Flash News

പ്രണയ ദേവാലയങ്ങള്‍

February 13, 2019 , ജ്യോതിലക്ഷ്മി നമ്പ്യാര്‍

Pranaya devalayam banner-1സിനിമാറ്റിക് രീതിയിലുള്ളതും, ത്രികോണ പ്രേമങ്ങളും, സോഷ്യല്‍ മീഡിയ പ്രേമങ്ങളും യുവാക്കളെ ദിനംപ്രതി കൊലപാതകങ്ങളിലേക്കും, ആത്മഹത്യകളിലേക്കും, വിഷാദ രോഗങ്ങളിലേക്കും നയിക്കുന്ന ഈ കാലഘട്ടത്തില്‍ എന്താണ് യഥാര്‍ത്ഥമായ പ്രണയം അല്ലെങ്കില്‍ അനുരാഗം എന്ന വികാരം യുവാക്കള്‍ക്കുള്ള തിരിച്ചറിവിനാകട്ടെ ഈ പ്രണയ ദിനാഘോഷം പ്രണയം, അനുരാഗം എന്ന അനുഭൂതി അതിരുകള്‍ കടന്നു വെറും ശാരീരിക നിര്‍വൃതിയാകുന്നിടത്താണ് അരുതായ്മകള്‍ സംഭവിക്കുന്നതും. അതേക്കുറിച്ചുള്ള തിരിച്ചറിവാണ് പിന്നീട് ആത്മഹത്യയ്ക്കും കൊലപാതകങ്ങൾക്കും വിഷാദരോഗങ്ങള്‍ക്കും ഇടവരുത്തുന്നതെന്നു മാതാപിതാക്കളെ സ്നേഹിയ്ക്കുന്ന ഓരോ യുവാവും അറിയണം. അമ്പലവും പരിസരങ്ങളും, ഇടവഴികളും, അരുവികളും, കാട്ടാറുകളും, കുന്നുകളും, തെളിനിലാവും കുസൃതികാറ്റും, കുഞ്ഞിക്കിളികളും പവിത്രമായ പ്രണയത്തിനു ഒരു കാലത്ത് ദൃക്സാക്ഷികളാകുമായിരുന്നു. എന്നാല്‍ സാങ്കേതിക വിദ്യ പുരോഗമിച്ചപ്പോള്‍ പ്രണയ വിനിമയം സുഗമമാകുകയും തന്മൂലം പ്രണയമെന്ന പവിത്രമായ ആശയത്തിന്റെ പശ്ചാത്തലങ്ങള്‍ മാറുകയും, അതില്‍ കളങ്കം പടരുകയും ചെയ്തു.. വാട്സാപ്പിലൂടെ സന്ദേശങ്ങള്‍ കൈമാറിയും, അശ്ലീനനമായ ചിത്രങ്ങളും രംഗങ്ങളും സോഷ്യല്‍ മീഡിയയിലൂടെ കൈമാറിയും, പൊതുസ്ഥലങ്ങളിലും റെയില്‍വേ സ്റ്റേഷനിലും കെട്ടിപ്പിടിച്ചും, മുത്തം കൊടുത്തതും ശാരീരിക പിരിമുറുക്കങ്ങൾക്ക് മാത്രം അരങ്ങേറുന്ന പ്രണയങ്ങള്‍ക്ക് ദിനംപ്രതി ദുരൂഹമായ അന്ത്യങ്ങൾ സംഭവിച്ചു തുടങ്ങി.

