Flash News

രണ്ട് ബജറ്റുകളുടെ രാഷ്ട്രീയം

February 3, 2019 , അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

piyusg-goyal-1തലേന്നും പിറ്റേന്നുമായി കേരളത്തിന്റെയും കേന്ദ്രത്തിന്റെയും ബജറ്റ് പുറത്തുവന്നത് പൊതുതെരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ്. അതുകൊണ്ട് സാമ്പത്തിക നയത്തോടൊപ്പമോ അതിലേറെയോ അവയെ നയിക്കുന്നത് തെരഞ്ഞെടുപ്പു രാഷ്ട്രീയവുമാണ്.

വെള്ളിയാഴ്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കു പകരം പീയൂഷ് ഗോയല്‍ അവതരിപ്പിച്ച കേന്ദ്രബജറ്റ് ഇടക്കാല ബജറ്റാണ്. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുന:സൃഷ്ടിക്കാനുള്ള ബാധ്യത നിറവേറ്റേണ്ട സമ്പൂര്‍ണ്ണ ബജറ്റാണ് തോമസ് ഐസക് വ്യാഴാഴ്ച അവതരിപ്പിച്ചത്. റവന്യൂ കമ്മിയുടെയും ധനകമ്മിയുടെയും കടുത്ത സമ്മര്‍ദ്ദവും പ്രതിസന്ധിയും നേരിട്ട് സുതാര്യമായ ഒരു സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കേണ്ട ബാധ്യത അതുകൊണ്ട് ഐസക്കിന്റെ തെരഞ്ഞെടുപ്പുകാല ബജറ്റിനുണ്ട്.

കാലാവധി തീരാന്‍ 46 ദിവസം മാത്രം ബാക്കിയുള്ള സര്‍ക്കാറിനുവേണ്ടി, തെരഞ്ഞെടുപ്പു പ്രഖ്യാപനത്തോടെ നിലവില്‍ ഇല്ലാതാകുന്ന സഭയില്‍ ഇടക്കാല ബജറ്റിന്റെ പരിധി ലംഘിക്കുകയായിരുന്നു ധനമന്ത്രിയുടെ ചുമതല വഹിച്ച പീയൂഷ് ഗോയല്‍. തെരഞ്ഞെടുപ്പു വര്‍ഷത്തില്‍ ഇടക്കാല ബജറ്റില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന പ്രഖ്യാപനങ്ങള്‍ പാടില്ലെന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ മാതൃകാ പെരുമാറ്റചട്ടവും. സര്‍ക്കാറിന്റെ അഞ്ചുവര്‍ഷ ഭരണത്തിന്റെ യഥാര്‍ത്ഥ സാമ്പത്തിക ചിത്രം താരതമ്യംചെയ്യുന്ന രേഖയായ സാമ്പത്തിക സര്‍വ്വേ ഇത്തവണ അവതരിപ്പിച്ചില്ല. 1961ല്‍ പ്രധാനമന്ത്രി നെഹ്‌റു തുടക്കമിട്ട ആ കീഴ് വഴക്കവും ആദ്യമായി ലംഘിച്ചു. ഇടക്കാല ബജറ്റ് പാര്‍ലമെന്റംഗങ്ങള്‍ക്കുപോലും സത്യസന്ധമായി വിലയിരുത്താനാവാത്ത വളയമില്ലാ ചാട്ടമായി.

രണ്ടു ഹെക്ടര്‍ താഴെ ഭൂമിയുള്ള കൃഷിക്കാര്‍ക്ക് പ്രതിമാസം 500 രൂപ എന്ന നിലയില്‍ വര്‍ഷം 6000 രൂപ നാല് ഗഡുക്കളായി അക്കൗണ്ടില്‍ എത്തിക്കുമെന്നാണ് വാഗ്ദാനം.

