Flash News

കുശിനിക്കാരന്റെ മകന്‍ (കഥ)

February 4, 2019 , പി.ടി. പൗലോസ്

kusinikarante bannerപള്ളിമേടയില്‍ ഇരുന്ന് കാക്കു കഞ്ചാവ് വലിക്കുക ആയിരുന്നു. കര്‍ത്താവിന്റെ കുരിശു മരണത്തെയും കഷ്ടാനുഭവങ്ങളെയും ഓര്‍ത്ത് അവന്‍ വിങ്ങിപ്പൊട്ടി കരയാന്‍ തുടങ്ങി. കണ്ണുനീര്‍ കവിള്‍ത്തടങ്ങളിലൂടെ ഒലിച്ചിറങ്ങി. നിറകണ്ണുകളോടെ അവന്‍ പള്ളിയുടെ മുഖഗോപുരത്തിലെ കുരിശിനെ നോക്കി. ആ കുരിശിന് വളവുണ്ടായിരുന്നു. കുശിനിക്കാരനായ അവന്റെ അപ്പനും വികാരിയായ ക്ലീറ്റസ് അച്ചനും അത് വിശ്വസിച്ചില്ല. അവര്‍ യോജിപ്പോടെ പറഞ്ഞു. രാവിലെ വലിച്ചുകേറ്റുമ്പോള്‍ ഓര്‍ക്കണമായിരുന്നു കുരിശ് വളയുമെന്ന് .

കുരിശുവളയാത്ത ഒരു കാലമുണ്ടായിരുന്നു കാക്കുവിന്. അപ്പന് വീതം കിട്ടിയ അര ഏക്കര്‍ കൃഷിഭൂമിയും അതിലൊരു കൊച്ചുവീടും പശുത്തൊഴുത്തും പശുക്കറവയും. കുശിനിക്കാരനപ്പനും ചേര്‍ത്തല തവണക്കടവ് കൊച്ചുകളരിക്കല്‍ പോരുമുണ്ടന്‍ കുഞ്ഞിചെറിയയുടെ മൂത്ത മകള്‍ ഏലമ്മ എന്ന അമ്മയും അടങ്ങുന്ന കാക്കുവിന്റെ സന്തുഷ്ട കുടുംബം. വൈകുന്നേരങ്ങളില്‍ അച്ചന്റെ അത്താഴം കഴിഞ്ഞ് പള്ളിമേടയില്‍നിന്നു പോരുമ്പോള്‍ അച്ചന്‍ കൊടുക്കുന്ന രണ്ടൗന്‍സ് വീഞ്ഞില്‍ വാറ്റു ചാരായം ഒഴിച്ചുള്ള പൂശ് കുശിനിക്കാരന്‍ അപ്പന്റെ ദിനചര്യകളിലൊന്നാണ്. എന്നിട്ട് അമ്മയുടെ അപ്പന്റെ പേരും ഇരട്ടപ്പേരും കൂട്ടി ഏലമ്മേ ‘ക….മോളേ’ എന്ന വിളി കാലങ്ങളായി കാക്കു കേള്‍ക്കുന്നതുകൊണ്ട് പുതുമയൊന്നുമില്ല. രാത്രി ഒന്നുറങ്ങി എഴുന്നേറ്റാല്‍ അപ്പനെ കാണാന്‍ ഒരു ഭംഗിയുണ്ട്. ക്ലീറ്റസ് അച്ചനെ പോലെ ശാന്തനായിരിക്കും. എന്തൊക്കെ ആയാലും അപ്പന്റെ നീട്ടിയുള്ള സന്ധ്യാ പ്രാര്‍ത്ഥനയും കാക്കുവിന്റെ കുറുക്കിയുള്ള ബൈബിള്‍ വായനയും എന്നുമുണ്ടായിരുന്നു കുശിനിക്കാരന്റെ കൊച്ചുവീട്ടില്‍.