Jyothy photo3പവിത്രമായ പ്രണയത്തിനു പ്രായമാറ്റത്തോടൊപ്പം ഒരിയ്ക്കലും മരണം സംഭവിക്കുന്നില്ല. പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാന്‍, മനുഷ്യ സൗന്ദര്യത്തെ നിഷ്കളങ്കമായി ആസ്വദിക്കാന്‍ ഓരോരുത്തരിലെയും സ്വഭാവ സവിശേഷതകളെ തിരിച്ചറിയാന്‍ കഴിവുള്ളവരുടെ മനസ്സില്‍ ഒരു പ്രണയ ദേവാലയം ഉണ്ടായിരിക്കും. സ്ത്രീ പുരുഷന്മാര്‍ പരസ്പരം കണ്ടുമുട്ടി ഇഷ്ടപ്പെടുമ്പോള്‍ അവര്‍ ആ ദേവാലയത്തില്‍ പരസ്പരം ഭാര്യാ-ഭര്‍ത്തൃ സങ്കല്പങ്ങളോടെ പ്രതിഷ്ഠിയ്ക്കുന്നു. പിന്നീട് ആ ദേവാലയത്തില്‍ ഭാവി ജീവിതത്തെകുറിച്ചുള്ള സങ്കല്‍പ്പ പൂജകള്‍ ആരംഭിക്കുകയായി. സ്നേഹം, വാത്സല്യം, പ്രേമം അനുരാഗം ലാളന, പരിചരണം, കടമകള്‍ എന്നിവ ആ ഹൃദയ ദേവാലയത്തിലെ നിത്യപുജകളായി മാറുന്നു വാസ്തവത്തില്‍ അത്തരം ക്ഷേത്രങ്ങള്‍ നമ്മുടെ നയനങ്ങള്‍ക്ക് ഗോചരമല്ലെങ്കിലും അവ പ്രപഞ്ചത്തില്‍ നിറഞ്ഞു നില്‍ക്കുന്നു എന്നതാണ് സത്യം. ചില സാഹചര്യത്തില്‍ ഈ ആരാധന പരസ്പര പൂരകങ്ങള്‍ അല്ലാതാകുമ്പോഴും, ഹൃദയ ദേവാലയം തുറന്നു കാണിക്കാതെ ആരാധന നടത്തുമ്പോഴും, വേണ്ടത്ര ആശയവിനിമയം നടത്താന്‍ കഴിയാത്ത സാഹചര്യത്തിലും ഈ ദേവാലയങ്ങള്‍ പുജാരഹിതങ്ങങ്ങളാകുന്നു. ഉത്തരവാദിത്വങ്ങളും, കടമകളും ജീവിതമെന്തെന്ന തിരിച്ചറിവും വേണ്ടതിലധികം ഉണ്ടാകുമ്പോള്‍ പ്രണയം നിശബ്തമാകുന്നു.

കൗമാര കാലത്തെ പ്രണയത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ പലപ്പോഴും എനിക്കു തോന്നാറുണ്ട് എത്രയോ ബാലിശമായ വികാരവിചാരങ്ങള്‍. പാഴായിപ്പോയ കുറെ വിലപ്പെട്ട സമയങ്ങള്‍. എന്നിരുന്നാലും ആ കൗമാര കാലത്തെ ഇഷ്ടങ്ങളെയും, അനിഷ്ടങ്ങളെയും, പ്രതീക്ഷകളെയും കുറിച്ചോര്‍ക്കുമ്പോള്‍ എന്നും ചുണ്ടില്‍ നുണഞ്ഞിരിയ്ക്കാനൊരു മധുരം. ഒരിക്കലും തിരിച്ചു കിട്ടാത്തതാണെങ്കിലും ആ നിമിഷങ്ങളുടെ ഓര്‍മ്മയിലൂടെ കൗമാരം തിരിച്ചു കിട്ടുന്നതായ ഒരു തോന്നല്‍. അഭൗമമായ പ്രണയം മനുഷ്യ മനസ്സില്‍ അലിഞ്ഞു തീരാത്ത ഹിമകണം തന്നെ. കൊഴിഞ്ഞുപോയ ഓരോ നിമിഷങ്ങളെയും കുറിച്ചോര്‍ക്കുമ്പോള്‍ കുറച്ചു നേരത്തേക്കെങ്കിലും പിണക്കങ്ങളും ഇണക്കങ്ങളും കുസൃതികളും നിറഞ്ഞ കൗമാരത്തില്‍ തിരിച്ചെത്തിയ അനുഭൂതിയിലേക്ക് മനസ്സ് വഴുതി വീഴുന്നു.