അസംഘടിത തൊഴിലാളികള്‍ക്ക് പ്രതിമാസം 3000 രൂപ പെന്‍ഷന്‍ പ്രഖ്യാപിച്ച പദ്ധതി, 5 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പൂര്‍ണ്ണ ആദായനികുതി ഇളവ് – ഇതെല്ലാം ബജറ്റ് അനുസരിച്ചും ഇടക്കാല ബജറ്റ് എന്ന നിലയിലും ചട്ടങ്ങളുടെയും വിശ്വാസ്യതയുടെയും ധാര്‍മ്മികതയുടെയും അതിരുകള്‍ തകര്‍ത്തു. പാര്‍ലമെന്റിന്റെ വിശ്വാസ്യതപോലും കാറ്റില്‍ പറത്തി.

തെരഞ്ഞെടുപ്പു കമ്മീഷന്റെ മാതൃകാ ചട്ടങ്ങളെ ലംഘിക്കുന്നത് ഒളിച്ചുപിടിക്കാന്‍ മുന്‍കാല പ്രാബല്യത്തോടെ 2018 – 19ലെ ബജറ്റില്‍ 20,000 കോടി രൂപ ഉള്‍പ്പെടുത്തുകപോലും ചെയ്തു. 2000 രൂപ പ്രധാനമന്ത്രിയുടെ സമ്മാനമായി ചെറുകിട കര്‍ഷകര്‍ക്ക് മാര്‍ച്ചില്‍തന്നെ എത്തിക്കും. വിദേശത്തെ കള്ളപ്പണത്തില്‍നിന്ന് ഓരോ പൗരന്റെയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ എത്തിക്കുമെന്ന മോദിയുടെ വാഗ്ദാനം പരിഹാസ്യമായതുകൊണ്ടുകൂടി ആകാം ഇത്.

ഈ പ്രഖ്യാപനങ്ങള്‍ക്ക് എവിടെനിന്നാണ് വരവ്, കുറവ് എവിടെ ആരെയൊക്കെ ബാധിക്കും- അതൊന്നും വ്യക്തമാക്കുന്നില്ല. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്ന നിലയില്‍ വിദഗ്ധനായ മന്ത്രി പീയൂഷ് ഗോയലിനെക്കൊണ്ട് ബി.ജെ.പിയുടെ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പു പത്രിക ബജറ്റാക്കി തുന്നിക്കെട്ടി അവതരിപ്പിക്കുകയായിരുന്നു പ്രധാനമന്ത്രി എന്നാണ് അനുഭവപ്പെട്ടത്.

പച്ചനിറത്തിലുള്ള കുപ്പായമണിഞ്ഞ് സഭയില്‍ ഇരുന്ന പ്രധാനമന്ത്രി ജാലവിദ്യക്കാരനെന്ന മട്ടിലുള്ള ധനമന്ത്രിയുടെ പ്രഖ്യാപന പ്രകടനങ്ങള്‍ക്കും അവകാശവാദങ്ങള്‍ക്കും തുടരെത്തുടരെ കയ്യടിച്ചു നേതൃത്വം നല്‍കി. ‘മോദി, മോദി’ എന്ന് ഭരണപക്ഷത്തുനിന്ന് അംഗങ്ങളും ആര്‍പ്പുവിളിച്ചു. തെരഞ്ഞെടുപ്പു പ്രഖ്യാപിക്കും മുമ്പുതന്നെ എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പു പ്രചാരണം പ്രതീകാത്മകമായി ലോകസഭയില്‍നിന്ന് ആരംഭിക്കുകയായിരുന്നു.

അഞ്ചുവര്‍ഷത്തെ വാജ്‌പേയി ഗവണ്മെന്റിന്റെ ഭരണത്തിന്റെ അവസാനം ഇന്ത്യ തിളങ്ങി എന്നായിരുന്നു ബി.ജെ.പിയുടെ അവകാശവാദം. ഇപ്പോള്‍ തെരഞ്ഞെടുപ്പു കഴിഞ്ഞ് മൂന്നുവര്‍ഷം ആകുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ 75-#ാ#ം വാര്‍ഷികം. പുതിയ ഇന്ത്യ അപ്പോള്‍ സ്വാര്‍ത്ഥകമാക്കുമെന്നാണ് പീയൂഷ് ഗോയല്‍ അവകാശപ്പെട്ടത്.