പള്ളിയുടെ പോഷകസംഘടനയായ മര്‍ത്തമറിയാം വനിതാ സമാജത്തിന്റെ സ്ഥിരം സെക്രട്ടറി ചൊറിയംമാക്കില്‍ ഗ്രേസമ്മയുടെ സ്ഥിര സാന്നിദ്ധ്യം നടത്തല സെന്‍റ് മേരിസ് ചെറിയ പള്ളിയുടെ ആത്മീയ സാമൂഹ്യ സാഹചര്യങ്ങള്‍ക്ക് കൊഴുപ്പേകി. ഞായറാഴ്ച കുര്‍ബാനക്ക് രണ്ടാം മണി അടിക്കുന്നതിന് മുന്‍പായി ഗ്രേസമ്മ പള്ളിയിലെത്തും. മുറിച്ച വയനാടന്‍ മഞ്ഞളിന്റെ നിറം, അഞ്ചര അടി പൊക്കം, പൊക്കിക്കെട്ടിയ മുടി, തടിച്ച നിതംബം, നിറഞ്ഞ മാറ്, മയിലാടുന്ന മിഴികള്‍. ഗ്രേസമ്മ പള്ളിക്കൂട്ടായ്മയിലെ കേന്ദ്ര ബിന്ദുവായി. ഗ്രേസമ്മയുടെ അരികും പിറകും കാണാന്‍ പാകത്തില്‍ കാക്കു പുരുഷന്മാരുടെ നിരയില്‍ നേരത്തെ ഇടം പിടിക്കും. കാക്കുവിന്റെ താളം പതുക്കെ തെറ്റിത്തുടങ്ങി. കുര്‍ബാന കഴിഞ്ഞ് ശവക്കോട്ടയില്‍ ധൂപപ്രാര്‍ത്ഥനയുണ്ട്. ചൊറിയംമാക്കില്‍ ബെന്നി ജോണിന്റെ കല്ലറക്കടുത് അച്ചനെത്തുമ്പോള്‍ ഗ്രേസമ്മ നെഞ്ചത്തടിച്ചു നിലവിളിക്കാന്‍ തുടങ്ങും. “എന്റെ ബെന്നിച്ചാ, എന്നെ ഒറ്റക്കാക്കിയിട്ട് പോയല്ലോ പൊന്നേ … എന്നേം കൂടെ കൊണ്ടുപോ കുട്ടാ… നീയില്ലാതെ ഒരു നിമിഷം എനിക്ക് കഴിയാന്‍ വയ്യ ചക്കരേ …” ആദ്യമൊക്കെ ആളുകള്‍ സമാധാനിപ്പിക്കുമായിരുന്നു. ഇത് സ്ഥിരം പതിവായതുകൊണ്ട് ആരും മിണ്ടില്ല. പലരും അടക്കിച്ചിരിക്കും. ഒരിക്കല്‍ അച്ചന്‍ ദേഷ്യത്തോടെ പറഞ്ഞു. “ബെന്നി മരിച്ചിട്ട് പതിനഞ്ച് കൊല്ലമായി. ഇതൊന്നു നിറുത്തിക്കൂടേ ഗ്രേസമ്മേ. ഇതൊരുമാതിരി….” എന്നിട്ടും ഗ്രേസമ്മ പതിവ് തെറ്റിക്കാറില്ല. ഗ്രേസമ്മ എല്ലാവരോടും പറയും “ഞാനൊറ്റക്കാണ് താമസിക്കുന്നതെങ്കിലും എന്റെ ബെന്നിച്ചന്റെ ആത്മാവ് കൂടെയുള്ളതാണ് എന്റെ ധൈര്യം.”