പരസ്പരം അനുവാദം ചോദിച്ചായിരുന്നോ ഈ ആത്മാര്‍ത്ഥമായ സ്നേഹം. പലപ്പോഴും പറയണമെന്നുണ്ട്. പക്ഷെ പരസ്പരം ദിവസവും അടുത്ത് കാണാന്‍ പോലും നിവൃത്തിയില്ലാത്ത സദാചാരത്തിന്റെ നിരപലകകള്‍. ദൂരെ നിന്നും പരസ്പരം കാണുന്നതു തന്നെ ഒരു നിര്‍വൃതിയാണ്. പരസപരം പറഞ്ഞിട്ടില്ല എന്നെയുള്ളൂ രണ്ടു മനസ്സുകളുടെയും സഞ്ചാരം ഏകദേശം ഒരേ ദിശയില്‍ത്തന്നെ. ഈ വരവ്യഥാര്‍ത്ഥത്തില്‍ പുസ്തകത്തിനു വേണ്ടിയൊന്നുമല്ല ഒന്നു കാണണം ഒന്നും പറഞ്ഞില്ലെങ്കിലും ഒരു പുഞ്ചിരിയെങ്കിലും സമ്മാനമയക്കാമല്ലോ! തളത്തിലിരുന്നു പുസ്തകത്തില്‍ കണ്ണും നട്ടിരുന്നു സ്വപ്നം കാണുന്ന എനിക്കറിയാം ഉമ്മറത്തിണ്ണയിലിരുന്നെന്തിനാണ് ഇത്രയും ഉറക്കെ സംസാരിക്കുന്നതെന്ന്. ഞാനും പ്രതീക്ഷിച്ചിരുന്നു. എന്ത് കാരണം പറഞ്ഞു ഉമ്മറത്തുവരും? പുസ്തകം ആവശ്യപ്പെട്ടാല്‍ മാത്രമേ ഞാന്‍ പുറത്ത് മുഖം കാണിയ്ക്കുകയുള്ളു എന്ന് അവന് അറിയാമായിരുന്നു. പരസ്പരം സംസാരിച്ച് മതിയാകാത്ത വീര്‍പ്പു മുട്ടല്‍. ഇത് ഞങ്ങളുടെ കാര്യത്തില്‍ മാത്രമല്ല. പല പ്രണയ ബന്ധങ്ങളും ഇതുപോലെ പരസപരം ആശയവിനിമയം നടത്താനാകാതെ മനസ്സില്‍ മാത്രം വിരിഞ്ഞു കൊഴിഞ്ഞ പ്രണയങ്ങളാകാറുണ്ട്.

തറവാട്ടിലെ, ചൈതന്യത്താല്‍ കത്തിജ്വലിക്കുന്ന നേത്രങ്ങളോടെ, ദിനരാത്രങ്ങളില്‍ അനുഗ്രഹം ഒഴുകികൊണ്ടിരിക്കുന്ന ദേവിക്ക്, ദേവീസന്നിധിയില്‍ നില്‍ക്കുന്ന ചെമ്പരത്തിയില്‍ നിന്നും പൂപറിച്ച് സമര്‍പ്പിക്കാന്‍ മത്സരിക്കുന്ന ഞാനും അവനും. ഒരു ദിവസം എന്നെക്കാളും കൂടുതല്‍ പൂ ദേവിക്ക് സമര്‍പ്പിച്ചാല്‍ ദൂരെ നിന്നാണെങ്കിലും കാണാന്‍ കഴിയുന്നത് പരിഭവത്താല്‍ കുത്തിവീര്‍പ്പിച്ച എന്റെ മുഖമായിരിക്കും. അതില്‍ ആനന്ദം കണ്ടെത്തിയിട്ടാകാം പലപ്പോഴും ഞാന്‍ കാവിലെത്തുന്നതിനു മുന്‍പ് അവന്‍ പൂ മുഴുവന്‍ പറിച്ച്‌ ദേവിക്ക് സമര്‍പ്പിച്ചിരുന്നത്.

