Flash News

പ്രണയസാഫല്യം (ജോണ്‍ ഇളമത)

February 10, 2019 , ജോണ്‍ ഇളമത

Pranaya saphalyam-1ഇതെന്റെയും എന്റെ വല്യപ്പൂപ്പന്റെ ആശ്രിതനായിരുന്ന ശ്രീമാന്‍ മീശപാപ്പിച്ചേട്ടന്‍ പറഞ്ഞ കഥയാണ്. വല്യപ്പൂപ്പന്‍ മരിച്ച് പാപ്പിചേട്ടന്‍, എന്റെ അപ്പന്‍റയും കൃഷിക്കാരനായി. പാപ്പിച്ചേട്ടന്റെ ഭാര്യ എന്നേ മരിച്ചിരുന്നു. ഞാന്‍ ടീനേജറായിരുന്ന അക്കാലത്ത് എസ്.എസ്.എല്‍സി പാസായി പ്രീഡിഗ്രിക്ക്‌ ചേരാന്‍ തയ്യാറായിരുന്ന കാലം. മുഖക്കുരു വന്ന് പ്രേമം തരുപിടിപ്പിക്കുന്ന പ്രായം.

അക്കാലത്ത് ഞാനും പാപ്പിച്ചേട്ടനും കണ്ണെത്താദൂരത്തെ പുഞ്ചപ്പാടത്തിന്റെ നടുക്ക് കൊയ്ത്തു കഴിഞ്ഞ്, മെതികഴിഞ്ഞ് പൊലിക്ക് (പതിരുപിടിക്കും മുമ്പുള്ള നെല്ല്) പുഞ്ചയില്‍ കാവല്‍ കാത്തുകിടന്ന കാലത്ത്, പ്രേമത്തെ ഒക്കെ സ്വപ്നം കണ്ടുകഴിഞ്ഞ കാലത്ത്, അല്പം അശ്ശീലമൊക്കെ പറഞ്ഞ് എന്നെ രസിപ്പിച്ചിരുന്ന എണ്‍പതിനടുത്ത മൂപ്പിലാനായിരുന്നു പാപ്പിചേട്ടന്‍!

പാപ്പിചേട്ടനെപ്പറ്റി പറഞ്ഞാ, വെള്ളിക്കിരിടം വെച്ചപോലെ തലനിറയെ മുടി പുറക്കോട്ട്പറ്റെ ചീകിവെക്കും. അന്തിക്ക് ഷാപ്പിപോയി രണ്ടു കുപ്പി മൂത്ത തെങ്ങും കള്ളു വിടും. അതുകഴിഞ്ഞ് മുറുക്കി ചുവപ്പിച്ചു വരും. അപ്പോള്‍ പാപ്പിച്ചേട്ടനെ കാണാന്‍ പ്രത്യേക ചന്തം, ഒന്നു കറങ്ങി മിനുങ്ങി! അപ്പോള്‍ ഷാപ്പിലെ കള്ളരിച്ചു കുടിക്കാന്‍ പാകത്തില്‍ വെട്ടി നിര്‍ത്തിയിരിക്കുന്ന കുറ്റിച്ചൂലുപോലെയുള്ള തൂവെള്ള കുറ്റിമീശയുടെ അരിക് വരച്ചു വെച്ചമാതിരി കുങ്കുമരേഖ! അത് കാണുബോള്‍ വലിയ ചുവപ്പു കരയുള്ള വെള്ള ഡമ്പിള്‍ വേഷ്ടി പോലെ അത് എന്റെ മനസില്‍ നിറയും.

