Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    പ്രവാസികളില്‍ നിന്ന് ക്വാറന്‍റൈന്‍ ചിലവ് ഈടാക്കാനുള്ള സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധം   ****    കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘ്പരിവാര്‍ വി സിയെ അവരോധിക്കാന്‍ അനുവദിക്കില്ല: ഫ്രറ്റേണിറ്റി പ്രക്ഷോഭത്തിലേക്ക്   ****    എം.പി.വീരേന്ദ്രകുമാര്‍ കാലുറച്ച കാഴ്ചപ്പാടുള്ള വ്യക്തിത്വമെന്ന് കാരൂര്‍ സോമന്‍   ****    കോവിഡ്-19: കേരളത്തില്‍ ഹോട്ട്സ്പോട്ടുകള്‍ കൂടുന്നു, ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത് പാലക്കാട്ട്   ****    രാമക്ഷേത്ര നിര്‍മ്മാണം: പാക്കിസ്താന്റെ എതിര്‍പ്പ് ഇന്ത്യ നിരസിച്ചു   ****   

സി.പി.എം കണ്‍ട്രോള്‍ കമ്മീഷനും സത്യവും: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

February 16, 2019

CPM Control commission-1കേരളത്തിലെ സി.പി.എമ്മില്‍ ഇപ്പോള്‍ കുറന്തോട്ടിക്കും വാതം. സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ പുന:സംഘടിപ്പിച്ച തീരുമാനം അതാണ് വെളിപ്പെടുത്തുന്നത്.

പാര്‍ട്ടി നേതൃത്വമെടുക്കുന്ന അച്ചടക്ക നടപടികളില്‍ നീതി ഉറപ്പാക്കേണ്ട ഭരണഘടനാ സ്ഥാപനമാണ് കണ്‍ട്രോള്‍ കമ്മീഷന്‍. അതിന്റെ വിശ്വാസ്യതയും സ്വതന്ത്ര നിലപാടും ഉറപ്പുവരുത്താന്‍ പാര്‍ട്ടി സമ്മേളന പ്രതിനിധികളാണ് കണ്‍ട്രോള്‍ കമ്മീഷന്‍ അംഗങ്ങളെ തെരഞ്ഞെടുക്കാറ്. സാധാരണഗതിയില്‍ സംസ്ഥാനകമ്മറ്റി കണ്‍ട്രോള്‍ കമ്മീഷനെ പുന:സംഘടിപ്പിക്കാറില്ല. പാര്‍ട്ടി ഭരണഘടനയനുസരിച്ചും സാങ്കേതികമായും സംസ്ഥാന കമ്മറ്റിക്ക് പുന:സംഘടന നടത്താമെങ്കിലും.

കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനെതന്നെ പാര്‍ട്ടിക്കു അവമതിപ്പുണ്ടാക്കിയ സാമ്പത്തിക ഇടപാടിന്റെ പേരില്‍ സംസ്ഥാന കമ്മറ്റിക്ക് പുറത്താക്കേണ്ടിവന്നു. സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്ത കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ടി. കൃഷ്ണനെ നീക്കി എം. വിജയകുമാറിനെ ചെയര്‍മാനാക്കിയ പുന:സംഘടന ഇനിയും വൈദ്യര്‍ സ്വയം ചികിത്സിക്കേണ്ടിവരുമെന്നതിന്റെ മുന്നറിയിപ്പാണ്.

2015ല്‍ ആലപ്പുഴയില്‍ നടന്ന സി.പി.എം സമ്മേളനം തെരഞ്ഞെടുത്ത സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്റെ ചെയര്‍മാനായിരുന്നു കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന, കണ്ണൂരിലെ പേരാവൂര്‍കാരനായ ടി. കൃഷ്ണന്‍. മൂന്നുവര്‍ഷം കഴിഞ്ഞ് തൃശൂരില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലും അതാവര്‍ത്തിക്കുകയായിരുന്നു. പേരാവൂരിലെ ഭൂമി വില്പനയുമായി ബന്ധപ്പെട്ട് കൃഷ്ണനെ കണ്‍ട്രോള്‍ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കാന്‍ സി.പി.എം സംസ്ഥാനകമ്മറ്റി നിര്‍ബന്ധിതമായി.