അശ്വതി ചേച്ചിയുടെ വിവാഹത്തിന്‌ പോയ ആ ദിവസം ഞാന്‍ ഓര്‍ക്കുകയാണ്. വീതിയിലുള്ള കസവു കരയുള്ള സെറ്റു സാരിയും, സ്വര്‍ണ്ണ നിറത്തിലുള്ള ബ്ലൗസും, കുളിച്ച് കുളിമെടയിട്ട അരയ്‌ക്കൊപ്പം ഇറങ്ങികിടക്കുന്ന തലമുടിയില്‍ നിറയെ മുല്ലപ്പൂ ചൂടി, കണ്ണെഴുതി പൊട്ടുതൊട്ട് എനിക്കു തന്നെ മനസ്സില്‍ ഒരു അഹങ്കാരം ഉണ്ടായിരുന്നു ഞാന്‍ ഒരു സുന്ദരിയായിലോ എന്ന്. ഒരുപക്ഷെ അവനും എന്നെപ്പോലെ അഹങ്കരിച്ചിക്കും എന്നും അവളില്‍ കാണാത്ത സൗന്ദര്യം എന്ന്.

കൂട്ടുകാരോടും ബന്ധുക്കളോടും കുശലം പറയുന്നതിനിടയിലും ഞാനും ഒളികണ്ണിട്ടുനോക്കി. ആ താലി കെട്ടിന്റെ തിരക്കിനിടയിലും രണ്ടു കണ്ണുകള്‍ ശ്രദ്ധിച്ചിരുന്നത് എന്നെ മാത്രമല്ലേ! എല്ലാ പെണ്ണുങ്ങള്‍ക്കും അറിയാം കുട്ടന്‍ ഒരു വായ്‌നോക്കിയാണെന്നു. അന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ ലയിന്‍ അടിയിലും, ഷൈന്‍ ചെയ്യലിലും അവനു ബിരുദാനന്തര ബിരുദമുണ്ടെന്നു. ഞാന്‍ ഒരു തെറ്റും ചെയ്തില്ലല്ലോ കുട്ടന്‍ ചോദിച്ച എന്തിനോ ഒന്ന് ചിരിച്ചു മറുപടിപറഞ്ഞു. അതിനാണോ ഒരാഴ്ചക്കാലം കാരണങ്ങള്‍ ഉണ്ടാക്കി വരാതെയും കണ്ടഭാവം നടിക്കാതെയും നടന്നത്. ഈ പരിഭവം അധിക കാലം തുടരാന്‍ ആവാനാകില്ലെന്ന് എനിക്കറിഞ്ഞുകൂടെ! കാണാതെ എനിക്കും വിഷമം തോന്നി. എന്നാലും ഞാനും വാശിക്കാരിയല്ലേ!

കുടുംബ സര്‍പ്പക്കാവില്‍ വര്‍ഷം തോറും ഉണ്ടാകുന്ന ആയില്യം ഞങ്ങള്‍ക്ക് ഒരു പ്രത്യേക ദിവസമായിരുന്നു. കാട്ടിലും പറമ്പിലും നടന്നു കളിച്ചും, കണ്ണിമാങ്ങ പെറുക്കിയും മാമ്പഴം പൊട്ടിച്ചും പൂപറിച്ചും നടന്നിരുന്ന ഞങ്ങള്‍ക്ക് സര്‍പ്പ ദൈവങ്ങളെ വളരെ ഭക്തിയും പേടിയുമായിരുന്നു. അച്ഛന്‍ പറയും “പൊന്തക്കാട്ടില്‍ ഒരു പേടിയില്ലാതെ നടക്കുമ്പോള്‍ നാഗങ്ങള്‍ തന്നെ രക്ഷിക്കണം കുട്ടികളെ” എന്ന്. വീട്ടില്‍ നിന്നും മൂന്നുനാല് കിലോമീറ്റര്‍ നടന്നാല്‍ മാത്രമേ തറവാട്ടില്‍ എത്താല്‍ കഴിയു. അവിടേക്കാണെങ്കില്‍ വാഹന സൗകര്യങ്ങള്‍ ഒന്നും തന്നെയില്ല. ഞങ്ങളുടെ ഗ്രാമത്തില്‍ നിന്നും ഒരു പാടവും കുന്നും മറികടന്നാല്‍ മാത്രമേ അവിടെ എത്തിച്ചേരാന്‍ കഴിയൂ.

