Flash News

ട്രം‌പിന്റെ പിടിവാശി കോടതി കയറാന്‍ സാധ്യത; അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; എതിര്‍പ്പുമായി സ്വന്തം പാര്‍ട്ടി നേതാക്കളും ഡെമോക്രാറ്റുകളും

February 15, 2019

newsrupt_2019-02_c77a0a7f-ade4-4bd3-9cc3-20e544c597d3_trumpതിരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റാനാണെന്ന ന്യായീകരണം ഉയര്‍ത്തിക്കാട്ടി യു.എസ്. – മെക്സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങിയ പ്രസിഡന്റ് ട്രം‌പിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ വന്നതിനെത്തുടര്‍ന്ന് ഏതു വിധേനയും മതില്‍ നിര്‍മ്മിച്ചേ അടങ്ങൂ എന്ന പിടിവാശി അവസാനം അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതു വരെയെത്തി. അടിയന്തരാവസ്ഥ സംബന്ധിച്ച ഉത്തരവില്‍ ഇന്ന് ട്രംപ് ഒപ്പുവെക്കുകയും ചെയ്തു. മെക്‌സിക്കോ-യുഎസ് അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മാനാവശ്യമായ ഫണ്ടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കോണ്‍ഗ്രസിനെ മറികടന്നാണ് ട്രംപിന്റെ നടപടി. അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ നിലനില്‍ക്കുകയാണെന്നും മതില്‍ നിര്‍മ്മിക്കുക മാത്രമാണ് പരിഹാരമെന്നും ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്താവിച്ചു.

മതില്‍ നിര്‍മ്മിക്കുന്നതിനായി ശതകോടികള്‍ വകയിരുത്താനാണ് ട്രംപ് നീക്കം നടത്തുന്നത്. തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന മതില്‍ പണിയാനുള്ള ട്രംപിന്റെ അറ്റകൈ പ്രയോഗം നിയമപരമായ വെല്ലുവിളികള്‍ നേരിട്ടേക്കും. ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ ഡെമോക്രാറ്റ് നേതാക്കളും സ്വന്തം പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

മതില്‍ നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകതയേക്കുറിച്ച് ന്യായീകരിക്കവേ അമേരിക്കന്‍ പ്രസിഡന്റിന് ഒന്നിലേറെ തവണ അബദ്ധം പറ്റി. മയക്കുമരുന്ന് കടത്തും ലഹരിമരുന്ന് കടത്തും നടക്കുന്നത് അതിര്‍ത്തി പ്രദേശത്താണെന്ന് ട്രംപ് ആരോപിച്ചു. നിയമാനുസൃതമായുള്ള ചെക് പോയിന്റുകളിലൂടെയാണ് മുഖ്യമായും ഇവ നടക്കുന്നതെന്ന വസ്തുത മറച്ചുവെച്ചായിരുന്നു ട്രംപിന്റെ പ്രസ്താവന.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനത്തിനിടെ സ്വന്തം സര്‍ക്കാരിന്റെ കണക്കുകളേയും അമേരിക്കന്‍ പ്രസിഡന്റ് ചോദ്യം ചെയ്തു. കഴിഞ്ഞ പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ കുടിയേറ്റ തോതാണ് ഇപ്പോഴത്തേത് എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ‘നിങ്ങളത് ശരിക്കും വിശ്വസിക്കുന്നുണ്ടോ?’ എന്നായിരുന്നു ട്രംപിന്റെ മറുപടി.

സര്‍ക്കാര്‍ വകുപ്പുകള്‍ അടച്ചിടുന്നത് ഒഴിവാക്കാന്‍ അതിര്‍ത്തി സുരക്ഷാ ബില്ലില്‍ പ്രസിഡന്റ് ഒപ്പുവെയ്ക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. മതില്‍ നിര്‍മ്മാണത്തിന് സൈനിക ഫണ്ട് വിനിയോഗിക്കാനാണ് തീരുമാനമെന്നും വൈറ്റ്ഹൗസ് പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാല്‍ പ്രസിഡന്റിന് കോണ്‍ഗ്രസിന്റെ അംഗീകാരമില്ലാതെ പണം നീക്കിവെയ്ക്കാം.

മതില്‍ നിര്‍മ്മാണത്തിന് പണം അനുവദിക്കാതിരുന്നതോടെ 35 ദിവസം നീണ്ട ഭരണസ്തംഭനത്തിന് രാജ്യം സാക്ഷിയായിരുന്നു. എട്ട് ലക്ഷത്തിലധികം ഉദ്യോഗസ്ഥരാണ് ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വന്നത്. പിന്നീട് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഫെര്രുവരി 15 വരെയുള്ള ഫണ്ടില്‍ ട്രംപ് ഒപ്പുവെയ്ക്കുകയായിരുന്നു. ഈ കാലാവധി ഇന്നത്തോടെ അവസാനിക്കവേയാണ് ട്രംപിന്റെ പ്രഖ്യാപനം.

ഭരണ പ്രതിസന്ധിക്ക് താത്കാലിക പരിഹാരം ലക്ഷ്യമിട്ടുള്ള സുപ്രധാന ബില്ലുകള്‍ കോണ്‍ഗ്രസില്‍ പാസായിരുന്നു. എന്നാല്‍ ഈ തുക മതില്‍ നിര്‍മ്മാണത്തിന് മതിയാകില്ല. 570 കോടി ഡോളറാണ് മതിലിനായി ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്.

അനധികൃത കുടിയേറ്റം തടയുന്നതിനായാണ് അതിര്‍ത്തിയില്‍ മതില്‍ പണിയുന്നതെന്നാണ് ട്രം‌പിന്റെ വിശദീകരണം. എന്നാല്‍ മതില്‍ നിര്‍മിക്കുമെന്നത് തിരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്റെ പ്രധാന വാഗ്ദാനമായിരുന്നു. ആ വാഗ്ദാനം പാലിക്കാന്‍ രാജ്യത്തെ ഭരണഘടനയേയും നീതിന്യായ വ്യവസ്ഥയെയും വെല്ലുവിളിച്ചുകൊണ്ടുള്ള തീരുമാനവും അടിയന്തരാവസ്ഥ പ്രഖ്യാപനവും അമേരിക്കയില്‍ വന്‍ നിയമ-രാഷ്ട്രീയ യുദ്ധത്തിന് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top