എല്ലാവര്‍ക്കും വീട്, ശൗച്യാലയം, വൈദ്യുതി. കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കും. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും ഇഷ്ടംപോലെ സ്വപ്നം സഫലീകരിക്കാനുള്ള അവസരങ്ങള്‍. ഇതാണ് പുതിയ ഇന്ത്യ. ഭീകരാക്രമണത്തില്‍നിന്നും വര്‍ഗീയതയില്‍നിന്നും ജാതിയില്‍നിന്നും അഴിമതിയില്‍നിന്നും സ്വജനപക്ഷപാതത്തില്‍നിന്നും സ്വതന്ത്രമാകുന്ന ഒരു ഇന്ത്യ!

2030 ആകുമ്പോഴേക്കും പത്തു ദര്‍ശനങ്ങള്‍ നടപ്പാക്കുമെന്നും ബജറ്റ് പ്രസംഗം ഉറപ്പുനല്‍കി. ദാരിദ്ര്യവും പോഷകാഹാരക്കുറവും നിരക്ഷരതയും ഇല്ലാത്ത, വന്‍ വളര്‍ച്ചയുടെയും തുല്യതയുടെയും സുതാര്യതയുടെയും ആധുനിക സമൂഹമാക്കി ഇന്ത്യയെ മാറ്റിയെടുക്കും.

ഭരണകാലമത്രയും കര്‍ഷകരുടെ ആവശ്യങ്ങളോട് മുഖംതിരിഞ്ഞുനിന്ന മോദി ഗവണ്മെന്റ് അവര്‍ക്ക് സ്ഥിരമായ ഒരു വാര്‍ഷിക വരുമാന പദ്ധതി പതിനൊന്നാം മണിക്കൂറിലാണ് പ്രഖ്യാപിച്ചത്. അക്കാര്യം ബജറ്റ് പ്രസംഗംതന്നെ വെളിപ്പെടുത്തി. 2018-19ല്‍ ധനക്കമ്മി 3.3 ശതമാനമാക്കിയിരുന്നു. പക്ഷെ, 2019-20 ലെ ബജറ്റില്‍ ധനകമ്മി 3.40 ആയി ഉയര്‍ന്നു. അടുത്തവര്‍ഷവും അതേ നിരക്കായിരിക്കും. കൃഷിക്കാരുടെ വരുമാന പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചതുകൊണ്ടാണ് ധനകമ്മി ഉയര്‍ന്നതെന്ന് പീയൂഷ് ഗോയല്‍ വെളിപ്പെടുത്തി. നടപ്പുവര്‍ഷത്തില്‍ 20,000 കോടിയും 2019-20ല്‍ 75,000 കോടി രൂപയും കൃഷിക്കാര്‍ക്കുവേണ്ടി നീക്കിവെക്കേണ്ടിവന്നതുകൊണ്ട്.

പാര്‍ലമെന്റിനു മുമ്പിലും രാജ്യവ്യാപകമായും കൃഷിക്കാര്‍ നടത്തിയ അതിശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് ഒടുവില്‍ ഫലമുണ്ടായി. കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പോകുന്നപോക്കിലെങ്കിലും മോദി സര്‍ക്കാറിന് അംഗീകരിക്കേണ്ടിവന്നു. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്നും വന്‍കിടക്കാരുടെ കോടികളുടെ കടം എഴുതിത്തള്ളുമ്പോള്‍ കൃഷിക്കാരെ സഹായിക്കാന്‍ തയാറല്ലെന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ തുടര്‍ച്ചയായ വിമര്‍ശനങ്ങളും.