യൂക്കാലിയും ആകോരി ചെടിയും നിറഞ്ഞു നില്‍ക്കുന്ന കുന്നും കതിരേന്തി നില്‍ക്കുന്ന പാടവും നടന്നുകൊണ്ടുള്ള ഈ യാത്ര ഞങ്ങള്‍ കുട്ടികള്‍ക്ക് ഒരു വിനോദ യാത്രയായിരുന്നു. തിരിച്ചുവരുമ്പോള്‍ ഇടയ്ക്ക് കഴിക്കാന്‍ സര്‍പ്പങ്ങള്‍ക്കു നേദിച്ച അവലും, ശര്‍ക്കരയും ഇളനീരും. ഇത്രയും ദൂരം നടന്നു തളരാന്‍ ആകോരിപ്പഴങ്ങള്‍ ഞങ്ങളെ അനുവദിക്കില്ലായിരുന്നു. മുള്ളുകള്‍ മാറ്റി പറിച്ചു തിന്ന ആകോരിപ്പഴങ്ങളുടെ മധുരം വര്‍ഷങ്ങള്‍ക്കു ശേഷവും എന്റെ നാവില്‍ തളം കെട്ടിനില്‍ക്കുന്നു. എന്നാല്‍ എനിക്കും അവനും ഈ യാത്രയിലുണ്ടായിരുന്ന ഉത്സാഹം ഭക്തിയാണോ എന്നറിയില്ല. എല്ലാവരില്‍ നിന്നും ഒരല്‍പം മാറി നടന്ന് എന്തെങ്കിലും തമ്മില്‍ കുശലം പറയാമല്ലോ, കണ്ണും കണ്ണും നട്ട് പരസ്പരം ഒന്ന് അടുത്തു കാണാമല്ലോ, കുന്നിന്‍ മുകളിലെ പാറക്കൂട്ടങ്ങള്‍ ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് കയറാന്‍ വിഷമമാകുമ്പോള്‍ ആണ്‍കുട്ടികള്‍ കൈതന്നു ഞങ്ങളെ സഹായിക്കുമ്പോള്‍, ആദ്യം മനസ്സില്‍ ഒരു നാണം പൂവിടും. എങ്കിലും പരസ്പരം ഒരു സ്പര്‍ശന സുഖം അനുഭവിക്കാമല്ലോ ഇതൊക്കെയായിരുന്നു എനിക്കും അവനും ഈ യാത്ര തന്നിരുന്ന ഉത്സാഹം. എന്തൊരു ശ്രദ്ധയായിരുന്നു ആ യാത്രയില്‍ എന്നെ, ആകോരി ചെടിയുടെ ഒരു മുള്ളുപോലും നോവിക്കാതെ അവിടെ എത്തി തിരിച്ചെത്തും വരെ എന്നെ പരിചരിക്കുമ്പോള്‍ അവിടെ വാത്സല്യം, ഉത്തരവാദിത്വം, സ്‌നേഹം എന്നിവ ഭാവി വരന്റെ മനസ്സില്‍ പീലി വിടര്‍ത്തിയാടിയിരുന്നു.

മേടമാസത്തിലെ വിഷു. പുതിയ വര്‍ഷം പിറപ്പിന്റെ സന്തോഷത്തിമര്‍പ്പില്‍ എല്ലാവരും കണികണ്ടുണര്‍ന്നു. അച്ഛന്‍ ഞങ്ങള്‍ക്ക് വിഷുകൈനീട്ടം തന്നു. പടക്കവും കമ്പി പൂത്തിരിയും കത്തിച്ച് ആഹ്ലാദിച്ചു. ഇനി എല്ലാവരും കൂടി വിഭവങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ്. ആ കൊച്ചു വെളുപ്പാന്‍ കാലത്തുതന്നെ അവന്‍ എല്ലാവരെയും ആശംസകള്‍ അറിയിക്കാനെത്തി.

