Flash News

ശബരിമല: ഹര്‍ജികളിലെ വാദം പൂര്‍ത്തിയായി; വിധി പറയാന്‍ മാറ്റി

February 6, 2019

SUPREME-COURTന്യൂഡല്‍ഹി: ശബരിമല സുപ്രീംകോടതി വിധിക്കെതിരായ പുന:പരിശോധന ഹര്‍ജികളിലെ വാദം പൂര്‍ത്തിയായി. വിധി പറയുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി. ഇന്ന് ഹര്‍ജി പരിഗണിക്കാത്തവരുടെ വാദങ്ങള്‍ 7 ദിവസത്തിനുള്ളില്‍ അഭിഭാഷകര്‍ക്ക് എഴുതി നല്‍കാമെന്നും കോടതി അറിയിച്ചു. 55 പുനഃപരിശോധന ഹര്‍ജികളാണ് കോടതി ഇന്നു പരിഗണിച്ചത്. ഇതില്‍ ആറു പേര്‍ക്കു മാത്രമാണു വാദിക്കാന്‍ അവസരം ലഭിച്ചത്. കുംഭമാസ പൂജകള്‍ക്ക് നടതുറക്കും മുമ്പ് വിധിയുണ്ടാവില്ല.

രണ്ടരമണിക്കൂറോളം സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്ന ഹര്‍ജികളില്‍ അഭിഭാഷകര്‍ വാദം നടത്തി. ഉച്ചഭക്ഷണത്തിന് ശേഷമുള്ള സെക്ഷനില്‍ ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ രാകേഷ് ദ്വിവേദി, ബിന്ദു,കനകദുര്‍ഗ്ഗ എന്നിവരുടെ അഭിഭാഷകന്‍ ഇന്ദിരാ ജെയ്‌സിംഗ് എന്നിവര്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചും പുനപരിശോധനാ ഹര്‍ജിയെ എതിര്‍ത്തും വാദിച്ചു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

എന്‍ എസ് എസിനു വേണ്ടി ഹാജരായ പരാശരനാണ് വാദം ആരംഭിച്ചത്. തുടര്‍ന്ന് ശബരിമല തന്ത്രിക്കു വേണ്ടി വി ഗിരി, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനു വേണ്ടി മനു അഭിഷേക് സിങ്‌വി, ബ്രാഹ്മണ സഭയ്ക്കു വേണ്ടി ശേഖര്‍ നാഫ്‌ടെ തുടങ്ങിയവരും വാദിച്ചു.

65 ഓളം ഹര്‍ജികളാണ് യുവതീപ്രവേശന വിധിയെ എതിര്‍ത്ത് കോടതിയിലെത്തിയത്. ഇതില്‍ വളരെക്കുറിച്ച് ഹര്‍ജികളില്‍ മാത്രം വാദം കേട്ട സുപ്രീകോടതി അവശേഷിച്ച ഹര്‍ജിക്കാരോട് അവരുടെ വാദവും നിലപാടുകളും രേഖാമൂലം എഴുതി തരാനാണ് ആവശ്യപ്പെട്ടത്.

വിധിയില്‍ പുനഃപരിശോധന ആവശ്യമില്ലെന്ന നിലപാടാണ് സംസ്ഥാനത്തിനു വേണ്ടി ഹാജരായ ജയ്ദീപ് ഗുപ്ത സ്വീകരിച്ചത്. ആചാരകാര്യത്തില്‍ തന്ത്രി നടത്തുന്നത് ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള ശ്രമമാണെന്നും സര്‍ക്കാര്‍ പറഞ്ഞു. ഇടയ്ക്ക് വാദവുമായി ബന്ധപ്പെട്ട് അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ കേസ് ഫയല്‍ എടുത്ത് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി മേശയിലടിച്ചു. അഭിഭാഷകരെ ശാന്തരാക്കാനുള്ള ശ്രമമായിരുന്നു അത്.

