Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    കോവിഡ്-19: രാജ്യത്തുടനീളം ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി, നിയന്ത്രണങ്ങളില്‍ ഇളവ്   ****    അഞ്ചല്‍ ഉത്ര കൊലക്കേസ്: സൂരജിന്റേയും സുരേഷിന്റേയും കസ്റ്റഡി കലാവധി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി കോടതി ഉത്തരവ്   ****    കൊറോണ വൈറസ്: യു എ ഇ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ മൂന്നു മലയാളികള്‍ മരിച്ചു   ****    കൊറോണ വൈറസ്: കേന്ദ്രത്തിന് താളം തെറ്റുന്നു, രോഗവ്യാപനം അനിയന്ത്രിതമായി, ഡല്‍ഹി മൂന്നാം സ്ഥാനത്ത്   ****    കാരണം വ്യക്തമാക്കാതെ വി ട്രാന്‍സ്‌ഫര്‍ ഡോട്ട് കോമിന് ഇന്ത്യയില്‍ നിരോധനം   ****   

ഭരണഘടനകൊണ്ട് കളിക്കുന്നവര്‍ (ലേഖനം)

February 9, 2019 , അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

bharanaghadana kond-1സഹികെട്ടാണ് കോടതിയോട് കളിച്ച സി.ബി.ഐ താല്ക്കാലിക ഡയറക്ടര്‍ എം നാഗേശ്വരറാവുവിനെ കോടതിയലക്ഷ്യത്തിന് നേരിട്ട് ഹാജരാകാന്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഉത്തരവിട്ടത്.

ബിഹാര്‍ അനാഥാലയ പീഢനകേസില്‍ സുപ്രിം കോടതിയാണ് നേരിട്ട് കേസെടുത്തിരുന്നത്. അന്വേഷണ ചുമതലയേല്‍പ്പിച്ച സി.ബി.ഐ സംഘത്തെ സ്ഥലം മാറ്റരുതെന്നും നിര്‍ദ്ദേശിച്ചിരുന്നു. അതു ധിക്കരിച്ചതിനാണ് ‘കളിച്ചത് കോടതിവിധിയോടാണ്, നിങ്ങളെ ഇനി ദൈവം രക്ഷിക്കട്ടെ’ എന്ന് ചീഫ് ജസ്റ്റിസ് രോഷം പ്രകടിപ്പിച്ചത്. കേസുതന്നെ ബിഹാറിലെ മുസഫര്‍പൂരില്‍നിന്ന് ഡല്‍ഹിയിലെ കോടതിയിലേക്ക് മാറ്റിയത്.

എന്നാല്‍ സി.ബി.ഐയുടെ കളി കോടതി വിധിയോടു മാത്രമല്ല സംസ്ഥാനങ്ങള്‍ ചേര്‍ന്നതാണ് ഇന്ത്യ എന്ന് വിവക്ഷിക്കുന്ന നമ്മുടെ ഭരണഘടനയോടുതന്നെയാണ്. സി.ബി.ഐയുടെ മാത്രമല്ല കേന്ദ്ര സര്‍ക്കാറെന്ന നിലയില്‍ അതിനു കീഴില്‍ വരുന്ന സകല കേന്ദ്ര ഏജന്‍സികളെയും ഏകോപിച്ച് ആയുധമാക്കി ഭരണഘടനയോടു രാഷ്ട്രീയം കളിക്കുന്ന ഒരസാധാരണ ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത്.

Photo1

ലേഖകന്‍

ഞങ്ങള്‍ വിധിച്ചിട്ടും കേന്ദ്ര സര്‍ക്കാര്‍ പ്രസ്തുത കേസിലെ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സി.ബി.ഐ ഉദ്യോഗസ്ഥരെ എങ്ങനെ സ്ഥലം മാറ്റി എന്നാണ് ചീഫ് ജസ്റ്റിസ് ചോദിച്ചത്. ‘ദൈവം’ അവര്‍ക്കൊപ്പമുണ്ടെന്ന ഉത്തമവിശ്വാസത്തിലാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ തലപ്പത്തിരിക്കുന്നവര്‍ തീകൊണ്ടു കളിക്കുന്നത്. സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ കേന്ദ്ര ഗവണ്മെന്റ് പാതിരാത്രി പുറത്താക്കിയ സംഭവത്തില്‍ ഇടപെട്ട ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കുതന്നെ അക്കാര്യം നന്നായി അനുഭവപ്പെട്ടതുമാണ്.

അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയതിനും സുപ്രിം കോടതി ഉത്തരവില്‍ അദ്ദേഹം ഡയറക്ടറായി തിരിച്ചെത്തിയതിനും കേന്ദ്ര ഗവണ്മെന്റിന്റെ ഇടപെടല്‍ തുടര്‍ന്നുമുണ്ടായപ്പോള്‍ അദ്ദേഹം രാജിവെച്ചു പോയതിനും നേര്‍സാക്ഷിയായിരുന്നു സുപ്രിം കോടതി. പ്രധാനമന്ത്രിതന്നെ ഭരണഘടനാ മൂല്യങ്ങളും വ്യവസ്ഥകളും വെല്ലുവിളിക്കാനിറങ്ങിയാല്‍ അതിന്റെ വഴി തടയാന്‍ പറ്റിയ വാലുള്ള ഹനുമാനൊന്നുമല്ല സുപ്രിംകോടതിയെന്ന ഭരണഘടനാ സ്ഥാപനം.

കഴിഞ്ഞ നവംബര്‍ മുതല്‍ സി.ബി.ഐയ്ക്ക് യഥാര്‍ത്ഥത്തില്‍ ബാലികേറാമലയായ സംസ്ഥാനമാണ് പശ്ചിമബംഗാള്‍. ഡല്‍ഹി പ്രത്യേക നിയമമനുസരിച്ച് രൂപീകരിച്ച സി.ബി.ഐ എന്ന കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ പ്രവര്‍ത്തനം സംസ്ഥാന സര്‍ക്കാറിന്റെ അനുവാദത്തോടെയാകണം. സി.ബി.ഐയ്ക്കുള്ള അനുവാദം മമതാ സര്‍ക്കാര്‍ കഴിഞ്ഞ നവംബറില്‍ പിന്‍വലിച്ചിരുന്നു. ആറു വര്‍ഷം മുമ്പ് സുപ്രിം കോടതി ശാരദാ ചിട്ട് ഫണ്ട് കേസ് അന്വേഷിക്കാന്‍ സി.ബി.ഐയ്ക്ക് നല്‍കിയ അധികാരത്തിന്റെ പിന്‍ബലത്തിലാണ് കഴിഞ്ഞ ദിവസം 40 അംഗ സി.ബി.ഐ സംഘം കൊല്‍ക്കത്ത പൊലീസ് കമ്മീഷണറുടെ വസതിയില്‍ നിന്ന് അദ്ദേഹത്തെ പിടിച്ചു കൊണ്ടുപോകാന്‍ ചെന്നത്. പൊലീസ് കമ്മീഷണര്‍ അന്വേഷണത്തിന് വഴങ്ങുന്നില്ലെന്ന് ആരോപിച്ച്. അക്കാര്യം സുപ്രിം കോടതിയുടെ ശ്രദ്ധയില്‍പെടുത്തി അനുവാദം വാങ്ങണമെന്ന കീഴ്‌വഴക്കം പാലിക്കാതെ. അഞ്ചു വര്‍ഷമായി സി.ബി.ഐ തന്നെ അന്വേഷണം മരവിപ്പിച്ചിരുന്നു കേസില്‍. പിറ്റേന്ന് പുതിയ സി.ബി.ഐ ഡയറക്ടര്‍ ചുമതല ഏല്‍ക്കാനിരിക്കെയാണ് താല്ക്കാലിക ഡയറക്ടര്‍ നാഗേശ്വരറാവു സി.ബി.ഐയെ ഇതിന് നിയോഗിച്ചത്.

