മഞ്ഞുകാലം പ്രമാണിച്ച് ഞങ്ങള്‍ ഇപ്പോള്‍ ഫ്ളോറിഡയിലെ മയാമിയിലുള്ള മാര്‍ഗേറ്റിലാണ്. ഞങ്ങള്‍, അഞ്ചാറു കുടുംബം കാനഡയില്‍ മഞ്ഞുകാലം വരുമ്പോള്‍ പറന്ന് ഇക്കര ചാടും.വൃദ്ധയുവാക്കള്‍ എന്ന് വിശേഷിപ്പിക്കാവുന്ന കുറേപ്പേര്. ജരാനരകളെ അതിജീവിച്ച് വാര്‍ദ്ധക്യത്തെ പുല്ലുപോലെ വലിച്ചെറിഞ്ഞ് ജീവിക്കുന്ന പഴയ കുറേ കുടിയേറ്റക്കാര്‍.
വളരെ റിലാക്സ് (അനായാസം) ആയ ഒരു ജീവിത സപര്യ. നേരത്തെ ഉറങ്ങുക നേരത്തെ ഉണരുക. പ്രഭാത നടത്തം, ജിം, നീന്തല്‍, ഹൃസമായ മദ്ധ്യാഹ്ന മയക്കം, അതു കഴിഞ്ഞൊരു അമ്പത്താറുകളി, അങ്ങനെ വാര്‍ദ്ധക്യത്തെ തളരാതെ ആസ്വദിക്കാന്‍ ആവുന്ന ഒരു ജീവിത മുറ. അത് ഏപ്രില്‍ അവസാനിക്കുമ്പോള്‍ മഞ്ഞുകാലത്ത് പറന്നുപോയി വസന്താരംഭത്തില്‍ തിരിച്ചെത്തുന്ന കനേഡിയന്‍ ഗൂസുകളെപ്പോലെ വീണ്ടും ഞങ്ങള്‍ തിരികെ കാനഡയിലെത്തും.
പിന്നെ വസന്തകാലത്തിന്റെ വരവു കാത്തിരിക്കകയായി. പുതുജീവന്‍ പുല്‍തൊടികളില്‍ നാമ്പിടുമ്പോള്‍, വീണ്ടും തളിര്‍ക്കുന്ന വൃക്ഷത്തലപ്പുകള്‍പോലെ ജീവതത്തെ വീണ്ടും വരവേല്ക്കുകയായി. മഞ്ഞില്‍ ഉറഞ്ഞ് കരിവാളിച്ച നാമ്പുകളുടെ പുനരുദ്ധാരണത്തിന്റ ഉത്സാഹം പോല.
മെയ് മാസങ്ങളില്‍ പച്ചക്കറികളുടെ കുരു മുളപ്പിക്കുന്ന തിരക്ക്. ജൂണില്‍ കിളിച്ച് മുളച്ചുപൊങ്ങിയ തൈകള്‍ നടുന്ന തിരക്ക്. പിന്നെ കാറ്റിലാടുന്ന തൈകളുടെ വളര്‍ച്ചകള്‍ നിരീക്ഷിക്കുന്നതിലുള്ള ഉത്സാഹം. അവ പടര്‍ന്ന് പന്തലിക്കുമ്പോള്‍ പടങ്ങുകള്‍ കെട്ടി അവയില്‍ പടര്‍ത്തുന്ന തിരക്ക്. അവ പൂത്തുലഞ്ഞ് പൂക്കള്‍ വിരിഞ്ഞ് കായ്കള്‍ വേനലിന്റെ തങ്കക്കിരണങ്ങളില് മിന്നുമ്പോള്‍, ഒരു പ്രദക്ഷിണം അവസാനിക്കുന്നു. വീണ്ടും പഴയപടി, ഇലപൊഴിയും കാലം, മഞ്ഞ്, തണുപ്പ്, മറ്റെരു പ്രദക്ഷിണണത്തിന്റെ തയ്യാറെടുപ്പ്. വീണ്ടും ഫ്ളോറിഡയിലേക്ക്, മഞ്ഞുകാലത്തു നിന്നൊരു എസ്ക്കേപ്പ് !