വിധിയില്‍ പിഴവുണ്ടെന്ന് എന്‍എസ്എസ്

ആരാണ് ആദ്യം വാദിയ്ക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചപ്പോള്‍ എന്‍എസ്എസ് അഭിഭാഷകനായ കെ പരാശരന്‍ എഴുന്നേല്‍ക്കുകയായിരുന്നു. വിധിയില്‍ പിഴവുണ്ടെന്നാണ് അഡ്വ. കെ പരാശരന്‍ വാദിച്ചത്. പ്രധാനവിഷയങ്ങള്‍ പരിഗണിക്കാതെയാണ് വിധിയെന്നാണ് അഡ്വ. പരാശരന്റെ വാദം.

പ്രധാനപ്പെട്ട രണ്ട് പിഴവുകളാണ് അഡ്വ. പരാശരന്‍ ചൂണ്ടിക്കാട്ടിയത്. ഒന്ന് ശബരിമല വിധി തൊട്ടുകൂടായ്മയുടെ ഭാഗമല്ല. രണ്ട്, ക്ഷേത്രങ്ങള്‍ പൊതുസ്ഥലമല്ല. കോടതിക്ക് തെറ്റുപറ്റി. മതവിശ്വാസത്തിനും അനുഷ്ഠാനത്തിനുമുള്ള ഭരണഘടനാ അവകാശത്തിനെതിരാണ് കോടതി വിധി. മതസ്ഥാപനങ്ങളെ പൊതുസ്ഥലങ്ങളുടെ ഗണത്തില്‍പ്പെടുത്താന്‍ കഴിയില്ല.

വിധി ഭരണഘടനയുടെ 25ാം അനുച്ഛേദത്തിന് വിരുദ്ധമാണ്. പതിനഞ്ചാം അനുച്ഛേദപ്രകാരം ക്ഷേത്രാചാരങ്ങള്‍ റദ്ദാക്കിയത് തെറ്റാണ്. മതവിശ്വാസങ്ങള്‍ യുക്തിയുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാനാവില്ല. 15, 17, 25 അനുച്ഛേദങ്ങള്‍ തമ്മിലുള്ള ബന്ധം വിലയിരുത്തിയതില്‍ പിഴച്ചു. യുവതികള്‍ക്ക് പ്രവേശനം അനുവദിക്കാത്തത് അയിത്തമല്ല. തൊട്ടുകൂടായ്മ കുറ്റകരമാണ്, പക്ഷേ അത് കൃത്യമായി നിര്‍വചിക്കണം. ലിംഗവിവേചനം പാടില്ലെന്ന അനുച്ഛേദം മതസ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്നു അഭിഭാഷകന്‍ കെ.പരാശരന്‍ വിശദീകരിച്ചു. വിധിയിലെ പിഴവുകള്‍ മാത്രം ചൂണ്ടിക്കാട്ടിയാല്‍ മതിയെന്നു ചീഫ് ജസ്റ്റിസ് ആവര്‍ത്തിച്ചു.

യുവതീപ്രവേശം വിലക്കിയത് ദേവന്റെ അവകാശമെന്ന് തന്ത്രി

ശബരിമലയില്‍ യുവതീപ്രവേശം വിലക്കിയത് ദേവന്റെ അവകാശമെന്നാണ് സുപ്രീംകോടതിയില്‍ തന്ത്രിയുടെ അഭിഭാഷകന്‍ അഡ്വ. വി.ഗിരി വാദിച്ചത്. അയ്യപ്പപ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയാണ്. മറ്റുക്ഷേത്രങ്ങള്‍ പോലെയല്ല ശബരിമല. ഹിന്ദുവിശ്വാസിയുടെ മൗലികാവകാശവും ദേവന്റെ അവകാശവും പരസ്പരപൂരകമാണ്. തന്ത്രിയാണ് ശബരിമല പ്രതിഷ്ഠയുടെ രക്ഷാധികാരിയെന്നും അഡ്വ.വി.ഗിരി വാദിച്ചു.

വിധിയെ പ്രതിരോധിച്ച് ജഡ്ജിമാരും രംഗത്തെത്തി. തൊട്ടുകൂടായ്മയുടെ അടിസ്ഥാനത്തില്‍ മാത്രമല്ല വിധിയെന്നു ജസ്റ്റിസ് ആര്‍.എഫ്.നരിമാന്‍ പറഞ്ഞു.

