഉണ്ടാകുകയുമില്ലല്ലോ. മലയാളത്തെ അനാദരിക്കുന്നത് മലയാളി തന്നെ!
ദീര്‍ഘനാള്‍ വിദേശങ്ങളില്‍ ജീവിക്കുന്ന മക്കള്‍ കുടുംബമായി മാതാപിതാക്കളെ ഒക്കെ കാണാനായി വല്ലപ്പോഴും ഒരിക്കല്‍ നാട്ടിലെത്തുമ്പോള്‍, മക്കളെ മലയാളം പറയാന്‍ പഠിപ്പിക്കാത്തതുകൊണ്ട് പരസ്പരം ഒരു വാക്ക് ഉരിയാടാനോ യഥാര്‍ത്ഥമായ സ്‌നേഹപ്രകടനങ്ങള്‍ നടത്താന്‍ കഴിയാതെയും സങ്കടപ്പെട്ട് അകന്നു കഴിയുന്ന ആയിരമായിരം കൊച്ചു മക്കളും മുത്തഛിമാരും മുത്തച്ഛന്മാരുമുണ്ട്! മലയാളിയുടെ അല്‍പ്പത്തവും പൊങ്ങച്ചങ്ങളും വരുത്തി വെക്കുന്ന വിനകളാണിത്. തമിഴനും തെലുങ്കനുമൊന്നും ഈ ഗതികേടില്ല. സ്വന്തം മക്കളോട് സ്വന്തം ഭാഷയില്‍ ആശയവിനിമയം ചെയ്യാന്‍ പഠിപ്പിക്കാത്ത മലയാളികളെപ്പോലെ വിഡ്ഢികളായ മറ്റൊരു ജാതിയും ഇന്ന് ഭൂമുഖത്തില്ല! മലയാളിക്ക് മനോഹരമായ അവന്റെ മലയാള ഭാഷയോട് പുച്ഛമെങ്കില്‍ പിന്നെങ്ങനെ മലയാളം ഔന്നിത്യം പ്രാപിക്കും? അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ മലയാളം മാനിക്കപ്പെടും? അമേരിക്കയിലെ 56 കളിക്കാര്‍ക്ക് കൊടുക്കപ്പെടുന്ന പ്രതിഫലമെങ്കിലും ഇവിടത്തെ എഴുത്തുകാര്‍ക്ക് കൊടുക്കേണ്ടതല്ലേ?

അമേരിക്കയില്‍ മലയാളഭാഷയും സാഹിത്യവും ഇത്രയും വളരുവാനും വികാസം പ്രാപിക്കുവാനുമുള്ള മുഖ്യകാരണം ഭാഷാസ്‌നേഹികളും സഹൃദയരും പ്രതിഭാശാലികളുമായ ചില സുകൃതാത്മാക്കള്‍ ഇവിടെ ആരംഭിച്ച് നടത്തിക്കൊണ്ടുപോകുന്ന മലയാള മാധ്യമങ്ങളും, കലാസാംസ്‌ക്കാരിക സംഘടനകളും മലയാളം സ്‌ക്കൂളുകളും മറ്റുപല സ്ഥാപനങ്ങളുമാകുന്നു. പലവിധ പ്രതിബന്ധങ്ങളെയും പ്രതികൂല സാഹചര്യങ്ങളെയുമൊക്കെ തരണം ചെയ്തുകൊണ്ട് ഇവ നടത്തിക്കൊണ്ട് പോകുവാന്‍ സാധിക്കുന്നത് ബന്ധപ്പെട്ട ഇതിന്റെ നേതൃത്വ നായകന്മാര്‍ക്ക് മലയാള ഭാഷയോടും സംസ്‌കാരത്തോടും സാഹിത്യത്തോടുമൊക്കെയുള്ള അദമ്യമായ സ്‌നേഹവും അര്‍പ്പണബോധവും കൊണ്ടാകുന്നു എന്നുള്ളതിന് സംശയമില്ല. നീണ്ട 30 വര്‍ഷത്തോളം ആത്മാര്‍ത്ഥമായ പത്രസേവനം(കൈരളി) ഒറ്റയ്ക്ക് നടത്തിയ ശ്രീ. ജോസ് തയ്യിലിനെ ആദരപൂര്‍വ്വം ഞാന്‍ ഇവിടെ സ്മരിക്കുകയും ചെയ്യുന്നു.

അമേരിക്കയിലെ മലയാള മാധ്യമങ്ങളും, പത്രാധിപന്മാരും മറ്റു പത്രപ്രവര്‍ത്തകരും, എഴുത്തുകാരും, സാഹിത്യകാരന്മാരുമൊക്കെ മലയാള ഭാഷയ്ക്കും അമേരിക്കയിലെ മലയാള സാഹിത്യത്തിനും വേണ്ടി ചെയ്തുകൊണ്ടിരിക്കുന്ന നിസ്തുലവും നിഷ്‌ക്കാമവും നിസ്തന്ദ്രവുമായ സേവനങ്ങളെ ഇത്തരുണത്തില്‍ ഞാന്‍ ഹൃദയംഗമായി അഭിനന്ദിക്കുകയും ചെയ്തുകൊള്ളുന്നു.

