Flash News

ഷുക്കൂര്‍ വധക്കേസ്; പി. ജയരാജനെതിരെ കൊലക്കുറ്റം; ടി.വി രാജേഷിനെതിരെ ഗൂഢാലോചനക്കുറ്റം

February 11, 2019

jayarajan_3കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി ജയരാജനെതിരെ കൊലക്കുറ്റം. തലശേരി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ജയരാജനെതിരെ കൊലക്കുറ്റവും ഗൂഢാലോചനക്കുറ്റവുമാണു ചുമത്തിയിരിക്കുന്നത്. 302, 120 ബി എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ടി.വി രാജേഷ് എംഎല്‍എയ്‌ക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പി ജയരാജന്‍ മല്‍സരിച്ചേക്കുമെന്ന സൂചനകള്‍ വന്നിരിക്കെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

രണ്ടാഴ്ച മുമ്പാണ് തലശ്ശേരി സെക്ഷന്‍സ് കോടതിയില്‍ കുറ്റപ്പത്രം നല്‍കിയത്. കേസിന്റെ ആദ്യ ഘട്ടത്തില്‍ 118 വകുപ്പ് പ്രകാരം ഷുക്കൂറിനെ പാര്‍ട്ടിക്കാര്‍ പിടികൂടിയ വിവരം അറിഞ്ഞിട്ടും കൊലപാതകം നടത്തുന്നത് തടയാന്‍ ശ്രമിച്ചില്ല എന്ന കുറ്റമാണ് ജയരാജനെതിരെ ചുമത്തിയിരിക്കുന്നത്.

എംഎസ്എഫിന്റെ നേതാവുമായ അരിയില്‍ ഷുക്കൂര്‍ 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്. സിപിഎം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷ് എംഎല്‍എയും സഞ്ചരിച്ച വാഹനം തളിപ്പറമ്പിനു സമീപം പട്ടുവം അരിയിലില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞ് ആക്രമിച്ചു മണിക്കൂറുകള്‍ക്കകമാണു ഷുക്കൂറിനെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു വച്ചു കൊലപ്പെടുത്തിയത്.

ഗൂഢാലോചന അറിഞ്ഞിട്ടും തടയാന്‍ ശ്രമിച്ചില്ലെന്ന കുറ്റം ചുമത്തി ജയരാജനെയും രാജേഷിനെയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു. പാര്‍ട്ടി കോടതി വിചാരണ നടത്തി ശിക്ഷ നടപ്പാക്കിയെന്ന വെളിപ്പെടുത്തല്‍ വന്‍ രാഷ്ട്രീയ കോലാഹലമുണ്ടാക്കിയിരുന്നു. കേസില്‍ പി.ജയരാജന്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് വ്യാപക അക്രമങ്ങളുമുണ്ടായിരുന്നു.

എന്നാല്‍ സിബിഐ നടത്തിയ തുടരന്വേഷണനൊടുവിലാണ് ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി കുറ്റപത്രം നല്‍കിയത്. മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരില്‍ നിന്നും സിബിഐ മൊഴി എടുത്തിരുന്നു. 2016 ലാണ് ഷുക്കൂര്‍ വധക്കേസ് സിബിഐക്ക് വിട്ടത്. കൊലപാതകം നടന്ന് ഏഴ് വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

കുറ്റപത്രം നല്‍കിയ സിബിഐ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ്

കണ്ണൂര്‍: രാഷ്ട്രീയ എതിരാളികളെ വേട്ടയാടാന്‍ സിബിഐ യെ ദുരുപയോഗം ചെയ്തതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജന്‍, സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ് എംഎല്‍എ എന്നിവര്‍ക്കെതിരായി നല്‍കിയ കുറ്റപത്രമെന്ന് വാര്‍ത്താക്കുറിപ്പില്‍ വിമര്‍ശിച്ച് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കേ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി, തലശ്ശേരി കോടതിയില്‍ അനുബന്ധ കുറ്റപത്രം നല്‍കിയ സിബിഐ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചാണ് വാര്‍ത്താക്കുറിപ്പ്.

സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റിന്റെ പ്രസ്താവന താഴെ ചേര്‍ക്കുന്നു

”ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു കൊണ്ടാണ് സിബിഐ ഇത്തരമൊരു രാഷ്ട്രീയക്കളി നടത്തിയത്. മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ അക്രമം നടത്തിയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയ പാര്‍ട്ടി നേതാക്കളെ, പട്ടുവം പഞ്ചായത്തിലെ അരിയില്‍ വെച്ച് മുസ്ലീം ലീഗ് ക്രിമിനല്‍ സംഘം അപായപ്പെടുത്താന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് തുടക്കമായതെന്നാണ് പ്രസ്താവന കുറ്റപ്പെടുത്തുന്നത്.

അന്നേ ദിവസം കണ്ണപുരം പഞ്ചായത്തിലാണ് നിര്‍ഭാഗ്യകരമായ ഒരു കൊലപാതകം നടന്നത്. ഇതിന്റെ പേരില്‍ ‘പാര്‍ട്ടി കോടതി വിധി’ എന്ന് കുറ്റപ്പെടുത്തി ലീഗ് ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പാര്‍ട്ടി നേതാക്കളെ കൊലക്കേസില്‍ പ്രതിയാക്കാന്‍ ഉമ്മന്‍ചാണ്ടി തന്നെ പ്രത്യേകം നിര്‍ദ്ദേശിക്കുകയായിരുന്നു.

രണ്ട് ലീഗ് പ്രവര്‍ത്തകരെ സാക്ഷികളാക്കിയാണ് ഐ.പി.സി 118ാം വകുപ്പ് ഉള്‍പ്പെടുത്തിക്കൊണ്ട് തലശ്ശേരി സെഷന്‍സ് കോടതിയില്‍ കേരള പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ ഈ സാക്ഷികള്‍ പിന്നീട് തളിപ്പറമ്പ് കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍, തങ്ങള്‍ നേതാക്കള്‍ പരിക്കേറ്റ് കിടക്കുന്ന ആശുപത്രിയിലോ, പരിസരത്തോ പോയില്ലെന്നാണ് മൊഴി കൊടുത്തത്.

ഇതേ സാക്ഷികളെ കൂടി ഉപയോഗപ്പെടുത്തിയാണ് സി.ബി.ഐ ഗൂഢാലോചന കുറ്റവും ചുമത്തിയിട്ടുള്ളത്. പുതിയ തെളിവുകളില്ലാതെയാണ് സി.ബി.ഐ ഇത്തരം നീക്കം നടത്തിയത്. സി.ബി.ഐ എന്ന കേന്ദ്ര അന്വേഷണ ഏജന്‍സി അതുവഴി രാഷ്ട്രീയ കളിക്ക് കൂട്ട് നിന്നിരിക്കുകയാണ്.” എന്നും സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു.

കേസ് നേരിടുന്നത് കരുതലോടെയെന്ന് സിപിഐഎം

SHUKKOORഷുക്കൂര്‍ വധക്കേസില്‍ കേസ് നേരിടുന്ന കാര്യത്തില്‍ പ്രതികരണം കരുതലോടെ മതിയെന്ന തീരുമാനത്തില്‍ സിപിഐഎം. കേസില്‍ സിബിഐയുടെ രാഷ്ട്രീയക്കളിയെന്ന് ആരോപിക്കുന്ന സാഹചര്യത്തിലാണ് നിലവിലെ തീരുമാനം. സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സുപ്രീംകോടതിയില്‍ നല്‍കിയ കേസില്‍ തുടര്‍ സാധ്യതകളുണ്ടോയെന്നും സിപിഐഎം ആരായുന്നുണ്ട്.