പലര്‍ക്കുമറിയാം വെട്ടിമൂടിയ ചില സത്യങ്ങള്‍. അവരിപ്പോഴും അതടക്കിപ്പറയുന്നുമുണ്ട്. പാവം ബെന്നിച്ചന്‍ മരണശയ്യയില്‍ കിടക്കുമ്പോഴാണ് ഭാര്യ ഗ്രേസമ്മ മരുതാംകുഴി അച്ചന്റെ കൂടെ മര്‍ത്തമറിയം വനിതാ സമാജത്തിന്റെ കിഴക്കന്‍ മേഖലാ സമ്മേളനത്തിന് പീച്ചിയില്‍ പോയത്. പിറ്റേദിവസം ബെന്നി മരിച്ചപ്പോള്‍ ഗ്രേസമ്മയെ അറിയിക്കാന്‍ നിവൃത്തിയില്ല. മൊബൈല്‍ ഫോണ്‍ ഉള്ള കാലവുമല്ല. അന്വേഷിച്ച് പീച്ചി ഗസ്റ്റ് ഹൗസില്‍ എത്തിയപ്പോള്‍ അവിടെനിന്നും പോയിരുന്നു. നാലാം ദിവസം തേടിപ്പിടിച്ചു ചെന്നപ്പോള്‍ തേക്കടി അരണ്യനിവാസിലെ ശീതീകരിച്ച മുറിയിലെ പട്ടുമെത്തയില്‍ മരുതാംകുഴി അച്ചനും ഗ്രേസമ്മയും കിഴക്കന്‍ മേഖലാ സമ്മേളനം നടത്തുകയായിരുന്നു.

ഒരിക്കല്‍ വികാരി ക്ലീറ്റസ് അച്ചന്‍ പറഞ്ഞു “ഗ്രേസമ്മക്ക് എന്തെങ്കിലും സഹായം വേണമെങ്കില്‍ കാക്കൂനെ വിളിച്ചോ. അവന് ഇലക്ട്രിക്ക് പണികളും അല്ലറചില്ലറ വീട്ടുവേലകളും ഒക്കെ അറിയാം. പാവമാ. വിശ്വസിക്കാം.” അന്നുവരെ കുശിനിയില്‍ അപ്പനെ സഹായിച്ചിരുന്ന കാക്കു ചൊറിയംമാക്കില്‍ ഗ്രേസമ്മയുടെ നിഴലായി മാറി. വീട്ടിലെ അറ്റകുറ്റ പണികള്‍ കൂടാതെ വസ്ത്രങ്ങള്‍ ഇസ്തിരിയിടുക, കുളിക്കാന്‍ കുന്തിരിക്കമിട്ട് വെള്ളം ചൂടാക്കുക, അടുക്കളപ്പണിയില്‍ സഹായിക്കുക അങ്ങനെയങ്ങനെ. ഒരുദിവസം ഗ്രേസമ്മയുടുത്ത സാരിയുടെ അടിത്തുമ്പ് നേരെയാക്കി കൊടുത്തപ്പോള്‍ അറിഞ്ഞോ അറിയാതെയോ കാക്കൂന്റെ കൈവിരല്‍ ഗ്രേസമ്മയുടെ വെണ്ണപോലുള്ള കാല്‍പ്പാദത്തില്‍ ഒന്നുമുട്ടി. കാക്കൂന് അതൊരു ഇലക്ട്രിക്ക് ഷോക്കായിരുന്നു. പിന്നീട് ഗ്രേസമ്മയെ അടിമുടി നോക്കുന്നത് കാക്കൂന് ഒരു ലഹരിയായി. ഗ്രേസമ്മക്ക് അത് മനസ്സിലായെങ്കിലും അവരത് ആസ്വദിക്കുകയായിരുന്നു. വീട്ടുപണിക്കിടയില്‍ ഗ്രേസമ്മയുടെ അവിടെയും ഇവിടെയും മുട്ടി കാക്കു സ്വര്‍ഗ്ഗരാജ്യത്തിലേക്കുളള വഴി മനസ്സിലാക്കിയെങ്കിലും ഒടേതമ്പുരാനിരിക്കുന്ന ഇടം കാണാനുള്ള വലിയ മോഹം ഒരു കെടാത്ത കനലായി കാക്കൂനുള്ളില്‍ ജ്വലിച്ചുനിന്നു.

