Flash News

ആധിയും വ്യാധിയുമല്ല, അതിജീവനമാണ് കഠിനം

February 8, 2019 , ജയ് പിള്ള

Cancer-Day Feb 4thലോക ക്യാന്‍സര്‍ ദിനം ഒന്നുകൂടി കടന്നു പോകുന്നു. പ്രായഭേദമന്യേ വിവിധങ്ങളായ ക്യാന്‍സര്‍ രോഗികള്‍ നമുക്ക് ചുറ്റും ഉണ്ട്.
ക്യാന്‍സര്‍ തുടക്കത്തിലേ കണ്ടുപിടിച്ചാല്‍ പൂര്‍ണ്ണമായും ചികിത്സിച്ചു ഭേദമാക്കാമെന്ന് വൈദ്യശാസ്ത്രം പറയുന്നു. പക്ഷെ കണ്ടുപിടിച്ചു, കൃത്യസമയത്തു ചികിത്സ ലഭ്യമാക്കുന്നതില്‍ നാം വളരെ പിന്നോട്ടാണ്. ചില ക്യാന്‍സറുകള്‍ കണ്ടുപിടിക്കപ്പെടുന്നതില്‍ പലപ്പോഴും തുടക്കത്തില്‍ പരാജയം സംഭവിക്കാറും ഉണ്ട്.

തുടര്‍ച്ചയായി നമ്മുടെ ആരോഗ്യസ്ഥിതിയില്‍ വരുന്ന ചില പ്രത്യേക മാറ്റങ്ങള്‍ ശ്രദ്ധിക്കാതിരിക്കുന്നതിലൂടെ രോഗനിര്‍ണ്ണയം വൈകി മാത്രമാകുന്നു. ഓരോ രോഗങ്ങളും ഡോക്ടറെ കണ്ടു കൃത്യമായി ചികിത്സ നേടാതിരുന്നാല്‍ പിന്നീട് അതൊരു വിപത്തായി മാറാം. ചില അസ്വസ്ഥതകള്‍ ശരീരം നമുക്ക് തരുന്ന ചില സൂചനകള്‍ മാത്രമാണ്. അത് തിരിച്ചറിഞ്ഞു സമയം കണ്ടെത്തി ചികിത്സ തേടുക.

ക്യാന്‍സര്‍ രോഗത്തെക്കാള്‍ കഠിനമാണ് അതിജീവന കാലം. എല്ലാറ്റിനോടും ആകാംക്ഷ, ചിലപ്പോള്‍ വെറുപ്പ്, അനാവശ്യ ദ്വേഷ്യം, ചിന്തകള്‍, കൂടപ്പിറപ്പുകളുടെയും മക്കളുടെയും ഒക്കെ അതീവ പരിചരണം, ഒരു രോഗി ആയി എന്ന തോന്നല്‍ വര്‍ധിപ്പിക്കല്‍, സ്വയം ഉള്‍വലിയുന്ന സാഹചര്യങ്ങള്‍. കൂട്ടുകാര്‍, ജോലിസ്ഥലം എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ടു എന്ന തോന്നല്‍, മരുന്നുകളുടെ അമിതമായ ഉപയോഗം, അമിത ശരീര വേദന, ദഹനക്കുറവ്, അസ്വസ്ഥതകള്‍, എല്ലാ കാര്യങ്ങളിലും വിരക്തി, അമിത ക്ഷീണം, അങ്ങിനെ രോഗ നിര്‍ണ്ണയം മുതല്‍ ചികിത്സാവസാനവും, പിന്നീടുള്ള ജീവിതവും ഭൂരിഭാഗം ആളുകളെയും മാനസികവും, ശാരീരികവുമായി തളര്‍ത്തുന്നു.

അന്‍പതുകളിലേക്ക് കടക്കുന്ന സ്ത്രീകളും പുരുഷന്മാരും, മുന്നോട്ടുള്ള ജീവിതത്തില്‍ ചിട്ടകളും, കരുതലുകളും ആയി മുന്നോട്ടു പോയാല്‍ ക്യാന്‍സറിനെ ചെറുക്കുവാന്‍ ഒരു പരിധിവരെ കഴിയും.

ക്യാന്‍സര്‍ വിട്ടുമാറിയ ഒരു രോഗിയോ ക്യാന്‍സര്‍ രോഗിയോ അവന്റെ ജീവിതത്തില്‍ സന്തോഷം നല്‍കുന്ന കല, കായിക വിനോദങ്ങള്‍, രാഷ്ട്രീയം, ഇപ്പോള്‍ സോഷ്യല്‍ മീഡിയയും, സാഹിത്യ, സ്‌പോട്‌സ്, പൊതു പ്രവര്‍ത്തനം എന്നിവയില്‍ കൂടുതല്‍ കൂടുതല്‍ ഉള്‍പ്പെട്ടുകൊണ്ട് മറ്റു ചിന്തകളെ ഒഴിവാക്കുന്നതും നന്നായിരിക്കും. ഉള്ളിലെ ആധി വീണ്ടും ഒരു വ്യാധിയായി പടരുന്നതിന് പകരം സ്വന്തം ജീവിതത്തെ സോഷ്യലൈസ് ചെയ്തു അതിജീവന കാലം സന്തോഷപ്രദമാക്കാം.

മറ്റു കുടുംബാംഗങ്ങള്‍ രോഗിയെ ശ്രദ്ധിക്കുന്നതില്‍ കാണിക്കുന്ന അമിത കെയര്‍ ഒരു പക്ഷെ രോഗിയെ കൂടുതല്‍ മാനസിക വിഷമങ്ങള്‍ക്കു വഴി വെച്ചേക്കാം. അത്യാവശ്യം പൊതുകാര്യങ്ങളും, കലയും, വായനയും, സാഹിത്യവും, പ്രവര്‍ത്തനങ്ങളും ആയി മുന്നോട്ട് പോയാല്‍ ക്യാന്‍സറിന്റെ കഠിനമായ ശാരീരിക അസ്വസ്ഥതകളില്‍ നിന്നും വേദനകളില്‍ നിന്നും രോഗിക്ക് (രോഗാനന്തരവും) മുക്തി നേടാം.

ക്യാന്‍സര്‍ രോഗ കാലയളവിനേക്കാള്‍ കഠിനമാണ് രോഗവിമുക്തിക്ക് ശേഷമുള്ള അതിജീവന കാലം. കൃത്യവും ചിട്ടയുമായ ജീവിതത്തിലൂടെ ക്യാന്‍സര്‍ രോഗത്തെ നമുക്ക് ഒരു പരിധിവരെ അകറ്റി നിര്‍ത്താം ഒരു ക്യാന്‍സര്‍ ദിനം കൂടി കടന്നു പോകുമ്പോള്‍ നാം ഒരുരുത്തരും ഒരു വര്‍ഷം കൂടി പിന്നിടുന്നുവെന്നു ഓര്‍ക്കുക. അന്‍പതുകളുടെ പ്രായം മുതല്‍ സ്ത്രീയ്ക്കും പുരുഷനും ക്യാന്‍സര്‍ ബാധയ്ക്കു സാധ്യത ഏറുന്ന പ്രായം ആയതിനാല്‍ കൃത്യമായും വാര്‍ഷിക പരിശോധനകള്‍ നടത്തി രോഗ നിര്‍ണ്ണയം നടത്തേണ്ടതാണ്. ഏതു രീതിയില്‍ ഉള്ള ക്യാന്‍സറിനെയും ചിരിച്ചുകൊണ്ട് നേരിടുവാന്‍ എല്ലാവര്‍ക്കും കരുത്തു നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top