കൃഷിക്കാര്‍ക്കൊപ്പം ഇടത്തരക്കാരെയും കൂടെനിര്‍ത്താനുള്ള ശ്രമമാണ് ആദായനികുതി ഇനത്തില്‍ ഇളവ് പ്രഖ്യാപിച്ചത്. ഗ്രാമങ്ങളില്‍ മാത്രമല്ല ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളായിരുന്ന നഗരങ്ങളിലും പിന്തുണയിടിഞ്ഞത് നികത്താന്‍ ഇടത്തരക്കാരെ സ്വാധീനിക്കാനാണിത്. അതോടൊപ്പം കോടിക്കണക്കില്‍ പേര്‍ തൊഴിലെടുക്കുന്ന അസംഘടിത മേഖലയിലെ തൊഴിലാളികളുടെ പിന്തുണനേടാനാണ് പെന്‍ഷന്‍ പദ്ധതി.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പത്തുകോടി തൊഴില്‍ വാഗ്ദാനംചെയ്ത് അധികാരത്തില്‍ വന്ന മോദി സര്‍ക്കാറിന്റെ അവസാനബജറ്റില്‍ തൊഴില്‍രഹിതരെ സംബന്ധിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കി. നാഷണല്‍ സാമ്പിള്‍ സര്‍വ്വേയുടെ പുതിയ റിപ്പോര്‍ട്ടുപ്രകാരം തൊഴിലില്ലായ്മ കഴിഞ്ഞ 45 വര്‍ഷങ്ങളിലെ ഏറ്റവും വലിയ നിരക്കായ 6.1ല്‍ എത്തിയിട്ടുണ്ടെന്ന വാര്‍ത്ത വലിയ വിവാദമാകുമ്പോള്‍. വിദ്യാഭ്യാസ മേഖലയെപ്പറ്റിയും ബജറ്റ് പ്രസംഗം നിശബ്ദമാണ്.

അഴിമതിക്കെതിരായ നടപടിയെക്കുറിച്ച് നാല് വാചകങ്ങളാണ് മന്ത്രി എഴുതി വായിച്ചത്. അഴിമതിമുക്ത ഭരണം നല്‍കിയെന്നും സുതാര്യതയുടെ യുഗം യാഥാര്‍ത്ഥ്യമാക്കിയെന്നും അവകാശപ്പെട്ട്. റഫാല്‍ അഴിമതി ആരോപണം രാജ്യത്ത് തിളച്ചുമറിയുമ്പോള്‍. വ്യവസായമേഖലയെക്കുറിച്ചും അര്‍ത്ഥഗര്‍ഭമായി മൗനംപാലിച്ചു.

നോട്ടു റദ്ദാക്കിയതിനെപ്പറ്റിയും വലുതായൊന്നും പറഞ്ഞില്ല. കള്ളപ്പണം ഇല്ലാതാക്കാന്‍ പ്രതിജ്ഞാബദ്ധമായ ഗവണ്മെന്റ് എന്ന നിലയില്‍ കഴിഞ്ഞ നാലരവര്‍ഷങ്ങളില്‍ സ്വീകരിച്ച നടപടികളുടെ കൂട്ടത്തില്‍ നോട്ടു റദ്ദാക്കലിനെയും പരാമര്‍ശിച്ചു.

കേരളം ഇന്ത്യയുടെ ഒരു സംസ്ഥാനം മാത്രമല്ല പ്രളയംകാരണം പുനര്‍നിര്‍മ്മിക്കേണ്ട, വളര്‍ച്ചയും ആവാസവ്യവസ്ഥയും തകര്‍ക്കപ്പെട്ട, പ്രത്യേക പരിഗണനവേണ്ട സംസ്ഥാനമാണ്. പ്രകൃതി സൗഹൃദമായും വികസനോന്മുഖമായും മുന്നോട്ടു കൊണ്ടുപോകേണ്ട നിര്‍ണ്ണായക ബാധ്യതയാണ് സംസ്ഥാന സര്‍ക്കാറിന്റേത്. അതിനൊരു കൈത്താങ്ങ് നല്‍കേണ്ട ബാധ്യത കേന്ദ്രസര്‍ക്കാറിനുണ്ടായിരുന്നു. അവരുടെ ബജറ്റ് ആ ബാധ്യത നിറവേറ്റിയില്ല.