യുക്തി അളക്കാന്‍ ശബരിമല ശാസ്ത്രമ്യൂസിയമല്ല: അഭിഷേക് സിങ്‌വി

തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പ്രയാര്‍ ഗോപാലകൃഷ്ണന് വേണ്ടി അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി ഹാജരായി വാദം തുടങ്ങി. എന്നാല്‍ സിങ്‌വി ഹാജരാകുന്നതിനെ എതിര്‍ത്ത് ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ രാകേഷ് ദ്വിവേദി രംഗത്ത് വന്നു. മുമ്പ് സിങ്‌വി ദേവസ്വം ബോര്‍ഡിനായി ഹാജരായിട്ടുണ്ടെന്നാണ് വാദം. എന്നാല്‍ താന്‍ ഹാജരാകുന്നത് ബോര്‍ഡിന്റെ മുന്‍ പ്രസിഡന്റിന് വേണ്ടിയാണെന്ന് സിങ്‌വി വാദിച്ചു.

ശബരിമലയിലെ ആചാരം പ്രതിഷ്ഠയുടെ ഭാവം മൂലമാണെന്ന് സിങ്‌വി വാദമുയര്‍ത്തി. യുക്തി അളക്കാന്‍ ശബരിമല ശാസ്ത്രമ്യൂസിയമല്ല. പ്രതിഷ്ഠയുടെ പ്രത്യേകത മാത്രം കണക്കിലെടുത്താണ് നിയന്ത്രണം. ശബരിമലയില്‍ മാത്രമാണ് നൈഷ്ഠിക ബ്രഹ്മചാരി ഭാവത്തിലുള്ള പ്രതിഷ്ഠയുള്ളത്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് ഇത് കണക്കിലെടുത്തത്. മറ്റുള്ളവര്‍ പരാമര്‍ശിച്ചതേയുള്ളൂ. വിശ്വാസികള്‍ ദൈവത്തെ ആരാധിക്കുന്നത് പ്രത്യേക രൂപഭാവത്തിലാണ്. ശബരിമലയിലെ നൈഷ്ഠിക ബ്രഹ്മചര്യഭാവം അംഗീകരിച്ചാല്‍ മറ്റ് വിഷയങ്ങള്‍ ഇല്ലാതാകും. വേര്‍തിരിവ് ജാതിയെ അടിസ്ഥാനമാക്കിയല്ല. അതിനാല്‍ അയിത്താചാരത്തിനെതിരായ നിയമം നിലനില്‍ക്കില്ലെന്നും അഭിഷേക് സിങ്‌വി വാദിച്ചു. പൗരാവകാശത്തില്‍ 25,26 അനുച്ഛേദങ്ങള്‍ ചേര്‍ത്ത് വായിക്കണമെന്നും സിങ്‌വി പറഞ്ഞു.

ഇന്ത്യയില്‍ നിരവധി ആചാരങ്ങള്‍ ഉണ്ട്. അതെല്ലാം ഭരണഘടന വെച്ച് അളക്കാന്‍ കഴിയില്ല. ജാതിയുടെ അടിസ്ഥാനത്തിലല്ല ശബരിമലയില്‍ വിലക്ക്. പകരം പ്രതിഷ്ഠയുടെ സ്വഭാവത്തിന് അനുസൃതമായാണ്. മധുര മീനാക്ഷി ക്ഷേത്ര കേസ് നോക്കണമെന്നും സിങ്‌വി വാദിച്ചു.

