Flash News

സാന്‍ഫ്രാന്‍സിസ്‌കോയില്‍ വാക്ക് ഫോര്‍ ലൈഫ് റാലി ശ്രദ്ധേയമായി

February 15, 2019 , ജോയിച്ചന്‍ പുതുക്കുളം

Newsimg1_16516365സാന്‍ഫ്രാന്‍സിസ്‌കോ: മരണസംസ്കാരത്തിനെതിരെ ജീവന്റെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു സാന്‍ ഫ്രാന്‍സിസ്‌കോ സിവിക് സെന്ററില്‍ ജനുവരി 26നു നടന്ന “walk for life – വെസ്റ്റ് കോസ്റ്റ്”, ജീവനെ അതിന്റെ എല്ലാ ഘട്ടത്തിലും ആദരിക്കും എന്നുള്ള കാതോലിക്കാ പ്രബോധനത്തിന്റെ ഉറച്ച പ്രഖ്യാപനത്തിന്റെ വേദിയായി. അമേരിക്കയുടെ പ്രമുഖ നഗരങ്ങളില്‍ ജീവന്റെ മൂല്യത്തെ ഉച്ചൈസ്തരം പ്രഘോഷിച്ചു കൊണ്ട് “മാര്‍ച്ച് ഫോര്‍ ലൈഫ്” എന്നും, “വാക് ഫോര്‍ ലൈഫ്” എന്നും ഒക്കെ അറിയപ്പെടുന്ന റാലികള്‍ ജനുവരി മാസത്തിലെ ശനിയാഴ്ച വാര്‍ത്തകള്‍ ആണ്. കഴിഞ്ഞ 15 വര്‍ഷമായി സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ജനുവരി മാസത്തിലെ നാലാം ശനിയാഴ്ച നടക്കുന്ന “വാക് ഫോര്‍ ലൈഫ്” അമേരിക്കയുടെ വെസ്റ്റ് കോസ്റ്റ്‌ലെ ഏറ്റവും ജനപങ്കാളിത്തം ഉള്ള റാലി ആണ്. ഏകേദശം 50000 പേര് ഇത്തവണ പങ്കെടുത്തു എന്നാണ് ഔദ്യോഗിക കണക്ക്.

ജന പങ്കാളിത്തം കൊണ്ട് മാത്രം അല്ല മറ്റു പലതു കൊണ്ടും പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു ഇത്തവണത്തെ വാക് ഫോര്‍ ലൈഫ്. സാന്‍ഫ്രാന്‍സിസ്‌കോ സെന്റ് തോമസ് സീറോ മലബാര്‍ ഇടവകയില്‍ നിന്നും, സാക്രമെന്റോ ഇന്‍ഫന്റ് ജീസസ് ഇടവകല്‍ നിന്നും സീറോ മലബാര്‍ വിശ്വാസികളായ മലയാളികളുടെ സജീവ പങ്കാളിത്തം ഇത്തവണത്തെ റാലിക്കു മാറ്റു കൂട്ടി എന്ന് പറയാതെ വയ്യ. സീറോ മലബാര്‍ പാരമ്പര്യത്തിന്റെ പ്രതീകങ്ങളായ മുത്തുകുടകളേന്തി ആണ് സീറോ മലബാര്‍ വിശ്വാസികള്‍ അണിനിരന്നത്. രണ്ടു സീറോ മലബാര്‍ പള്ളികള്‍ല്‍ നിന്നുമായി 100 -150 പേര്‍ ഈ റാലിയില്‍ ആദ്യാവസാനം പങ്കെടുത്തു. സെന്റ് തോമസ് സീറോ മലബാര്‍ ഇടവകയുടെ വികാരിയായ ഫാ. ജോര്‍ജ് എട്ടുപറയില്‍ന്റെ നേതൃത്വത്തില്‍ ആണ് വിശ്വാസികള്‍ പങ്കെടുത്തത്. ട്രെയിനിലും ബസിലും ഒക്കെ ആയി ഉച്ചക്കു 12 മണിക്ക് മുന്നേ തന്നെ വിശ്വാസികള്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ എത്തി ചേര്‍ന്നു. ഫോര്‍ ലൈഫ് മിനിസ്ട്രിയുടെ നേതാക്കള്‍ ആയ ജോളിയുടെയും , കൈക്കാരന്‍ ഋഷി മാത്യൂവിന്റേയും ശ്രമഫലമായി തയ്യാറാക്കിയ ബാനര്‍ ഉയര്‍ത്തി പിടിച്ചു മുദ്രാവാക്യങ്ങളും പ്രാര്‍ത്ഥനകളും ഒക്കെ ആയി അമേരിക്കയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ നിന്ന് വന്ന പതിനായിരങ്ങളോടൊപ്പം സീറോ മലബാര്‍ വിശ്വാസികളും അണി നിരന്നു.

