Flash News

അറേബ്യന്‍ ഉപദ്വീപിലെ ചരിത്രപരമായ സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ അബുദാബിയിലെത്തി

February 3, 2019

Pope-Francis-10അബുദാബി: ആഗോള കത്തോലിക്കാ സഭാ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചരിത്രപരമെന്ന് വിശേഷിപ്പിക്കുന്ന യു‌എ‌ഇ സന്ദര്‍ശനം ആരംഭിച്ചു. ഞായറാഴ്ച രാത്രി 9:30ന് അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തിലാണ് അലിറ്റാലിയ എയര്‍ലൈന്‍സില്‍ മാര്‍പാപ്പ വന്നിറങ്ങിയത്. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരിട്ടെത്തി മാര്‍പാപ്പയെ സ്വീകരിച്ചു. അദ്ദേഹത്തിന്റെ ക്ഷണപ്രകാരം മാനവ സാഹോദര്യ സംഗമത്തില്‍ പങ്കെടുക്കുന്നതിനാണു മാര്‍പാപ്പയുടെ സന്ദര്‍ശനം. ആദ്യമായാണ് ഒരു മാര്‍പാപ്പ ഗള്‍ഫ് രാജ്യം സന്ദര്‍ശിക്കുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്.

2007 ലാണ് ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിച്ചത്. പരസ്പര സൗഹൃദബന്ധം പ്രോത്സാഹിപ്പിക്കാനും രാജ്യാന്തര സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനം വഴി തുറക്കും. ഒപ്പം പുത്തന്‍ പ്രതീക്ഷകള്‍ക്കും ഇത് തുടക്കമാകുമെന്ന് വിലയിരുത്തപ്പെടുന്നു. കൂടാതെ 2019 വര്‍ഷം സഹിഷ്ണുതാ വര്‍ഷമായി ആചരിക്കുന്ന യു.എ.ഇയ്ക്ക് പാപ്പയുടെ സന്ദര്‍ശനം മറ്റൊരു ചരിത്രമാകും.

808x539_cmsv2_9c7c1344-c3af-55c9-a70f-174f4a05cf6f-3639490

അബൂദബി അല്‍ അഹ്‌സര്‍ മസ്ജിദ് ഇമാം ഷെയ്ഖ് അഹ്‌മ്മദ് മുഹമ്മദ് എല്‍ തയേബ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഹസ്തദാനം നല്‍കുന്നു

അല്‍ മുഷ്റിഫ് കൊട്ടാരത്തിലാണു മാര്‍പാപ്പക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഫൗണ്ടേഴ്സ് മെമ്മോറിയലില്‍ നടക്കുന്ന സമാപനയോഗത്തില്‍ തിങ്കളാഴ്ച വൈകീട്ട് മാര്‍പാപ്പ സന്ദേശം നൽകും. ആഗോള സമാധാനത്തിനായി കൈകോര്‍ക്കേണ്ടതിന്റെയും സഹിഷ്ണുത ഊട്ടിയുറപ്പിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് അദ്ദേഹം പ്രസംഗിക്കും. വിവിധ രാജ്യങ്ങളിലെ മതങ്ങളുടെ പ്രതിനിധികളായി എഴുനൂറോളം പേരാണ് പങ്കെടുക്കുന്നത്. അബുദാബി എമിറേറ്റ്സ് പാലസില്‍ തിങ്കളാഴ്ച രാവിലെ സംഗമം ആരംഭിച്ചു.

5-ാം തിയ്യതി രാവിലെ മാര്‍പാപ്പ അബുദാബി സെന്റ് ജോസഫ്സ് കത്തീഡ്രല്‍ സന്ദര്‍ശിക്കും. അവിടെ നൂറോളം രോഗികളെ കാണുകയും അവര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനയും നടത്തും. 10:30നു സായിദ് സ്പോര്‍ട്സ് സിറ്റിയില്‍ കുര്‍ബാന അര്‍പ്പിക്കും.1,35,000 വിശ്വാസികള്‍ അതില്‍ പങ്കെടുക്കും.

880x495_cmsv2_d0e865b7-31dc-5c38-932e-be1af0b6a5c5-3639494റോമില്‍ നിന്ന് യാത്രപുറപ്പെടും മുമ്പേ അദ്ദേഹം എല്ലാവരോടും പ്രാര്‍ഥനാസഹായം ആവശ്യപ്പെട്ട് ട്വീറ്റു ചെയ്തിരുന്നു. യുഎഇയിലേക്ക് സഹോദരനെപ്പോലെ പോവുകയാണെന്നും, സംവാദത്തിന്റെ പുതിയ അധ്യായം തുറക്കാനും സമാധാനത്തിന്റെ പാതയില്‍ ഒന്നിച്ചു നീങ്ങാനുമാണ് ഈ യാത്രയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അതിനു മുമ്പ് സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ നടത്തിയ പ്രാര്‍ഥനയില്‍ യമനിലെ യുദ്ധം അവസാനിപ്പിക്കാനായി വിശ്വാസികളോട് പ്രാര്‍ത്ഥിക്കണമെന്നും ആവശ്യപ്പെട്ടു. ഭക്ഷണവും വെള്ളവും വസ്ത്രവുമില്ലാതെ സ്ത്രീകളും കുട്ടികളും വലയുകയാണെന്നും തുടര്‍ച്ചയായ യുദ്ധത്തിലൂടെ ആ ദേശത്തെ ജനതകള്‍ തുടച്ചു നീക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

അബൂദബിയിലെ നിരത്തുകള്‍ യു‌എ‌ഇയുടെ ദേശീയ പതാകയും പേപ്പല്‍ പതാകയും കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. തിങ്കളാഴ്ച ഉച്ചയ്ക്കു 12:00 മണിക്ക് പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സ്വീകരിക്കും. വത്തിക്കാനിലെയും യുഎഇയിലെയും ഉന്നതതല ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തും. മത സൗഹാർദ സന്ദേശവുമായി മാര്‍പാപ്പ വൈകിട്ടു ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദിലെത്തും. തുടര്‍ന്നാണു സാഹോദര്യ സംഗമ വേദിയിലേക്കു തിരിക്കുക.

1449101-615005292മതങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കുമപ്പുറം മാനവികതയെ ഉയര്‍ത്തിക്കാട്ടുക എന്ന വലിയ ലക്ഷ്യത്തോടെയുമാണ് രണ്ട് ദിവസത്തെ പരിപാടികള്‍ ഒരുക്കിയിട്ടുള്ളത്. അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ ജീവിതം മാതൃകയാക്കിയ ഫ്രാന്‍സിസ് മാര്‍പാപ്പയെ പാവങ്ങളോട് എന്നും കരുണ കാണിക്കുന്ന മാര്‍പാപ്പ എന്നാണ് ലോകം വിളിക്കുന്നത്. അറബ് ലോകത്തിന് കാരുണ്യത്തിന്‍റെ പുതിയ മാതൃക പരിചയപ്പെടുത്താനും ഈ സന്ദര്‍ശനം വഴിതുറക്കുമെന്നും വിലയിരുത്തപ്പെടുന്നു.

കേരളത്തില്‍ നിന്ന് മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസല്യാര്‍, കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയും മലപ്പുറം മഅദിന്‍ അക്കാദമി ചെയര്‍മാനുമായ ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമി അമൃതസ്വരൂപാനന്ദപുരി തുടങ്ങിയവര്‍ സംഗമ സമാപന യോഗത്തില്‍ പങ്കെടുക്കും.

808x565_cmsv2_b3370f78-1818-5936-98b2-ff318030f97b-3639490

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top