Flash News

കൂടെ നിന്നവര്‍ ചതിച്ചു; ഇരുപത്തിരണ്ടോളം സിനിമകള്‍ നിര്‍മ്മിച്ച ഷിര്‍ദ്ദിസായി ക്രിയേഷന്‍സ് ഉടമ ഭക്ഷണത്തിനു പോലും വകയില്ലാതെ ദുരിത ജീവിതത്തില്‍

February 8, 2019 , .

pkr-pillaiകൂടെ നിന്നവര്‍ ചതിച്ചപ്പോള്‍ ഇരുപത്തിരണ്ടോളം സിനിമകള്‍ നിര്‍മ്മിച്ച ഷിര്‍ദ്ദിസായി ക്രിയേഷന്‍സ് ഉടമ ഭക്ഷണത്തിനു പോലും വകയില്ലാതെ ദുരിത ജീവിതം തള്ളിനീക്കുന്നു. മലയാള സിനിമാ രംഗത്ത് ശക്തനായ നിര്‍മ്മാതാവായിരുന്ന പി കെ ആര്‍ പിള്ള എന്ന വ്യവസായിയാണ് തൃശൂര്‍ പീച്ചിയിലെ വീട്ടില്‍ ദുരിത ജീവിതം തളളി നീക്കുന്നത്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഉള്‍പ്പെടെ ബോക്‌സോഫീസില്‍ ചരിത്രം തിരുത്തിക്കുറിച്ച് മുന്നേറിയ സിനിമകളുടെ സൃഷ്ടാവ് നാളുകളായി മരുന്നിനും ഭക്ഷണത്തിനും പോലും വകയില്ലാത്ത അവസ്ഥയിലാണ്. മലയാളത്തിന് ഒരിക്കലും മറക്കാനാവാത്ത ഒരു പിടി ചിത്രങ്ങള്‍ സമ്മാനിച്ച ഷിര്‍ദ്ദിസായി ക്രിയേഷന്‍സ് സിനിമാപ്രേമികളെ സംബന്ധിച്ച് എന്നും മനസില്‍ തങ്ങിനില്‍ക്കുന്ന സുഖമുളള ഓര്‍മ്മയാണ്.

പി കെ ആര്‍ പിള്ള എന്ന വ്യവസായിയായിരുന്നു ഈ ബാനറില്‍ സിനിമകള്‍ നിര്‍മ്മിച്ചത്. ചിത്രം, കിഴക്കുണരും പക്ഷി, വന്ദനം, അമൃതംഗമയ തുടങ്ങി മലയാളം എക്കാലവും ഓര്‍ക്കുന്ന ഒരുപിടി ചിത്രങ്ങളാണ് ഈ ബാനറില്‍ പിറന്നതും. ഒരു കാലത്തെ സൂപ്പര്‍ നിര്‍മ്മാതാവിന്റെ ദുരിത ജീവിതം നിര്‍മ്മാതാവ് സജി നന്ദ്യാട്ട് വഴിയാണ് വീണ്ടും ഇപ്പോള്‍ പുറംലോകം അറിയുന്നത്. സിനിമാവൃത്തങ്ങളില്‍ ഇത് ചര്‍ച്ചയായിക്കഴിഞ്ഞു.

ഇന്ത്യയിലെ വമ്പന്‍ നഗരങ്ങളിലെല്ലാം കച്ചവട സാമ്രാജ്യങ്ങളുണ്ടായിരുന്നു പികെ ആര്‍ പിളളയ്ക്ക്. ഒപ്പം നിന്നവര്‍ ഇവയെല്ലാം തന്ത്രപൂര്‍വ്വം കൈവശപ്പെടുത്തിയതോടെയാണ് ദുരിതം ആരംഭിച്ചതെന്ന് പി.കെ.ആര്‍ പിളളയുടെ ഭാര്യ രമ പറയുന്നു. ചാനലുകളില്‍ ഇന്നും പ്രദര്‍ശിപ്പിക്കുന്ന ഈ ചിത്രങ്ങളുടെ അവകാശം ആരുടെ പക്കലാണെന്ന് 85കാരനായ പിളളയ്ക്ക് ഓര്‍മയില്ല. ഇളയ മകളുടെ വിവാഹം നടത്താന്‍ നിവൃത്തിയില്ലാതെ വന്നപ്പോഴാണ് അദ്ദേഹത്തിന്റെ ഭാര്യയും മക്കളും നിര്‍മാതാക്കളുടെ സംഘടനയുടെ സഹായം തേടിയെത്തിയത്. ഇതോടെയാണ് ഇദ്ദേഹത്തിന്റെ ജീവിതം വീണ്ടും ചര്‍ച്ചയായത്. ഓര്‍മ്മ നശിച്ച അദ്ദേഹം മൂന്നുവര്‍ഷം മുമ്പ് മരിച്ചു പോയ മകന്‍ തിരിച്ചത്തുന്നതും നോക്കി നില്‍ക്കുകയാണ്. സിനിമയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിച്ചിരുന്നതായും പലവട്ടം ശ്രമിച്ചിരുന്നതായും ഭാര്യ രമ പറയുന്നു.

എറണാകുളം കൂത്താട്ടുകുളം സ്വദേശിയാണ് പി.കെ.ആര്‍ പിള്ള. മുംബൈയിലായിരുന്നു ബിസിനസിന്റെ ഏറെപങ്കും. മുംബൈ മുനിസിപ്പാലിറ്റിയിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ചരിത്രവും പിളളയ്ക്കുണ്ട്. ഇന്ദിരഗാന്ധിയുമായി അടുത്ത സൗഹൃദവും പിളളയ്ക്കുണ്ടായിരുന്നു. 20 വര്‍ഷത്തിനിടെയാണ് 22 സിനിമകള്‍ അദ്ദേഹം നിര്‍മ്മിച്ചത്. പത്തുവര്‍ഷം മുന്‍പാണ് ബിസിനസ് തകര്‍ന്നതോടെ തൃശൂരില്‍ വന്ന് താമസമാക്കിയത്. അക്കാലത്ത് ആറുകോടിയിലധികം വിലമതിക്കുന്ന വീട് വെറും 70 ലക്ഷത്തിനു വിറ്റിട്ടാണ് ഇപ്പോഴുളള വീടും സ്ഥലവും വാങ്ങിയത്.

കയ്യില്‍ കാശില്ലാതെയായപ്പോള്‍ സിനിമയില്‍ നിന്നുളള ബന്ധങ്ങളും അവസാനിച്ചു. സംഘടനയുടെയും പഴയ സഹപ്രവര്‍ത്തകരുടെയും സഹായത്തോടെ സിനിമകള്‍ സംബന്ധിച്ച രേഖകള്‍ തിരിച്ചു കിട്ടുമെന്നാണ് പി.കെ.ആര്‍. പിള്ളയുടെ കുടുംബത്തിന്റെയും പ്രതീക്ഷയും. 1984ല്‍ നിര്‍മ്മിച്ച വെപ്രാളം ആയിരുന്നു പികെആര്‍ പിള്ളയുടെ ആദ്യചിത്രം. പിന്നീട് ഓണത്തുമ്പിക്കൊരൂഞ്ഞാല്‍, പുലി വരുന്നേ പുലി, ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍ തുടങ്ങി പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടിയ നിരവധി ചിത്രങ്ങളും നിര്‍മ്മിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top