എന്ത് വില കൊടുത്തും ജീവന്റെ പക്ഷത്തു നില കൊള്ളും എന്ന കത്തോലിക്കാ തിരുസഭയുടെ വിശ്വാസ സത്യം ഓരോ മണല്‍ തരിയും ഏറ്റു പറഞ്ഞ, തണുത്തതെങ്കിലും വിശ്വാസ തീക്ഷണത ജ്വലിച്ച ആ ഉച്ച സമയത്ത് , അന്ന് വരെയുള്ള ചരിത്രത്തില്‍ നഗരം കാണാത്ത ഒരു കാഴ്ച കണ്ടു , കേള്‍ക്കാത്ത ഒരു ശബ്ദം കേട്ടു. ഗര്‍ഭിണികള്‍ ആയ ഏഴു വനിതകള്‍ വാക് ഫോര്‍ ലൈഫിന്റെ സ്റ്റേജിലേക്ക് കയറി, മൈക്രോ ഫോണും ഡോപ്ലറും ഉപയോഗിച്ച് അവരുടെ ഉദരസ്ഥ ശിശുക്കളുടെ ഹൃദയ മിടിപ്പിന്റെ നേര്‍ത്ത ശബ്ദം ജനാവലിയെ കേള്‍പ്പിച്ചു. പതിഞ്ഞെതെങ്കിലും വ്യക്തമായിരുന്നു ആ ശബ്ദ വീചികള്‍ മരണ സംസ്കാരത്തിന് മേല്‍ ഒരു ഇടിമുഴക്കം പോലെ അത് ആ സിവിക് സെന്ററിനെ വിറുങ്ങലിപ്പിച്ചപ്പോള്‍, അവിടെ കൂടിയിരുന്ന ജനഹൃദയങ്ങളില്‍ നിന്നും അത് മാറ്റൊലി കൊള്ളുന്നത് പോലെ തോന്നി. ജനിക്കുന്നതിനു തൊട്ടു മുന്നേ വരെ ഉദരസ്ഥ ശിശുവിനെ കൊല്ലാന്‍ അനുവദിച്ചു കൊണ്ടുള്ള നിയമം കഴിഞ്ഞ ദിവസങ്ങളില്‍ ആയിരുന്നു ന്യൂയോര്‍ക് അനുവദിച്ചത്. അത് പാസാക്കിയ നിയമപാലകരോടും , ജനിച്ചു കഴിഞ്ഞവരുടെ ആനുകൂല്യം ആണ് ജനിക്കാന്‍ വെമ്പുന്നവരുടെ ജന്മം എന്ന് ഉറപ്പിക്കാന്‍ ശ്രമിക്കുന്ന നിയമ വ്യവസ്ഥിതിയോടും ആ ഏഴു ഗര്‍ഭസ്ഥ ശിശുക്കള്‍ ഉറക്കെ പറയും പോലെ തോന്നി “ഞങ്ങള്‍ക്കും ജീവന്‍ ഉണ്ട്. ഞങ്ങള്‍ക്കും ജനിക്കാന്‍ അവകാശം ഉണ്ട്”.