ആക്റ്റിവിസ്റ്റുകള്‍ക്ക് വിശ്വാസം തീരുമാനിക്കാനാകില്ലെന്ന് ബ്രാഹ്മണസഭ

പുനഃപരിശോധനാഹര്‍ജികളുമായി ബന്ധപ്പെട്ട് നാലാമതായി വാദിച്ചത് ബ്രാഹ്മണസഭയ്ക്ക് വേണ്ടി ശേഖര്‍ നാഫ്‌ഡെയായിരുന്നു. ആക്റ്റിവിസ്റ്റുകള്‍ക്ക് വിശ്വാസം തീരുമാനിക്കാനാകില്ലെന്ന് ബ്രാഹ്മണസഭ വാദിച്ചു. ബഹുഭൂരിപക്ഷത്തിന്റെ വിശ്വാസമാണ് കോടതിവിധി വ്രണപ്പെടുത്തിയത്. മതം വിശ്വാസത്തിന്റെ ഭാഗമാണ്. നൂറ്റാണ്ടുകളായി ശബരിമലയില്‍ തുടരുന്ന ആചാരമാണ് കോടതി റദ്ദാക്കിയതെന്നതിന് രേഖകളുണ്ടെന്നും ശേഖര്‍ നാഫ്‌ഡെ വാദം ഉന്നയിച്ചു.തിരുവിതാംകൂര്‍ ഹിന്ദു മതാചാരനിയമത്തിന്റെ ഫോട്ടോകോപ്പി കൈമാറാന്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അഡ്വ നാഫ്‌ഡേയോട് ആവശ്യപ്പെട്ടു.

ചിലർ ദൈവത്തിൽ വിശ്വസിക്കുന്നു, സ്റ്റീഫൻ ഹോക്കിംഗിനെ പോലെ ചിലർ ദൈവത്തിൽ വിശ്വസിക്കുന്നില്ല. എന്നാൽ വിശ്വസിക്കാനോ വിശ്വസിക്കരുതെന്നോ പറയാൻ ആർക്കും അധികാരമില്ല. വിശ്വാസത്തിൽ തിരുത്തലുകൾ വേണമെങ്കിൽ തിരുത്തേണ്ടത് വിശ്വാസി സമൂഹമാണ്. അത് തീരുമാനിക്കാൻ ആക്ടിവിസ്റ്റുകൾക്കും അധികാരമില്ല. ഒരു പ്രത്യേക വിഭാഗം വച്ചുപുലർത്തുന്ന ആചാരം മതവിശ്വാസമായി തന്നെ കണക്കാക്കണമെന്നും ശേഖർ നാഫ്ഡേ പറഞ്ഞു.

യുവതീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി കേരളത്തിന്‍റെ സാമൂഹ്യാന്തരീക്ഷം തകർത്തു എന്നുതുടങ്ങി രാഷ്ട്രീയ വിഷയങ്ങളും ബ്രാഹ്മണസഭയ്ക്കുവേണ്ടി ശേഖർ നാഫ്‍ഡേ ഉന്നയിച്ചു. എന്നാൽ വിധിയിൽ ഭരണഘടനാപരമായുള്ള ഏതെങ്കിലും അടിസ്ഥാന പിഴവുകൾ ചൂണ്ടിക്കാട്ടാൻ ശേഖർ നാഫ്ഡേക്ക് കഴിഞ്ഞില്ല.

നാഫ്‌ഡെയുടെ വാദം പൂര്‍ത്തിയായ ശേഷം അഡ്വ. വെങ്കട്ടരമണിയാണ് വാദിച്ചത്.ഒരു ആചാരത്തെ തള്ളിപ്പറഞ്ഞ് വിശ്വാസിക്ക് വിശ്വാസിയായി തുടരാനാകില്ലെന്ന് അഡ്വ. വെങ്കട്ടരമണി പറഞ്ഞു. മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ അഡ്വ. വെങ്കട്ടരാമനായിരുന്നു തുടര്‍ന്ന് വാദിച്ചത്. 1991ല്‍ സ്ത്രീപ്രവേശനം വിലക്കിക്കൊണ്ടുള്ള കേരള ഹൈക്കോടതി ഉത്തരവിലെ വസ്തുതാപരമായ കാര്യങ്ങള്‍ നിലനില്‍ക്കുന്നു. അതിനാല്‍ ആ വിധിയ്ക്ക് ഇപ്പോഴും പ്രസക്തിയുണ്ടെന്നും അഡ്വ. വെങ്കട്ടരാമന്‍ പറഞ്ഞു.