പൊലീസ് കണ്ടെത്തലില്‍ നിന്ന് ഒരുപടി കടന്ന് ജയരാജന് മേല്‍ കൊലക്കുറ്റവും ഗൂഢാലോചനയും, ടി.വി രാജേഷിന് മേല്‍ ഗൂഢാലോചനക്കുറ്റവും ചുമത്തിയിരിക്കുകയാണ് സിബിഐ. രാഷ്ട്രീയക്കളിയെന്ന് പറയുമ്പോഴും കേസ് എങ്ങനെ നേരിടുമെന്ന കാര്യം സിപിഐഎം വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ നേതാക്കളും പ്രതികരണം നിയന്ത്രിച്ചു.

തെരഞ്ഞെടുപ്പടുത്ത സാഹചര്യത്തില്‍ കേസിനെ ഗൗരവമായാണ് പാര്‍ട്ടി കാണുന്നത്. പാര്‍ട്ടിക്കകത്തും നിയമവിദഗ്ധരുമായും ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കാനാണ് പാര്‍ട്ടി ഒരുങ്ങുന്നത്. വിചാരണ നേരിടുകയല്ലാതെ മറ്റുവഴിയുണ്ടാകാനിടയില്ലെന്ന തോന്നലും ശകതമാണ്. ഇന്ന് മാധ്യമങ്ങളെ കാണുന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കുമെന്നാണ് കരുതുന്നത്.

സിബിഐ അന്വേഷണത്തെ എതിര്‍ത്ത് പി ജയരാജനടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് കേസ് വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്. ഈ ഹര്‍ജിയില്‍ തുടര്‍ നടപടികളുണ്ടാകുമോയെന്ന ആശങ്ക ഷുക്കൂറിന്റെ കുടുംബത്തിനുമുണ്ട്. വിചാരണയിലേക്ക് എത്തിച്ചെങ്കിലും കാത്തിരിക്കേണ്ടതുണ്ട് എന്നാണ് പൊതുവികാരം.

കണ്ണൂരില്‍ പി ജയരാജനുള്‍പ്പെട്ട സിബിഐ അന്വേഷണത്തില്‍ കുരുക്ക് മുറുകുന്ന രണ്ടാമത്തെ രാഷ്ട്രീയ കൊലപാതകക്കേസാണിത്. കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജന്‍ ഇരുപത്തിയഞ്ചാം പ്രതിയാണ്.

തലശേരിയില്‍ നീതി കിട്ടില്ല; കേസിന്റെ വിചാരണ എറണാകുളത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കുടുംബം

തലശ്ശേരി: അരിയില്‍ ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ തലശേരി കോടതിയില്‍നിന്ന് എറണാകുളത്തെ സിബിഐ കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിക്കും. തലശേരിയില്‍ വിചാരണ നടന്നാല്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും പൂര്‍ണമായും നീതി ലഭിക്കില്ലെന്നും ഹര്‍ജിയില്‍ കുടുംബം ചൂണ്ടികാട്ടും. കേരള പൊലീസ് കുറ്റപത്രം തലശേരി കോടതിയില്‍ സമര്‍പ്പിച്ചതുകൊണ്ടാണ് തുടരന്വേഷണം നടത്തിയ സിബിഐയും അനുബന്ധ കുറ്റപത്രം തലശേരിയില്‍ നല്‍കിയത്.

മറ്റന്നാള്‍ ഈ കുറ്റപത്രം കോടതി പരിശോധിക്കും. എന്നാല്‍ തലശേരിയില്‍ വിചാരണ നടത്തുന്നതിനോട് ഷുക്കൂറിന്റെ കുടുംബത്തിനും മുസ്ലിം ലീഗിനും താല്‍പര്യമില്ല. അതേസമയം പി.ജയരാജനും ടിവി രാജേഷ് എംഎല്‍എയ്ക്കുമെതിരെ ചുമത്തിയ കൊലപാതകകുറ്റം നിലനില്‍ക്കില്ലെന്ന വിലയിരുത്തലിലാണ് സിപിഐഎം. തലശേരി കോടതിയില്‍ വിചാരണ നടന്നാല്‍ വാദിച്ച് ജയിക്കാമെന്നും സിപിഐഎം കരുതുന്നു.

 

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top