ഫ്ളോറിഡയിലെ മാര്ഗേറ്റിലക്ക്, മഞ്ഞുകാലം എത്താറുതന്നെയില്ല, അക്കാലങ്ങളില്‍ ഇടക്കിടെ മഴ, ചെറിയ തണുപ്പ് അതങ്ങനെ തീരും. സീനിയഴ്സ് അപ്പാര്‍ട്ട്മെന്റ്, ജീവിത സായാഹ്നത്തെ സ്വപ്നംപോല ആക്കുമെന്നതാണ് ഇവിടുത്തെ അനുഭവങ്ങള്‍ കണ്ടാല്‍ തോന്നുക. പ്രായപരിധിയെപ്പറ്റി ചിന്തിക്കാതെ വൃദ്ധരായ സ്ത്രീപുരുഷര്‍, പൂളിന്റ അരികുകളിലെ കസേരകളിലിരുന്ന് പുകവലിക്കുകയും ഇടക്കിടെ നീരാടുകയും വെടിപറയുകയും പൊട്ടച്ചിരിക്കുകയും ചെയ്യുമ്പോള്‍ അവര്‍ക്ക് ജീവിതത്തിന് ദൈര്‍ഘ്യം കൂടുകയാണോ എന്ന് തോന്നിപ്പോകും. വീണ്ടുമാരു ആവേശം പോലെ പൂത്തു തളിര്‍ക്കുന്ന നൊസ്റ്റാള്ജിയായിലൂടെ മിക്കവരുമിവിടെ ചിലവിടുന്നത്. ബന്ധങ്ങളില്‍ നിന്നും അകന്ന് സതന്ത്രരായ വയോധികര്‍, അവര്‍ക്കേറെ സുഹൃത്ബന്ധമാണ് ആത്മബന്ധം. അവരുടെ തുടിപ്പുകള്‍ അനര്‍ഗളം ഒഴുകന്നു. പഴയ കപ്പിലെ പുതിയ വീഞ്ഞു പോലെ. അല്ലെങ്കില്‍ പഴയ ബോട്ടുകള്‍ക്ക് പുതിയ എന്ജിന് ഘടിപ്പിച്ചതുപേലെ! വടി കുത്തിയവരും കുത്താത്തവരും ഒഴുകുമ്പോള്‍ വായിലൊരു സിഗറട്ടോ, കൈയ്യിലൊരു പിക്കുട്ടിയോ ഇല്ലാത്ത വ്യദ്ധനാരികള് വിരളം!
സീനിയര്‍ സിറ്റിസണ്‍ അപ്പാര്‍ട്ടുമെന്റുകള്‍ വലിയൊരു പ്രദേശത്ത് ബല്റ്റുപോലെ ചുറ്റിക്കിക്കുന്നു, ഇടക്കിടെ ചെറിയ തടാകങ്ങളോടെ. നീണ്ടു വിസ്തൃതമായ പുല്‍ത്തകിടി. അണ്ണാറക്കണ്ണന്മാരും, വലിയ ഓന്തുകളും, താറാവുകളും, അവയുടെ കുഞ്ഞുങ്ങളും ചുറ്റി നടക്കുന്നു എവിടെയും, അവര്‍ക്ക് പതിച്ച് കിട്ടിയ ഭൂമിപോലെ. കാറ്റിനോട് ജീവിതകാലം മുഴുവന്‍ മല്ലടിക്കുന്ന ഉടഞ്ഞ ഒറ്റപ്പനകളിലും, തടാകങ്ങളിലെ ചെറുമരങ്ങളിലും, കുറ്റിക്കാടുകളിലും, വേട്ടയാടാന്‍ തയ്യാറായി താവളമടിക്കുകയും ചുറ്റിപ്പറക്കുകയും ചെയ്യുന്ന പരുന്തുകളും, കൊക്കുകളും, എവിടെയും സജീവം. ഇനി ഇവിടത്തെ വെള്ളിയാഴ്ചകള്‍ അന്തേവാസികളായ മലയാളികള്‍ ആഘോഷമാക്കി മാറ്റുന്നു. പോട്ട്ലക്ക്! എല്ലാവരും ഭക്ഷണ പാനീയങ്ങളുമായി മാറിമാറി ഒരോ അപ്പാര്ട്ടുമന്റിലും കൂടും, അതല്ലെങ്കില്‍ ക്ലബ് ഹൗസില്‍. ചില അവസരങ്ങളില്‍ ബാര്‍ബിക്യൂ! മുഖ്യ അതിഥി വൈന്‍! കാലിഫോര്‍ണിയന്‍ അല്ലെങ്കില്‍ ഓസ്ട്രലിയന്‍ എല്ലോടെയില്, അവ മെര്‍ലോട്ട്, ഷിര്‍സ്, കാബര്‍നെറ്റ്, അങ്ങനെ പലവവിധ ഉത്തേജന പാനീയങ്ങള്‍. അപ്പോള്‍ വൃദ്ധന്മാര് ചെറുപ്പക്കാരാകും, പഴയ കാലങ്ങളിലെ വീരകഥകള്‍, പ്രണയ കഥകള്‍, സാഹസിക കഥള്‍, അത് അവസാനിക്കുന്നത് ചിരിയരങ്ങില്‍! അതോടെ വെള്ളിയാഴ്ചയുടെ തിരശ്ശീല വീഴും! പിന്നെ രണ്ടു ദിനം പൂര്‍ണ്ണ വിശ്രമം, ശാബത്ത്!

Leave a Reply