നൈഷ്ഠികബ്രഹ്മചര്യം പ്രതിഷ്ഠയുടെ ഭാഗമാണെന്ന് പന്തളം രാജകുടുംബം

പന്തളം രാജകുടുംബത്തിന് വേണ്ടി അഡ്വ. സായ് ദീപക് ആണ് വാദിച്ചത്. നൈഷ്ഠികബ്രഹ്മചര്യം പ്രതിഷ്ഠയുടെ ഭാഗമാണെന്ന് അഡ്വ. സായ് ദീപക് വാദിച്ചു. ബിജെപി നേതാവ് രാധാകൃഷ്ണമേനോന് വേണ്ടി അഡ്വ. മോഹന്‍ പരാശരനാണ് വാദിച്ചത്. അയ്യപ്പനെ ദര്‍ശിക്കാനെത്തുന്നവരില്‍ പല മതവിഭാഗങ്ങളിലുള്ളവരുമുണ്ടെന്ന് അഡ്വ. മോഹന്‍ പരാശരന്‍ വാദിച്ചു. പല മതങ്ങളിലുമുള്ളവര്‍ വരുന്നത് കൊണ്ട് മാത്രം അയ്യപ്പഭക്തരെ ഒരു പ്രത്യേക മതവിഭാഗമായി കണക്കാക്കില്ല എന്ന് പറയുന്നത് തെറ്റെന്നും അഡ്വ.മോഹന്‍ പരാശരന്‍ വാദം ഉന്നയിച്ചു. പുനഃപരിശോധനാ ഹര്‍ജി നല്‍കിയ അഡ്വ. ഉഷാ നന്ദിനിക്ക് വേണ്ടി അഡ്വ. ഗോപാല്‍ ശങ്കരനാരായണനാണ് വാദിച്ചത്. ശബരിമല വിധി രാജ്യത്തെ മറ്റ് ക്ഷേത്രങ്ങളെയും ബാധിക്കുമെന്നായിരുന്നു അഡ്വ. ഗോപാല്‍ ശങ്കരനാരായണന്റെ വാദം.

ഇതിന് പിന്നാലെ ഹര്‍ജിക്കാരില്‍ നിന്ന് ഒന്നോ രണ്ടോ പേരെക്കൂടി മാത്രമേ കേള്‍ക്കൂ എന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. വാദം പെട്ടെന്ന് പൂര്‍ത്തിയാക്കാനും സുപ്രീംകോടതി നിര്‍ദേശം നല്‍കി. ദേവസ്വംബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും വാദങ്ങള്‍ കേള്‍ക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചതോടെ ഹര്‍ജികളില്‍ വാദിക്കാനായി അഭിഭാഷകര്‍ ബഹളം വെച്ചു. മര്യാദയ്ക്ക് പെരുമാറിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി എടുക്കുമെന്ന് ചീഫ് ജസ്റ്റിസ് താക്കീത് നല്‍കുകയായിരുന്നു. മറ്റുള്ളവര്‍ക്ക് വാദം എഴുതി നല്‍കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. എന്‍എസ്എസ്, തന്ത്രി, ബ്രാഹ്മണസഭ, പ്രയാര്‍ ഗോപാലകൃഷ്ണന്‍, അഡ്വ.വെങ്കിട്ട രമണി, അഡ്വ.വെങ്കിട്ടരാമന്‍ എന്നിവരടക്കം പത്ത് പേരുടെ വാദം പൂര്‍ത്തിയായ ശേഷമാണ് മറ്റ് ഹര്‍ജിക്കാരുടെ വാദങ്ങള്‍ എഴുതി നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്. ആകെ 56 ഹര്‍ജികളാണുള്ളത്.