പ്രളയംകൊണ്ട് സംസ്ഥാനത്തിനുണ്ടായ നഷ്ടം 31,000 കോടി രൂപയാണെന്ന് അന്താരാഷ്ട്ര ഏജന്‍സികള്‍ കണക്കാക്കുന്നു. ഇതിലേക്ക് കേന്ദ്രസര്‍ക്കാര്‍ ആകെ നല്‍കിയത് 3000 കോടിരൂപ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വിദേശത്തുനിന്നും ലഭിച്ചത് 3229 കോടിരൂപ. ഇതില്‍നിന്ന് അടിയന്തര പ്രളയാനന്തര കാര്യങ്ങള്‍ക്ക് ചെലവഴിച്ചത് 1733 കോടി രൂപ.

പ്രളയനഷ്ടമേറ്റവര്‍ക്ക് അടിയന്തര ദുരിതാശ്വാസം ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല. പ്രളയം ഒന്നിപ്പിച്ച കേരളീയരെ രാഷ്ട്രീയമായി ശബരിമല പ്രശ്‌നത്തിന്റെപേരില്‍ വീണ്ടും ഭിന്നിപ്പിച്ചു. പുനര്‍നിര്‍മ്മാണ അജണ്ടയും നവകേരള ലക്ഷ്യവും ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ലോകസഭാ തെരഞ്ഞെടുപ്പ് എന്ന രാഷ്ട്രീയ അജണ്ട മാത്രമായി.

thomas-issac-budgetഈ പശ്ചാത്തലത്തില്‍ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് വിഭാവനം ചെയ്യുന്നത് 1,15,354 കോടി രൂപയുടെ വരവും 1,24,125 കോടി ചെലവുമാണ്. പ്രളയ ദുരിതാശ്വാസത്തിന് 4700 കോടിരൂപ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ നികുതിവരുമാനം 10 ശതമാനത്തില്‍ മുരടിച്ചുനില്ക്കുന്നു. ചെലവ് പ്രതിവര്‍ഷം 16-17 ശതമാനം കൂടുന്നു. നവകേരള നിര്‍മ്മിതി ലക്ഷ്യമിട്ട് 25 പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രളയം വിഴുങ്ങിയതിന്റെ ആഘാതത്തിലും ഉത്ക്കണ്ഠയിലും കഴിയുന്ന സംസ്ഥാനത്തെ ജനങ്ങളില്‍നിന്ന് വിലകള്‍ക്ക് ഒരുശതമാനം സെസ് ചുമത്തി വരുമാനം കണ്ടെത്താനാണ് ബജറ്റിലെ നിര്‍ദ്ദേശം. പ്രളയക്കെടുതി പേറുന്ന ജനങ്ങള്‍ വാങ്ങുന്ന അത്യാവശ്യ വസ്തുക്കള്‍ക്ക് ഒരുശതമാനം സെസ് കൊടുക്കുക, അതിന്റെ പേരില്‍ സംസ്ഥാനത്താകെ ഉയരാന്‍ പോകുന്ന വിലക്കയറ്റത്തിന്റെ മറ്റൊരു പ്രളയം. അതാണ് വരാന്‍പോകുന്നത്.