പാര്‍ട്ടി നേതൃത്വമെടുക്കുന്ന അച്ചടക്ക നടപടികളില്‍ സ്വാഭാവിക നീതിയും രാഷ്ട്രീയ ധാര്‍മ്മികതയും ഉറപ്പുവരുത്തേണ്ടത് കണ്‍ട്രോള്‍ കമ്മീഷന്റെ ചുമതലയാണ്. കണ്‍ട്രോള്‍ കമ്മീഷന്‍ അധ്യക്ഷന്‍തന്നെ സാമ്പത്തിക ക്രയവിക്രയത്തില്‍ പങ്കാളിയായി നടപടിക്ക് വിധേയനാകേണ്ടിവന്നത് കേരള സി.പി.എമ്മിലെ അപചയത്തിന്റെ ഗുരുതരമായ പുതിയമുഖമാണ്.

പേരാവൂര്‍ സഹകരണ ആശുപത്രിയുടെ വിവാദ വില്‍പ്പനയില്‍ പാര്‍ട്ടി കുറ്റക്കാരനായി കണ്ടെത്തിയവരില്‍ പ്രമുഖനായ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനെ തല്‍സ്ഥാനത്തുനിന്നു നീക്കാന്‍ 2018 ഡിസംബര്‍ 22, 23 തീയതികളില്‍ ചേര്‍ന്ന സംസ്ഥാനകമ്മറ്റിയാണ് തീരുമാനിച്ചത്. ഫെബ്രുവരി ആദ്യവാരം ചേര്‍ന്ന സി.പി.എം സംസ്ഥാനകമ്മറ്റിയാണ് കണ്‍ട്രോള്‍ കമ്മീഷന്‍ പുന:സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ടി. കൃഷ്ണനെ നീക്കിയ ചെയര്‍മാന്‍ സ്ഥാനത്തേക്ക് സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ചത് എം. വിജയകുമാറിനെ. മരണപ്പെട്ട ഇ. ഖാസിം, തൃശൂര്‍ ജില്ലാ സെക്രട്ടറിയാകാന്‍ സ്ഥലംവിട്ട വര്‍ഗീസ് എന്നിവരുടെ ഒഴിവുകളില്‍ തൃശൂര്‍ ജില്ലയില്‍നിന്നുതന്നെയുള്ള എ.വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എയെയും കണ്ണൂര്‍ ജില്ലയില്‍നിന്നുള്ള ജില്ലാ സെക്രട്ടേറിയറ്റ് അംഗം പനോളി വത്സനേയും നിര്‍ദ്ദേശിച്ചത് സംസ്ഥാനകമ്മറ്റി അംഗീകരിക്കുകയായിരുന്നു. നിലവിലെ അംഗങ്ങളായ കെ.കെ ലതികയും എം.ടി ജോസഫും ഉള്‍പ്പെടെയുള്ളവര്‍ യോഗം ചേര്‍ന്നാണ് അടുത്തദിവസം എം. വിജയകുമാറെ അധ്യക്ഷനായി തെരഞ്ഞെടുത്തത്.