അവനു എന്നോടും എനിക്ക് അവനോടും ആശംസകള്‍ അറിയിക്കണമെന്നുണ്ട്. തിരിച്ചു പോകുന്ന നേരത്ത് കൈയ്യിലിരുന്ന പുസ്തകം എനിക്കു നേരെ നീട്ടി ഗൗരവത്തോടെ പറഞ്ഞു “എന്തോ പഠിക്കാനുള്ളത് ഞാന്‍ ഇതില്‍ വായിച്ചു. മറക്കുന്നതിനു മുന്‍പ് തരാമെന്നുകരുതി.” പെട്ടെന്നവിടെ നിന്നും തിരിച്ചുപോയി. എല്ലാവരുടെയും മുന്നില്‍ വെച്ച് ആ പുസ്തകം തുറന്നു നോക്കാന്‍ ഞാന്‍ പേടിച്ചു. വടക്കേ അകത്ത് പുസ്തകങ്ങള്‍ ചിന്നിച്ചിതറി കിടക്കുന്ന മേശയ്ക്കു മുകളില്‍ ഒന്നുരണ്ട് പുസ്തകങ്ങള്‍ക്ക് താഴെ ആ പുസ്തകം വെച്ചു. എല്ലാവരുടെയും ശ്രദ്ധ മാറി എന്നു കണ്ടപ്പോള്‍ മെല്ലെ ചെന്നു തുറന്നു നോക്കി. പുസ്തകത്താളില്‍ നിവര്‍ത്തി വെച്ചിരിക്കുന്ന വിഷുകൈനീട്ടം, ഉപയോഗിക്കാത്ത പുതിയ ഒരു രൂപ നോട്ട്. ആ പുസ്തകത്താളില്‍ നിന്നും മാറ്റി ഞാന്‍ വച്ചു. ഇന്നും എല്ലാ വിഷുവിനും കൈനീട്ടം വാങ്ങുമ്പോള്‍ പുതിയ ആ ഒരു രൂപാ നോട്ടെന്നെ നോക്കി ചിരിക്കുന്നതായി തോന്നും.

അച്ഛനും സഹോദരനും അല്ലാതെ ഒരു പെണ്‍കുട്ടി ആദ്യമായി അറിയുന്ന ഒരു പുരുഷന്റെ സ്‌നേഹം, പരിചരണം, ആത്മാര്‍ഥത, ശ്രദ്ധ, സുരക്ഷിതത്വ ബോധം എല്ലാം പകര്‍ന്നു തരുന്ന ആദ്യാനുരാഗം… അമ്മയില്‍നിന്നും, സഹോദരിയില്‍ നിന്നും വ്യത്യസ്തമായി തന്റെ ജീവിത പങ്കാളി എന്ന സങ്കല്‍പ്പത്തിനുവേണ്ടി പുരുഷനില്‍ വളര്‍ന്നു വരുന്ന ഉത്തരവാദിത്വ ബോധവും, ചുമതലാ ബോധവും, സ്‌നേഹവും, വാത്സല്യവും വളരുന്ന അവന്റെ ആദ്യാനുരാഗം. ഇവിടെ ആത്മാര്‍ത്ഥ സ്‌നേഹത്തില്‍ നിന്നും ഉരുത്തിരിയുന്ന കാമം ഭാര്യാഭര്‍ത്തൃസങ്കല്‍പ്പമാണ്.

കാമത്തിനു വേണ്ടി താല്‍ക്കാലികമായി പ്രകടിപ്പിക്കുന്ന കപട സ്‌നേഹമല്ല. ഇതുപോലെ ഓരോരുത്തരുടേയും സ്‌നേഹത്തിന്റെ പുളിമരച്ചോട്ടില്‍ വീണു കിടക്കുന്ന ശര്‍ക്കരപുളി നുണയാനായി, മഞ്ഞും, കുളിരും നിറഞ്ഞ ഫെബ്രുവരി മാസത്തിലെ ഈ പ്രണയദിനം പുലരട്ടെ എന്ന് ആശംസിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

6 responses to “പ്രണയ ദേവാലയങ്ങള്‍”

