തിരുവനന്തപുരം: 2019 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടിക കേന്ദ്രനേതൃത്വത്തിന് കൈമാറിയെന്ന് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ബിഡിജെഎസുമായി സീറ്റു ധാരണയിലെത്തിയിട്ടുണ്ട്. അടുത്ത മാസം ആദ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും ശ്രീധരന് പിള്ള പറഞ്ഞു. ഫെബ്രുവരി 22ന് ദേശീയാധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തുമ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും.
തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനാണ് ആദ്യ പരിഗണന. ശ്രീധരന് പിള്ള മത്സരിക്കാന്‍ തീരുമാനിച്ചാല്‍ അദ്ദേഹത്തിന് തിരുവനന്തപുരം നല്‍കും.
കൊല്ലത്തും തിരുവനന്തപുരത്തും മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥികളുടെ പേരുകളില്‍ സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തും തൃശൂരും കാസര്‍കോടും കെ സുരേന്ദ്രന്റെ പേരും ഉള്‍പ്പെടുത്തി. പാലക്കാട്ടും ആറ്റിങ്ങലിലും ശോഭാ സുരേന്ദ്രന്റെ പേരുണ്ട്. പത്തനംതിട്ടയില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ശശികുമാരവര്‍മ്മ, മഹേഷ് മോഹനര് എന്നിവരുടെ പേരുകളാണുള്ളത്.
പി പി മുകുന്ദന് തിരുവനന്തപുരത്ത് വിമതനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനെ കുറിച്ച് ഒന്നും പറയാനില്ലെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. സ്വതന്ത്രനായി താന്‍ മത്സരിക്കുമെന്നും ശിവസേന അടക്കമുള്ളവരുടെ പിന്തുണയുണ്ടെന്നും മുകുന്ദന് പറഞ്ഞിരുന്നു.
പാര്‍ട്ടി അദ്ധ്യക്ഷന്‍ ശ്രീധരന്‍പിള്ളക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയാണ് സ്ഥാനാര്‍ത്ഥിയാകുമെന്ന് മുകുന്ദന് പ്രഖ്യാപിച്ചത്. ശബരിമല പ്രശ്നം മുതലാക്കുന്ന ശ്രീധരന്‍പിള്ള അമ്പേ പരാജയപ്പെട്ടെന്നാണ് മുകുന്ദന്റെ വിമര്‍ശനം. നിലപാട് പലതവണ മാറ്റിയത് അണികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും മുകുന്ദന് ആരോപിച്ചു. ഇത്തരം അസംതൃപ്ത വിഭാഗങ്ങളെ ഒപ്പം നിര്‍ത്തി പാര്‍ട്ടിയിലേക്ക് തിരിച്ചു വരാനുള്ള സമ്മര്‍ദ്ദ നീക്കം കൂടിയാണ് മുകുന്ദന് നടത്തുന്നത്.
ബിജെപിയിലേക്ക് തിരിച്ചു വരാന്‍ പിപി മുകുന്ദന് ശ്രമം നടത്തിയിരുന്നു. വി മുരളീധരന് പക്ഷമാണ് അതിനെ എതിര്‍ത്തത്. വീണ്ടും മൗനത്തിലായ മുകുന്ദന് ശബരിമല പ്രക്ഷോഭ കാലത്ത് ബിജെപിയുമായും കര്‍മ്മസമിതിയുമായും അടുത്തു. അത് വഴി തിരിച്ചു വരാനായിരുന്നു ശ്രമം. ശ്രീധരന്‍പിള്ള അദ്ധ്യക്ഷനായതിന് ശേഷവും പാര്‍ട്ടിയില്‍ മുകുന്ദന് കാര്യമായ പരിഗണന കിട്ടിയില്ല. ഇക്കാരണത്താലാണ് ശ്രീധരന്‍പിള്ളക്കെതിരെയും വിമര്‍ശനം ഉന്നയിക്കുന്നത്. ബിജെപിയുടെ സംഘടനാസെക്രട്ടറിയായി ദീര്‍ഘ കാലം പ്രവര്‍ത്തിച്ച മുകുന്ദന് തിരുവനന്തപുരത്ത് പ്രവര്‍ത്തകര്‍ക്കിടയില്‍ നേരിട്ട് സ്വാധീനമുണ്ട്. ഇതുപയോഗിച്ച് വോട്ട് സമാഹരിക്കാനാണ് മുകുന്ദന്റെ നീക്കം.
ശബരിമല പ്രക്ഷോഭം ബിജെപിക്ക് വോട്ടാവില്ലെന്ന് പിപി മുകുന്ദന്; ‘നേതാക്കള്‍ ജീവിക്കുന്നത് വിഡ്ഢികളുടെ സ്വര്‍ഗത്തില്‍’
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുന്‍ ബിജെപി സംഘടന സെക്രട്ടറി പിപി മുകുന്ദന് വീണ്ടും പാര്‍ട്ടിക്കെതിരെ രംഗത്ത്. ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് നാമജപസമരത്തിനെത്തിയവരുടെ വോട്ട് ബിജെപിക്ക് ലഭിക്കില്ലെന്ന് മുകുന്ദന് പറഞ്ഞു. ഡെക്കാന്‍ ക്രോണിക്കിളിനോടാണ് മുകുന്ദന്റെ പ്രതികരണം.
നേതാക്കള്‍ പ്രവര്‍ത്തകരുടെ ആവശ്യങ്ങളെ പരിഗണിക്കാതിരിക്കുകയും അവരെ പാര്‍ട്ടിയില്‍ നിന്ന് അകറ്റുകയും ചെയ്യുന്നു. നാമജപ സമരത്തിനെത്തിയ അയപ്പവിശ്വാസികള്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് കരുതുന്ന നേതാക്കള്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നത്.
പാര്‍ട്ടിയെ പുതുക്കി പണിയാന്‍ കൃത്യമായ സമയമാണിപ്പോള്‍. പുതുമുഖങ്ങള്‍ പാര്‍ട്ടിയില്‍ ഉണ്ടാവണം. എന്നാല്‍ പാരമ്പര്യവും പരിചയമുള്ള നേതാക്കളും പാര്‍ട്ടിയില്‍ ആവശ്യമാണ്. ജനസംഘകാലം മുതല്ക്കുള്ള നിരവധി നേതാക്കളെ ഒതുക്കി നിര്‍ത്തിയിരിക്കുകയാണ്. വര്‍ഷങ്ങളുടെ പരിചയസമ്പന്നതയെ ഉപയോഗ ശൂന്യമാക്കുകയാണെന്നും മുകുന്ദന് പറഞ്ഞു.

Leave a Reply