ചെന്നൈയില്‍ 1992ല്‍ നടന്ന 14-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍വെച്ചാണ് സംസ്ഥാന – കേന്ദ്ര നേതൃത്വങ്ങള്‍ക്കു മുകളില്‍ അച്ചടക്ക നടപടികളില്‍ അന്തിമതീരുമാനമെടുക്കാന്‍ ഒരു സ്വതന്ത്രാധികാര കണ്‍ട്രോള്‍ കമ്മീഷനെ സി.പി.എം തീരുമാനിച്ചത്. കണ്‍ട്രോള്‍ കമ്മീഷന്‍ തീരുമാനം അന്തിമവും നേതൃത്വം അംഗീകരിക്കേണ്ടതുമാണെന്ന് പാര്‍ട്ടി ഭരണഘടന ഭേദഗതിചെയ്ത് എഴുതിചേര്‍ത്തത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഉറപ്പുവരുത്തുന്നതിനും പാര്‍ട്ടി ബ്യൂറോക്രസിയെ നിയന്ത്രിക്കുന്നതിനും നേരത്തെ നിലവിലുണ്ടായിരുന്ന കണ്‍ട്രോള്‍ കമ്മീഷന് 14-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഒരു തരത്തില്‍ ജുഡീഷ്യല്‍ പദവി നല്‍കുകയായിരുന്നു. പാര്‍ട്ടിയുടെ കേന്ദ്ര-സംസ്ഥാന നേതൃത്വത്തിന് സമാനമായ യോഗ്യതയും ബഹുമതിയും നല്‍കിക്കൊണ്ട്.

അതിന്റെ അടിസ്ഥാനത്തിലാണ് മുതിര്‍ന്ന പൊളിറ്റ് ബ്യൂറോ അംഗവും സി.പി.എമ്മിലെ ഗാന്ധിയനെന്ന് എതിരാളികള്‍പോലും വിശേഷിപ്പിച്ചിരുന്ന മാതൃകാ നേതാവുമായിരുന്ന സമര്‍ മുഖര്‍ജിയെ കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനായി തെരഞ്ഞെടുത്തത്. രണ്ട് സംസ്ഥാനകമ്മറ്റിയംഗങ്ങള്‍ ഉള്‍പ്പെടെ നാലുപേരെ കേരളത്തിലെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയത് സമര്‍മുഖര്‍ജി അധ്യക്ഷനായ കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ 1999 ജനുവരിയില്‍ റദ്ദാക്കി. പുറത്താക്കിയവരെ സംസ്ഥാനകമ്മറ്റി ഉടനടി തല്‍സ്ഥാനങ്ങളില്‍ തിരിച്ചെടുക്കണമെന്ന് ഉത്തരവിട്ടു. പിണറായി വിജയന്‍ സെക്രട്ടറിയായിരുന്ന കേരള സംസ്ഥാന ഘടകം തീരുമാനം നടപ്പാക്കാന്‍ കൂട്ടാക്കിയില്ല.

കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ തീരുമാനം നടപ്പിലാക്കാത്ത ഭരണഘടനാ പ്രതിസന്ധി 2002വരെ സി.പി.എമ്മില്‍ തുടര്‍ന്നു. വിട്ടുവീഴ്ചയ്ക്ക് സമര്‍ മുഖര്‍ജി തയാറാകാഞ്ഞതുകൊണ്ട് പൊളിറ്റ് ബ്യൂറോ കണ്‍ട്രോള്‍ കമ്മീഷന്‍ ഉത്തരവ് നടപ്പാക്കുന്നത് മരവിപ്പിക്കുന്നതിന് കൂട്ടുനിന്നു. 2002 മാര്‍ച്ചില്‍ ഹൈദരാബാദില്‍ ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രത്യേക പ്രമേയം അവതരിപ്പിച്ച് കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ തീരുമാനം അസാധുവാക്കുകയായിരുന്നു. വീണ്ടും മൂന്നുവര്‍ഷം കഴിഞ്ഞാണ് പാര്‍ട്ടി ഭരണഘടന ഡല്‍ഹി കോണ്‍ഗ്രസില്‍ ഇതിനനുസൃതമായി ഭേദഗതി ചെയ്തത്. അതനുസരിച്ച് കണ്‍ട്രോള്‍ കമ്മീഷന്‍ തീരുമാനങ്ങള്‍ തടഞ്ഞുവെക്കാനും ഭേദഗതി ചെയ്യാനും അസ്ഥിരപ്പെടുത്താനും കേന്ദ്ര കമ്മറ്റിക്കു കഴിയുമെന്ന് എഴുതിച്ചേര്‍ത്തു. ഇതോടെ കേന്ദ്ര-സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷനുകള്‍ ഒരുപോലെ അതതുപാര്‍ട്ടി നേതൃത്വങ്ങള്‍ക്ക് വിധേയമായി.

