Flash News

ഡിട്രോയിറ്റിലെ വ്യാജ സര്‍‌വ്വകലാശാല; ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കബളിപ്പിച്ചത് യു.എസ്. ഗവണ്മെന്റിന്റെ അറിവോടെയാണെന്ന് അഭിഭാഷകന്‍

February 12, 2019

newsrupt_2019-02_d6db2614-23de-48fc-84d3-e37f9b7589cb_52262023_2081166008635666_7253625220873846784_nന്യൂയോര്‍ക്ക്: ഡിട്രോയിറ്റില്‍ വ്യാജ സര്‍വ്വകലാശാല സ്ഥാപിച്ച് നൂറു കണക്കിന് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുകയും പിന്നീട് അറസ്റ്റു ചെയ്യുകയും ചെയ്ത സംഭവത്തില്‍ യുഎസ് ഗവണ്മെന്റിനും തുല്യ ഉത്തരവാദിത്വമുണ്ടെന്ന് വിദ്യാര്‍ത്ഥികളുടെ അഭിഭാഷകന്‍ അനു പെഷവാരിയ. യുഎസ് ആഭ്യന്തരസുരക്ഷാവിഭാഗം തന്നെ വ്യാജ സര്‍വകലാശാല സൃഷ്ടിക്കുമ്പോള്‍ അവിടേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യാതിരിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. തങ്ങള്‍ അഡ്മിഷന്‍ നേടുന്നത് വ്യാജ സര്‍വകലാശാലയിലാണെന്ന് അറിയാതെ പ്രവേശനം നേടിയവരും, യുഎസില്‍ തങ്ങാനുള്ള വിസ ലഭിക്കുന്നതിന് വേണ്ടി മാത്രം പ്രവേശനം നേടിയവരും അറസ്റ്റിലായവരില്‍ ഉണ്ടായേക്കാമെന്ന് അനു പെഷവാരിയ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വിസ തട്ടിപ്പ് നടത്തുന്നവരെ കണ്ടെത്താന്‍ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥര്‍ സൃഷ്ടിച്ചതാണ് ‘യൂണിവേഴ്സിറ്റി ഓഫ് ഫാമിങ്ടണ്‍’ എന്നപേരിലുള്ള വ്യാജ സര്‍വകലാശാല.

വിദ്യാര്‍ത്ഥികള്‍ക്ക് വിസ നല്‍കിയതിന് എന്തൊക്കെ ശ്രദ്ധ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് എടുത്തിരുന്നുവെന്ന് പരിശോധിച്ചതായും അതില്‍ നിന്നാണ് സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്ന് മനസിലായതെന്നും പെഷവാരിയ പറഞ്ഞു. സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടാനായി യുഎസ് സര്‍ക്കാര്‍ പലവിധത്തിലുള്ള പ്രചോദനമാണ് ഉണ്ടാക്കിയിരിക്കുന്നത്. വിദ്യാഭ്യാസ ബോര്‍ഡില്‍ സര്‍വകലാശാല രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, എല്ലാവിധ ലൈസന്‍സും സര്‍വകലാശാലയ്ക്കുണ്ട്, ഇങ്ങനെ പ്രധാനപ്പെട്ട കാര്യത്തില്‍ എല്ലാത്തിലും നിയമപരമാകുമ്പോള്‍ ബാക്കിയുള്ള കാര്യങ്ങള്‍ എല്ലാവരും അന്വേഷിക്കണമെന്നില്ല. ചിലര്‍ കൂട്ടുകാര്‍ വഴിയായിരിക്കും സര്‍വകലാശാലയെ കുറിച്ച് അറിഞ്ഞിട്ടുണ്ടാവുക. പലരും ഇന്ത്യയില്‍ പോയി തിരിച്ച് വന്ന് സര്‍വകലാശാലയില്‍ പ്രവേശനം നേടിയവരാണ്. ആ സമയത്ത് അവരെ ഇമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞില്ല. ഇതെല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാശാല നിയമാനുസൃതമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന്‌ തോന്നാന്‍ കാരണമാണ് – അനു പെഷവാരിയ പറയുന്നു.

വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും ഒറ്റയ്ക്ക് താങ്ങാന്‍ കഴിയുന്നതിലും അധികമായിരുന്നു സര്‍വകലാശാലയിലെ ഫീസ് എന്ന് അന്വേഷണത്തില്‍ മനസിലായതായി അനു പെഷവാരിയ പറഞ്ഞു. ഇതിനായി പലരും ഇന്ത്യയിലെത്തി കുടുംബത്തിന്റെ മുഴുവന്‍ സമ്പാദ്യവുമായാണ് യുഎസില്‍ തിരിച്ചെത്തിയിരിക്കുന്നത്. ചിലര്‍ ലോണ്‍ എടുത്താണ് പണം ഉണ്ടാക്കിയിരിക്കുന്നത്‌. ലോണ്‍ തിരിച്ചടയ്ക്കാന്‍ കഴിയാതെ വരുന്നതോടുകൂടി പലരുടേയും കുടുംബത്തിന് കിടപ്പാടം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികളില്‍ പലരും ഇന്ത്യയിലെ ചെറിയ നഗരങ്ങളില്‍ നിന്നോ ഗ്രാമത്തില്‍ നിന്നോ വരുന്നവരാണ്. അടച്ച പണം തിരിച്ച് കിട്ടുന്നതിനെപറ്റി ഇനിയും തീരുമാനമായിട്ടില്ല. വിദ്യാര്‍ത്ഥികളില്‍ ചിലര്‍ മറ്റ് സര്‍വകലാശാലയില്‍ പ്രവേശനത്തിനായി ശ്രമിക്കുന്നുണ്ട്. കുറച്ചു പേര്‍ കേസുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്താണെങ്കിലും തീരുമാനം അവരുടേതാണെന്നും അഭിഭാഷകന്‍ അറിയിച്ചു.

അനധികൃത കൂടിയേറ്റത്തിന് കൂട്ടുനില്‍ക്കുന്ന തട്ടിപ്പുസംഘം സര്‍വകലാശാല വ്യാജസ്ഥാപനമാണെന്ന് അറിയാതെ അതിലെ വിവരങ്ങള്‍ ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ക്ക് യു.എസില്‍ തങ്ങാനുള്ള രേഖകള്‍ തയ്യാറാക്കി നല്‍കിയിരുന്നു. രേഖകള്‍ തയ്യാറാക്കി നല്‍കാന്‍ വലിയ പ്രതിഫലമാണ് ഇവര്‍ ഈടാക്കിയിരുന്നത്.

വ്യാജ സര്‍വ്വകലാശാല വിസയുമായി ബന്ധപ്പെട്ട് യുഎസില്‍ അറസ്റ്റിലായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവര്‍ ചെയ്യുന്നത് കുറ്റകൃത്യമാണെന്ന് അറിവുണ്ടായിരുന്നുവെന്ന് യുഎസ് നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്തു തന്നെ തുടരുന്നതിന് വേണ്ടിയാണ് ഇവര്‍ വ്യാജ സര്‍വകലാശാലയില്‍ പ്രവേശനം നേടിയത്. സര്‍വ്വകലാശാല നിയമാനുസൃതമല്ല പ്രവര്‍ത്തിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ക്ക് അറിയാമായിരുന്നുവെന്നും യുഎസ് ആഭ്യന്തര വിഭാഗം അറിയിച്ചിരുന്നു.

വിദ്യാര്‍ത്ഥികളില്‍ ആരും തന്നെ ഒരു കുഴപ്പവും വരുത്തിയിട്ടില്ലെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല. അവര്‍ വിസയുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകള്‍ തെറ്റിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ നിയമലംഘനത്തിന്റെ സ്വഭാവവും സാഹചര്യവും പരിശോധിക്കേണ്ടതായിട്ടുണ്ട്. അതിനുശേഷമെ ശിക്ഷ ലഭിക്കാനുള്ള കുറ്റമുണ്ടോ എന്ന് പറയാന്‍ കഴിയൂ എന്ന് അനു പെഷവാരിയ പറഞ്ഞു.

സ്റ്റുഡന്റ്‌സ് വിസ തട്ടിപ്പ് നടത്തി യുഎസില്‍ തുടരുന്നവരെ കണ്ടെത്തുന്നതിനു വേണ്ടി അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വിഭാഗം ആരംഭിച്ച ‘വ്യാജ സര്‍വകലാശാല’യില്‍ പ്രവേശനം നേടിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ജനുവരി അവാസാനമായിരുന്നു അറസ്റ്റ് ചെയ്തത്. അനധികൃതമായി അമേരിക്കയിലിലേക്ക് കുടിയേറി താമസിക്കുന്നവരെ കണ്ടെത്തുന്നത് വേണ്ടി ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി അധികൃതര്‍ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായിരുന്നു ഡിട്രോയിറ്റ്സ് ഫാമിംഗ്ടണ്‍ ഹില്‍സിലെ ഈ വ്യാജ സര്‍വ്വകലാശാല. നിലവില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥികളെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇവര്‍ക്ക് വീട് വിട്ട് പുറത്തേക്ക് പോകുന്നതിനോ മറ്റുള്ളവരുമായി ഇടപഴകുന്നതിനോ സാധിക്കില്ല. വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കുന്നതിന് പ്രത്യേക സംഘത്തേയും നിയമിച്ചിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top