യോഗിമാരുടെ നാട്ടില്‍നിന്നു വ്യത്യസ്തമായി കാളീഘട്ടും ദുര്‍ഗയുമൊക്കെ വൈകാരിക സാന്നിധ്യമായ ബംഗാളിലെ രാഷ്ട്രീയ ദുര്‍ഗയാണ് മമതാ ബാനര്‍ജി. കേന്ദ്ര ഗവണ്മെന്റിന്റെ ഭരണഘടനാ വിരുദ്ധ നീക്കത്തിനെതിരെ ഉടന്‍ അവര്‍ സെക്രട്ടേറിയറ്റില്‍ നിന്നിറങ്ങി തെരുവില്‍ ധര്‍ണ്ണ നടത്തി തിരിച്ചടിച്ചത് ദേശീയ വിഷയമായി. മോദി ഗവണ്മെന്റിനെ പുറത്താക്കി ഭരണഘടനയെയും രാജ്യത്തെയും രക്ഷിക്കുക എന്ന മമതയുടെ മുദ്രാവാക്യത്തിന് ഇടതുപക്ഷം ഒഴിച്ചുള്ള രാജ്യത്തെ പ്രതിപക്ഷ കക്ഷികളാകെ പിന്തുണയുമായി മുന്നോട്ടുവന്നു.

റഫാല്‍ വിമാന ഇടപാടില്‍ അഴിമതി ആരോപിച്ചുള്ള പരാതി സി.ബി.ഐ ആസ്ഥാനത്ത് നല്‍കിയതു തൊട്ട് സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മയെയും നൂറിലേറെ മുതിര്‍ന്ന സി.ബി.ഐ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയായിരുന്നു തുടക്കം. ഈ കളിക്കിടയില്‍ താല്‍ക്കാലിക ഡയറക്ടറായി സി.ബി.ഐ തലപ്പത്ത് കയറിക്കൂടിയ ആളാണ് ഒഡീഷ കേഡറിലെ ഐ.പി.എസുകാരനായ എം നാഗേശ്വരറാവു. താല്‍ക്കാലിക സി.ബി.ഐ ഡയറക്ടറെ രാഷ്ട്രീയക്കളിക്കുള്ള ആയുധമാക്കുന്നത് തിരിച്ചറിഞ്ഞ് സുപ്രിം കോടതിയുടെ മറ്റൊരു ബഞ്ചിന് സ്ഥിരം ഡയറക്ടറെ നിയമിക്കുന്നത് ഒട്ടും വൈകിച്ചുകൂടെന്ന് പരോക്ഷമായി പ്രധാനമന്ത്രി മോദിക്കു പരസ്യ നിര്‍ദ്ദേശം നല്‍കേണ്ടിവന്നു.

കേന്ദ്രവും സംസ്ഥാന ഗവണ്മെന്റും തമ്മിലുള്ള കൊല്‍ക്കത്തയിലെ അസാധാരണ ഏറ്റുമുട്ടല്‍ രാജ്യം വീര്‍പ്പടക്കിയാണ് നോക്കിക്കണ്ടത്. ഇതിനിടയില്‍ പശ്ചിമ ബംഗാള്‍ ഗവണ്മെന്റിനെ പിരിച്ചുവിടാനുള്ള നീക്കം പോലും ആഭ്യന്തരമന്ത്രിയും ഗവര്‍ണറും മുന്‍കൈ എടുത്ത് ആരംഭിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തില്‍ സുപ്രിം കോടതി ഇടപെട്ടാണ് പൊട്ടിത്തെറികള്‍ തടഞ്ഞത്. പൊലീസ് കമ്മീഷണര്‍ കേസില്‍ പ്രതിയല്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി അദ്ദേഹത്തോട് സി.ബി.ഐ അന്വേഷണത്തില്‍ സഹകരിക്കാന്‍ നിര്‍ദ്ദേശിച്ചു. ഏറ്റുമുട്ടലിന്റെ ചൂട് തണുപ്പിക്കാന്‍ ചോദ്യം ചെയ്യല്‍ മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങില്‍ നടത്താനും ഉത്തരവിട്ടു.