ജനാവലിയില്‍ അനേകര്‍ കണ്ണീരു തുടക്കുന്നതും ആശ്ചര്യപ്പെടുന്നതുമെല്ലാം ദൃശ്യമായിരുന്നു. “അമേയ്‌സിംഗ്, ഫന്റാസ്റ്റിക്’ എന്നൊക്കെ അനേകര്‍ ഓണ്‍ലൈന്‍ കമന്റ്‌സ് ഇട്ടു . “ജീവിതത്തില്‍ കേട്ട ഏറ്റവും മനോഹരമായ നാദം” എന്ന് ഒരാള്‍ കുറിച്ച് വച്ചു.  ഗര്‍ഭിണികളില്‍ രണ്ടു പേര്‍ സമ്മേളനത്തിലെ പ്രഭാഷകരും കൂടി ആയിരുന്നു. വേറൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു അവര്‍ക്കു അമേരിക്കയില്‍ എങ്ങും ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് നേരെ മരണത്തിന്റെ കരാളഹസ്തങ്ങള്‍ നീട്ടുന്ന, അബോര്‍ഷന്‍ ക്ലിനിക്കുകളിലെ മുന്‍ ജീവനക്കാര്‍ കൂടി ആയിരുന്നു അവര്‍. തങ്ങളുടെ കൂടി പങ്കാളിത്തത്തോടെ അരിഞ്ഞു തള്ളുന്ന കുരുന്നു ജീവനുകളുടെ മൂല്യത്തെ തിരിച്ചറിയാന്‍ കണ്ണ് തുറക്കപെട്ട നിമിഷം, കണ്ണുനീരോടെ തങ്ങളുടെ ജോലി ഉപേക്ഷിച്ചു ഇറങ്ങിയതാണ് അവര്‍. ഇന്ന് അമേരിക്കയിലെ ഏറ്റവും ശക്തരായ പ്രൊലൈഫ് വക്താക്കള്‍ ആണ് അവര്‍.

സമ്മേളനത്തിന് ശേഷം ഉച്ചക്ക് ഒന്നരയോട് കൂടി സിവിക് സെന്റര്‍ പ്ലാസയില്‍ നിന്ന് റാലി ആരംഭിച്ചു. മാര്‍ക്കറ്റ് റോഡ്ല്‍ കൂടി ഫെറി ബില്‍ഡിംഗ്‌ലേക്ക് നടന്നു നീങ്ങിയ റാലി തികഞ്ഞ അച്ചടക്കത്തോടെ ആയിരുന്നു ഇത് വരെ കാണാത്ത ജനാവലി ആയിട്ടു കൂടി. വഴിയുടെ ഇരുവശത്തും പ്രതിഷേധക്കാര്‍ ഉണ്ടായിരുന്നു എങ്കിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു വളരെ കുറവായിരുന്നു പ്രതിഷേധങ്ങള്‍ എന്നതും ഒരു മാറ്റത്തിന്റെ ശുഭസൂചനയായി ആയി കരുതാം. സീറോ മലബാര്‍ പള്ളികളിലും മറ്റു പള്ളികളിലും നിന്നും യുവജനങ്ങളുടെ വര്‍ധിച്ച പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. കത്തോലിക്ക കോളേജില്‍ നിന്നും ഇരുന്നൂറില്‍ അധികം വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. ഹൈസ്കൂള്‍ കുട്ടികളുടെ പങ്കാളിത്തവും കഴിഞ്ഞ 15 വര്‍ഷത്തിലെ ഏറ്റവും മികച്ചതായിരുന്നു.

ഈ കാലഘട്ടത്തിന്റെ സാംസ്കാരികച്യുതിക്കെതിരെ ഉള്ള കത്തോലിക്ക സഭയുടെ ഏറ്റവും ഘോരമായ വിശ്വാസപ്രഘ്യപാന സമ്മേളനത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തോടെ സീറോ മലബാര്‍ വിശ്വാസികള്‍ തിരികെ പോയി. ഇത്തരൊമൊരു മുന്നേറ്റത്തിന്റെ ഭാഗമാകാന്‍ ഉള്ള അവസരം തന്ന നല്ല ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ട് ജീവന് ഒരു താങ്ങും തണലും ആകാന്‍ തങ്ങളാല്‍ കഴിയും വിധം എല്ലാം ചെയ്യും എന്ന ദൃഢനിശ്ചയത്തോടു കൂടി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top