Flash News

പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി അവര്‍ തിരിച്ചു വരുന്നു, പ്ലാച്ചിമടക്കാരുടെ ഉറക്കം കെടുത്താന്‍

February 4, 2019 , .

ds_0തങ്ങളുടെ നാടിന്റെ രക്തം ഊറ്റിക്കുടിച്ച ആഗോള ഭീമനായ കൊക്കക്കോളയെ കെട്ടുകെട്ടിച്ച പ്ലാച്ചിമടയിലെ നിവസികളുടെ ഉള്ള് വീണ്ടും എരിയുകയാണ്. ഇതുവരെ കാടുപിടിച്ച് കിടന്ന കമ്പനിയുടെ സ്ഥലം ഇപ്പോള്‍ വെട്ടിത്തെളിച്ച് വൃത്തിയായിക്കിടക്കുന്നത് കണ്ടതുമുതലാണ് അവരില്‍ ആശങ്ക മുളപൊട്ടിയത്. ഒരിക്കല്‍ തങ്ങള്‍ നശിപ്പിച്ച നാടിന് പുതുജീവന്‍ നല്‍കാനാണ് ഇത്തവണ വരുന്നതെന്നാണ് കമ്പനിയുടെ ഭാഷ്യം. ഹൈടെക് മാംഗോ സിറ്റിയുമായാണ് കൊക്കക്കോള പ്ലാച്ചിമടയില്‍ കാലുകുത്തുന്നത്. തങ്ങളുടെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് ഈ പദ്ധതിയെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.

പാലക്കാട് ജില്ലയിലെ പെരുമാട്ടി പഞ്ചായത്തിലുള്ള പ്ലാച്ചിമടയില്‍ നിന്നും 2004 മാര്‍ച്ച് 9 നാണ് കമ്പനിയും പൂട്ടി ഹിന്ദുസ്ഥാന്‍ കൊക്കക്കോള ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മുതലാളിമാര്‍ നാട് വിട്ടത്. തങ്ങള്‍ ഇനി പ്ലാച്ചിമടയില്‍ കമ്പനി തുടങ്ങില്ലെന്നായിരുന്നു രാജ്യത്തിന്റെ പരമോന്നത കോടതിയെ ഇവര്‍ അറിയിച്ചത്. എന്നാല്‍ ആ വാക്ക് അവര്‍ തെറ്റിച്ചിരിക്കുകയാണ്. തങ്ങളുടെ ‘സാമുഹിക പ്രതിബദ്ധത’ തെളിയിക്കാനായി കൊക്കക്കോള വീണ്ടും പ്ലാച്ചിമടയില്‍ കാലുകുത്തുന്നു.

കൃഷി, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, വനിതാ സ്വയംതൊഴില്‍ പരിശീലനം തുടങ്ങി നിരവധി പദ്ധതികളടങ്ങിയതാണ് കൊക്കക്കോള പ്രഖ്യാപിച്ചിരിക്കുന്നത്. കാര്‍ഷിക മേഖലയിലെ സ്വകാര്യ ഭീമനായ ജെയ്ന്‍ കമ്പനിയുമായി ചേര്‍ന്നാണ് കൊക്കക്കോള പദ്ധതികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്.

മൂന്ന് ഘട്ടങ്ങളിലായിട്ടാണ് പദ്ധതി നടപ്പാക്കുക. ഇതിനായി പഞ്ചായത്തിന്റെയും സര്‍ക്കാരിനും അനുമതി കമ്പനി തേടിയിരിക്കുകയാണ്. പെരിമാട്ടി പഞ്ചായത്തിനും സര്‍ക്കാരിന് നേരിട്ടും കമ്പനി പദ്ധതിയുടെ രൂപരേഖ സമര്‍പ്പിച്ചു. ജലാധിഷ്ഠിത പദ്ധതിയല്ലെങ്കില്‍ പദ്ധതിയ്ക്ക് അനുമതി നല്‍കാമെന്നാണ് പഞ്ചായത്ത് തീരുമാനമെടുത്തത്. ഇക്കാര്യത്തില്‍ പക്ഷേ അന്തിമതീരുമാനം സര്‍ക്കാരിന്‍േതാണ്.

മുമ്പ് കൊക്കക്കോള പ്ലാന്റ് പ്രവര്‍ത്തിച്ചിരുന്ന 34 ഏക്കര്‍ സ്ഥലത്താണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ആദ്യ ഘട്ടത്തില്‍ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ കമ്പനി ഏര്‍പ്പെടും. ഇതില്‍ സ്ത്രീ ശാക്തീകരണവും ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസവും പെടും. വനിതകള്‍ക്കായി സ്വയം തൊഴില്‍ പരിശീലനം, എട്ട് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ട്യൂഷന്‍, കരിയര്‍ ഡെവലപ്‌മെന്റ് എന്നിവയൊക്കെയാണ് കമ്പനി ചെയ്യുക.

രണ്ടാം ഘട്ടം മുതല്‍ ജെയ്ന്‍ ഫാം ഫ്രഷ് ലിമിറ്റഡ് കമ്പനിയും പ്രവര്‍ത്തന മേഖലയിലേക്ക് കടന്നുവരും. കമ്പനിയുടെ അള്‍ട്രോ ഹൈ ഡെന്‍സിറ്റി പ്ലാന്റേഷന്‍ ടെക്‌നോളജിയും ഡ്രിപ്പ് ഇറിഗേഷനുമാണ് പ്രദേശത്ത് നടപ്പാക്കുക. ഉന്നതിയെന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തുകയും പുതിയ കൃഷി രീതിയില്‍ അവര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യും. ഇതിന് പുറമേ നഴ്‌സറിയും തുടങ്ങുന്നുണ്ട്. ആദ്യ രണ്ട് ഘട്ടങ്ങളുടെ വികസനമാണ് മൂന്നാം ഘട്ടത്തില്‍.

കമ്പനി ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന പദ്ധതിരേഖയില്‍ അപകടകരമായ ഒന്നും തന്നെയില്ലെന്നും ജനോപകാരപ്രദമായ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നുമാണ് പഞ്ചായത്തിന്റെ കണ്ടെത്തല്‍. അതിനാല്‍ പദ്ധതിയ്ക്ക് അനുമതി നല്‍കുന്നതിന് തടസ്സങ്ങളൊന്നും കാണുന്നില്ലെന്നും എന്നാല്‍ അന്തിമ തീരുമാനം സര്‍ക്കാരിന്റേതാണെന്നും പഞ്ചായത്ത് അധികൃതര്‍ പറയുന്നു.

എന്തായാലും പ്ലാച്ചിമടയിലെ ജലം മുഴുവന്‍ ഊറ്റിക്കുടിച്ച ആഗോള ഭീമന്‍മാരുടെ ശല്യം ഇനിയുണ്ടാകില്ലെന്ന് വിചാരിച്ചിരുന്ന നാട്ടുകാര്‍ക്ക് കമ്പനിയുടെ തിരിച്ചുവരവ് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top