 1. സതീശന്‍, മനാമ (ബഹ്‌റൈന്‍) says:

  “ആര്‍ക്കുവേണ്ടി എന്നില്ലാതെ ഞാന്‍ എന്തിനെയോ മോഹിക്കുന്നു. ഒടുവില്‍ ആ പാതയുടെ ഒരു കോണില്‍ എന്റെ കണ്ണുകള്‍ ഉടക്കി, ഞാന്‍ തേടുന്ന ആരോ വരുന്നപോലെ, എന്റെ മനസ്സില്‍ പ്രണയത്തിന്റെ മഴത്തുള്ളികള്‍ വീഴുന്ന പോലെ, അവള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും എനിക്കായി വന്നപോലെ, എന്റെ ഹൃദയതാളം നിലച്ച പോലെ, അവളെന്റെ മാലാഖ. മഴത്തുള്ളികള്‍ക്ക് ഇടയിലുടെ അവള്‍ ഓടിവന്നു. നനഞ്ഞ പനിനീര്‍ പൂവിനെ പോലെ അവളെന്റെ മുന്നില്‍ വന്നു നിന്നു, ഒരു ചെറു പുഞ്ചിരിയോടെ അവള്‍ എന്റെ കുടക്കീഴില്‍ ഇരുന്നു. എന്റെ ശ്വസം നിലക്കുന്ന പോലെ, എന്റെ മനസ് പറഞ്ഞു…. അവള്‍ക്ക് നിന്നോട് പ്രണയമാണ്..” ജ്യോതിലക്ഷ്മി നമ്പ്യാരുടെ പ്രണയ കഥ വായിച്ചപ്പോള്‍ എന്റെ കൗമാര പ്രായത്തിലേക്ക് ഞാനൊന്നു മുങ്ങാം‌കുഴിയിട്ടു…. എത്ര മധുരതരമായ ഓര്‍മ്മകള്‍…. ഓര്‍മ്മകള്‍ക്ക് മരണമില്ല എന്ന് കവി പാടിയതുപോലെ….. നിത്യവസന്തമായി ആ പ്രണയകാലം മനസ്സില്‍ പൂത്തുലഞ്ഞു നില്‍ക്കും…..

  ലേഖികക്ക് അഭിനന്ദനങ്ങള്‍…!!

 2. മിനി സുധീര്‍ says:

  ആദ്യദര്‍ശനത്തിലെ അനുരാഗം എന്നൊന്ന് ശരിക്കും ഉണ്ടോ? ഉണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ഒരാളുടെ ആകര്‍ഷണീയതയുടെ അളവെടുക്കാന്‍ നമുക്ക് ശരാശരി 0.13 നിമിഷങ്ങള്‍ മതിയെന്നും രണ്ടുപേര്‍ ഒന്നിച്ചു ചെലവിടുന്ന ആദ്യമിനിട്ടുകള്‍ തന്നെ അവരുടെ ബന്ധത്തിന്‍റെ ഭാവിയെ നിര്‍ണയിക്കുന്നുണ്ട് എന്നും ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
  എന്നാല്‍ ഒരാളുടെ രൂപഭംഗിയും സൌന്ദര്യമുള്ളവര്‍ സല്‍ഗുണസമ്പന്നരായിരിക്കും എന്ന മുന്‍വിധിയും ആണ് നാം ഒറ്റനോട്ടത്തിലേ ചിലരില്‍ ആകൃഷ്ടരായിപ്പോവാന്‍ നിമിത്തമാകുന്നത് എന്നോര്‍ക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഒന്നാം കാഴ്ചയില്‍ നാം കല്‍പിച്ചുകൊടുത്ത നല്ല ഗുണങ്ങളൊന്നും സത്യത്തില്‍ ആ വ്യക്തിക്ക് ഇല്ല എന്ന് പിന്നീട് തെളിയിക്കപ്പെട്ടാല്‍ ഇത്തരം ബന്ധങ്ങള്‍ താറുമാറായിപ്പോവാനുള്ള സാദ്ധ്യത ഏറെയാണ്‌.

