സെമിറ്റിക്ക് മതങ്ങളുടെ (ജൂത, ക്രൈസ്തവ, ഇസ്ലാം) ഉത്ഭവ കഥകള്‍ എല്ലാം മെസോപ്പൊട്ടേമിയന്‍ ഭൂപ്രദേശങ്ങളെ ചുറ്റിപ്പറ്റിയാണ്. ഗ്രന്ഥങ്ങളുടെ ജനത എന്ന നിലയിലും, മൂന്നു മതങ്ങളുടെ പുണ്യ സ്ഥലങ്ങൾ നിലനില്‍ക്കുന്നതിനാലും യഹൂദര്‍ക്കും ക്രിസ്ത്യാനികള്‍ക്കും മധ്യകാല ഇസ്ലാമിക രാജ്യങ്ങളില്‍ താമസിക്കുന്നതിനോ, സന്ദര്‍ശിക്കുന്നതിനോ യാതൊരു വിലക്കുകളുമുണ്ടായിരുന്നില്ല.
ഈജിപ്തിലെ പുരാതന നഗരമായ ഫുസ്റ്റാറ്റിലെ ബെന്‍ എസ്രാ സിനഗോഗിലെ അടച്ചിട്ട ഒരു മുറിയില്‍ നിന്ന് മൂന്ന് ലക്ഷത്തോളം വരുന്ന യഹുദ ലിഖിതങ്ങളുടെ അമൂല്യമായ ശേഖരം 1896 ല്‍ ലഭിച്ചു. പവിത്രമായ ദൈവനാമം അടങ്ങിയ ലിഖിതങ്ങള്‍ കേടുവരുകയോ ഉപയോഗശൂന്യമാവുകയോ ചെയ്താല്‍ ‘സേവാനി വൃത്തി ‘ കൊടുത്ത് ബഹുമാനപൂര്‍വ്വം സംസ്കരിക്കുക യഹുദ പാരമ്പര്യത്തില്‍ പതിവായിരുന്നു. ആ വിധത്തില്‍ സംസ്കരിക്കുന്നതിന് വേണ്ടി സൂക്ഷിച്ച് വെച്ചവയായിരുന്നു ഗെനീസയിലെ കൈയ്യെഴുത്തു ലിഖിതങ്ങള്‍. യഹൂദന്മാരുടെ ഈ ആചാരത്തോട് ചരിത്രം നന്ദി പറയുന്നു. ഇന്ന് കേംബ്രിഡ്ജ്, മാഞ്ചെസ്റ്റര്‍ തുടങ്ങിയ യൂണിവേഴ്സിറ്റികളിലും ലോകപ്രസിദ്ധമായ ലൈബ്രറികളിലും ഗെനീസാ ശേഖരത്തിന്റെ സൂക്ഷിപ്പുകള്‍ ലഭ്യമാണ്.
എട്ടാം നൂറ്റാണ്ടില്‍ ആരംഭിച്ച ശേഖരത്തില്‍ കൂടുതലും പതിനൊന്നു മുതല്‍ പതിമൂന്നാം നൂറ്റാണ്ട് വരെയുളള ലിഖിതങ്ങളാണ്. അതായത് ഫാത്തിമിദ്ദ്, അയ്യുബിദ് രാജവംശങ്ങളുടെ കാലഘട്ടത്തിലെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു. ഈ ശേഖരത്തില്‍ വ്യാപാരികളുടെ ഉടമ്പടി പത്രങ്ങള്‍, വ്യക്തിപരവും ഔദ്യോഗികവുമായ കത്തുകള്‍, രചനകള്‍, വില്പനകളുടെ കണക്കുകള്‍, അലക്കുകാരുടെ ലിസ്റ്റ് തുടങ്ങിയ ചെറിയ ചെറിയ കാര്യങ്ങള്‍ പോലും എഴുതിയ കുറിപ്പുകള്‍ ലഭിച്ചിട്ടുണ്ട് . ലിഖിതങ്ങള്‍ അധികവും എഴുതിയിട്ടുളളത് ജൂഡിയോ അറബിക്ക് ഭാഷയിലാണ് (അറബി ഭാഷ ഹീബ്രു അക്ഷരങ്ങളില്‍ എഴുതിയത്). ഗെനീസ ശേഖരത്തിലൂടെ കിഴക്കന്‍ മെഡിറ്ററേനിയന്‍, ഉത്തരാഫ്രിക്ക തുടങ്ങിയ ഭൂപ്രദേശത്തെ ജൂതന്മാരുടെയും മുസ്ലീങ്ങളുടെയും ഊഷ്മളമായ സാമ്പത്തിക സാമൂഹ്യ സാംസ്കാരിക ചരിത്രത്തെ കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കും. ഈ ചരിത്ര രേഖകളിലൂടെ സഞ്ചരിച്ചാല്‍ മധ്യകാല ഇസ്ലാമിക ലോകം വ്യാപാരത്തില്‍ യൂറോപ്പിനേക്കാള്‍ മുന്‍പന്തിയിലെന്ന് കാണാന്‍ കഴിയും.
