Flash News

യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പും കോണ്‍ഗ്രസും വീണ്ടും ഇടയുന്നു; അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന മുന്നറിയിപ്പ്

February 15, 2019

Donald-Trump-border-wall-exico-877336വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പും യു‌എസ് കോണ്‍ഗ്രസും വീണ്ടും ഇടയുന്നു. അതിര്‍ത്തിമതില്‍ നിര്‍മ്മിക്കാന്‍ പണം ആവശ്യപ്പെട്ടുകൊണ്ട് ട്രം‌പും ആവശ്യം നിരാകരിച്ചുകൊണ്ട് കോണ്‍ഗ്രസും നിലകൊണ്ടതോടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നാണ് ട്രം‌പിന്റെ മുന്നറിയിപ്പ്. യുഎസ് കോണ്‍ഗ്രസിനെ മറികടന്നാണ് നടപടി. സര്‍ക്കാര്‍ വകുപ്പുകള്‍ അടച്ചിടുന്നത് ഒഴിവാക്കാന്‍ അതിര്‍ത്തി സുരക്ഷാ ബില്ലില്‍ പ്രസിഡന്റ് ഒപ്പുവെയ്ക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

മതില്‍ നിര്‍മ്മാണത്തിന് സൈനിക ഫണ്ട് വിനിയോഗിക്കാനാണ് തീരുമാനമെന്നും വൈറ്റ്ഹൗസ് പ്രസ്താവനയില്‍ പറയുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാല്‍ പ്രസിഡന്റിന് കോണ്‍ഗ്രസിന്റെ അംഗീകാരമില്ലാതെ പണം നീക്കിവെയ്ക്കാം. ഭരണ പ്രതിസന്ധിക്ക് താത്കാലിക പരിഹാരം ലക്ഷ്യമിട്ടുള്ള സുപ്രധാന ബില്ലുകള്‍ കോണ്‍ഗ്രസില്‍ പാസായിരുന്നു. എന്നാല്‍ ഈ തുക മതില്‍ നിര്‍മ്മാണത്തിന് മതിയാകില്ല. നിലവില്‍ ബില്‍ ട്രംപിന്റെ പരിഗണനയിലാണ്. 570 കോടി ഡോളറാണ് മതിലിനായി ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്.

അതിര്‍ത്തി സുരക്ഷ പ്രതിസന്ധിയിലാകുന്നത് തടയാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നും രാജ്യത്തിന്റെ സുരക്ഷയ്ക്കായി മതില്‍ നിര്‍മ്മിക്കുമെന്ന വാഗ്ദാനം ട്രംപ് വീണ്ടും ആവര്‍ത്തിക്കുകയാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്‌സ് പറഞ്ഞു. അതേസമയം ട്രംപിന്റെ നടപടി അധികാര ദുര്‍വിനിയോഗമാണെന്ന് ഡെമോക്രാറ്റിക് പ്രതിനിധികള്‍ വിമര്‍ശിച്ചു.

മതില്‍ നിര്‍മ്മാണത്തിന് പണം അനുവദിക്കാതിരുന്നതോടെ 35 ദിവസം നീണ്ട ഭരണസ്തംഭനത്തിന് രാജ്യം സാക്ഷിയായിരുന്നു. എട്ട് ലക്ഷത്തിലധികം ഉദ്യോഗസ്ഥരാണ് ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വന്നത്. പിന്നീട് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഫെര്രുവരി 15 വരെയുള്ള ഫണ്ടില്‍ ട്രംപ് ഒപ്പുവെയ്ക്കുകയായിരുന്നു. ഈ കാലാവധി ഇ്ന്നത്തോടെ അവസാനിക്കും.

തീരുമാനം കീഴടങ്ങലല്ലെന്നും, മറിച്ച് ഭരണസ്തംഭനം കാരണം ദുരിതമനുഭവിക്കുന്ന കോടിക്കണക്കിന് ജനങ്ങളെ ഓര്‍ത്താണ് തീരുമാനമെന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. യുഎസ്-മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്നത് ഡോണള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു.

ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള പുതിയ പ്രതിനിധി സഭ മെക്‌സിക്കന്‍ മതിലിനെ അനുകൂലിക്കുന്നില്ല. മതില്‍ നിര്‍മ്മാണത്തിന് ഡെമോക്രാറ്റുകളുടെ സഹകരണം ട്രംപിന് ഉറപ്പിക്കാനാവില്ലെന്ന് നിയുക്ത സ്പീക്കര്‍ നാന്‍സി പെലോസി വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ പ്രസ്താവനകള്‍ നീതിക്ക് നിരക്കാത്തതാണെന്നും യോജിച്ച് പോകാന്‍ കഴിയില്ലെന്നുമാണ് ഡെമോക്രാറ്റുകളുടെ നിലപാട്. കുടിയേറ്റക്കാരെ നാടുകടത്തണമെന്ന ട്രംപ് നയത്തെ എതിര്‍ക്കുകയാണ് ഡെമോക്രാറ്റുകള്‍.

അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഡെമോക്രാറ്റുകളുടെ പ്രാതിനിധ്യം കൂടിയതോടെ മെക്‌സിക്കന്‍ മതിലിന് ഫണ്ട് പാസാക്കാന്‍ ട്രംപിന് ഡെമോക്രാറ്റുകളെ പിന്തുണ ലഭിച്ചേ തീരൂ. എന്നാല്‍ ഒരുതരത്തിലും തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഡെമോക്രാറ്റുകള്‍. പ്രശ്നം പരിഹരിക്കേണ്ട ഉത്തരവാദിത്തം പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ക്കാണെന്ന നിലപാടിലാണ് ട്രംപ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top