ഒരു ഞായറാഴ്ച രാവിലെ പള്ളിയില്‍ പോകാന്‍ ഗ്രേസമ്മ ഒരുങ്ങുന്ന സമയത്ത് ഇസ്തിരിയിട്ട സാരിയുമായി കാക്കു മുറിയിലെത്തി. പകുതി നഗ്‌നയായ ഗ്രേസമ്മയെ നോക്കി കാക്കു തരിച്ചുനിന്നു. സാരി അവന്റെ കൈയില്‍നിന്നും വാങ്ങുമ്പോള്‍ ഗ്രേസമ്മയിലെ സ്ത്രീ ഉണരുന്നത് തൊട്ടപ്പുറത്തെ പള്ളിപ്പറമ്പിലെ കമുകിലെ കുരുമുളക് പറിക്കുന്ന വക്കന്‍ പാപ്പൂട്ടി ജനലിലൂടെ കണ്ടു. അവന്‍ വിളിച്ചു കൂവി. പെട്ടെന്ന് ഗ്രേസമ്മ കളം മാറ്റി ചവിട്ടി. കാക്കൂനെ തള്ളിവീഴിച്ചു നിലത്തിട്ട് ചവിട്ടി. വലിച്ചിഴച്ചു സിറ്റൗട്ടില്‍ കൊണ്ടിട്ട് പിന്നേം ചവിട്ടി. നാട്ടുകാരോടിയെത്തി. ഗ്രേസമ്മ കാക്കൂനാല്‍ മാനഭംഗപ്പെട്ടു എന്നെല്ലാവരും വിശ്വസിച്ചു. ഒരാള്‍ മാത്രം വിശ്വസിച്ചില്ല വക്കന്‍ പാപ്പൂട്ടി.

പിന്നെ കുറെ നാളുകള്‍ കാക്കൂനെ നടത്തല ഗ്രാമം കണ്ടില്ല. ആരോ പറഞ്ഞു അവന്‍ ഹൈറേഞ്ചില്‍ ശാന്തന്‍പാറയിലുണ്ടെന്ന്.

ശാന്തിമാര്‍ഗ്ഗം സ്വീകരിച്ച് ശാന്തന്‍പാറയില്‍ നിന്നും കാക്കു എത്തി. അവനിപ്പോള്‍ നടത്തല പള്ളിമേടയിലും പള്ളിമുറ്റത്തെ പ്രാവിന്‍ കൂടിനുചുറ്റും ചുറ്റിത്തിരിയുന്നു. പ്രാവിന്‍ കൂട്ടില്‍ നിന്നും കുശിനിയിലേക്ക് വരി തെറ്റിക്കാതെ തീറ്റ തേടി പോകുന്ന കഴപ്പനുറുമ്പുകളെ നോക്കി കാക്കു പറയുന്നു “ഇവര്‍ സ്വര്‍ഗ്ഗരാജ്യം തേടി പോകുന്നു. കുരിശ് വളഞ്ഞതുപോലെ ഇവരുടെ വഴിയും വളയുന്നു. ഒരിക്കലും എത്തില്ല ഇവര്‍ സ്വര്‍ഗ്ഗരാജ്യത്തില്‍.” കാക്കു പൊട്ടി പൊട്ടി ചിരിച്ചട്ടഹസിക്കുകയാണ്. ആകാശം പിളരുന്ന അട്ടഹാസം. കൂടിന്റെ പടിയില്‍ കുറുകികൂടിയ പ്രാവിന്‍ കുഞ്ഞുങ്ങള്‍ പേടിച്ചരണ്ട് ചുരുണ്ടുകൂടി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top