അമേരിക്കന്‍ മലയാളി സാംസ്‌ക്കാരിക സംഘടനകള്‍ കേരളത്തില്‍ ചെയ്തു കൊണ്ടിരിക്കുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു. എന്നാല്‍ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ വിഷമ സന്ധികളെ അഭിമുഖീകരിച്ച് ജീവിക്കുന്ന പാവപ്പെട്ട അമേരിക്കന്‍ മലയാളികളെ കൂടി ഈ സാംസ്‌ക്കാരിക സംഘടനകള്‍ ്അന്വേഷിക്കേണ്ടതല്ലേ? സേവിക്കേണ്ടതല്ലേ? ‘പേര് പൊന്നമ്മയെന്ന് കഴുത്തില്‍ വാഴനാര്’ എന്നു പറഞ്ഞതു പോലെ പേര് ‘അമേരിക്കന്‍ മലയാളി സാംസ്‌ക്കാരി സംഘടന’ എല്ലാ കൂടിയാട്ടവും ശിങ്കാരിമേളകളും കേരളത്തിലും! ദിവസവും ഓരോ മനുഷ്യ ജീവികള്‍ ദൈവത്തിന്റെ നാട്ടില്‍ അറുക്കപ്പെടുന്നു. കൊല്ലപ്പെടുന്നു. കൂടുതലും സ്ത്രീകള്‍! ഇവിടെത്തെയോ കേരളത്തിലെയോ സാംസ്‌ക്കാരിക നേതാക്കന്മാരോ എഴുത്തുകാരോ ആള്‍ ദൈവങ്ങളോ യോഗിമാരോ പുരോഹിതന്മാരോ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ അരും കൊലകള്‍ക്കെതിരേ ശബ്ദിക്കയില്ല! മലയാളി മറ്റുള്ളവരുടെ ദുരന്തങ്ങള്‍ കണ്ട് രസിക്കുന്നവനാണ്! ‘മരിച്ചത് താന്‍ അല്ലല്ലോ,’ ഇതാണ് അധികം മലയാളികളുടേയും മനോഗതവും മനസ്സാക്ഷിയും ഇന്ന്!

ഇനിം രസകരമായ മറ്റൊരു കാര്യം, അമേരിക്കയില്‍ നടത്തപ്പെടുന്ന മലയാളി സമ്മേളനങ്ങളെ അലങ്കരിക്കുവാന്‍ കേരളത്തില്‍ നിന്നും നെറ്റിപ്പട്ടം കെട്ടിയ ഗുരുവായൂരപ്പന്മാരെ വരുത്തികൊണ്ടുനടക്കുന്നതാണ്! അമേരിക്കന്‍ മലയാളികളുടെ മറ്റൊരു തരം താഴ്ച! നാടിന് നാലു കാശിന്റെ നന്മ ചെയ്യാത്ത രാഷ്ട്രീയ നേതാവോ സിനിമാ നടനോ നടിയോ പഞ്ചായത്ത് പ്രസിഡന്റോ ആയാല്‍ മതി. ഇതിനെയൊക്കെ എഴുന്നെള്ളിച്ച് അമേരിക്കയില്‍ എത്തിക്കുവാന്‍ മുടക്കുന്ന കാശുകൊണ്ട് വീടില്ലാതെ വാഷിംഗ്ടണിലെയും ന്യൂയോര്‍ക്കിലെയും വഴിയോരങ്ങളില്‍ രാത്രി തണുപ്പില്‍ കിടന്നുറങ്ങുന്ന പാവങ്ങള്‍ക്ക് ഓരോ നല്ല പുതപ്പു വാങ്ങി കൊടുത്തിരുന്നെങ്കില്‍ ഫൊക്കാനക്കൊക്കെ പുണ്യം കിട്ടിയേനേം! നര്‍മ്മമെഴുതിയതല്ലിത്; ഹൃദയസ്പര്‍ശിയായ സത്യമാകുന്നു. പ്രശസ്തരും കോടീശ്വരന്മാരുമായ അമേരിക്കന്‍ സുവിശേഷ പ്രഭാഷകന്മാര്‍ക്കും സഹജീവികളുടെ കഷ്ടങ്ങളും ദുഃഖങ്ങളും ബാധകമല്ല! ഈ ചൂഷകന്മാരായ സുഖിയന്മാര്‍ക്ക് ശിക്ഷ വരാതിരിക്കയില്ല.