സംസ്ഥാന നേതൃത്വത്തിന് തുല്യരോ ഉയര്‍ന്നു നില്‍ക്കുന്നവരോ ആയ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ കണ്‍ട്രോള്‍ കമ്മീഷനിലേക്കും അതിന്റെ അധ്യക്ഷപദത്തിലേക്കും തെരഞ്ഞെടുക്കുക എന്ന രാഷ്ട്രീയ കാഴ്ചപ്പാട് സി.പി.എം നേതൃത്വം വിശേഷിച്ചും കേരളത്തില്‍ ഉപേക്ഷിച്ചു. ജില്ലാ തലത്തിലുള്ള, നേതൃത്വത്തിന് കീഴ് വഴങ്ങുന്ന നേതാക്കളെ കണ്‍ട്രോള്‍ കമ്മീഷനില്‍ തിരുകിക്കയറ്റുക, സംസ്ഥാനകമ്മറ്റി അംഗ പദവി അവര്‍ക്കു ലഭ്യമാക്കുക, അച്ചടക്ക നടപടിയുടെ പേരില്‍ ഇഷ്ടമില്ലാത്തവരെ പാര്‍ട്ടിക്കു പുറത്തുനിര്‍ത്തുക, നേതൃത്വം ഇഷ്ടപ്പെടുന്നവരെ ശിക്ഷാ നടപടിയില്‍നിന്ന് രക്ഷപെടുത്തി അധികാരപദവിയില്‍ കൊണ്ടുവരിക തുടങ്ങിയ വിഭാഗീയവും കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ക്കു നിരക്കാത്തതുമായ പ്രവര്‍ത്തന ശൈലിയാണ് കണ്‍ട്രോള്‍ കമ്മീഷനെ ഉപയോഗിച്ച് സ്വീകരിച്ചുപോന്നത്. സംഘടനാ നേതൃത്വത്തിലോ നിയമസഭയിലോ സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കുന്നവരെ വെച്ചുമാറുന്ന ഒരു പദവിയായും കണ്‍ട്രോള്‍ കമ്മീഷനെ തരംതാഴ്ത്തി.

ഇപ്പോള്‍തന്നെ പുനസംഘടനയ്ക്കു പറയുന്ന ഒരു കാരണം കണ്‍ട്രോള്‍ കമ്മീഷന്‍ അംഗമായ എം.എം വര്‍ഗീസ് തൃശൂര്‍ ജില്ലാ സെക്രട്ടറിയായതാണ്. സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗമായ ഒരാള്‍ ജില്ലാ സെക്രട്ടറിയായി പോകുന്നത് ആ പദവിയെ തരംതാഴ്ത്തലും പദവിയിലിരിക്കുന്നവരുടെ അധികാര മോഹവുമാണ് ഒരേസമയം തെളിയിക്കുന്നത്. ഇപ്പോള്‍തന്നെ എം.എല്‍.എ പദവിയിലിരിക്കുന്ന മറ്റൊരാളെയാണ് പുനസംഘടിപ്പിച്ച കണ്‍ട്രോള്‍ കമ്മീഷനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സി.പി.എമ്മില്‍ സംഘടനയ്ക്കകത്തും പുറത്തും നിഷ്പക്ഷമായും അധികാരമോഹമില്ലാതെയും പ്രവര്‍ത്തിക്കാന്‍ യോഗ്യരായ, നീണ്ടകാലത്തെ അനുഭവസമ്പന്നരായ മുതിര്‍ന്ന നേതാക്കള്‍ ഇല്ലാഞ്ഞിട്ടല്ല. നേതൃത്വത്തിന് വഴങ്ങുന്നവരേയും വളയ്ക്കാന്‍ കഴിയുന്നവരേയും നോക്കിയാണ് കണ്‍ട്രോള്‍ കമ്മീഷനിലേക്കുള്ള തെരഞ്ഞെടുപ്പ്. അത് സംസ്ഥാന കമ്മറ്റിതന്നെ നിര്‍വ്വഹിക്കുമ്പോള്‍ പറയുകയും വേണ്ട.