ഇതില്‍നിന്ന് ആശ്വാസമായി പാവപ്പെട്ടവര്‍ക്ക് ധനമന്ത്രി അവരുടെ ക്ഷേമപെന്‍ഷനില്‍ 100 രൂപ വര്‍ദ്ധിപ്പിച്ചത് കേമമായി പലരും എടുത്തുപറയുന്നു. ഒരുവര്‍ഷത്തേക്ക് മോദിയുടെ സര്‍ക്കാര്‍ ഒരു കര്‍ഷക കുടുംബത്തിന് (പ്രകൃതി ദുരന്തത്തില്‍പെട്ടവര്‍ക്കുമാത്രം) പ്രതിമാസം 500 രൂപ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതും സംസ്ഥാന സര്‍ക്കാറിന്റെ 100 രൂപ പദ്ധതിയും താരതമ്യപ്പെടുത്തേണ്ടതുണ്ട്. മനുഷ്യദുരന്തത്തിന്റെ തുലാസില്‍ ഈ സമാശ്വാസ സഹായം തൂക്കിനോക്കേണ്ടതുണ്ട്.

സംസ്ഥാനം അതിഗുരുതരമായ ധനപ്രതിസന്ധിയിലാണെന്നും ധനസ്ഥിതി മെച്ചമാക്കാനോ വരുമാനം വര്‍ദ്ധിപ്പിക്കാനോ കഴിഞ്ഞില്ലെന്നും പറയുന്ന ധനമന്ത്രിയാണ് ധനക്കമ്മി 3 ശതമാനമായും റവന്യൂകമ്മി 1 ശതമാനമായും കുറയ്ക്കാന്‍ ലക്ഷ്യമിടുന്നത്. ജി.എസ്.ടി വരുമാനം നിലവിലെ 10 ശതമാനത്തില്‍നിന്ന് ഉയര്‍ത്തി 30 ശതമാനമാക്കുമെന്ന് പറയുന്നത്. നോണ്‍ പ്ലാന്‍ റവന്യൂ ചെലവുകള്‍ വെട്ടിക്കുറയ്ക്കാന്‍ ആവില്ലെന്നും പറയുന്നത്. 11,866 കോടി നികുതി കുടിശിക ഉണ്ടായിരുന്നെന്ന് കഴിഞ്ഞ ബജറ്റില്‍ പറഞ്ഞത് പിരിക്കാനാകാതെ ജനങ്ങളെ വീണ്ടും പിഴിയുന്നത്. ഈ വൈരുദ്ധ്യങ്ങള്‍ കാണാതെ എല്‍.ഡി.എഫ് ഗവണ്മെന്റിന്റെ ബജറ്റിനെയും സമീപിക്കാനാവില്ല.

42 ലക്ഷം കുടുംബങ്ങള്‍ക്ക് സഹായം ലഭിക്കുന്ന ആരോഗ്യ സുരക്ഷാ പദ്ധതി, രണ്ടാം കുട്ടനാട് പാക്കേജ്, ഇടുക്കിയിലും വയനാട്ടിലും പ്രളയാനന്തര പദ്ധതികള്‍, സിയാല്‍ മാതൃകയില്‍ കോട്ടയത്ത് റബ്ബര്‍ കമ്പനി ഇവ എടുത്തുപറയേണ്ടതുണ്ട്.

സ്ത്രീ ശാക്തീകരണത്തിനുള്ള വിഹിതം 4 ശതമാനം ഉയര്‍ത്തി 16 ശതമാനമാക്കിയത്, 18 ശതമാനം വരുന്ന വയോജനങ്ങളുടെ സേവനത്തിന് കുടുംബശ്രീയെ നിയോഗിക്കാനുള്ള പദ്ധതി തുടങ്ങി പഴയതും പുതിയതും ചേര്‍ത്തുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചത് ബജറ്റിലെ ശ്രദ്ധേയമായ നടപടിയാണ്. 55,000 കോടിരൂപയുടെ ആകാശ റെയില്‍പാതകൂടി മുഖ്യമന്ത്രിയുടെ നാട്ടിലൂടെ കടന്നുപോകുന്നുമുണ്ട്. ശബരിമലയിലെ പ്രതിസന്ധിക്ക് 100 കോടിരൂപ ദേവസ്വം ബോര്‍ഡിന് നഷ്ടപരിഹാരം. കിഫ്ബിയിലൂടെ 20,000 കോടിയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍.