കള്ളുകുടികഴിഞ്ഞ് പാപ്പിച്ചേട്ടന്‍ ചൂട്ടും മിന്നിച്ചു കിടക്കാന്‍ വരും. പുഞ്ചപ്പാടത്തിന്റെ നടുക്ക് മരുഭൂമിയിലെ മരുപ്പച്ച പോലാണ് മെതിക്കളം! (പനമ്പു പന്തലിട്ട് കറ്റ മെതിക്കുന്ന കളം). അതോടു ചേര്‍ന്ന് ചെറുമാടം (വിശ്രമിക്കാനും, ഉണ്ണാനും ഉറങ്ങാനുമുള്ള, നാലു കാലുകളില്‍ പൊങ്ങി നില്‍ക്കന്ന ഏറുമാടം). പാപ്പിചേട്ടന്‍ മാടത്തിന്‍ ചോട്ടില്‍ പനമ്പായില്‍ കിടക്കും. ഞാന്‍ മാടത്തില്‍ തലയിണ വെച്ച് തഴപ്പായില്‍ കിടക്കും. തണുപ്പുള്ള നിലാവുള്ള രാത്രില്‍ ഇടക്കിടെ തറാവുകളുടെ കരച്ചില്‍, പുഞ്ചയുടെ അടുത്തുള്ള തോട്ടില്‍ ചെറുവള്ളങ്ങളില്‍ അവയെ തെളിച്ചുകൊണ്ടുപോകുന്ന താറാവുകാരുടെ പുളിച്ച തെറികള്‍ ഇടക്കിടെ കേള്‍ക്കാം, അകലെ ഗ്രാമത്തിലെ കൊടിച്ചിപ്പട്ടികളുടെ ഓരിയാന്‍ ഇടീലും. പിന്നെ വിജനതയില്‍ അങ്ങങ്ങു ദൂരെ ഒറ്റതെങ്ങുള്ള ഒരു വസൂരി കുന്നുണ്ട്. പണ്ട് വസൂരി വന്നവരെ ജീവനോടയും, കൂട്ടമായി കുഴിച്ചിട്ട സ്ഥലമാണന്നാണ് പഴമക്കാരുടെ പറച്ചില്‍. ആ ഭാഗത്ത് കറ്റയും, നെല്ലും കയറ്റി പോകുന്ന പല പണിക്കാരും വള്ളത്തില്‍ ബോധം കെട്ട് വീണിട്ടൊണ്ടെന്നാണ് കേള്‍വി! പക്ഷേ മീശ പാപ്പിച്ചേട്ടനാണ് എന്റെ ധൈര്യം! ഒരു യക്ഷിയും, ഗന്ധര്‍വനും പാപ്പിച്ചേട്ടന്റെ അടുത്തു വരില്ല. പാക്കു വെട്ടുന്ന വലിയ പേനാക്കത്തി മൂപ്പിലാന്റെ മടിയിലെപ്പഴുമൊണ്ട്, അതുകൊണ്ട് യക്ഷിയും, ഗന്ധര്‍‌വനും അടുക്കില്ല.

അങ്ങനെ പേടിയുള്ള രാത്രികളില്‍ പാപ്പിച്ചേട്ടന്‍ എന്നെ ഉത്തേജിപ്പിക്കാന്‍ അശ്ശീല കഥകള്‍ പറയും, ഞങ്ങടെ ഗ്രാമത്തിലെ “കൂത്തിച്ചി”കളുടെ കഥ! അങ്ങനെ ഒരവസരത്തില്‍ ഞാന്‍ പാപ്പിച്ചേട്ടനോട് അദ്ദേഹത്തിന്റെ കാലത്തെ “ശൈശവ വിവാഹത്തിന്റെ” കഥ ചോദിച്ചു.

ഒരാവേശത്തോടെ പാപ്പിചേട്ടന്‍ സ്വന്തം കഥ പറയാനാരംഭിച്ചു – അക്കാലമങ്ങനാരുന്നു. അവള്‍ക്കൊന്നുമറിയത്തില്ലാരുന്നു. അവള് കച്ചതോര്‍ത്തുമുടുത്ത് തലപ്പന്ത് കളിചോണ്ടിരുന്നപ്പഴാ ഞാം പോയി പെണ്ണുകണ്ടെ. അവക്ക് പ്രായം പന്ത്രണ്ട്, എനിക്ക് പതിനാറും! അക്കാലത്ത് പെണ്ണുകെട്ടിയാ, പെണ്ണ് തരണ്ടും വരെ (ഉല്പ്പാദനശേഷി) അമ്മായി അമ്മേടെ കസ്റ്റടീ തന്നെ. ഒന്നും പറേണ്ട എന്റെ കുഞ്ഞേ, ഒരിക്കെ ഉച്ചക്ക് അമ്മ ചോറുവെളമ്പി തന്നിട്ട് എന്റെ പെണ്ണ് പുളിശ്ശരിം കൊണ്ട് നാണിച്ചു വന്നു മോരാഴിച്ചുതന്നു. ഓര്‍ക്കണം! ഞാനവളെ കെട്ടീട്ട് മൂന്നാണ്ടായി. അവള് കണ്ണുവെട്ടത്തുവരത്തില്ല, അമ്മേടെ ഓത്താ! പ്രായം തെകയാത്ത പെണ്ണല്ലിയോ. എന്തായാലും അന്നു അവളെ കണ്ടപ്പം എനിക്ക് കുളിരു കോരി. “മാമ്പഴം പഴുക്കുമ്പോ കാക്കക്ക് വായിപുണ്ണാന്നു” പറഞ്ഞമട്ടി. എപ്പഴൊക്കെയോ മിന്നായം പോലൊന്നു കാണും. പശൂന്‌തൊഴുത്തി കാടി കൊടുക്കുമ്പഴോ, അല്ലേ കണറ്റുകരേ കുനിഞ്ഞിരുന്ന് കലം കഴുകുമ്പേഴോ! അടുക്കളേലോട്ട് ചെല്ലുകേ വേണ്ടാ, അമ്മ തൊടങ്ങും “ആണുങ്ങക്ക് എന്താന്നാ അടുക്കളേ കാര്യേന്നും” പറഞ്ഞ്. ഇപ്പോ ദൈവം നേരിട്ടിറങ്ങി തന്ന നല്ല അവസരം!

