റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് സര്‍ക്കാരുമായി സമാന്തര ചര്‍ച്ച നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. ഇന്ത്യന്‍ താല്‍പ്പര്യത്തിന് വിരുദ്ധമായി കരാറില്‍ പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന് കാണിച്ച് പ്രതിരോധമന്ത്രാലയ സെക്രട്ടറി ജി മോഹന്‍കുമാര്‍ മുന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് അയച്ച കത്ത് ദ ഹിന്ദു ദിനപത്രം പുറത്തുവിട്ടു . 2015 നവംബര്‍ 24ന് അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് മുന്‍പ്രതിരോധ സെക്രട്ടറി ജി മോഹന്‍കുമാര്‍ നല്കിയ കത്താണ് പുറത്തുവന്നത്. പ്രതിരോധ സെക്രട്ടറി സ്വന്തം കൈപ്പടയിലാണ് കുറിപ്പ് തയ്യാറാക്കിയത്.
പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ചകള്‍ നടത്തിയെന്നും ഇത് ഇന്ത്യന്‍ താല്പര്യങ്ങള്ക്ക് ദോഷകരമാകുമെന്നും മന്ത്രാലയത്തിന്റെ നീക്കങ്ങളെ ദുര്‍ബലമാക്കിയെന്നും കുറിപ്പിലുണ്ട്. കരാറിന് ബാങ്ക് ഗ്യാരൻറി വേണമെന്നും പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പിൽ നിഷ്കർഷിക്കുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഫയലില്‍ കുറിച്ചിരുന്നുവെന്നും എന്നാല്‍ പശ്ചാത്തലം ഓര്‍മ്മയില്ലെന്നും മോഹന്‍കുമാര്‍ പ്രതികരിച്ചു.
ഫ്രഞ്ച് സര്‍ക്കാരുമായി റഫേല്‍ കരാറുമായി ബന്ധപ്പെട്ടുളള ചര്‍ച്ചകള്‍ നടത്താന്‍ നിയോഗിച്ചിരുന്ന ഏഴംഗ സംഘത്തിന് പുറമെ ഉളളവര്‍ നടത്തുന്ന ചര്‍ച്ചകള്‍ ഒഴിവാക്കണമെന്നാണ് കത്തിലെ ഉളളടക്കം. ഇത്തരം ചര്‍ച്ചകള്‍ ഇന്ത്യയുടെ നിലപാടിനെ അട്ടിമറിക്കുന്നതാണെന്നും, അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്നുമാണ് പ്രതിരോധ സെക്രട്ടറി മന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിരോധ സംഘം നടത്തുന്ന ചര്‍ച്ചകളില്‍ വിശ്വാസമില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേതൃത്വത്തില്‍ ഉചിതമായ രീതിയില്‍ ചര്‍ച്ചകള്‍ നടത്താമെന്നും കത്തില്‍ പറയുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വഴിവിട്ട ഇടപെടല്‍ മൂലം കരാറില്‍ വെളളം ചേര്‍ക്കാന്‍ ഫ്രഞ്ച് സര്‍ക്കാര്‍ ശ്രമിക്കുന്നതായും ഇത് ഇന്ത്യന്‍ താല്പര്യങ്ങള്ക്ക് വിരുദ്ധമാണെന്നും പ്രതിരോധ സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു. ബാങ്ക് ഗാരന്റിയുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രാലയം മുന്നോട്ട് വെച്ചിരുന്ന നിബന്ധനങ്ങള്‍ പ്രധാമന്ത്രിയുടെ ഓഫീസുമായി നടത്തിയ ചര്‍ച്ചയിലൂടെ വേണ്ടെന്നു വച്ചെന്നും ഇത്തരം കൂട്ടി ചേര്ക്കലുകള് രാജ്യ താല്പര്യത്തിന് എതിരാണെന്നും കത്തില്‍ പറയുന്നു
സമാന്തര ചര്‍ച്ച നടത്തുന്ന വിവരം പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നില്ല, ഫ്രഞ്ച് സര്‍ക്കാര്‍ പ്രതിനിധി ജനറല്‍ സ്റ്റീഫന്‍ റബ് നല്കിയ കത്തില്‍ നിന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ചര്‍ച്ച നടത്തുന്ന വിവരം ഉദ്യോഗസ്ഥര്‍ അറിയുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് സെക്രട്ടറി ജാവേദ് അഷ്റഫാണ് ഫ്രഞ്ച് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിയത്. ഫ്രഞ്ച് പ്രതിരോധ മന്ത്രിയുടെ ഉപദേശകന് ലൂയിസ് വാസിയുമായി ഫോണ്‍ വഴിയായിരുന്നു ചര്‍ച്ചകള്‍. ജനറല്‍ റബിന്റെ കത്തിനെ കുറിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്ന എയര്‍ മാര്‍ഷല്‍ എസ് ബി പി സിന്‍ഹ, ജാവേദ് അഷ്റഫിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. തുടര്‍ന്ന് ഫ്രഞ്ച് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിയ വിവരം അദ്ദേഹം സ്ഥിരീകരിക്കുകയും ചെയ്തു.
36 റഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ പോകുകയാണെന്ന് പ്രധാനമന്ത്രി ഫ്രാന്‍സില്‍ വെച്ച് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇത്തരം വഴിവിട്ട ചര്‍ച്ചകള്‍ നടന്നിരിക്കുന്നത്. ഏപ്രില്‍ 2015 ല്‍ ആണ് മോഡി റഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നതായി പ്രഖ്യാപിച്ചത്. 2016 സെപ്തംബര്‍ 23ന് ആണ് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍കോസ് ഹോളണ്ടെയുമായി കരാറില്‍ ഒപ്പുവെച്ചത്.
2018 ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത് പ്രതിരോധ മന്ത്രാലയമാണ് ഇടപാടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയതെന്നാണ്. പ്രധാനമന്ത്രിയുടെ ഓഫിസ് കരാറില്‍ ഇടപെട്ടുവെന്നതിന്റെ വ്യക്തമായ തെളിവ് പുറത്തുവന്നതോടെ സര്‍ക്കാരിന്റെ വാദങ്ങള്‍ പൊളിയുകയാണ്.

Leave a Reply