Flash News

എന്‍ഡോസള്‍ഫാന്‍ സമരം; മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ച വിജയം; സഹകരിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് ദയാബായി

February 3, 2019

endosതിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ സമര സമിതിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ച വിജയിച്ചു. ഇതേ തുടര്‍ന്ന് തിരുവനന്തപുരത്ത് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. സമരം അവസാനിപ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചതായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയാണ് നടന്നത്.

സമര സമിതിയുടെ ആവശ്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കളക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. 2017ല്‍ തയ്യാറാക്കിയ പട്ടികയില്‍ 18 വയസിനു മുകളിലുള്ളവര്‍ക്ക് ഉടന്‍ ആനുകൂല്യം ലഭ്യമാക്കുമെന്നാണ് ചര്‍ച്ചയില്‍ ധാരണയായത്. മറ്റുള്ളവരുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു.

ചില കുട്ടികള്‍ക്ക് മെഡിക്കല്‍ പരിശോധനാ ദിവസങ്ങള്‍ക്കിടെ നടന്ന ഹര്‍ത്താല്‍ കാരണം മെഡിക്കല്‍ ക്യാമ്പില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതുമൂലം അവരുടെ ആനുകൂല്യങ്ങള്‍ നഷ്ടമായെന്ന് പരാതിയുണ്ടായിരുന്നു. ഇവര്‍ക്ക് വേണ്ടി വീണ്ടും മെഡിക്കല്‍ ക്യാമ്പ് നടത്തും. എന്‍ഡോസള്‍ഫാന്‍ ബാധിതമേഖലകളുടെ അതിര് ബാധകമാക്കാതെ 500 ഓളം കുട്ടികളെ കൂടി ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. സുപ്രീംകോടതി വിധിയിലെ അവ്യക്തത നീക്കാനും നടപടി ഉണ്ടാകുമെന്നും ചര്‍ച്ചയില്‍ ധാരണയായി.

അതേസമയം സമരത്തെ പിന്തുണച്ച എല്ലാവര്‍ക്കും സര്‍ക്കാറിനും നന്ദി അറിയിക്കുന്നതായി സാമൂഹിക പ്രവര്‍ത്തക ദയാബായി പ്രതികരിച്ചു. മന്ത്രിമാര്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളടക്കം കാര്യമായെടുക്കുന്നില്ലെന്നും ദയാബായി വ്യക്തമാക്കി.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ എല്ലാവര്‍ക്കും സഹായം എത്തിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ ബുധനാഴ്ചയാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങിയത്. ദുരിതബാധിതരുടെ സാധ്യതാ പട്ടികയില്‍ 1905 പേര്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും അന്തിമ പട്ടിക വന്നപ്പോള്‍ എണ്ണം 364 ആയി. ഇതില്‍ മാറ്റം ആവശ്യപ്പെട്ടായിരുന്നു സമരം. ഈ ആവശ്യം അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top