എന്തിനു പറയട്ടെ അവളൊറ്റക്ക്. വീണു കിട്ടിയ അവസരം ഉപയോഗിച്ചു, അവടെ ചെവിക്കടുത്ത് രഹസ്യം പഞ്ഞു “ഇന്നു രാത്രി അമ്മ ഒറങ്ങുമ്പം പറമ്പിലെ ശര്‍ക്കശ്ശി മാവിന്റെ ചോട്ടി വരണം.” അവളമ്മേടെ മുറീലാ ഒറങ്ങുന്നെ. അതുകൊണ്ടാ അങ്ങനെ പറഞ്ഞത്. അവള് കേട്ടതു പാതി കേക്കാത്ത പാതി നാണിച്ച് എനിക്കൊരു പുഞ്ചിരി സമ്മാനിച്ചിട്ട് വാണം വിട്ടപേലെ അടുക്കളേലോട്ടോടി. എന്റെ മനസില്‍ ഒരു വലിയ ഒരു പ്രണയശില്പം കോട്ട കെട്ടി. പടര്‍ന്നുപന്തലിച്ച ശര്‍ക്കരേശ്ശി മാവിന്‍റ ഇരുട്ടു മറയില്‍ ഇന്നന്റെ ആദ്യ രാത്രി, മധുവിധു! അമ്മ പോയി പണിനോക്കട്ടെ, ഇനിയെപ്പഴാ ഒരു അനുവാദം, എന്തോരെടപാടാ! പെണ്ണ് പൂത്തുലഞ്ഞു നിക്കുന്നു, മധുവും, തേനും തുളമ്പില്‍ എന്നിട്ടൊ, എന്റെ ആകാംക്ഷ പൊട്ടി, പാപ്പിച്ചേട്ടന്റെ മധുവിധു ആണേലും!

ഞാം ധൃതികൂട്ടി “പറ പാപ്പിച്ചേട്ട, എന്നിട്ട്!”

“ഒന്നും പറയെണ്ടെന്‍റ കുഞ്ഞേ, എല്ലാം കഴിഞ്ഞ് ഞാനവടെ മൊഖത്ത് ടോര്‍ച്ച് ലൈറ്റടിച്ച് നോക്കീപ്പം ഞെട്ടിപ്പോയി!” ഞാന്‍ ജിജ്ഞാസയോടെ എടക്ക് കേറി ചോദിച്ചു

“അപ്പോ പാപ്പിച്ചേട്ടന്‍ കെട്ടിയ, പാപ്പിച്ചേട്ടന്റെ പെണ്ണല്ലാരുന്നോ!”

പാപ്പിച്ചേട്ടന്‍ കുടഞ്ഞിട്ടൊന്ന് ചിരിച്ചിട്ടു പറഞ്ഞു

“അയ്യോ! അതൊരു ഭാഗ്യക്കുറി ആരുന്നു, ഞങ്ങടെ വീട്ടി വേലക്കു നിന്നിരുന്ന വേലക്കാരി പെണ്ണ്, പാറു!”

പാപ്പിച്ചേട്ടന്‍ സന്തോഷിമിരത്തില്‍ കൂട്ടിച്ചേര്‍ത്തു.

പിന്നെ ഞെട്ടലു വാണം വിട്ടപേലെ പറന്നു പോയി. അപ്പോ ഞാനൊരു മൂളിപ്പാട്ടു പാടി, രണ്ടുപേരും കസ്റ്റഡീല്‍ !, “ഭാര്യ നേരെയും, വേലക്കാരി പാറു വളഞ്ഞവഴീലും!!”


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top