സാമ്പത്തിക കുറ്റങ്ങള്‍, ലൈംഗിക കുറ്റങ്ങള്‍, വനിതകളെ അപമാനിക്കല്‍ തുടങ്ങിയ ഗുരുതരമായ പ്രവണതകള്‍ പാര്‍ട്ടി നേതാക്കളിലും നിയമസഭാ സാമാജികരിലും ഏറിവരുകയാണ്. ഇത്തരം അച്ചടക്ക വിഷയങ്ങളില്‍ അന്തിമമായി മാതൃകാപരമായി തീരുമാനമെടുക്കേണ്ട കണ്‍ട്രോള്‍ കമ്മീഷനും പുഴുക്കുത്തുവീണ, പരിഹാസ്യമായ ഒന്നായി മാറുന്നു.

എന്നാല്‍ ഈ ഘട്ടത്തില്‍ സംസ്ഥാന സെക്രട്ടറിയേപ്പോലൊരാള്‍ പാര്‍ട്ടിയോടും ജനങ്ങളോടും പരസ്യമായി കള്ളം പറയുന്നു എന്നതും സി.പി.എമ്മിന്റെ പരിഹാസ്യമായ മറ്റൊരു അവസ്ഥാന്തരമാണെന്ന് കണ്‍ട്രോള്‍ കമ്മീഷന്‍ പുന:സംഘടന വെളിപ്പെടുത്തുന്നു.

കണ്‍ട്രോള്‍ കമ്മീഷന്‍ അധ്യക്ഷന്‍ കൃഷ്ണന്റെ ആവശ്യം പരിഗണിച്ച് അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു എന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി തീരുമാനമായി മാധ്യമങ്ങളെ അറിയിച്ചത്. നേരത്തെ നടന്ന സംസ്ഥാന കമ്മറ്റി കണ്‍ട്രോള്‍ കമ്മീഷന്‍ അധ്യക്ഷ പദവിയില്‍നിന്നും കൃഷ്ണനെ നീക്കാന്‍ തീരുമാനിച്ചതാണെന്ന നേര് മറച്ചുപിടിച്ച്.

കണ്ണൂര്‍ ജില്ലക്കാരായ നേതാക്കള്‍ നടപടിക്ക് വിധേയരാകേണ്ട ഘട്ടം വരുമ്പോള്‍ അവരുടെ അപേക്ഷ പരിഗണിച്ച് ചെയ്ത തെറ്റും പാര്‍ട്ടി നടപടിയും മൂടിവെക്കുന്ന ഒരു സവിശേഷ ശൈലി കണ്ണൂര്‍ പാര്‍ട്ടിനേതാക്കള്‍ക്കുണ്ട്. അവിടത്തെ ജില്ലാ സെക്രട്ടറിക്കെതിരെ ലൈംഗിക പീഢന പരാതി ഉയര്‍ന്നപ്പോള്‍ സഖാവിന് പൊലീസ് പണ്ട് തല്ലിയതിന്റെ ആരോഗ്യപ്രശ്‌നം ഉണ്ടെന്നും ആയുര്‍വ്വേദ ചികിത്സയ്ക്ക് പാര്‍ട്ടി ലീവ് അനുവദിക്കുകയുമാണെന്നാണ് അന്നത്തെ സംസ്ഥാന സെക്രട്ടറി പറഞ്ഞത്. മറ്റുപല നേതാക്കള്‍ക്കുമൊപ്പം സഹകരണ ആശുപത്രി വിറ്റ് കാശാക്കിയതിന് സംസ്ഥാനകമ്മറ്റി നടപടിയെടുത്തിട്ടും നേതാവ് സ്ഥാനം ഒഴിയാന്‍ അനുവാദം തേടി എന്ന് ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറി!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top