  പ്രണയം എന്ന വിഷയം കാലങ്ങളായി എഴുത്തുകാരുടെയും തത്വചിന്തകരുടെയും സാധാരണക്കാരുടെയുമൊക്കെ വിശകലനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. ജ്യോതിലക്ഷ്മി നമ്പാരുടെ പ്രണയ വിവരണം കൗതുകകരവും അര്‍ത്ഥപുഷ്ടവും ചിന്തോദ്ദീപകവുമായി തോന്നി. ഭാവുകങ്ങള്‍….

 3. jyothylakshmy Nambiar says:

  വിലയേറിയ അഭിപ്രായങ്ങള്‍ എഴുതി എന്നെ പ്രോത്സാഹിപിപ്പിച്ചതിനു ശ്രീ. സതീശനും, ശ്രീമതി മിനി സുധീരനും നന്ദി.

 4. സ്മിത അലക്സ്, റാസല്‍ഖൈമ says:

  പ്രണയമെന്നാല്‍ ആണിന് പെണ്ണിനോടും, പെണ്ണിന് ആണിനോടും മാത്രം തോന്നുന്ന ഒരു വികാരമല്ല.. ചിലര്‍ക്ക് പൂക്കളോട് പ്രണയം, ചിലര്‍ക്ക് പ്രകൃതിയോട് പ്രണയം, ചിലര്‍ക്ക് മഴയോട് പ്രണയം ചിലര്‍ക്ക് മഞ്ഞുതുള്ളിയോട്.. ചിലര്‍ക്ക് പ്രണയത്തോട് തന്നെ പ്രണയം. വിശാലമായ അര്‍ത്ഥത്തില്‍ ചിന്തിച്ചാല്‍ പ്രണയം പോലെ മനോഹരം വേറെ എന്തുണ്ട്..? അതിനാല്‍ പ്രണയത്തി‍ന്‍റെ മാധുര്യം നുകര്‍ന്നവര്‍ക്കും, നുകരാന്‍ കൊതിക്കുന്നവര്‍ക്കും, നുകര്‍ന്നു കൊണ്ടിരിക്കുന്നവര്‍ക്കും,
  നഷ്ടപ്രണയത്തിന്‍റെ കൈപ്പുനീര്‍ കുടിച്ചവര്‍‍ക്കും, ഇനി കുടിക്കാനിരിക്കുന്നവര്‍ക്കും ഒരു ഓര്‍മ്മപുതുക്കലാവട്ടെ ഓരോ പ്രണയദിനവും. ഒരിക്കലും പ്രണയിക്കപ്പെടാതിരിക്കുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് ഒരിക്കലെങ്കിലും പ്രണയിച്ചു അതു നഷ്ടപെടുന്നത്. അതില്‍ നിന്നു കിട്ടിയ സുഖവും, നൊമ്പരവുമെല്ലാം നമ്മുടെ മനസ്സുകളില്‍ എത്ര കഴിഞ്ഞാലും ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളായി കൂട്ടിനുണ്ടാവില്ലേ…?

  തന്റെ പ്രണയം രസകരമായി ചിത്രീകരിച്ച ജ്യോതിലക്ഷ്മി നമ്പ്യാരുടെ പ്രണയവും പൂത്തുലഞ്ഞുകാണുമല്ലോ….. പ്രണയ ദിനാശംസകള്‍ നേരുന്നു

 5. അലക്സ് പോള്‍ says:

  നന്നായി എഴുതിയിരിക്കുന്നു. കൃത്രിമത്വം തെല്ലുമില്ലാതെ, അതിഭാവുകത്വമില്ലാതെ സ്വന്തം പ്രണയകഥ മനോഹരമായി എഴുതിയിരിക്കുന്നത് വായിച്ചപ്പോള്‍ ഭൂതകാലത്തിലേക്കൊന്നു തിരിഞ്ഞു നോക്കി…. എത്ര മനോഹരം ആ പ്രണയകാലം… എല്ലാവര്‍ക്കുമുണ്ടാകുമോ ഇങ്ങനെയൊരു പ്രണയകാലം… ?

  ആശംസകള്‍

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top