സുപ്രിം കോടതിയുടെ അനുമതിയില്ലാതെ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ സംഭവത്തില്‍ സിബിഐ താത്ക്കാലിക ഡയറക്ടര്‍ നാഗേശ്വര റാവുവിന് ഒരു ലക്ഷം രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ വിധിച്ചു. മുസാഫര്‍ പുര്‍ അഭയകേന്ദ്ര കേസിലാണ് കോടതി അലക്ഷ്യ നടപടി സ്വീകരിച്ചത്. ഒരു ലക്ഷം രൂപ പിഴ അടയ്ക്കാനും ഇന്ന് കോടതി നടപടികള്‍ തീരുന്നത് വരെ കോടതിയില്‍ ഇരിയ്ക്കാനുമാണ് ചീഫ് ജസ്റ്റിസ് ഉത്തരവിട്ടത്.
നിരുപാധികം മാപ്പു പറഞ്ഞുളള റാവുവിന്റെ അപേക്ഷ കോടതി തളളി. ബീഹാറിലെ മുസാഫര്‍ പൂര് അഭയ കേന്ദ്രത്തില്‍ നടന്ന പീഡനം അന്വേഷിച്ചിരുന്ന സിബിഐ ഉദ്യോഗസ്ഥന് എ കെ ശര്‍മ്മയെ കോടതി ഉത്തരവ് മറികടന്ന സ്ഥലം മാറ്റിയതിനെതിരെയാണ് കോടതി നടപടി.
കേസില്‍ റാവു നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ബീഹാറിലെ അഭയകേന്ദ്രത്തിലെ കൂട്ടബലാത്സംഗ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു എ കെ ശര്‍മ്മ. സുപ്രീം കോടതി ഉത്തരവോടെയാണ് ശര്‍മ്മ അന്വേഷണം ആരംഭിച്ചത്. എന്നാൽ കോടതിയുടെ അനുമതിയില്ലാതെയാണ് ശര്‍മ്മയെ സിആര്‍പിഎഫിലേക്ക് മാറ്റിയത്.
ബിഹാര്‍ അഭയകേന്ദ്രത്തിലെ പീഡന കേസ് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റരുതെന്ന സുപ്രീം കോടതി നിര്‍ദേശം നിലനില്‍ക്കെയാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലൊരു നടപടിയുണ്ടായത്. ജോയിന്റ് ഡയറക്ടര്‍ എകെ ശര്‍മ്മയെ മാറ്റരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കെ എങ്ങനെയാണ് കേന്ദ്രസര്‍ക്കാരിന് അയാളെ സ്ഥാലം മാറ്റാനാവുകയെന്ന് കോടതി ചോദിച്ചിരുന്നു.
കോടതി തടഞ്ഞിരുന്നുവെന്ന് കാര്യം സ്ഥലം മാറ്റ ഉത്തരവ് ഇറക്കിയ ഉദ്യോഗസ്ഥര്‍ക്ക് അറിയില്ലേയെന്നും സുപ്രീം കോടതി ചോദിച്ചിരുന്നു.

Leave a Reply