വിധി പുനഃപരിശോധിക്കേണ്ട ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാനസര്‍ക്കാരിന് വേണ്ടി അഡ്വ. ജയ്ദീപ് ഗുപ്തയാണ് ഹാജരായത്. തുല്യത മതസ്ഥാപനങ്ങള്‍ക്ക് ബാധകമാണെന്ന് സംസ്ഥാനസര്‍ക്കാര്‍ വാദിച്ചു. തൊട്ടുകൂടായ്മയും തുല്യതയ്ക്കുള്ള അവകാശവും ക്ഷേത്രങ്ങള്‍ പൊതുസ്ഥലമാണോ എന്നതും ഈ വിധിയുമായി ബന്ധപ്പെടുത്തരുതെന്ന് സംസ്ഥാനസര്‍ക്കാരിന് വേണ്ടി അഡ്വ. ജയ്ദീപ് ഗുപ്ത വാദം ഉന്നയിച്ചു. ചില വാദങ്ങള്‍ പരിഗണിച്ചില്ല എന്നത് പുനഃപരിശോധനയ്ക്ക് അടിസ്ഥാനമല്ല. കോടതിയാണ് ഏതൊക്കെ വാദങ്ങള്‍ പരിഗണിക്കണം, വേണ്ട എന്ന് തീരുമാനിക്കേണ്ടത്. തൊട്ടുകൂടായ്മയില്‍ അടിസ്ഥാനപ്പെടുത്തിയല്ല വിധി വന്നിരിക്കുന്നത്. അതുകൊണ്ട് അക്കാര്യം ചൂണ്ടിക്കാട്ടി വിധി പുനഃപരിശോധിക്കണം എന്ന് പറയാനാകില്ല. വിധിയിലെ ഓരോ പ്രധാന നിരീക്ഷണത്തെയും പിന്തുണച്ചായിരുന്നു സംസ്ഥാനസര്‍ക്കാരിന്റെ വാദം. ഒന്ന് അയ്യപ്പഭക്തര്‍ പ്രത്യേക മതവിഭാഗമല്ല, രണ്ട് ഒരു വ്യക്തിയുടെ ആരാധനാവകാശം തടയപ്പെട്ടാല്‍ അത് 25ാം അനുച്ഛേദത്തിന്റെ ലംഘനമാണ്. മൂന്ന് റൂള്‍ 3 (ബി) മൂല നിയമത്തിന് തന്നെ എതിരാണ്.

സ്ത്രീകളുടെ വിവേചനം ഹിന്ദു മതത്തിന്റെ അവിഭാജ്യഘടകമോ ആചാരമോ അല്ല. തന്ത്രി ഉള്‍പ്പടെയുള്ളവര്‍ ആചാരമെന്ത്, അവിഭാജ്യഘടകമായ ആചാരമെന്ത് എന്നതില്‍ ആശയക്കുഴപ്പമുണ്ടാക്കുകയാണ്.

ഒരു മതത്തിന്റെ അവിഭാജ്യ ആചാരവും, ഒരു ക്ഷേത്രത്തിന്റെ അവിഭാജ്യ ആചാരവും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുത്. ഒരു ക്ഷേത്രത്തിന്റെ മാത്രം ആചാരം ഭരണഘടനാപരമായി മതത്തിന്റെ ആചാരമായി നിലനില്‍ക്കില്ലെന്നും സംസ്ഥാനസര്‍ക്കാര്‍ വാദിച്ചു. ഭരണഘടനയ്ക്കനുസരിച്ചുള്ള ആചാരങ്ങളേ നിലനില്‍ക്കാവൂ. സാമൂഹ്യാന്തരീക്ഷം തകര്‍ന്നെന്ന ബ്രാഹ്മണസഭയുടെ വാദത്തെ സര്‍ക്കാര്‍ എതിര്‍ത്തു. രാഷ്ട്രീയ, സാമൂഹ്യപ്രശ്‌നങ്ങള്‍ മാത്രം വച്ച് തുല്യത ഉറപ്പാക്കുന്ന ഒരു വിധി പുനഃപരിശോധിക്കരുത്. ഹൈക്കോടതി നിയോഗിച്ച മേല്‍നോട്ടസമിതിയുടെ ആവശ്യമില്ലെന്നും സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി.

പതിനഞ്ച് മിനിറ്റ് നീണ്ടു നിന്ന വാദത്തില്‍ വിധി സംരക്ഷിക്കപ്പെടണം എന്ന് ഭരണഘടനയിലൂന്നി നിന്ന് സംസ്ഥാനസര്‍ക്കാര്‍ വാദിച്ചു. തുടര്‍ന്ന് ഉച്ചഭക്ഷണത്തിനായുള്ള ഇടവേളയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top