എന്നാല്‍ സിയാല്‍ മാതൃകയില്‍ റബ്ബര്‍ കമ്പനി സ്ഥാപിക്കുമെന്നു പറയുകയും അതില്‍ സര്‍ക്കാര്‍ 26 ശതമാനമംമാത്രം ഓഹരി മുടക്കി ഒരു സ്വകാര്യ ടയര്‍ നിര്‍മ്മാണ കമ്പനിയെ നേതൃപങ്കാളിയാക്കുകയും ചെയ്യുമെന്നുള്ള പ്രഖ്യാപനം കേരളം പരിശോധിക്കേണ്ടിവരും. സിയാലും കണ്ണൂര്‍ വിമാനത്താവളവും സര്‍ക്കാറിന് ഭൂരിപക്ഷ ഓഹരികളുള്ള പദ്ധതികളാണെന്നിരിക്കെ.

ബജറ്റില്‍ പൊന്മാനായി അവതരിപ്പിച്ചു കാണുന്നത് സുതാര്യവും ഭരണഘടനാ വിധേയവുമല്ലാത്ത കിഫ്ബി എന്ന സാമ്പത്തിക സഹായ സ്രോതസ്സിനെയാണ്. കേന്ദ്രവിഹിതവും സംസ്ഥാന സമാഹരണവുമില്ലാതെ നവകേരളസൃഷ്ടി എന്ന ലക്ഷ്യം കിഫ്ബി സാക്ഷാത്ക്കരിക്കുമെന്നത് അവിശ്വസനീയം മാത്രമല്ല ദുരൂഹവുമായി അവശേഷിക്കുന്നു. ലോകബാങ്കില്‍നിന്നോ ഐ.എം.എഫില്‍നിന്നോ സഹായം സ്വപ്നം കാണുന്നുണ്ടെന്ന് സംശയിച്ചാല്‍ തെറ്റില്ല.

കേന്ദ്രം സംസ്ഥാനങ്ങളുടെ ചെലവില്‍ ധനപ്രതിസന്ധി മറികടക്കാന്‍ ശ്രമിക്കുകയാണെന്ന് കേന്ദ്രബജറ്റ് വിലയിരുത്തി സി.പി.എം പൊളിറ്റ് ബ്യൂറോ വിമര്‍ശിക്കുന്നത് ശ്രദ്ധേയമാണ്. ബജറ്റ് എസ്റ്റിമേറ്റിനേക്കാള്‍ നടപ്പുവര്‍ഷത്തെ കേന്ദ്ര സര്‍ക്കാറിന്റെ റവന്യൂ വരുമാനം ഉയര്‍ത്തിയത് ഉദാഹരണം. ജി.എസ്.ടിയിലെ സംസ്ഥാനങ്ങളുടെ പങ്കില്‍നിന്ന് 23639 കോടിരൂപ ഇതിനായി കുറച്ചു. സമാനമായി സംസ്ഥാന ജി.എസ്.ടിയില്‍ കുറയുമെന്ന് പി.ബി പറയുന്നു.

പി.ബി അംഗം നയിക്കുന്ന കേരള സര്‍ക്കാറിന്റെ ബജറ്റ് പ്രസംഗത്തില്‍ മോദി ഗവണ്മെന്റിനെതിരെ ഇത്തരമൊരു രാഷ്ട്രീയ വിമര്‍ശം ധനമന്ത്രി തോമസ് ഐസക് പക്ഷെ ഉന്നയിച്ചിട്ടില്ല.

നരേന്ദ്രമോദി ഗവണ്മെന്റിന്റെയും പിണറായി ഗവണ്മെന്റിന്റെയും സാമ്പത്തിക – നയ രാഷ്ട്രീയം ഒന്നാണെന്ന് ആത്യന്തികമായി രണ്ടു ബജറ്റും വ്യക്തമാക്കുന്നു.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top