Flash News

ആ ധന്യമുഹൂര്‍ത്തത്തിന് അബുദാബി സാക്ഷിയായി; മാനവ സാഹോദര്യത്തിന് പുതുചരിത്രം കുറിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെത്തി; പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍ (ചിത്രങ്ങള്‍ കാണുക)

February 4, 2019

papa1-1 (1)

പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തിത്തിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയെ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സ്വീകരിക്കുന്നു

പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍ കാത്തിരുന്ന ആ ധന്യമുഹൂര്‍ത്തത്തിന് അബുദാബി സാക്ഷിയായി. മാനവ സാഹോദര്യത്തിന്റെ അലയടികളാണ് എങ്ങും മുഴങ്ങി കേള്‍ക്കുന്നത്. വിശ്വ മാനവികതയുടെ സന്ദേശവുമായി കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി അബുദാബിയിലെത്തി. യു.എ.ഇ. സഹിഷ്ണുതാവര്‍ഷം ആചരിക്കുന്ന വേളയിലാണ് കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍റെ വരവ് എന്ന പ്രത്യേകതയു൦കൂടി ഈ സന്ദര്‍ശനത്തിനുണ്ട്.

ഒരു മുസ്ലീം രാജ്യത്തേക്ക്, മതവിശ്വാസങ്ങള്‍ രാഷ്ട്ര നിയമങ്ങളായ ഗള്‍ഫ് മേഖലയിലേക്ക് ഒരു ക്രൈസ്തവ സഭയുടെ പരമാധ്യക്ഷന്‍ ആദ്യമായെത്തുന്നുവെന്ന കൗതുകത്തിനപ്പുറമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യു.എ.ഇ സന്ദര്‍ശനം. ചരിത്രത്തിലാദ്യമായാണ് ഒരു മാര്‍പാപ്പ അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെത്തുന്നത്. രാജകീയ സ്വീകരണമാണ് മാര്‍പാപ്പയ്ക്ക് യു.എ.ഇ. നല്‍കിയത്.

Pope-Francis-in-UAE-01

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് മാര്‍പാപ്പയെ സ്വീകരിക്കുന്നു

അബുദാബിയിലെ അല്‍ ബത്തീന്‍ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ രാത്രി 9:50നാണ് മാര്‍പാപ്പയെത്തിയത്. മാര്‍പാപ്പയെ സ്വീകരിക്കാന്‍ പ്രമുഖ രാജകുടുംബാംഗങ്ങള്‍ സന്നിഹിതരായിരുന്നു. അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ നേരിട്ടുള്ള ക്ഷണം സ്വീകരിച്ചാണ് മാര്‍പാപ്പ എത്തിയിരിക്കുന്നത്. വിശ്വമാനവികതയും സാഹോദര്യവും ലോകത്തിന് പങ്ക് വെക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും.

Pope-Francis-in-UAE-02

മാര്‍പാപ്പയോടൊപ്പം അബുദാബി കിരീടാവകാശി

ഇനിയുള്ള മണിക്കൂറുകള്‍ വിശ്വാസികള്‍ കാത്തിരിക്കുന്നത് മാര്‍പാപ്പയുടെ ദിവ്യവചസുകള്‍ കേള്‍ക്കാനും കഴിയുമെങ്കില്‍ ഒരു നോക്കു കാണാനുമാണ്. നാളെ 1,35,000 വിശ്വാസികള്‍ അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തില്‍ ഒന്നിക്കും. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും പങ്കെടുക്കും. വിവിധ എമിറേറ്റുകളില്‍നിന്ന് ഇതിനായി യാത്ര ഇന്നു രാത്രി മുതല്‍ ആരംഭിക്കും. മാസങ്ങളായി പ്രാര്‍ത്ഥനയോടെയുള്ള കാത്തിരിപ്പ് സാഫല്യമാകുന്ന നിമിഷങ്ങളാകും അത്. വിശ്വാസികള്‍ക്ക് ഒരു കുറവും വരാതിരിക്കാനുള്ള തീവ്ര യത്‌നത്തിലാണ് ഭരണകൂടവും.

യെമനിലെ ആഭ്യന്തര യുദ്ധം, ഭീകരവാദം തുടങ്ങിയവ ഗള്‍ഫ് മേഖലയെ ചൂടുപിടിപ്പിക്കുന്ന പശ്ചാത്തലത്തില്‍ ഈ പ്രതിസന്ധിയെക്കുറിച്ചു മാര്‍പാപ്പ യു.എ.ഇയില്‍ എന്തു പറയുമെന്നാണ് ലോകം കാതോര്‍ക്കുന്നത്. മേഖലയിലെ ഭീകരതയും സാമ്പത്തിക അസമത്വവും സന്ദര്‍ശനത്തിലെ പ്രധാന ചര്‍ച്ചാവിഷയമാകും.