അസൂയയാല്‍ നാം ആരെയും അപലപിക്കരുത്. ശത്രുക്കളിലുമുള്ള നന്മകളെയും നാം കാണണം. അമേരിക്കന്‍ മലയാളികളുടെ ഇടയിലുള്ള ജാതിമതരാഷ്ട്രീയ സമുദായ പ്രാദേശിക ഈശ്വരനിരീശ്വര വിശ്വാസ വേര്‍തിരിവുകളുടെ ചുവരുകളെ നമുക്ക് ഇടിച്ചു കളയാം. ജീവിക്കുവാന്‍ വേണ്ടി ഏഴാം കടലിനും ഇപ്പുറം വന്ന് കഴിയുന്ന മലയാളികള്‍ നിസ്സാരകാര്യങ്ങള്‍ക്കും സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്കും വേണ്ടി തമ്മില്‍ തമ്മില്‍ കലഹിക്കുന്നത് ദുഃഖകരമാകുന്നു. നാം ഒന്നാണ്. നമ്മുടെ ഭാഷ ഒന്നാണ്. കലയും സാഹിത്യവും സാംസ്‌ക്കാരവും ആഹാരവും മലയാളി പൈതൃകവും എല്ലാം ഒന്നാകുന്നു. സ്‌നേഹവും സന്തോഷവും സമാധാനവും വേദനയും ദുഃഖവും ഒന്നാകുന്നു!

“ഒരച്ഛനമ്മയ്ക്കു പിറന്ന മക്കള്‍
ഓര്‍ത്താലൊരൊറ്റത്തറവാട്ടുകാര്‍ നാം
നാഥന്റെ മുറ്റത്തില്‍ വിളഞ്ഞിടുന്ന
നന്മുന്തിരിക്കൊത്തു മനുഷ്യവര്‍ഗം”

ഇതല്ലേ സത്യം?

സെന്റ്‌ പോള്‍ പറഞ്ഞു “ഓരോരുത്തന്‍ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കണം” എന്ന്. മറ്റുള്ളവരുടെ ദോഷങ്ങളും തെറ്റുകളും മാത്രം കാണുന്നവരായി തീര്‍ന്നിരിക്കയാണ് മലയാളികള്‍ ഇന്ന്. പട്ടിണിമൂലം ഒരു റൊട്ടി മോഷ്ടിച്ച് കോടതികയറേണ്ടി വന്ന ഒരു വൃദ്ധയുടെ ഹൃദയസ്പര്‍ശിയായ കഥ ശ്രീ.ജോര്‍ജ് പുത്തന്‍കുരിശ് എഴുതിയത് ഇമലയാളിയില്‍ ഞാന്‍ വായിക്കുകയുണ്ടായി. ജീവിത സത്യങ്ങളെയും മാനുഷ്യമൂല്യങ്ങളെയും ഉയര്‍ത്തികാണിക്കുന്ന ഈ ദൃശമായ രചനകള്‍ കഥകളും കവിതകളും ലേഖനങ്ങളുമൊക്കെയായി അമേരിക്കന്‍ മലയാള മാധ്യമങ്ങളുടെ താളുകളെ സമ്പന്നമാക്കട്ടെ എന്ന് ഞാന്‍ ആശംസിച്ചുകൊള്ളുന്നു.

അമേരിക്കയിലും പ്രശസ്തരായ കവികളും കവയിത്രികളും കഥാകാരന്മാരും എഴുത്തുകാരും സാഹിത്യകാരന്മാരും പത്രപ്രവര്‍ത്തകരുമുണ്ട്.

ജര്‍മ്മന്‍കാരനായിരുന്ന ഗുണ്ടര്‍ട്ട് കേരളത്തില്‍ വന്ന് മലയാള ഭാഷയെ സ്‌നേഹിച്ചതിന്റെയും സേവിച്ചതിന്റെയും പകുതി സ്‌നേഹം അമേരിക്കന്‍ മലയാളികളും ആഗോള മലയാളികളും കേരളീയരും മലയാളത്തോട് കാണിക്കുമെങ്കില്‍ മലയാളഭാഷയും മലയാള സാഹിത്യവും ഒരിക്കലും അമേരിക്കയിലും ഒരിടത്തും മൊരടിച്ചു പോകയില്ല, മരിക്കയില്ല! ആര്‍ക്കും സംശയം വേണ്ട. അതിനു വേണ്ടത് ഇതാണ്:

“ഭാരതമെന്ന പേരുകേട്ടാലഭിമാന-
പൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ തിളയ്ക്കണം
്‌ചോര നമുക്കു ഞരമ്പുകളില്‍”

അമേരിക്കന്‍ മലയാള സാഹിത്യം തഴച്ച് വളര്‍ന്ന് മധുനിഷ്യന്ദികളായ ഉല്‍കൃഷ്ട കൃതികളുണ്ടായി കൈരളി ദേവിയെ അലങ്കരിക്കുവാന്‍ ഇടയാകട്ടെ എന്ന ഞാന്‍ ആശംസിക്കുകയും ചെയ്തുകൊള്ളുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top