എന്നാല്‍ കേന്ദ്ര ഗവണ്മെന്റില്‍ നിന്നുള്ള ഈ നീക്കം ഒരു പൊലീസ് കമ്മീഷണറുമായി മാത്രമോ തൃണമൂല്‍ ഗവണ്മെന്റുമായി മാത്രമോ ബന്ധപ്പെട്ട ഒരു പ്രശ്‌നമായി ചുരുക്കി കണ്ടുകൂട. സി.പി.എം ജനറല്‍ സെക്രട്ടറിയും പൊളിറ്റ് ബ്യൂറോയും പറഞ്ഞതുപോലെ അഴിമതിക്കാരായ തൃണമൂലിന്റെയും ബി.ജെ.പിയുടെയും നാടകമായും. ഇത് സര്‍വ്വാധിപത്യത്തിലേക്കുള്ള അപകടകരമായ നീക്കമാണ്. മറ്റു രാഷ്ട്രീയ പാര്‍ട്ടികളും ജനാധിപത്യ വിശ്വാസികളും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ഉയര്‍ത്തിയ വിഷയത്തിനു വലിയ തോതില്‍ ധാര്‍മ്മിക പിന്തുണ പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്.

അതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് റോബര്‍ട്ട് വദ്രക്കു പിന്നാലെ ധനമന്ത്രാലയത്തിനു കീഴിലുള്ള എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് കുതിച്ചത്. എ.ഐ.സി.സിയുടെ പുതിയ ജനറല്‍ സെക്രട്ടറിയായും നരേന്ദ്ര മോദിയുടെ ലോകസഭാ മണ്ഡലം ഉള്‍ക്കൊള്ളുന്ന കിഴക്കന്‍ യു.പിയുടെ സംഘടനാ ചുമതലക്കാരിയുമായി പ്രിയങ്ക വാദ്ര സ്ഥാനമേല്‍ക്കുന്ന മുഹൂര്‍ത്തം നോക്കി. കള്ളപ്പണം വെളുപ്പിച്ചു, അഗസ്ത വെസ്റ്റ്‌ലാന്റ് വിമാന ഇടപാടില്‍ ഇടത്തട്ടുകാരനായി പണം തട്ടി, ലണ്ടനിലുള്‍പ്പെടെ ആഡംബര വസതികള്‍ വാങ്ങിക്കൂട്ടി, രാജസ്ഥാനിലും ഹരിയാനയിലും കോണ്‍ഗ്രസ് ഗവണ്മെന്റുകളുടെ സഹായത്തോടെ ഭൂമി തട്ടിപ്പ് നടത്തി – തുടങ്ങിയ ആരോപണ ങ്ങള്‍ക്ക് തുടര്‍ച്ചയായ ചോദ്യംചെയ്യലിലൂടെ വാദ്രയില്‍നിന്ന് തെളിവ് തേടുന്നത്.

ആരോപണങ്ങള്‍ ആര്‍ക്കെതിരെ ഉയര്‍ന്നാലും ബന്ധപ്പെട്ട തലങ്ങളില്‍ സത്യസന്ധവും ജാഗ്രവുമായ അന്വേഷണം ഉറപ്പുവരുത്തണം. ആ ജനാധിപത്യ ത്തിന്റെ ഈ പൊതുനിയമത്തില്‍നിന്ന് റഫാല്‍ അഴിമതി നേരിടുന്ന പ്രധാനമന്ത്രിയോ അഴിമതിക്കാരെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുന്ന പ്രതിപക്ഷ നേതാക്കളോ അവരുമായി ബന്ധപ്പെട്ടവരോ വ്യത്യസ്തരല്ല. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന അഴിമതിയന്വേഷണ കോലാഹലങ്ങള്‍ വിശ്വാസത്തിലെടുക്കാനാവുന്നില്ല.