സെമിറ്റിക്ക് മതങ്ങളില്‍ വെച്ച് ഏറവും പൗരാണികമായ ജൂതമതം അബ്രാഹാമില്‍ നിന്ന് തുടങ്ങുന്നുവെന്നാണ് യഹൂദര്‍ വിശ്വസിക്കുന്നത്. പ്രവാചകന് മൂസയ്ക്ക് ലഭിച്ച തൗറ അല്ലെങ്കില്‍ പഴയ നിയമമനുസരിച്ച് തങ്ങളുടെ വാഗ്ദത്ത ഭൂമിയാണ് ഇസ്രായേല്‍. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പൈതൃക ഭൂമി അന്യമായി പോയ ജനത മററു രാജ്യങ്ങളില്‍ അഭയം പ്രാപിക്കുകയും പല ഇടങ്ങളിലും ക്രൂരവും മനുഷ്യത്വരഹിതവുമായ കൊടിയ പീഢനങ്ങള്‍ക്ക് വിധേയരായി. 1897 ല്‍ രൂപീകൃതമായ സിയോണിസ്റ്റ് സംഘടനയുടെ നേതൃത്വത്തില്‍ പൈതൃക ഭൂമി തിരിച്ച് പിടിക്കാന്‍ വേണ്ടി ഫണ്ട് ശേഖരിച്ച് തുടങ്ങി. ഈ ഫണ്ട് ഉപയോഗിച്ച് പലസ്തീന് അറബികളില്‍ നിന്ന് വന്‍ തോതില്‍ ഭൂമി വിലക്ക് വാങ്ങി. തങ്ങളുടെ കഠിനാദ്ധ്വാനം കൊണ്ടും ബുദ്ധിവൈഭവം കൊണ്ടും പൂര്‍വ്വ പിതാമഹാന്മാര് ജീവിച്ച പുണ്യഭൂമിയെ അവര്‍ സമ്പന്നമാക്കി.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അമേരിക്ക, ബ്രിട്ടന്, പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയുടെ സഹായത്തോടെ പലസ്തീനെ വിഭജിച്ച് കൊണ്ട്1948 ല്‍ ജൂത രാഷ്ട്രം സ്ഥാപിച്ചു. അതോടെ സ്വന്തം ഭൂമിയില്‍ പലസ്തീന് ജനത അഭയാര്‍ത്ഥികളായി മാറി . തുടര്‍ന്ന് അറബ് രാജ്യങ്ങളുമായി നടത്തിയ യുദ്ധങ്ങളിലൂടെ വേറെയും ഭൂപ്രദേശങ്ങള്‍ ഇസ്രായേലിന് ലഭിച്ചു. 1973 ന് ശേഷം അറബ് രാജ്യങ്ങള്‍ ഇസ്രായേലിനെതിരെ പോരാടാന്‍ തയ്യാറായിരുന്നില്ല. അവര്‍ എണ്ണ രാഷട്രീയം (Oil Politics) ആണ് തുടര്‍ന്നത്. യാസര്‍ അറഫാത്തിന്റെ നേതൃത്വത്തിലുളള പലസ്തീന് സംഘടനകളാണ് ഇസ്രായേലിന് എതിരെ ചെറുത്തു നില്‍പ്പ് നടത്തി വന്നിരുന്നത്. അദ്ദേഹത്തിന് ശേഷവും ചെറുത്തു നില്പുകൾ തുടര്‍ന്നു കൊണ്ടിരിക്കുന്നു.
സ്വന്തമായി ഒരു രാജ്യം ഇല്ലാത്തത് കൊണ്ട് കൊടിയ ദുരിതങ്ങള്‍ അനുഭവിച്ച ജനതയാണ് യഹൂദര്‍. അന്ന് അവര്‍ അനുഭവിച്ച പീഢനങ്ങള്‍ ഇന്ന് പലസ്തീന് ജനതയും അനുഭവിച്ച് കൊണ്ടിരിക്കുന്നു. ഇരുവിഭാഗങ്ങളും സംയമനം പാലിച്ച് മുന്നോട്ട് പോകാനുളള വഴി തുറന്ന് കിട്ടട്ടെ. ദൈവനാമം എഴുതിയ തുണ്ടു കടലാസുകള്‍ക്ക് പോലും ആദരവു നല്കിയ മഹത്തായ പാരമ്പര്യവും ബുദ്ധിവൈഭവമുളള ഇസ്രായേല്‍ ജനത പലസ്തീനെ ഒരു രാഷ്ടമായി അംഗീകരിച്ച്, ഇരു രാജ്യങ്ങളും പരസ്പര സഹവര്ത്തിത്വത്തിലുടെ ജീവിക്കുന്നത് കാണാന്‍ ലോകജനത കാത്തിരിക്കുന്നു. അങ്ങനെ അബ്രാഹാമിന്റെ വരുംതലമുറകള്‍ക്ക് വേണ്ടി തൗറയിലെ വാഗ്ദാത്ത ഭൂമിയില്‍ ശാന്തിയും സമാധാനവും കളിയാടട്ടെ !!!

Leave a Reply