Flash News

പകരാത്ത പ്രണയം (കവിത)

February 14, 2019 , അബൂതി

Pakaratha pranayam banner1ഗിരിശീര്‍ഷകത്തിലെ ചെമ്മലര്‍ തേനുണ്ണുവാന്‍,
പ്രിയേ; മണ്ണിലെ സ്വര്‍ഗ്ഗത്തിലേക്കെന്നെയും കൂട്ടുക!
നമുക്കവിടെയാ സുതാര്യജലാശയക്കരയിലെ,
തോപ്പിലൊരുമിച്ച് ആര്‍ദ്രമാം വസന്തം പുതച്ചിടാം!

അതില്‍, പുലരിപ്പൂവിന്റെ കനകകിരണങ്ങള്‍
മന്ദമന്ദം ചുംബിച്ചുണര്‍ത്തുന്ന താമരപ്പൂക്കളുണ്ട്!
ഇക്കിളിയായി മാറുന്നയാമ്പല്‍പൂവിതളുകളെ
തഴുകിയുണര്‍ത്തുന്ന അലയൊലിയുടെ പാട്ടും!

വാനകന്യകേ; നീ കേള്‍ക്കുവാന്‍ മാത്രമായെന്‍
ഹൃദയത്തിലൊരിളം തെന്നല്‍ മുരളികയൂതവേ;
വശ്യമാമെന്‍ ഭാവനാ ചകോരങ്ങലുല്ലസിക്കുന്ന,
ദേവദാരുവിന്‍ ശിഖരത്തിലൂയലിടാം നമുക്ക്!

ഇന്നോളമിതള്‍ വിടര്‍ത്താത്തൊരേകദളപ്പൂ പോലെ
മുഗ്ദ്ധകാമുകീ; നിന്റെ സമ്മതം വിടരാന്‍ വെമ്പവേ;
നിന്റെ മനോജ്ഞമധുരഹാസമാകുമാ സമ്മതം,
നിന്‍ ചൊടിയില്‍ നിന്നും നുകരുവാനാണെനിക്കിഷ്ടം!

പ്രിയേ; ഇന്നോളമാര്‍ക്കും കൊടുക്കാത്തൊരാ
സമ്മതത്തിന്റെ മൃദുചുംബനം നീയെനിക്കേകുക!
നീയോടിവന്നെന്നെ പുല്‍കുന്ന തണുത്ത കാറ്റാവുക!
ആടകളില്ലാത്തൊരു രതിശില്പ ലാസ്യഭാവമാവുക!

പകരം, ഈ പൂര്‍ണചന്ദ്രിക ചിന്തുന്ന ചന്ദനക്കളഭം,
ആ മാറിലെയിക്കിളിയിലേക്കരുമയായ് ചാലിച്ചിടാം!
നാഗം മാണിക്ക്യമെന്ന പോല്‍ ഞാന്‍ കാത്തൊരെന്‍
പ്രണയം നിനക്ക് മാത്രമേകിടാം; ഞാനെന്നാത്മപ്രിയേ!

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “പകരാത്ത പ്രണയം (കവിത)”

  1. മിനിമോള്‍ says:

    മനോഹരമായ കവിത….. ചിത്രവും

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top