പശ്ചിമബംഗാളിലെ ചിട്ടി തട്ടിപ്പ് കേസുകളില്‍ അറസ്റ്റുചെയ്യപ്പെട്ട പലരെയും മോദിയുടെ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് എം.എല്‍.എയും എം.പിയും മന്ത്രിപോലും ആക്കിയിട്ടുണ്ട്. അവരില്‍ ചിലര്‍ ഇപ്പോള്‍ കേസില്‍ മാപ്പുസാക്ഷി കളാണത്രേ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി ഉന്നയിച്ചിരുന്ന ആരോപണ ങ്ങളാണ് ചിട്ടി ഫണ്ട് കേസുകളും മറ്റും. രാജസ്ഥാനിലെയും ഹരിയാനയിലെയും ബി.ജെ.പി ഗവണ്മെന്റുകള്‍ക്കോ അധികാരത്തിലേറിയ നരേന്ദ്രമോദിക്കോ ഈ കേസുകള്‍ അന്വേഷിച്ച് ഇതുവരെ സത്യം പുറത്തുകൊണ്ടുവരണമെന്ന് തോന്നിയില്ല. വീണ്ടും തെരഞ്ഞെടുപ്പ് നേരിടാന്‍ പോകുമ്പോഴാണ് അന്വേഷണ നാടകങ്ങള്‍.

സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ് തുടങ്ങിയ ഏജന്‍സികളിലൂടെ ആരോപണങ്ങള്‍ മാധ്യമങ്ങളിലെത്തിച്ച് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനുള്ള പെരുമ്പറ മുഴക്കുകയാണ്. ലോകസഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത പ്രധാനമന്ത്രിതന്നെ തനിക്കെതിരായ ആരോപണങ്ങളെ നേരിടുകയല്ല ചെയ്തത്. പകരം പൊതുയോഗങ്ങളിലെന്ന പോലെ പ്രതിപക്ഷത്തിനെതിരെ ആരോപണ മുന്നയിക്കുകയാണ്. ഏത് ആയുധകമ്പനിയുടെ വക്താക്കളാണ് എന്നു ചോദിച്ചും സര്‍ക്കാര്‍ നടത്തുന്ന അന്വേഷണങ്ങളില്‍ രഹസ്യങ്ങളും തെളിവുകളും പുറത്തുവരുമെന്ന് അവകാശപ്പെട്ടും. പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ ആരോപണങ്ങളുടെ പുകമറയാണ് പ്രധാനമന്ത്രിയും അന്വേഷണ ഏജന്‍സികളും ചേര്‍ന്ന് സൃഷ്ടിക്കുന്നത്.

ajith-doval

അജിത് ഡോവല്‍

മുന്‍കേന്ദ്ര ധനമന്ത്രി ചിദംബരത്തിനും മകനുമെതിരെ ഇതുപോലെ അന്വേഷണവേട്ട മുറുകുന്നുണ്ട്. രാഷ്ട്രീയപാര്‍ട്ടി നേതാക്കളെ മാത്രമല്ല മോദിക്കും സംഘ് പരിവാറിനു മെതിരെ ശബ്ദിക്കുന്ന പൗരാവകാശ – ജനാധിപത്യ പ്രവര്‍ത്തകരെയും ഇതുപോലെ കേസില്‍ കുടുക്കുന്നു. മഹാരാഷ്ട്രയില്‍ ആനന്ദ് തെല്‍തുംബ്‌ഡേയെ കസ്റ്റഡിയി ലെടുക്കാന്‍ ശ്രമിച്ചതും കോടതി ഇടപെട്ടതും അതിന്റെ തുടര്‍ച്ചയാണ്.

പശ്ചിമബംഗാള്‍ കടന്നാക്രമണത്തിന് നേതൃത്വം നല്‍കിയത് അജിത് ഡോവലാണെന്ന് മമതാ ബാനര്‍ജി വെളിപ്പെടുത്തുകയുണ്ടായി. കൊല്‍ക്കത്തയിലെ സി.ബി.ഐ ഉദ്യോഗസ്ഥരെ ഡല്‍ഹിയില്‍ വിളിപ്പിച്ചാണ് ഇത് ആസൂത്രണം ചെയ്തതെന്നും.