Pope-Francis-in-UAE-03

ഈജിപ്ത് അല്‍ അസ്ഹറിലെ ഗ്രാന്റ് ഇമാം ഡോ.അഹ്മദ് അല്‍ ത്വയ്യിബിനെ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സ്വീകരിക്കുന്നു

യു.എ.ഇ സന്ദര്‍ശനത്തിനു മുന്നോടിയായുള്ള വത്തിക്കാനിലെ പ്രാര്‍ഥനയില്‍ യെമനിലെ യുദ്ധം അവസാനിപ്പിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തിരുന്നു. യെമനില്‍ വിമതര്‍ക്കെതിരെ സൗദിക്കാപ്പം സഖ്യമായി യു.എ.ഇ പോരാട്ടം തുടരുന്ന പശ്ചാത്തലത്തിലാണ് മാര്‍പാപ്പയുടെ പ്രസ്താവന.

ചൊവ്വാഴ്ചയാണ് മാര്‍പാപ്പയുടെ പ്രധാന പരിപാടി. അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയിലും വിശുദ്ധകുര്‍ബാനയിലും ഒന്നേകാല്‍ ലക്ഷത്തോളം പേരാണ് പങ്കെടുക്കുക. യു.എ.ഇ.യിലെ ക്രൈസ്തവ വിശ്വാസികള്‍ക്ക് പുറമേ വിവിധ മതവിഭാഗങ്ങളില്‍പ്പെട്ടവരും പരിപാടിയില്‍ പങ്കെടുക്കും. പത്ത് ലക്ഷത്തിലധികം വരുന്ന, വിവിധ രാജ്യക്കാരായ കത്തോലിക്കാ സഭാ വിശ്വാസികളുണ്ട് യു.എ.ഇ.യില്‍. 76 ക്രൈസ്തവ ദേവാലയങ്ങളും യു.എ.ഇ.യിലുണ്ട്.

Pope-Francis-in-UAE-04

മാര്‍പാപ്പയോടൊപ്പം അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം ഡോ.അഹ്മദ് അല്‍ ത്വയ്യിബ്

റോഡുകള്‍ അടയ്ക്കും

മാര്‍പാപ്പയുടെ പൊതുസമ്മേളനം നടക്കുന്ന ചൊവ്വാഴ്ച സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തിലേക്കുള്ള റോഡുകള്‍ അടച്ചിടും. ഷെയ്ഖ് റാഷിദ് ബിന്‍ സഈദ് സ്ട്രീറ്റ്, സെയ്ഫ് ഗൊബാഷ് സ്ട്രീറ്റ് എന്നീ റോഡുകള്‍ ചൊവ്വ പുലര്‍ച്ചെ 12 മുതല്‍ വൈകിട്ട് ആറു വരെയാണ് അടച്ചിടുക. അബുദാബി ഐലന്‍ഡിലേക്ക് തിങ്കള്‍ വൈകിട്ട് ആറു മുതല്‍ ചൊവ്വ വൈകിട്ട് രാവിലെ ആറു വരെ ട്രക്കുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Pope-Francis-in-UAE-06

പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ മാര്‍പാപ്പയോടൊപ്പം ഡോ.അഹ്മദ് അല്‍ ത്വയ്യിബും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും

ബസ്സുകള്‍ 2500

2500ഓളം ബസ്സുകളിലായാണ് വിശ്വാസികളെ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി പൊതുസമ്മേളനത്തിന് എത്തിക്കുന്നത്. ദുബൈയില്‍ നിന്നു മാത്രം 1000ത്തിലേറെ ബസുകള്‍ സര്‍വീസ് നടത്തും. വിവിധ കേന്ദ്രങ്ങളില്‍നിന്നായി തിങ്കള്‍ രാത്രി 11 മുതല്‍ ആരംഭിക്കുന്ന ബസ് സേവനം പുലര്‍ച്ചെ 5 വരെയുണ്ടാകും. ഇത്രയും ബസുകള്‍ സര്‍ക്കാര്‍ സൗജന്യമായാണ് വിട്ടുനല്‍കിയത്.

സമയം,സ്ഥലം

അബുദാബിയിലുളളവര്‍ നിര്‍ദിഷ്ട കേന്ദ്രങ്ങളായ നാഷന്‍ ടവര്‍, ഡല്‍മ സ്ട്രീറ്റ്, മുസഫ 16 സ്ട്രീറ്റ്, റുവൈസ് ലേക്ക് പരിസരങ്ങളിലാണ് എത്തേണ്ടത്. അല്‍ഐനില്‍നിന്നുള്ളവര്‍ ഹസ്സ ബിന്‍ സായിദ് സ്റ്റേഡിയത്തിലും എത്തണം.

സ്‌റ്റേഡിയത്തിനകത്ത് 50,000

സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി 50,000 പേര്‍ക്കു മാത്രമാണ് സ്റ്റേഡിയത്തിനകത്ത് സൗകര്യം. 85,000 പേര്‍ സ്റ്റേഡിയത്തിന് പുറത്ത് നില്‍ക്കും.

Pope-Francis-in-UAE-08 Pope-Francis-in-UAE-09 Pope-Francis-in-UAE-10 Pope-Francis-in-UAE-11 Pope-Francis-in-UAE-12 Pope-Francis-in-UAE-13 Pope-Francis-in-UAE-14 Pope-Francis-in-UAE-15 Pope-Francis-in-UAE-16 Pope-Francis-in-UAE-17 Pope-Francis-in-UAE-18 Pope-Francis-in-UAE-19 Pope-Francis-in-UAE-20 Pope-Francis-in-UAE-21

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top