നരേന്ദ്രമോദി അധികാരത്തില്‍വന്ന് പാക്കിസ്താന്‍ അതിര്‍ത്തിയില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതിന്റെ പിന്നില്‍ അജിത് ഡോവലാണെന്ന് വാര്‍ത്തയുണ്ടായിരുന്നു. ഇപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താന്‍ പ്രധാനമന്ത്രിയെ സഹായിക്കുകയാണ് ഡോവല്‍. അതിന് കഴിഞ്ഞ സെപ്റ്റംബറില്‍ ഡോവലിനെ സ്ട്രാറ്റജിക് പോളിസി ഗ്രൂപ്പിന്റെ അധ്യക്ഷനായി മോദി നിയോഗിച്ചു. അതിനുവേണ്ടി 1999ലെ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സംബന്ധിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം ഭേദഗതിചെയ്തു.

ക്യാബിനറ്റ് സെക്രട്ടറിതൊട്ട് ഇന്റലിജന്റ് ഡയറക്ടര്‍, നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി, ആര്‍.ബി.ഐ സേനാ മേധാവികള്‍, നീതി ആയോഗ് തുടങ്ങി സര്‍ക്കാറിന്റെ എല്ലാ ഭരണ സംവിധാനങ്ങളും കൈയ്യാളാന്‍ അധികാരമുള്ള ഒരു പുതിയ അധികാര കേന്ദ്രമാക്കി ഡോവലിനെ മാറ്റി. പ്രധാനമന്ത്രി മോദിയുടെ അധികാര പദവിക്ക് തുടര്‍ന്നും സുരക്ഷിതത്വമുറപ്പിക്കുന്ന വിഷയങ്ങളാണ് അദ്ദേഹമിപ്പോള്‍ സര്‍ക്കാര്‍ ഏജന്‍സികളെക്കൊണ്ട് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. പ്രതിപക്ഷ മുന്നണി ഗവണ്മെന്റല്ല മോദിയുടെ സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരത്തിലേറണമെന്ന രാഷ്ട്രീയ ലക്ഷ്യത്തോടെ.

ഇതിന്റെ ബലത്തിലാണ് നാഗേശ്വരറാവുവിനെപ്പോലുള്ള ഉദ്യോഗസ്ഥന്മാര്‍ കോടതിയോടും കോടതിവിധിയോടും കളിക്കുന്നത്. കര്‍ണ്ണാടകയില്‍ എം.എല്‍.എമാരെ ഭരണപക്ഷത്തുനിന്നു പിടിച്ച് ജനവിധി അട്ടിമറിക്കാനുള്ള നീക്കത്തിനു പിന്നിലുള്ള ആസൂത്രണം പോലും സൗത്ത് ബ്ലോക്കില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോടു ചേര്‍ന്നുള്ള ഡോവലിന്റെ ഓഫീസില്‍നിന്നാണ്.

സുപ്രിം കോടതി ഇടപെട്ടിട്ടും കേന്ദ്ര ഗവണ്മെന്റിന്റെ അരിശം തീര്‍ന്നിട്ടില്ല. പശ്ചിമബംഗാള്‍ ഗവണ്മെന്റിലെ ഉന്നതരായ പൊലീസ് മേധാവികളുടെ മെഡലുകള്‍ തിരിച്ചെടുക്കാനും കേന്ദ്ര പാനലില്‍നിന്ന് അവരെ ഒഴിവാക്കാനും നീക്കം ആരംഭിച്ചു. ഡി.ജി.പിമാരടക്കം എല്ലാ സംസ്ഥാന പൊലീസിലെയും ഐ.പി.എസ് കേഡറിലുള്ളവരെ ഭയപ്പെടുത്തി വരുതിയില്‍ നിര്‍ത്താന്‍കൂടിയാണ് ഈ രാഷ്ട്രീയ കരുനീക്കം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top